Image

മേഴ്‌സി സാമുവൽ: വ്യത്യസ്ത ആശയങ്ങളുമായി ഫോമാ വനിതാ പ്രതിനിധി സ്ഥാനാർഥി

Published on 11 August, 2022
മേഴ്‌സി സാമുവൽ: വ്യത്യസ്ത ആശയങ്ങളുമായി ഫോമാ വനിതാ പ്രതിനിധി സ്ഥാനാർഥി

ഡാളസ്/ടെക്സസ്: ഫോമയുടെയും പ്രത്യേകിച്ച് വനിതാ ഫോറത്തിന്റെയും മികവുറ്റ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് മേഴ്‌സി സാമുവൽ വനിതാ  പ്രതിനിധിയായി മത്സരിക്കാൻ മുന്നോട്ടു വന്നത്. വനിതാ  ഫോറം ഒട്ടേറെ നല്ല  കാര്യങ്ങൾ ചെയ്യുന്നു. പ്രത്യേകിച്ച് ചാരിറ്റി രംഗത്ത്. താൻ വിജയിച്ചാൽ അത് ശക്തമാക്കുക  എന്നത് ദൗത്യമായി കാണുമെന്ന് മേഴ്‌സി സാമുവൽ പറയുന്നു. സംഘടനയും വനിതാ ഫോറവും നല്ല  അനുഭവങ്ങളാണ് നൽകിയിട്ടുള്ളത്

ഇപ്പോൾ നാട്ടിൽ സഹായങ്ങൾ എത്തിക്കുന്നത്തിനും സ്‌കോളർഷിപ്പ് നല്കുന്നതിനുമാണ്  വനിതാ ഫോറം കൂടുതൽ   ശ്രദ്ധിക്കുന്നത്. അത് തുടരുന്നതിനൊപ്പം ഇവിടെയും സഹായം ആവശ്യമുള്ളവരെ കണ്ടെത്തുകയും അവർക്ക് തുണയാകുകയും വേണമെന്ന് ഭർത്താവിനൊപ്പം ബിസിനസ് രംഗത്തു പ്രവർത്തിക്കുന്ന മേഴ്‌സി സാമുവൽ കരുതുന്നു.

അത് പോലെ പ്രധാനമാണ്  ബാലികാ ബാലന്മാരെയും യുവജനതയെയും ഫോമയിലേക്ക് കൊണ്ട് വരിക എന്നത്. ഇക്കാര്യത്തിൽ വനിതകൾക്ക് വലിയ പങ്കു വഹിക്കാൻ കഴിയും.  സംഘടനയുടെ ഓരോ കാര്യങ്ങളിലും ചെറുപ്പത്തിലേ കുട്ടികളെ പങ്കടുപ്പിച്ചാൽ അവർ പ്രായപൂർത്തിയാവുമ്പോഴും സംഘടനാ പ്രവർത്തനത്തിന് തയ്യാറാകും.  വനിതാ ഫോറത്തിന് ഈ മേഖലയിൽ പ്രചോദനമാകാൻ കഴിയും.

ഫോമായിൽ ഒരു വനിതാ പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും വരും വർഷങ്ങളിൽ അതുണ്ടാവുമെന്ന് വിശ്വാസമുണ്ട്. മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വനിതകൾ സംഘടനയിലുണ്ട്. അത് പോലെ കരുത്തരായ വനിതകളും. നേതൃത്വം അവരുടെ കൈകളിൽ ഭദ്രമായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.

ആര് ജയിച്ചാലും അവരുമൊത്ത് പ്രവർത്തിക്കാൻ വിഷമമില്ല.  

ഗ്യാസ് സ്റ്റേഷൻ-ഹോം ഹെൽത്ത്കെയർ രംഗങ്ങളിലാണ്  ബിസിനസ്. സ്വന്തം ബിസിനസ്സായതിനാൽ സംഘടനാ പ്രവർത്തനത്തിന് സമയം കണ്ടെത്തുക വിഷമമില്ല. ഏതു രംഗത്തായാലും സംഘടനാ പ്രവർത്തനത്തിന് അർപ്പണ ബോധമാണ് പ്രധാനമെന്നു  മാവേലിക്കര സ്വദേശിയായ മേഴ്‌സി  പറയുന്നു.

തന്നെ പോലെ കൂടുതൽ മലയാളി യുവതികൾ ബിസിനസ്സ് രംഗത്തേക്ക് കൊണ്ടു വരാനും ബിരുദധാരിയായ  മേഴ്സി ആഗ്രഹിക്കുന്നു.  

കോവിഡ് മൂര്ധന്യത്തിലെത്തിയ കാലം വളരെ വിഷമം പിടിച്ചതായിരുന്നെങ്കിലും വീട്ടിൽ ആർക്കും   കോവിഡ്  ബാധിച്ചില്ല. സിഡി സി മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചു. സുഹൃത്തുക്കളുടെയടുത്തും പള്ളിയിലുമൊക്കെ  സോഷ്യൽ ഡിസ്റ്റൻസിംഗ് എന്നത് വലിയ വിഷമം തന്നെ  ആയിരുന്നു. സാമൂഹിക ജീവിതത്തിൽ  മാറ്റങ്ങൾ വരുത്തുക അത്ര എളുപ്പമല്ലല്ലോ. ബന്ധുമിത്രാദികളോട് ഫോണിൽ കൂടുതൽ സംസാരിച്ചാണ് ഈ വിഷമതയിൽ നിന്ന് കുറച്ചെങ്കിലും കരകയറിയത്.

ഡാളസ് മലയാളി അസ്സോസിയേഷനെ (ഡി.എം.എ. ഡാളസ്) പ്രതിനിധീകരിച്ചാണ് മേഴ്സി വനിതാ പ്രതിനിധി സ്ഥാനത്തേക്ക് വരുന്നത്. സംഘടനാ പ്രവർത്തനത്തിൽ സജീവമായി നിൽക്കുന്ന മേഴ്സി, ഡാളസ് മലയാളി അസ്സോസിയേഷൻ വുമൺസ് ഫോറം പ്രസിഡൻ്റ്, ഫോമാ സതേൺ റീജിയൻ വുമൺസ് ഫോറം അഡ്വൈസറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. 

കേരളാ എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ചെയർപേഴ്സൺ, ഫോമാ വുമൺസ് ഫോറം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.  മലങ്കര കാത്തലിക്ക് ചർച്ച് അംഗമെന്ന  നിലയിൽ പള്ളിയിലും സജീവം.

കോളജ്  കാലം മുതൽ രാഷ്ട്രീയ-സംഘടനാ പ്രവർത്തകനായ ഭർത്താവ് സാമുവൽ മത്തായി ആണ് സംഘടന  പ്രവർത്തന  രംഗത്തു വരാൻ പ്രചോദനം. കേരള യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്സിലറും  അഞ്ചൽ സെന്റ് ജോൺസ് കോളജ് ചെയർമാനും ആയിരുന്നു   സാമുവൽ മത്തായി.  പ്രവർത്തനങ്ങൾക്ക് ഭർത്താവും നയന്ത്  ഗ്രെഡിൽ പഠിക്കുന്ന  മകൻ ആരോൺ സാമുവലും  പൂർണ പിന്തുണയുമായി കൂടെയുണ്ട്.

സാമുവേൽ മത്തായി ഫോമയുടെ  ദേശീയ സമിതി അംഗമാണ്.  ഡാളസ് മലയാളി അസോസിയേഷൻ പ്രസിഡന്റും. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക