Image

കള്ള്  കുടിക്കാം, പക്ഷെ വാളു വയ്ക്കരുത്, പുക വലിക്കരുത്   (കൊച്ചാപ്പി റീ-ലോഡഡ്)

Published on 19 July, 2022
കള്ള്  കുടിക്കാം, പക്ഷെ വാളു വയ്ക്കരുത്, പുക വലിക്കരുത്   (കൊച്ചാപ്പി റീ-ലോഡഡ്)

ഫൊക്കാനയുടെ വാഷിംഗ്ടൺ കൺവൻഷനിൽ  ആണ്  ഏതോ വിവരദോഷി ഫൈവ് സ്റ്റാർ ഹോട്ടലിൽ മീൻ വറുത്തത്.  പുകയും ചൂടും എല്ലാം ആയി അലാറം മുഴങ്ങി. ഫയർ എഞ്ചിനുകളും മറ്റും എത്തി.

നൂറായിരം വെജ്- നോണ്‍ വെജ് ഐറ്റങ്ങള്‍ നിരത്തിവച്ചുള്ള ബ്രേക്ക്ഫാസ്റ്റ്- ലഞ്ച്- ഡിന്നര്‍ ഉള്ളപ്പോള്‍ ഏതോ കുബുദ്ധി പറ്റിച്ച പണിയാണോ, പറ്റിയ പണിയാണോ എന്നറിയുവാന്‍ എല്ലാവര്‍ക്കും താത്പര്യമുള്ള ഒരു സംഗതികൂടിയാണിത്.

എന്നാൽ ആ  കാലത്തു നിന്ന് നാം ഒരു പാട് മുന്നോട്ടു പോയി. അന്നത്തെ ഗതികേട്  ഇപ്പോഴില്ല. എന്നു മാത്രമല്ല, നാം ഒരു പാഠം അതിൽ നിന്നും പഠിച്ചു. ഓരോ നാട്ടിലും ചെല്ലുമ്പോൾ അവിടത്തെ ചട്ടവട്ടങ്ങൾ പാലിക്കുക എന്നത്. പക്ഷെ, എന്ത് പറയാൻ, മലയാളി എപ്പോഴും മലയാളി തന്നെ. അങ്ങോട്ടുമിങ്ങോട്ടും നോക്കും. ആരും കണ്ടില്ലേൽ 'മാനസ മൈനേ ... പാട്ടും പാടി ഒരു പോക്കാണ്....

ഓരോ കൺവൻഷനും ലാഭമെന്ന് പറയുമ്പോഴും അവസാനം കണക്കു നോക്കുമ്പോൾ നഷ്ടം. ഈ മറിമായം എങ്ങനെ സംഭവിക്കുന്നു എന്ന്  റീ ലോഡഡ് കൊച്ചാപ്പി ഇത്തവണ  കണ്ടുപിടിച്ചു.

ഹോട്ടലുകൾ അവസാനം ഒരു പിഴയടിക്കൽ  നടത്തും. ഇതൊരിക്കലല്ല. എല്ലാ കണ്വന്ഷനിലും ഇതൊക്കെ നടന്നതാണ്. അതോടെ ലാഭം നഷ്ടമായി തലകുത്തി വീഴും.

പിഴ അടിക്കാൻ കാരണം ഇതൊക്കെയാണ് - ഹോട്ടലിനുള്ളിൽ ഛർദിക്കുക (ഛർദ്ദി എന്നത് ഒരു ശാരീരിക പ്രകിയ അല്ലെ? പക്ഷെ, നമ്മൾ ഇവിടെ പറയുന്നത് കള്ളടിച്ചിട്ടുള്ള വാളു  വയ്ക്കലാണ്);  പുക വലിക്കുക (വലിക്കരുതെന് പറഞ്ഞാൽ വലിക്കാതിരിക്കുക. രാത്രി 12 കഴിഞ്ഞിട്ടും കലാപരിപാടികൾ തുടരുക. (ഇതൊക്കെ എപ്പോഴേ നിർത്തേണ്ട കാലം കഴിഞ്ഞു. കൊച്ചുവെളുപ്പാൻ കാലത് എന്ത് കലാപരിപാടി)

ഈ മൂന്നും  ഒർലാന്റോയിൽ സംഭവിച്ചു. ചിലർ ചർദിച്ചു; ചിലർ ആരും   കാണില്ലെന്ന് കരുതി ഹോട്ടലിനകത്ത്   പുക വലിച്ചു. എല്ലാ ദിവസവും കലാപരിപാടികൾ സമയം തെറ്റി.

ബില്ല് വന്നപ്പോൾ 20,000 ഡോളർ കൂടുതൽ. പ്രസിഡന്റിന്റെ കാർഡിൽ നിന്ന് അത് എടുത്തു കഴിഞ്ഞിരിക്കുന്നു. (നമോ, പ്രസിഡന്റെ! പ്രസിഡന്റായാൽ ഇങ്ങനെ വേണം. കണ്ടവർക്കൊക്കെ പറ്റിയ പണിയല്ല പ്രസിഡന്റ് പദം  എന്നത് മനസിലായല്ലോ)

ഇതാവർത്തിക്കാതിരിക്കാൻ  കൺവൻഷനു പോകുമ്പോൾ ചില മര്യാദകൾ പാലിക്കാൻ നാം പഠിക്കണം. ഛര്ദിക്കാൻ  മാത്രം കള്ള്  കുടിക്കരുത്. ഉടനെ ഫോമാ കൺവൻഷൻ വരുന്നു. അവിടെ മുറി നിറയെ മേൽത്തരം (പ്രീമിയം)  മദ്യം അടുക്കി വച്ചിരിക്കുകയാണത്രെ. അതിനു പൈസയും കൊടുക്കണ്ട. ഫ്രീ ആണെന്ന് കരുതി വാളു  വയ്ക്കാൻ മാത്രം  മാത്രം വലിച്ചു കയറ്റരുത്.

രണ്ടാമത്, പുകവലി ഹോട്ടലിനു പുറത്തു മാത്രം. ഒളിക്കലൊന്നും  നടക്കില്ല. മണം  അവിടെ കെട്ടി നിൽക്കും. (ഇനി അവിടെ കെട്ടിക്കിടന്നാൽ തന്നെ  എനിക്കെന്ത്?: ഞാനും എന്റെ ഫാമിലിയും ഒകെ അല്ലെ?)

പരിപാടികൾ  സമയബന്ധിതമായി നടത്തണം. അതിനു ടൈം മാനേജ്‌മെന്റ് അത്യാവശ്യം. ഓരോ കണ്വൻഷനും  മുൻകാല  ഭാരവാഹികൾ അടങ്ങിയ ഒരു ടൈം മാനേജ്‌മെന്റ് കമ്മിറ്റി നല്ലതാണ്. കാരണം അവർ അനുഭവങ്ങളിലൂടെ പാഠം  പഠിച്ചവരാണല്ലോ. സമയം അവർ നിയന്ത്രിക്കട്ടെ. വേറൊരു ഐഡിയയും ഉണ്ട്. കലാപരിപാടി ആദ്യം നടത്തുക. മീറ്റിങ് അവസാനം നടത്തുക. എത്ര വേണേൽ നീണ്ടോട്ടെ!. 

മറിയാമ്മ പിള്ള നഗറിൽ പുലർച്ചെ  12:38 ആയപ്പോൾ വരുന്നു അനൗൺസ്‌മെന്റ്, ദി ബെസ്റ്  ഈസ് ഏത്  യേറ്റ്  ടു  കം.' ഇതിലും നല്ലതു വരാൻ പോകുന്നു,  ഈശ്വരോ രക്ഷതു. 

പറഞ്ഞുവരുന്നത് എന്താണെന്ന് ചോദിച്ചാല്‍ സ്വല്പം കോണ്‍ഫിഡന്‍ഷ്യല്‍ ആണ്. ഒന്നാം ദിവസം വെളുപ്പിന് പന്ത്രണ്ടോടെ പരിപാടി  ശുഭം. ഓകെ. രണ്ടാം ദിവസം വെളുപ്പിന് 12.38-ന് ശുഭം. അതും ഓകെ.

മൂന്നാം ദിവസം വെളുപ്പിന് 2 മണിക്കും ഡി.ജെ. തകര്‍ത്തപ്പോള്‍ തറയിലുറക്കാത്ത  കാലുകളുമായി പലരും തെന്നിമാറുന്നത് കണ്ടു. എന്നിട്ടാണോ 'ദി ബെസ്റ്റ് ഈസ് യെറ്റ് റ്റു കം' എന്ന മുഖവുരയോടെ ഡി.ജെയിക്ക് തുടക്കമായത്? ഹോട്ടലില്‍ ഇറങ്ങിക്കൊടുക്കേണ്ട പാതിരാത്രി 12 കഴിഞ്ഞാല്‍ പിന്നെയുള്ളത് എക്‌സട്രാ ടൈം. അതിന് സ്റ്റാഫിന് ഓവര്‍ടൈം, മറ്റ് അലവന്‍സുകള്‍ എന്നിവ കൊടുക്കണം. എന്നിട്ടാണോ ഡി.ജെയുടെ കുന്തപ്പ്നാണ്ടിയുമായി ഭാരവാഹികള്‍ തന്നെ മുന്നിട്ടിറങ്ങുന്നത്?

ഉള്ളത് പറയണമല്ലോ, ഒട്ടുമിക്ക ഭാരവാഹികളും സ്‌പോണ്‍സര്‍മാര്‍ ആയത് ഭാഗ്യമെന്നല്ല- പരമ ഭാഗ്യമെന്നാണ് പറയേണ്ടത്. തന്നതു കൂടാതെ കുറച്ചുകൂടി വാങ്ങിക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല, അതാണല്ലോ അതിന്റെയൊരു ശരിയും.

ഒരു തമാശ കൂടി പറഞ്ഞു അവസാനിപ്പിക്കാം. കൺ വൻഷനിൽ സജീവമായിരുന്ന പത്രപ്രവർത്തകൻ ഫ്രാൻസിസ് തടത്തിൽ പാർക്കിംഗ് ലോട്ടിൽ വീണു. രക്താർബുദത്തെ അതിജീവിച്ചുവെങ്കിലും ഇപ്പോഴും സാധാരണ നില കൈവരിച്ചിട്ടില്ലാത്ത വ്യക്തിയാണ് അദ്ദേഹം.

വീണതിനെ പറ്റി രണ്ട് പേര് പറയുന്നത് റീ ലോഡഡ്  കൊച്ചാപ്പി കേട്ടു. 'അയാൾ ഭയങ്കര  വെള്ളമല്ലേ. വീഴാതിരിക്കുന്നതെങ്ങനെ?'

വർഷങ്ങളായി മദ്യം  കൈകൊണ്ട് പോലും തൊടാത്ത  ആളെപ്പറ്റിയാണ് പറയുന്നത്. മലയാളിയുടെ സ്വഭാവം അതാണല്ലോ. കാര്യം  അറിയാതെ സംസാരിക്കും.

ഫൊക്കാന കൺവെൻഷൻ ജൂലൈ 7 നാണ് ആരംഭിച്ചതെങ്കിലും തലേ ദിവസം രാത്രി  തന്നെ അവിടെ എത്തിയ ഫ്രാൻസിസ് പിറ്റേന്നു രാവിലെ തന്നെ കൺവെൻഷനുമായി ബന്ധപ്പെട്ട വാർത്ത കവറേജ്  ആരംഭിച്ചിരുന്നു. അഭിമുഖങ്ങളും മറ്റു വാർത്തകളുമായി ഫ്രാൻസിസും ഇ മലയാളിയിലെ ജോർജ് ജോസഫും ചേർന്ന് കൺവെൻഷന് തിരി തെളിയും മുൻപ് 1ഒട്ടേറെ  വാർത്തകൾ  നൽകി.  ഇതിനിടെ ചില നേതാക്കന്മാർക്ക് വേണ്ടി പ്രസംഗ രചനയും ഫ്രാൻസിസ്  നിർവഹിക്കുന്നത് റീ-ലോഡഡ് കൊച്ചാപ്പി കണ്ടു. 

അടച്ചിട്ട മീഡിയ മുറിയിൽ വാർത്തകളുടെ ലോകത്ത് മുഴുകി പോയ അവർ ഭക്ഷണ  സമയം കഴിഞ്ഞതു പോലും അറിഞ്ഞില്ല എന്നതായിരുന്നു സത്യം. ഓരോ ദിവസത്തെയും പൊതുസമ്മേളനങ്ങൾ കഴിഞ്ഞാൽ അന്നു തന്നെ വാർത്തകൾ എഴുതി പ്രസിദ്ധീകരിച്ചു കിടക്കാൻ പോകുമ്പോൾ മിക്കവാറും 3 മണിയാകും. രാവിലെ 7 മുതൽ വീണ്ടും സജീവം. അങ്ങനെ മൂന്നാം ദിനം ഉച്ച വരെ എല്ലാ വേദികളിലും ഓടി നടന്നു വാർത്തകൾ റിപ്പോർട്ട് ചെയ്ത ഫ്രാൻസിസ്‌ താൻ ബുക്ക് ചെയ്ത റെന്റ്- എ- കാർ എടുത്തു പാർക്കിംഗ് ലോട്ടിൽ ഇട്ട് മടങ്ങി വരുമ്പോഴാണ് വീണ് നെറ്റിയുടെ ഭാഗത്ത്  തലയോട്ടിയിൽ മൂന്നു പൊട്ടലും ഇടതു കൈക്കുഴയിൽ ഒരു പൊട്ടലും ഉണ്ടായി ആശുപത്രിയിൽ അഡ്മിറ്റ് ആയത്. 

ഫ്രാൻസിസിനായിരുന്നു ഇത്തവണത്തെ ഫൊക്കാന മാധ്യമ പുരസ്‌കാരം. പുരസ്‌കാരം നൽകാനായി പേരു വിളച്ചപ്പോഴാണ് സംഘാടകർ എം.സി. യെ അദ്ദേഹത്തിന്റെ അപകട വിവരം അറിയിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാൽ ഫ്രാൻസിസിനു അവാർഡ് സ്വീകരിക്കുന്നതിനു എത്തിച്ചേരാൻ കഴിഞ്ഞില്ല എന്ന് എം.സിയുടെ അറിയിപ്പു വന്നതോടയാണ് നമ്മുടെ ദോഷൈകദൃക്കന്മാർ അവരുടെ കമന്റ് തട്ടി വിട്ടത്.  "കോട്ടും സൂട്ടുമിട്ട്  ഉച്ച വരെ തേരാ പാരാ നടക്കുന്നതു കണ്ടതാണ്. വെള്ളമടിച്ചു കോൺ തെറ്റി വല്ലയിടത്തും കിടപ്പുണ്ടാകും." - ദിവ്യ ദൃഷ്ടിയിൽ ദർശനം കണ്ട ദോഷൈകദൃക്കന്മാർക്കും അവരുടെ വിശുദ്ധ കമന്റിനും ഒരു നല്ല  നമോവാകം.

ഫ്രാൻസിസിന്റെ മകൾ പങ്കെടുത്ത ഒരു പരിപാടി പോലും കാണാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായില്ല. മകൾ ബ്യുട്ടി പേജന്റിൽ മത്സരിക്കുന്നത് കാണാനുള്ള തിരക്കിൽ വരുമ്പോഴാണ് അപകടം. അദ്ദേഹത്തിന്റെ അഭാവത്തിൽ മകൾ ഐറിൻ തടത്തിൽ മിസ് ഫൊക്കാന ഫസ്റ്റ് റണ്ണർ അപ്പ് ആവുകയും ചെയ്തു. കൂടാതെ പാട്ടിനു ഒന്നാം സമ്മാനവും ഉപന്യാസ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടുകയും ചെയ്തിരുന്നു. യഥാർത്ഥ മാധ്യമ പ്രവർത്തകർക്ക് ഇതൊന്നും കാണാൻ ഭാഗ്യമുണ്ടാകില്ലല്ലോ!

യഥാർത്ഥ മാധ്യമ പ്രവർത്തകരുടെ കാര്യം പറഞ്ഞപ്പൊഴാ മറ്റൊരു കാര്യം കൊച്ചാപ്പിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഫൊക്കാന മീഡിയ റൂമിൽ രണ്ടു മാധ്യമ പ്രവർത്തകരെക്കൂടാതെ ശ്രീകുമാർ ഉണ്ണിത്താൻ എന്ന ഫൊക്കാന പി. ആർ. ഒയെ മാത്രമേ എഴുതുന്നവരുടെ ഗണത്തിൽ കണ്ടിരുന്നുള്ളൂ. എന്നാൽ കൊച്ചാപ്പിയെ അമ്പരപ്പിച്ചത് മറ്റൊന്നുമല്ല, ഈ മൂന്നംഗ പട പൊതു പരിപാടികൾ കഴിഞ്ഞ് എഴുതാനായി മീഡിയ റൂമിൽ എത്തും മുൻപ് ചില മാധ്യമങ്ങളിൽ ആ പരിപാടികളെക്കുറിച്ചുള്ള വാർത്ത മുൻ കൂറായി പ്രസിദ്ധീകരിയ്ക്കുന്നതു കാണാനിടയായി. 

ഏറെ ആധികാരികതയോടെ സ്വന്തം പേരു വച്ച്ശുദ്ധ മണ്ടത്തരങ്ങൾ പടച്ചു വിടുന്ന ലേഖകന്റെ ആസ്ഥാനം കേരളത്തിൽ ഏതോ മാളത്തിലാണ്. നടക്കാൻ പോകുന്ന പരിപാടിയെക്കുറിച്ച് തലേദിവസം വന്ന വാർത്തകളിൽ ചില മാറ്റങ്ങൾ വരുത്തി ഫേസ് ബുക്കിൽ ലൈവ് വീഡിയോയിൽ നിന്ന് പടം വെട്ടിയെടുത്തതാണ് ഈ 'സാഹസിക കലാപരിപാടി' നടത്തുന്നതെന്ന് കൊച്ചപ്പിക്ക് ഊഹിക്കാൻ കഴിഞ്ഞു.

കഷ്ടപ്പെട്ട് റിപ്പോർട്ട് ചെയ്തത്, വാർത്തകൾ എഴുതിയ പത്രപ്രവർത്തകൾ വെറും 'ശശി'യായെന്നു പറയുന്നതാണല്ലോ ശരി.  അമേരിക്കയിൽ നടക്കുന്ന ഒരു പരിപാടിയെക്കുറിച്ച്  കേരളത്തിൽ ഏതോ മാളത്തിലിരുന്നു എഴുതി (കോപ്പിയടിച്ച്) സ്വന്തം പേരിൽ യാതൊരു ലജ്ജയുമില്ലാതെ എഴുതുന്ന ഇത്തരക്കാരെ എന്ത് പറഞ്ഞു  വിശേഷിപ്പിക്കണമെന്നറിയാം.. പക്ഷെ  റീ-ലോഡഡ് കൊച്ചാപ്പി ഒരു മാന്യൻ ആയതിനാൽ ഭാഷയുടെ അതിരു വിടാനാവില്ല. ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന മാധ്യമ മുതലാളിമാർക്കും കിടക്കട്ടെ ഒരു നമോവാകം .

അവസാനിച്ചു

read fokana news: https://emalayalee.com/fokana

see also

ടൈം മാനേജ്‌മെന്റ്-അങ്ങനെയൊന്ന് ഉണ്ട് (കൊച്ചാപ്പി റീ-ലോഡഡ്)

കിട്ടിയോ? (കൊച്ചാപ്പി റീ-ലോഡഡ്)

അവാർഡും ആദരവും അധികമായാൽ  (കൊച്ചാപ്പി റീ ലോഡഡ്-3) 

ഫൊക്കാനയിലെ കൈയ്യടി- വൗ...അമേസിംഗ് (കൊച്ചാപ്പി റീ-ലോഡഡ്)

അനുശ്രീക്കെന്താ കൊമ്പുണ്ടോ? (കൊച്ചാപ്പി റീ ലോഡഡ്)

ഫൊക്കാന കൺവൻഷനിൽ ഫോമാക്കാർ; 'എസ്' എവിടെ പോയി? 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക