Image

ഫോമാ മാമാങ്കം  പടിവാതിൽക്കൽ; 'കൂളായി' കൺവൻഷൻ ചെയർ  പോൾ  റോഷൻ  റെഡി 

മീട്ടു  റഹ്മത്ത് കലാം Published on 02 August, 2022
ഫോമാ മാമാങ്കം  പടിവാതിൽക്കൽ; 'കൂളായി' കൺവൻഷൻ ചെയർ  പോൾ  റോഷൻ  റെഡി 

മെക്സിക്കോയിലെ കാൻകൂനിൽ   ഫോമാ  കൺവൻഷനെക്കുറിച്ചുള്ള വിവരങ്ങളറിയാൻ  അമേരിക്കൻ മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വെറും ഒരുമാസം മാത്രമാണ് ഇനി ബാക്കി.  കൺവൻഷൻ പടിവാതിൽക്കലെത്തി. 

കൺവൻഷൻ കമ്മിറ്റി ചെയർമാൻ പോൾ ജോൺ കൺവൻഷനെയും ഇലക്ഷനെയും കുറിച്ച് ഇ-മലയാളിയോട് സംസാരിക്കുന്നു...

ഫോമാ കൺവൻഷന്റെ ഒരുക്കങ്ങൾ എവിടെ വരെയായി?

കൺവൻഷൻ വേദിയായ കാന്‍കുനിലെ മൂൺ പാലസ് റിസോർട്ടിൽ ആദ്യഘട്ടത്തിൽ 300 മുറികളാണ് ബുക്ക് ചെയ്തിരുന്നത്. കൂടുതൽ പേർ രജിസ്റ്റർ ചെയ്യുകയും അവിടേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തതോടെ 150 മുറികൾ കൂടി ബുക്ക് ചെയ്തു. ഇതിനോടകം തന്നെ, മിക്കവാറും അവ എടുത്തു  കഴിഞ്ഞു. ഡെലിഗേറ്റുകൾക്ക്   റൂം നൽകേണ്ടതിനാൽ, കൺവൻഷന്റെ ഭാഗമാകാൻ ആഗ്രഹമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്. പുറത്തു താമസിക്കുന്നവർക്ക് മൂൺ പാലസ് റിസോർട്ടിൽ കയറാൻ 150 ഡോളർ അധികം നൽകേണ്ടി വരും. അവിടെ മുറികൾ തീർന്നാൽ തൊട്ടടുത്തുള്ള നിസൂക് റിസോർട്ടാണ് ശരണം. അവിടെ എത്തിച്ചേരാൻ പത്തുമിനിറ്റ് വേണ്ടിവരും. നടന്നാണെങ്കിൽ അര മണിക്കൂറോളം എടുക്കും.

ആളുകളെ ആകർഷിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

സാധാരണ കണ്ടുശീലിച്ച റിസോർട്ടുകളിൽ നിന്ന് തികച്ചും വേറിട്ടൊരു അനുഭവമായിരിക്കും മെക്സിക്കോ സമ്മാനിക്കുക. വശ്യമായ കാലാവസ്ഥ തന്നെയാണ് ആകർഷക ഘടകം. പ്രിയപ്പെട്ടവർക്കൊപ്പം അവധിക്കാലം ചിലവിടാൻ ഇതിനേക്കാൾ മികച്ചൊരു ഡെസ്റ്റിനേഷൻ ഇല്ല. ഈ റിസോർട്ടിൽ പത്തോളം സ്വിമ്മിങ് പൂളുകളുണ്ട്. ബോട്ട് തുഴയലും സൈക്കിൾ സവാരിയും ബീച്ചിൽ യോഗയും ഒരുക്കിയിട്ടുണ്ട്. ഒന്നിനും പ്രത്യേക ചെലവില്ല. 

മലയാളികളുടെ മനസ്സ് കീഴടക്കുമെന്ന് പ്രസിഡന്റ് അനിയൻ ജോർജും, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണനും, ട്രഷറർ തോമസ് ടി. ഉമ്മനും   രുചിച്ച് ഉറപ്പിച്ച ഫുഡ് മെനുവാണ് മറ്റൊരു പ്ലസ് പോയിന്റ്. മീൻ മപ്പാസും, മസാല ദോശയും നെയ്‌റോസ്റ്റും തുടങ്ങി , നാട്ടിൽ പോയാൽ മാത്രം ആസ്വദിക്കാവുന്ന എല്ലാ രുചിവൈവിധ്യങ്ങളും വിളമ്പും. കൺവൻഷൻ വേദിയിൽ ഇന്ത്യൻ ക്വിസീൻ എന്നത് പതിവുള്ളതല്ല. വായ്ക്ക് രുചിയോടെ ഒന്നും കഴിക്കാൻ കിട്ടിയില്ലെന്ന പരാതിപറച്ചിലാണ് എപ്പോഴും കേൾക്കുന്നത്. അത് പരിഹരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, കഴിച്ച ഭക്ഷണത്തെക്കുറിച്ച് ആളുകൾ ആഴ്ചകളോളം പ്രകീർത്തിച്ച് സംസാരിക്കാനും ഇടയുണ്ട്. 24 മണിക്കൂറും ഫുഡ് ആൻഡ് ഡ്രിങ്ക് സർവീസും ലഭ്യമാണ്. 

രാവിലെ യൂത്തിനു പൂൾ എരിയയിൽ നിരവധി ഗെയ്‌മുകൾ അറേഞ്ച് ചെയ്യുന്നുണ്ട്.  കുട്ടികൾക്കായി പ്രത്യേകം പ്ലേറൂം ഉണ്ടായിരിക്കും. ഭക്ഷണം ഉൾപ്പെടെ നൽകി അവരെ അവിടെ ബേബി സിറ്റ് ചെയ്യാൻ സംവിധാനമുണ്ട്. 

ആരോഗ്യപരമായി വിഷമതകളുള്ളവർക്ക് എയർപോർട്ടിൽ നിന്നുതന്നെ വീൽചെയറിന്റെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. കാൻകുനിൽ നിന്ന് രണ്ട് മണിക്കൂർ അകലെയാണ് മായൻ സംസ്കാരത്തിന്റെ ഭാഗമായിരുന്ന പിരമിഡുകളും മറ്റും. കൺവൻഷനു മുൻപും ശേഷവും അങ്ങോട്ട് ടൂർ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. 

ഫോമായുടെ പരിപാടികളും സെമിനാറുകളും വൈകുന്നേരങ്ങളിലാണ് ക്രമീകരിച്ചിട്ടുള്ളത്. മിസ് ഫോമാ - മിസ്റ്റർ ഫോമാ, ബെസ്റ്റ് കപ്പിൾ തുടങ്ങിയ മത്സരങ്ങൾ ആകര്ഷകമായിരിക്കും. വിവിധ കമ്മിറ്റികളും സബ്-കമ്മിറ്റികളും തിരിച്ച് വളരെ സമയമെടുത്താണ് ഓരോ കാര്യങ്ങളും തീരുമാനിച്ചുവരുന്നത്. യൂത്തിന് മാത്രമായൊരു ദിവസം പ്ലാൻ ചെയ്യുന്നുണ്ട്.

പ്രധാന അതിഥികൾ ആരൊക്കെ? 

ഏറ്റവും വലിയ അനുഗ്രഹം പ്രമുഖ വ്യവസായി എം.എ.യൂസഫലി സർ കൺവൻഷനിൽ പങ്കുചേരാമെന്ന് സമ്മതിച്ചതാണ്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ , എം.എൽ.എ പി.വി.അൻവർ തുടങ്ങി കേരള രാഷ്ട്രീയരംഗത്തെ പ്രമുഖർ എത്തിച്ചേരും. കൂടുതൽ ആളുകളുടെ പേരുവിവരങ്ങൾ വരുംദിവസങ്ങളിൽ അറിയിക്കുന്നതായിരിക്കും. പ്രശസ്ത സംവിധായകൻ കെ. മധു അടക്കമുള്ളവരും പങ്കുചേരാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എം.ജി.ശ്രീകുമാർ, ബിജു നാരായണൻ എന്നിവർക്കൊപ്പം മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിയും ചേർന്ന് നല്ലൊരു സംഗീതവിരുന്നും ഉണ്ടായിരിക്കും.

അമേരിക്കയ്ക്ക് പുറത്ത് ഒരു കൺവൻഷൻ നടത്തുക എന്നുള്ള തീരുമാനം ഉചിതമായി തോന്നുന്നുണ്ടോ?

ആലോചിക്കാതെ എടുത്ത തീരുമാനമല്ല അത്. കൃത്യമായ പ്ലാനിങ് അതിന് പിന്നിൽ നടത്തിയിട്ടുണ്ട്. എട്ടുമാസത്തോളമായി ഫോമാ ഭാരവാഹികൾ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നതുകൊണ്ട് തന്നെ തീരുമാനം ശരിയാണെന്ന ആത്മവിശ്വാസമുണ്ട്. അമേരിക്കൻ മലയാളികൾ അവധി ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഇടമെന്ന നിലയ്ക്കാണ് കാൻകുൻ തിരഞ്ഞെടുത്തത്. ഡെസ്റ്റിനേഷൻ വെഡ്‌ഡിങ്ങുകൾ അവിടെ നടന്നിട്ടുള്ളതുകൊണ്ടും ഒരു പരിപാടി സംഘടിപ്പിക്കാൻ തക്ക സാഹചര്യങ്ങളുണ്ടെന്ന ബോധ്യം ആദ്യം മുതൽക്കേ ഉണ്ടായിരുന്നു. 

എന്റർടെയ്ൻമെൻറ് പാക്കേജ് എന്ന രീതിയിൽ ആളുകൾ അത് ഏറ്റെടുത്തതുകൊണ്ടാണല്ലോ, റൂം ലഭിക്കാൻ പ്രയാസമുള്ള സാഹചര്യം പോലും ഉണ്ടായത്. ഞങ്ങൾ ആകെ ഭയപ്പെട്ടിരുന്നത്, കോവിഡിന്റെ മറ്റൊരു തരംഗം ഉണ്ടാകുമോ എന്നും ആർടിപിസിആർ പോലെ യാത്രയെ കുഴപ്പിക്കുന്ന പ്രശ്നങ്ങൾ ഉണ്ടാകുമോ എന്നുള്ളതുമാണ്. ഇടയ്ക്കൊരു സമയത്ത് ന്യൂയോർക്കിലേക്ക് കൺവൻഷൻ വേദി മാറ്റിയാലോ എന്ന ചിന്തപോലുമുണ്ടായി. എന്നാൽ, ദൈവാനുഗ്രഹത്താൽ എല്ലാം അനുകൂലമായി വന്നിരിക്കുകയാണ്. രണ്ടുവർഷമായി നല്ലൊരു വെക്കേഷൻ സാധ്യമാകാതിരുന്ന കുടുംബങ്ങൾ ഒന്നടങ്കം കൺവൻഷൻ ആഘോഷമാക്കാനുള്ള ത്രില്ലിലാണ്. ഇതിന് പിന്നിൽ അത്രത്തോളം പ്രയത്നം നടത്തിയിട്ടുള്ളതിനാൽ, ഏറ്റവും മികച്ച ഫലം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഓണം  പടിവാതിൽക്കൽ നിൽക്കുമ്പോൾ അരങ്ങേറുന്ന കൺവൻഷനിൽ, അത്തരം ആഘോഷങ്ങൾ കൂടി പ്രതീക്ഷിക്കാമോ?

തീർച്ചയായും. മലയാളികളുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന തരത്തിൽ ഓണത്തിന്റെ പ്രതീതി മെക്സിക്കോയിൽ എങ്ങനെ കൊണ്ടുവരാനാകും എന്നതിനെക്കുറിച്ച് ഞങ്ങളുടെ ടീം ഗഹനമായി ആലോചിക്കുന്നുണ്ട്. തിരുവാതിരകളിയും താലപ്പൊലിയും എല്ലാമായി എന്നെന്നും മനസ്സിൽ ഓർത്തുവയ്ക്കാവുന്ന ഓണാഘോഷപരിപാടികൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന്റെ തനിമ വേഷവിധാനത്തിൽ പോലും കൊണ്ടുവരാൻ ശ്രമിക്കും.

അമേരിക്കയിലെ താങ്കളുടെ സംഘടനാപ്രവർത്തനങ്ങൾ?

1986 ലാണ് അമേരിക്കയിലേക്ക് വന്നത്. വാഷിംഗ്ടണിലെ സിയാറ്റലിലാണ് താമസം. കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണിന്റെ കമ്മിറ്റി മെമ്പർ എന്നനിലയിലാണ് സംഘടനാപ്രവർത്തനങ്ങളിലേക്ക് ഇറങ്ങുന്നത്. അസോസിയേഷന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി 2000ൽ തിരഞ്ഞെടുക്കപ്പെട്ട  സമയത്താണ് ജോൺ ടൈറ്റസിന്റെ നേതൃത്വത്തിൽ ഫോമായുടെ ലാസ് വെഗാസ് കൺവൻഷൻ നടക്കുന്നത്. അതിന്റെ ജനറൽ കൺവീനറായുള്ള എന്റെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. അതേ ടീമിന്റെ കേരള കൺവൻഷനോടനുബന്ധിച്ച് 35 വീടുകൾ കേരളത്തിലെ നിര്ധനകുടുംബങ്ങൾക്ക് നിർമ്മിച്ചുനൽകുന്നതിൽ സജീവമായി നിലകൊണ്ടു. 

ബെന്നി വാച്ചാച്ചിറ പ്രസിഡണ്ടായി  നയിച്ച ടീമിൽ വെസ്റ്റേൺ റീജിയന്റെ റീജിയണൽ വൈസ് പ്രസിഡന്റായി. നിലവിൽ സിയാറ്റിലിലെ എക്യൂമിനിക്കൽ പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റാണ്. വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടാണ് ഫോമായുള്ള എന്റെ ബന്ധം ശക്തമായത്. അനിയൻ ജോർജ് നയിക്കുന്ന ടീമിൽ ഹെല്പിംഗ് ഹാൻഡിന്റെ വെസ്റ്റേൺ റീജിയന്റെ കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു. വെന്റിലേറ്ററുകളും മറ്റുമായി രണ്ടുകോടി രൂപയുടെ സാമഗ്രികളാണ് കേരളത്തിലെ എല്ലാ ജില്ലകളിലും ഫോമാ വിതരണം ചെയ്തത്. 2022 ൽ നടക്കുന്ന കൺവൻഷന്റെ ചെയർമാൻ എന്നുള്ള ഉത്തരവാദിത്തവും അങ്ങേയറ്റം ആത്മാർത്ഥതയോടെ ആസ്വദിച്ചാണ് നിർവ്വഹിക്കുന്നത്.

കൺവൻഷനിൽ പങ്കെടുക്കുന്നവർ എന്തൊക്കെ ശ്രദ്ധിക്കണം?

പാസ്പോർട്ട് റിന്യൂ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. അമേരിക്കന്‍ പൗരത്വമുള്ളവർ  യു.എസ്. പാസ്‌പോര്‍ട്ടും ഇന്ത്യന്‍ പൗരത്വമുള്ളവർ ഗ്രീന്‍ കാര്‍ഡും കരുതണം. വിമാനത്തില്‍ വച്ച് ഒരു ഫോം പൂരിപ്പിച്ചു കൊടുക്കണം. കോവിഡ് പരിശോധനകൾ വേണ്ട. 3000-ല്‍ പരം ജോലിക്കാരുള്ള മൂണ്‍ പാലസ് റിസോര്‍ട്ടിലെ സെക്യുരിറ്റി കർശനമാണ്. ചെക്ക് ഇന്‍ ചെയ്താല്‍ ഉടനെ ഒരു റിസ്റ്റ് ബാന്‍ഡ് തരും. അതുപോലെ തന്നെ ചെക്ക് ഔട്ട് ചെയ്യുമ്പോൾ ഒരു കാർഡും കയ്യിൽ ഏൽപ്പിക്കും. അതു ഗേറ്റില്‍ കാണിച്ചാൽ മാത്രമേ  ഇറങ്ങി  പോരാന്‍ സാധിക്കൂ.

ഇലക്ഷനിൽ ഇത്തവണ വലിയ വാശി കാണുന്നല്ലോ. പാനൽ നല്ലതാണോ? താങ്കളുടെ നിലപാട് എന്താണ്?

കഴിഞ്ഞ ഒരു വർഷത്തോളമായി പാനൽ തിരിഞ്ഞ് ഇലക്ഷൻ പ്രചാരണം നടക്കുന്നതിനാലാണ് അങ്ങനൊരു തോന്നൽ ഉണ്ടാകുന്നത്. പാനൽ സംവിധാനത്തിന് നല്ലവശങ്ങളും മോശം വശങ്ങളുമുണ്ട്. ഫോമാ ഇത്രത്തോളം വളർന്ന സാഹചര്യത്തിൽ പാനൽ തിരിഞ്ഞ് മത്സരിക്കരുതെന്ന് പറയാൻ സാധിക്കില്ല. കഴിഞ്ഞ തവണ പാനൽ തിരിഞ്ഞായിരുന്നില്ല മത്സരം. എന്നാൽ, നല്ല വാശിയോടെ തന്നെയാണ് മത്സരാർത്ഥികൾ പോരാടിയത്. തിരഞ്ഞെടുപ്പ് വിഷയത്തിൽ ഞങ്ങളാരും കൈകടത്തുന്നില്ല. അത് ആ രീതിക്ക് മുന്നോട്ട് പോകട്ടെ. ഇലക്ഷൻ തീരുന്നതോടെ മത്സരബുദ്ധി വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടാകും.

പാനൽ തിരിഞ്ഞുള്ള മത്സരം സംഘടനയുടെ പിളർപ്പിന് ഇടയാക്കിയ ചരിത്രം ഭയപ്പെടുത്തുന്നില്ലേ?

ഇല്ലെന്ന് തീർത്ത് പറയാം. അധികാരത്തിൽ പിടിച്ചുതൂങ്ങുന്ന പ്രവണത ഫോമാ ഒരിക്കലും അനുവദിച്ചിട്ടില്ല. വിജയിച്ചവർ അവരുടെ കാലാവധി പൂർത്തിയാകുന്നതോടെ മറ്റുള്ളവർക്ക് വഴിമാറികൊടുക്കുന്ന രീതിയാണ് സംഘടനയിൽ ഉള്ളത്. അതിനർത്ഥം, മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ അവർക്ക് ഇടപെടാൻ സാധിക്കില്ല എന്നല്ല. അഡ്വൈസറി കമ്മിറ്റി, ജുഡീഷ്യൽ കമ്മിറ്റി അങ്ങനെയുള്ള വിദഗ്ദ്ധ സമിതികളിൽ അനുഭവസമ്പത്തുള്ള മുൻകാല നേതാക്കൾ തന്നെയാണ് ഉള്ളത്. പുതിയ ആളുകളുടെ ആശയങ്ങൾക്കും മുൻപുണ്ടായിരുന്നവരുടെ ഉപദേശങ്ങൾക്കും ഒരു പോലെ വില കല്പിക്കുന്നതാണ് സംഘടനയെ വളർച്ചയിലേക്ക് നയിക്കുന്നത്. ഫോമാ വളരണമെന്ന് മാത്രമേ അംഗങ്ങൾ ആഗ്രഹിക്കുന്നുള്ളു. വ്യക്തികേന്ദ്രീകൃതമാകുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുക. 

ഫോമായിലെ പ്രവർത്തനങ്ങളിൽ ഏറ്റവും സംതൃപ്തി തോന്നുന്നത്?

നല്ല സുഹൃത്ബന്ധങ്ങൾ ലഭിച്ചു എന്നതാണ് ഏറ്റവും വലിയ സംതൃപ്തി. സിയാറ്റലിൽ മാത്രം ഒതുങ്ങിയിരുന്ന എന്റെ പരിചയവലയം വിപുലമായി. കൂടുതൽ പേരുടെ പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനും കഴിയുന്നു. ഇനിയും മറ്റുള്ളവർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിയണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്.

കാൻകൂൻ വലിയ വിനോദകേന്ദ്രമാണ്. അപ്പോൾ ആളുകൾ സമ്മേളന പരിപാടിയിൽ ഇരിക്കുമെന്ന് കരുതാമോ?

മറ്റൊരു രാജ്യത്തെ കാഴ്ചകൾ ആസ്വദിക്കുക എന്നത് നല്ല കാര്യമായി തന്നെ കാണുന്നു. സമ്മേളന പരിപാടികൾ അധികവും രാത്രിയിൽ ആയതുകൊണ്ട് ആളുകൾക്ക് രണ്ടിനും സമയം യഥേഷ്ടം ലഭിക്കും. സെമിനാറുകളിൽ ആണെങ്കിലും അവരവരുടെ അഭിരുചിക്ക് യോജിക്കുന്നതിൽ പങ്കെടുത്താൽ മതിയല്ലോ. ആളുകളെ പിടിച്ചെടുത്തുന്ന പരിപാടികൾ തന്നെയാണ് അണിയിച്ചൊരുക്കുന്നത്.

വരുംകാലങ്ങളിൽ ഫോമായുടെ മറ്റു സ്ഥാനത്തേക്ക് മത്സരിക്കുമോ?

പുതിയ ആൾക്കാർക്ക് വേണ്ടി മാറിനിൽക്കാമെന്നാണ് ചിന്തിക്കുന്നത്. ഒരുപാട് മുൻകൂട്ടി പ്ലാൻ ചെയ്യാറില്ല.

ഫോമാ പഠിപ്പിച്ച പാഠങ്ങൾ?

മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ സംഘടനാപ്രവർത്തനങ്ങൾ ഉപകരിക്കുമെന്നത് തന്നെയാണ് ഏറ്റവും വലിയ പാഠം. ലോക്കൽ അസോസിയേഷനുകൾക്ക് പരിധിയുണ്ട്. എല്ലാ അസോസിയേഷനുകളുടെയും തലപ്പത്തുള്ള അസോസിയേഷൻ എന്ന നിലയ്ക്ക് ഫോമായുടെ കൂടുതൽ സഹായങ്ങൾ എത്തിക്കാനാകും.

കൺവൻഷൻ ലാഭകരമായിരിക്കുമോ? നഷ്ടം വന്നാൽ ആര് നികത്തും?

നഷ്ടം വരാനുള്ള സാധ്യത തീരെ കുറവാണ്. അത്രത്തോളം ഹരിച്ചും ഗുണിച്ചുമാണ് ഓരോ ചുവടുവയ്പ്പും നടത്തിയിട്ടുള്ളത്. ബജറ്റ് കൃത്യമായി പ്ലാൻ ചെയ്തിട്ടുണ്ട്. നഷ്ടങ്ങൾ വന്നാൽ തന്നെ, ഫോമായുടെ നിലവിലെ കമ്മിറ്റി അംഗങ്ങൾ അത് നികത്തും. പുതിയ കമ്മിറ്റിക്ക് അത്തരമൊരു ഭാരം കൈമാറില്ല. 

വ്യക്തിപരമായി ഏതു വ്യവസായ സംരംഭമാണ് നടത്തുന്നത്?

സഹോദരീഭർത്താവ്  ജോൺ ടൈറ്റസും അദ്ദേഹത്തിന്റെ പത്നി കുസുമം ടൈറ്റസും നടത്തുന്ന ഏവിയേഷൻ കമ്പനിയിൽ എച്ച് ആർ പേറോൾ മാനേജരായിട്ടാണ് ഞാൻ പ്രവർത്തിക്കുന്നത്. 

കുടുംബം?

ഭാര്യ റോസ്ലിൻ  രണ്ടുമക്കളും അടങ്ങുന്നതാണ് എന്റെ കുടുംബം. മകൾ: ഷെറിൻ ; മകൻ:ഷോൺ; മരുമകൾ: സൈബ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക