ബിജു ചാക്കോ: സേവന രംഗത്ത് പാദമുദ്ര പതിപ്പിച്ച് ഫോമാ ജോ.  സെക്രട്ടറി സ്ഥാനാർഥി 

മീട്ടു റഹ്മത്ത് കലാം Published on 18 July, 2022
ബിജു ചാക്കോ: സേവന രംഗത്ത് പാദമുദ്ര പതിപ്പിച്ച് ഫോമാ ജോ.  സെക്രട്ടറി സ്ഥാനാർഥി 

ഒത്തൊരുമിച്ച് അത്ഭുതങ്ങൾ സൃഷ്ടിക്കാം എന്ന ടാഗ് ലൈനോടെ ജെയിംസ് ഇല്ലിക്കൽ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പാനലിൽ നിന്ന് ഫോമാ 2022-24 ഇലക്ഷനിൽ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ആവേശത്തിലാണ് ബിജു ചാക്കോ. നിലവിൽ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൻ സെക്രട്ടറി. ഏൽപ്പിക്കുന്ന കാര്യങ്ങൾ നൂറുശതമാനം ആത്മാർത്ഥതയോടെ നിർവ്വഹിച്ചാൽ, വിജയം നമ്മെ തേടിയെത്തുമെന്ന ആപ്തവാക്യത്തിൽ മുറുകെപ്പിടിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബിജു ചാക്കോ മത്സരക്കളത്തിലേക്ക് ഇറങ്ങുന്നത്...

കേരളത്തിൽ ആയിരിക്കെ സാമൂഹിക സേവനതല്പരത പ്രകടിപ്പിച്ചിരുന്നോ?

80- കളുടെ അവസാനത്തോടെ, നാട്ടിൽ ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ സമയത്താണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. അതുകൊണ്ടുതന്നെ, കേരളത്തിൽ  സാമൂഹിക സേവനത്തിൽ സജീവമായിരുന്നില്ല. ഇവിടെ കോളജ് വിദ്യാഭ്യാസം പൂർത്തീകരിച്ചത് ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടാണ്. അക്കാലയളവിലാണ്, നല്ലൊരു ജീവിതം നയിക്കാൻ ഈ ലോകത്ത് എല്ലാവർക്കും അർഹതയുണ്ടെന്ന് ബോധ്യപ്പെടുന്നത്.  സാമൂഹികസേവനത്തിലേക്ക് എന്നെ ആകൃഷ്ടനാക്കിയ ഘടകവും അതുതന്നെയാണ് .

അമേരിക്കയിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നോ? 

ഏതൊരു സാധാരണക്കാരനെയും പോലെ അമേരിക്കയിൽ എത്തണമെന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. സാമ്പത്തിക നേട്ടത്തിലും ഉപരിയായി, ഇവിടത്തെ വ്യക്തിസ്വാതന്ത്ര്യത്തോടാണ് എനിക്ക് മതിപ്പ് തോന്നിയത്. ഉയർന്ന ജീവിതനിലവാരമുള്ള അതിമനോഹരമായ ഈ രാജ്യം ആരാണ് സ്വപ്‍നം കാണാത്തത്? അമേരിക്കയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി, തങ്ങളുടെ കരിയർ പടുത്തുയർത്താനാണ് ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവരും കൊതിക്കുന്നത്.
എല്ലാ വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും ഉൾക്കൊള്ളാനുള്ള വിശാലതയാണ് അമേരിക്കൻ സംസ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും സാമ്പത്തിക ഭദ്രതയുടെയും തൊഴിലവസരങ്ങളുടെയും കാര്യത്തിലും ഈ രാജ്യം ഏറെ മുന്നിലാണ്.

നാടിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന് തോന്നാൻ പ്രത്യേകിച്ചെന്തെങ്കിലും അനുഭവം സ്വാധീനം ചെലുത്തിയിട്ടുണ്ടോ?

സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കാനുള്ള തീരുമാനത്തിനുപിന്നിൽ വ്യക്തിപരമായ അനുഭവങ്ങളുടെ സ്വാധീനം ഇല്ലെന്നുതന്നെ പറയാം. അമേരിക്ക പോലൊരു രാജ്യത്ത് വന്ന്, ഇവിടെയുള്ള സാധ്യതകൾ ഉപയോഗിച്ച് നല്ലൊരു ജീവിതം സാധ്യമായതോടെ, നമുക്ക് ലഭിച്ച നന്മയുടെ ഒരംശം മാതൃരാജ്യത്തുള്ള സഹോദരങ്ങളുമായി പങ്കുവയ്ക്കണമെന്ന തോന്നൽ തികച്ചും സ്വാഭാവികമായി ഉടലെടുത്തതാണ്. കേരളത്തിനുകൂടി ഗുണകരമായ കാര്യങ്ങൾ ചെയ്യണമെന്നത് എക്കാലത്തെയും ആഗ്രഹമായിരുന്നു. സഹജീവികളെ സഹായിക്കുമ്പോൾ ലഭിക്കുന്ന സംതൃപ്തി, എനിക്ക് പറഞ്ഞറിയിക്കാനാകാത്ത പോസിറ്റീവ് എനർജി പകരുന്ന ഒന്നാണ്.

ഫോമാ ഹെല്പിങ് ഹാൻഡ്സ്  എന്ന ആശയം എങ്ങനെയാണ് ഉരുത്തിരിഞ്ഞത്?

ഫോമാ എന്നത് നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയാണ്. ധാരാളം ഘടകങ്ങൾ  ചേർന്നാണ് അതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. 'ഫോമാ ഹെല്പിങ് ഹാൻഡ്സ് ' എന്നത് അതിലൊന്നാണ്. മുൻപ് സൂചിപ്പിച്ചതുപോലെ, എന്റെ സാമൂഹിക പ്രതിബദ്ധതയാകാം പ്രസ്തുത പ്രവർത്തനങ്ങളിലേക്ക് എന്നെ അടുപ്പിച്ചത്. ഫോമായുടെ പ്രസിഡന്റ് അനിയൻ ജോർജ്ജാണ്  'ഹെല്പിങ് ഹാൻഡ്‌സിന്റെ' പ്രോജക്ടുകൾക്ക് നേതൃത്വം കൊടുക്കാനും അത് പ്രാവർത്തികമാക്കാനും ഞങ്ങളെപ്പോലുള്ളവരെ കണ്ടെത്തിയതും ചുമതലപ്പെടുത്തിയതും. നിലവിൽ, ഞാൻ അതിന്റെ സെക്രട്ടറിയാണ്. ഫോമായിലുള്ള ഐടി വെബ് ഡെവലപ്പേഴ്സിന്റെ സഹായത്തോടെ ഇതിലെ പ്രോജക്ടുകൾക്ക് വേണ്ടിയൊരു വെബ്സൈറ്റ് രൂപീകരിക്കുന്നതിന് എന്റേതായ സംഭാവനകൾ നൽകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്.  

ഈ വെബ്‌സൈറ്റിലൂടെയാണ് ഫോമാ ഹെല്പിങ് ഹാൻഡ്സിന്റെ പ്രവർത്തനങ്ങളുടെ പ്രയോജനം എല്ലാവർക്കും ലഭ്യമായിക്കൊണ്ടിരിക്കുന്നത്. തോമസ് മുള്ളർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് 'Charity begins at home. But it should not end there' എന്ന്. സഹായം ആവശ്യമുള്ളവർക്ക് അതെത്തിച്ചുകൊടുക്കാൻ സദാസമയവും സന്നദ്ധനായിരിക്കണമെന്ന തീരുമാനത്തോടെയാണ് സംഘടനയിൽ സജീവമായത്. 'തനിച്ച് നമുക്ക് കുറച്ച് കാര്യങ്ങളേ ചെയ്യാൻ കഴിയൂ, എന്നാൽ ഒരുമിച്ച് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാം' എന്നുള്ള ഹെലൻ കെല്ലറുടെ വാക്കുകളാണ് എന്റെ പ്രചോദനം.

സെനറ്റർ കെവിൻ തോമസിന് വേണ്ടി 2018 ലും 2020 ലും ഇലക്ഷൻ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചപ്പോൾ ഉണ്ടായ അനുഭവം, പഠിച്ച പാഠങ്ങൾ? മറ്റു പ്രവർത്തനങ്ങൾക്ക് ഈ ബന്ധങ്ങൾ എത്രകണ്ട് ഗുണം ചെയ്തിട്ടുണ്ട്?

അത് വലിയൊരു അനുഭവം തന്നെയായിരുന്നു. പുതിയ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. രാഷ്ട്രീയപ്രവർത്തനമെന്നത് ജനങ്ങളെ സേവിക്കാനുള്ള വലിയ അവസരമാണ്. അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞും കണ്ടുമനസ്സിലാക്കിയും അതിനുവേണ്ടി പ്രവർത്തിക്കുന്നതാണ് സാമൂഹിക പ്രവർത്തനമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന് ഗവണ്മെന്റിന്റെ അധികാരവും പിന്തുണയും ലഭിക്കുമ്പോഴാണ് അത് രാഷ്ട്രീയ പ്രവർത്തനമായി മാറുന്നത്. 2018 ൽ ആദ്യമായി സെനറ്റർ കെവിൻ തോമസിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് കമ്മ്യൂണിറ്റി ലെയ്സൺ ടീമിന്റെ ക്യാൻഡിഡേറ്റായി നിയമിതനായി. ജീവിതത്തിലെ വിലമതിക്കാനാവാത്ത ഏട് എന്ന് തന്നെ ആ ദിനങ്ങളെ വിശേഷിപ്പിക്കാം. എല്ലാവർക്കും ലഭ്യമാകുന്ന അവസരമോ ഭാഗ്യമോ അല്ല അത്. പൊളിറ്റിക്കൽ ക്യാമ്പയിന് നേതൃത്വം കൊടുക്കുക എന്നത് പ്രയാസകരമായ ദൗത്യമാണ്. സമർത്ഥമായി നേതൃത്വം കൊടുത്താൽ അതിന്റെ ഫലം ലഭിക്കുക തന്നെ ചെയ്യും. 

നമ്മുടെ പുതുതലമുറ അമേരിക്കയുടെ മുഖ്യധാരാ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്നുവരാൻ ഇനിയും താമസിച്ചുകൂടാ. ഇതിന്റെ ഭാഗമായതുകൊണ്ട് നല്ല ബന്ധങ്ങൾ ഉൾപ്പെടെ നിരവധി പ്രയോജനങ്ങൾ ഉണ്ടായിട്ടുണ്ട്. ഏത് പൊളിറ്റിക്കൽ ക്യാമ്പെയ്‌നിനും ധാരാളം പണം ആവശ്യമാണ്. അത് കണ്ടെത്താനും സമാഹരിക്കാനും കൃത്യമായി വിനിയോഗിക്കാനുമുള്ള ഉള്ള കഴിവ് ഇത്തരം ഇടപെടലുകളിലൂടെയാണ് സ്വായത്തമായത്. സൗഹൃദങ്ങളുടെ നല്ലൊരു ശൃംഖലയും ഉണ്ടാക്കാനും സാധിച്ചു. ഇലക്ഷൻ കഴിഞ്ഞാലും ആ ബന്ധങ്ങൾ തുടരാനാകുമെന്നതാണ് വലിയ നേട്ടം. വളരെയധികം സമയം കഠിനാധ്വാനം ചെയ്താലും അത് പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ സമ്മർദ്ദം ചെറുതല്ലെന്ന് സമ്മതിച്ചേ മതിയാകൂ. അതിനെ അതിജീവിക്കാൻ പുതിയതന്ത്രങ്ങൾ ആവിഷ്കരിക്കാനും അത് വിജയിപ്പിക്കാനും സാധിക്കുക എന്നുള്ളത് അനുഭവപരിചയം കൊണ്ട് മാത്രം ആർജ്ജിക്കാവുന്ന മികവാണ്. 

മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ നേരിൽ കാണാനും അടുത്തിടപഴകാനും കഴിഞ്ഞതിലൂടെ നേടിയ അറിവ് പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ തിയറി ക്ലാസ്സിൽ പഠിക്കുന്ന പാഠങ്ങളേക്കാൾ ഒരുപടി മുകളിലാണ്. ഇലക്ഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നത് രാഷ്ട്രസേവനം തന്നെയാണെന്നാണ് എന്റെ കാഴ്ചപ്പാട്. ഗവണ്മെന്റിന്റെ എല്ലാ തലത്തിലുമുള്ള പ്രാതിനിധ്യം ജനാധിപത്യരാജ്യങ്ങളിലെ ജനങ്ങൾക്ക് മാത്രം അനുഭവേദ്യമായ ഒന്നാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നത് ജയപരാജയങ്ങൾക്കപ്പുറം ജനങ്ങളിലേക്ക് നമ്മൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ആശയങ്ങൾ അറിയിക്കുന്നതിനും സ്ഥാനാർത്ഥിയുടെ മികവ് വ്യക്തമാക്കിക്കൊടുക്കുന്നതിനുമുള്ള ഉപാധിയാണ്. ജനാധിപത്യപ്രക്രിയയിലേക്ക് ജനങ്ങളെ ആകർഷിക്കുക എന്ന മഹത്തായ കർത്തവ്യവും ഇതിലൂടെ നിർവ്വഹിക്കപ്പെടുന്നു. ഒരാവശ്യം വന്നാൽ, ഈ ബന്ധങ്ങൾ തീർച്ചയായും പ്രയോജനപ്പെടുത്താനാകും.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകുന്ന 'എക്കോ ' എന്ന സംഘടനയുടെ ഓപ്പറേഷൻസ് ഡയറക്ടർ എന്ന നിലയിൽ ചാരിതാർഥ്യം തോന്നിയ നിമിഷങ്ങൾ?

സമാന ചിന്താഗതിക്കാരായ വിവിധ മേഖലയിൽപ്പെട്ട പ്രൊഫഷണലുകൾ ചേർന്ന് 2013 ൽ രൂപംകൊടുത്ത സംഘടനയാണ് 'എക്കോ' എന്ന ചാരിറ്റബിൾ ഓർഗനൈസേഷൻ. സ്ഥാപിതമായ നാൾ മുതൽ, വിവിധ സാമൂഹിക പ്രവർത്തനങ്ങൾ ഈ സംഘടനയിലൂടെ ചെയ്തുവരുന്നു. 2015 ൽ നേപ്പാളിൽ ഭൂചലനം ഉണ്ടായപ്പോൾ, 70,000 ഡോളർ സമാഹരിച്ച് അവർക്കാവശ്യമുള്ള പ്രൈമറി ഹെൽത്ത് സെന്റർ നിർമ്മിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്യാൻ ഉത്സാഹിച്ചതാണ് എക്കോയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ പേർ അറിയുന്നതിന് ഇടയാക്കിയത്. 2018 ൽ കേരളത്തിൽ പ്രളയം ബാധിച്ച അവസരത്തിൽ, 2 ലക്ഷത്തിലധികം ഡോളർ സമാഹരിച്ച് 30 വീടുകൾ കോട്ടയത്തിനടുത്ത് കുമരകത്ത് നിർമ്മിച്ചുകൊടുക്കാൻ കഴിഞ്ഞത് ഏറെ ചാരിതാർഥ്യം തോന്നിയ അനുഭവമാണ്. ഫാ.ഡേവിസ്  ചിറമേൽ നേതൃത്വം കൊടുക്കുന്ന കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടി ഡയാലിസിസ് മെഷീനുകൾ എത്തിച്ചുകൊടുക്കാനും ഞങ്ങളുടെ സംഘടനയ്ക്ക് സാധിച്ചു. അമേരിക്കയിലെ മലയാളികൾക്കിടയിൽ സീനിയർ വെൽനെസ്സ് പ്രോഗ്രാമിന് നേതൃത്വം കൊടുത്തതിലൂടെ ഒരുപാട് ആളുകളുടെ നന്ദിയും സ്നേഹവും അഭിനന്ദനവും ഏറ്റുവാങ്ങാനായി. സാമ്പത്തിക ലാഭം നോക്കാതെയുള്ള നിരവധി പ്രവർത്തനങ്ങൾ എക്കോ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്.

സംഘാടകൻ എന്ന നിലയിൽ സ്വയം എങ്ങനെ കാണുന്നു?

ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയമാക്കി തീർക്കാൻ ഏതറ്റം വരെ പോകാനും ഒരു സംഘാടകൻ എന്ന നിലയിൽ അല്പം പോലും മടി കാണിക്കാത്ത ആളാണ് ഞാൻ. ആത്മവിശ്വാസത്തിലൂന്നി എന്റെ ജോലി ചെയ്യുന്നതോടൊപ്പം ഒരു ടീമിന് നേതൃത്വം കൊടുത്തും പ്രവർത്തനങ്ങളുടെ കരുത്ത് കൂട്ടാൻ ശ്രദ്ധിക്കാറുണ്ട്. നമ്മൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിനുവേണ്ടി മികച്ച നേതൃത്വം അത്യാവശ്യമാണ്. ദീർഘവീക്ഷണത്തോടുകൂടിയ ആശയരൂപീകരണം നടക്കുന്ന ഇടമാണ് സംഘടന എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഭാവിതലമുറയ്ക്കു വേണ്ടി പുതിയ നയപരിപാടികൾ ആസൂത്രണം ചെയ്യുകയും അതിന് മുൻ‌തൂക്കം നൽകി പ്രാവർത്തികമാക്കുകയും യുവജനങ്ങളെ അതിലേക്ക്  ആകർഷിക്കുകയും ചെയ്യുമ്പോഴാണ് സംഘാടനം മികവുറ്റതാകുന്നത്. നമ്മുടെ പരമ്പരാഗത സംഘാടന ശൈലി മാറ്റിയെഴുതപ്പെടേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ കാലഘട്ടത്തിന് അനുയോജ്യമായ പ്രവർത്തന മികവ് കാഴ്ചവയ്ക്കാനാകൂ. ഇത്തരം പ്രവർത്തനങ്ങളിൽ സ്വാർത്ഥത കടന്നുകൂടുന്നത് അനഭലഷണീയമായ ഒരു പ്രവണതയാണ്. അത്തരം ചിന്തകൾ, സംഘടനയ്ക്കുള്ളിൽ വിഭാഗീയത സൃഷ്ടിച്ചുകൊണ്ട് അതിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.

ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ നാഷണൽ ജനറൽ സെക്രട്ടറി ആയിരുന്നല്ലോ, എഴുത്തിൽ താല്പര്യമുണ്ടോ?

ജനറൽ സെക്രട്ടറി ആയിരുന്നു. ഇപ്പോൾ സാധാരണ അംഗം മാത്രമാണ്. ജനറൽ സെക്രട്ടറിയായിരുന്ന സമയത്ത് ഇവന്റുകൾ നടത്തുന്നതിനും ഫണ്ട് റെയ്‌സിംഗുമായി ബന്ധപ്പെട്ടും നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിൽ അംഗമായിരിക്കുക എന്നത് ആത്മാഭിമാനം നൽകുന്നൊരു കാര്യമാണ്.
കോളജ് ന്യൂസ്‌ലേറ്ററിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പഴയ ലേഖനങ്ങൾക്ക് ഒരുപാട് പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള രചനകൾ നമ്മുടെ എഴുത്തിലുള്ള കഴിവിനെക്കൂടുതൽ മിഴിവുള്ളതാക്കും. ഗൗരവമേറിയ പലവിഷയങ്ങളെക്കുറിച്ചും എഴുതണമെന്ന് അതിയായ ആഗ്രഹമുണ്ടെങ്കിലും സമയക്കുറവുമൂലം സാധിക്കുന്നില്ല. എഴുത്തിനോട് എക്കാലവും ഇഷ്ടമാണ്. നല്ല എഴുത്തുകാരോടും സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവർത്തകരോടും സ്നേഹവും ബഹുമാനവുമാണ്.

സ്പോർട്സ് ക്ലബിലെ സജീവ അംഗമായ താങ്കൾ, ഫോമയിൽ സ്പോർട്സിന് പ്രാധാന്യമുള്ള പദ്ധതികൾ കൊണ്ടുവരാനോ യുവാക്കളെ കൂടുതലായി സംഘടനയിലേക്ക് ആകർഷിക്കാനോ പദ്ധതികൾ ആലോചിക്കുന്നുണ്ടോ?

 ന്യൂയോർക്കിലെ ആദ്യത്തെ മലയാളി സ്‌പോർട്‌സ് ക്ലബ്ബായ NYMSC യിലെ സജീവ അംഗമാണ് ഞാൻ. അതിലെനിക്ക് അതിയായ അഭിമാനമുണ്ട്. നിലവിൽ സ്പോർട്സ് ക്ലബ്ബിന്റെ ഓഡിറ്റർ കൂടിയാണ്.
 ഫോമായിലേക്ക് കൂടുതൽ യുവാക്കളെ കൊണ്ടുവരുന്നതിനും അമേരിക്കയിലെ വിവിധ സ്‌പോർട്‌സ് ക്ലബുകളിൽ നിന്നുള്ള ടീമുകളെ ഒന്നിപ്പിക്കുന്നതിനും കഴിയുന്ന ഒരു ടൂർണമെന്റ് നടത്തണമെന്ന് ആഗ്രഹമുണ്ട്. അതിനായുള്ള സ്‌പോൺസർമാരെ അന്വേഷിക്കുന്നുമുണ്ട്.  ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഞങ്ങളുടെ പാനലിൽ നിന്ന് മത്സരിക്കുമ്പോൾ എന്റെ ലക്ഷ്യങ്ങളിൽ ഒന്നായി എടുത്തുപറയാവുന്ന ഒന്നാണ് കായികരംഗത്തും കലാരംഗത്തും മികവുറ്റ യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നുള്ളത്. 

ഇലക്ഷൻ പ്രചാരണം എവിടെ വരെയായി?

സ്ഥാനാർത്ഥിയാകുക എന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആദ്യപടി മാത്രമാണ്. തങ്ങളുടെ വിലയേറിയ വോട്ടുകൾ ലഭിക്കാൻ അർഹതയുള്ളയാളാണെന്ന് സ്ഥാനാർത്ഥികൾക്ക് വോട്ടർമാരെ ബോധ്യപ്പെടുത്താൻ സാധിച്ചെങ്കിലേ കാര്യമുള്ളൂ. വോട്ട് ചെയ്യാൻ  പ്രേരിപ്പിക്കുക എന്നതാണ് ഇലക്ഷൻ പ്രചാരണത്തിന്റെ അന്തസത്ത.

ടീമായും വ്യക്തിഗതമായും അങ്ങേയറ്റം ആത്മാർത്ഥതയോടെ ഞങ്ങളത് ചെയ്യുന്നുമുണ്ട്. അമേരിക്കയിലും കാനഡയിലുമുള്ള വിവിധ അംഗ സംഘടനകളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും ഫോൺ കോളിലൂടെയും നേരിൽ പോയിക്കണ്ടും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബദ്ധശ്രദ്ധ പുലർത്തുന്നുണ്ട്. ഇതിനോടകം മിക്ക അംഗ സംഘടനകളെയും കോൺടാക്ട് ചെയ്തു കഴിഞ്ഞു. ഒന്നൊഴികെ എല്ലാ  അസോസിയേഷനുകളുമായും ഇനിയുള്ള സമയങ്ങളിൽ ബന്ധപ്പെടും.

കാൻകുൻ   കൺവൻഷൻ ഒരുക്കങ്ങൾ?

മെക്‌സിക്കോയിലെ വിനോദസഞ്ചാരകേന്ദ്രമായ കാൻകൂണാണ് ഇത്തവണത്തെ കൺവൻഷന് വേദിയാകുന്നത്.' ഡെസ്റ്റിനേഷൻ കൺവൻഷൻ' എന്നതുതന്നെയാണ് ഈ വർഷത്തെ വ്യത്യസ്തതയും പ്രധാന സവിശേഷതയും. സുഹൃത്തുക്കളെയും കുടുംബങ്ങളേയും  ഡെലിഗേറ്റസിനെയും കൺവൻഷനിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
നിലവിലെ ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളാണ്, കൺവൻഷൻ സംഘടിപ്പിക്കുന്നതും ഒരുക്കങ്ങൾ നടത്തുന്നതും. കൺവൻഷന് ആവശ്യമായ പിന്തുണ നൽകുക, കൂടുതൽ ഡെലിഗേറ്റ്‌സിനെ അതിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുക, പരിപാടി വിജയിപ്പിക്കുക എന്നീ കാര്യങ്ങളിലാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്.

ഞാനും, ഫ്ലോറിഡയിലെ താമ്പയിൽ നിന്നുള്ള ജെയിംസ് ഇല്ലിക്കൽ(പ്രസിഡന്റ്), മിഷിഗണിലെ ഡെട്രോയിറ്റിൽ നിന്നുള്ള വിനോദ് കൊണ്ടൂർ (ജനറൽ സെക്രട്ടറി), ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ നിന്നുള്ള ജോഫ്രിൻ ജോസ് (ട്രഷറർ),  കാലിഫോർണിയയിലെ സാക്രമെന്റോയിൽ നിന്നുള്ള സിഗിൽ പാലക്കലോടി (വൈസ് പ്രസിഡന്റ്), ടെന്നസിയിൽ നിന്നുള്ള ബബ്ലൂ ചാക്കോ (ജോയിന്റ് ട്രഷറർ) എന്നിങ്ങനെ ഞങ്ങളുടെ പാനലിൽ നിന്ന്  വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ, കൺവൻഷന്റെ സ്പോൺസർമാരാണ്. ഇതിനോടകം 300 ല്പരം രജിസ്ട്രേഷനുകൾ ഞങ്ങൾക്ക്  പൂരിപ്പിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയാവുന്ന നേട്ടമാണ്.

ജയിച്ചാൽ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ? പാനൽ സംവിധാനം ഗുണകരമാണോ?

ഞങ്ങളുടെ ഊർജ്ജവും സമയവും പൂർണ്ണമായും ഈ ഇലക്ഷനിൽ ജയിക്കാൻ വേണ്ടി വിനിയോഗിക്കുന്നുണ്ട്. ഇതിനായി ഒരുപാട് യാത്രകളും ചെയ്യുന്നുണ്ട്. പാനൽ സംവിധാനം ഗുണകരമാണോ എന്നുള്ളത് കുഴപ്പിക്കുന്ന ചോദ്യമാണ്. ഒത്തൊരുമിച്ച് ഞങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നുള്ളതാണ് ഞങ്ങളുടെ ടീം പാനലിന്റെ ടാഗ് ലൈൻ. പാനലായി വിജയം കൈവരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ, തീരുമാനമെടുക്കേണ്ടത് ഡെലിഗേറ്റ്സാണ്. ഫോമായുടെ തിരഞ്ഞെടുപ്പിൽ ഒരു ടീമായി വിജയിക്കുകയാണെങ്കിൽ, ഞങ്ങൾ എല്ലാ അംഗ സംഘടനകളെയും തുറന്ന മനസ്സോടെ ചേർത്തുനിർത്തുകയും, എല്ലാ ഫോറങ്ങളെയും ഉൾപ്പെടുത്തി ഫലപ്രദമായ ആശയവിനിമയം നടത്തുകയും ചെയ്യും. കൂടുതൽ യുവാക്കളെ ഉൾപ്പെടുത്തിക്കൊണ്ട്  നിരവധി പുതിയ സംരംഭങ്ങൾ നടപ്പിലാക്കാൻ കഴിയുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്. പോസിറ്റീവായി തന്നെയാണ് കാര്യങ്ങൾ നോക്കിക്കാണുന്നത്. കാൻകൂണിൽ എത്തുന്ന ഓരോ ഡെലിഗേറ്റും തങ്ങളുടെ വിലയേറിയ വോട്ടുകൾ ഞങ്ങൾക്ക് നൽകി വിജയിപ്പിക്കുമെന്നാണ് വിശ്വാസം. ഞങ്ങളുടെ ടീമിനെ വിജയത്തിലേക്ക് നയിക്കണമെന്ന് വോട്ടർമാരോട് വിനീതമായി അഭ്യർത്ഥിക്കുന്നു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക