Image

രേഷ്മ രഞ്ജന്‍: കൃത്യമായ  നിലപാടുമായി  എഴുത്തുകാരി സംഘടനാ രംഗത്തേക്ക്

Published on 16 August, 2022
രേഷ്മ രഞ്ജന്‍: കൃത്യമായ  നിലപാടുമായി  എഴുത്തുകാരി സംഘടനാ രംഗത്തേക്ക്

പതിമൂന്ന് പുസ്തകങ്ങള്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച രേഷ്മ രഞ്ജന്‍ ഫോമ വനിതാ പ്രതിനിധിയായി മത്സരിക്കുന്നത് കൃത്യമായ നിലപാടുകളോടെയാണ്. രണ്ടു വര്‍ഷമായി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന സുനിതാ പിള്ള, ശുഭ അഗസ്റ്റിൻ  എന്നിവര്‍ ടീമായി വിജയിച്ചാല്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും അവര്‍ അക്കമിട്ട് നിരത്തുന്നു.

എഴുത്തുകാരിയുടേയും അധ്യാപികയുടേയും ആര്‍ജവമാണ് അതിലെല്ലാം കാണുന്നത്. റൊമാന്‍സ് അഥവാ പ്രേമ കഥകളാണ് പുസ്തകങ്ങളെല്ലാം. എല്ലാം ശുഭപര്യവസായി. ഏതൊക്കെ സാഹചര്യത്തിലൂടെ പോയാലും അവസാനം അത് വിജയകരമായ പ്രണയത്തില്‍ കലാശിക്കും.

ദുഖത്തില്‍ അവസാനിക്കുന്ന ഏതൊരു സിനിമയും പുസ്തകവും ശുഭപര്യവസായിയായി മനസില്‍ ചിത്രീകരിക്കുന്ന രേഷ്മ, ദുഖദുരിതങ്ങള്‍ നിറഞ്ഞ ലോകത്ത് തന്റെ കഥകള്‍ വായിച്ച് ആരെങ്കിലും പുഞ്ചിരിച്ചാല്‍ അതു തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും സാക്ഷ്യപ്പെടുത്തുന്നു. 'ഒരാളുടെ ചുണ്ടിലെങ്കിലും ഒരു പുഞ്ചിരിയും സന്തോഷ നിശ്വാസവും കൊണ്ടുവരാൻ കഴിഞ്ഞാൽ ഞാൻ  അനുഗ്രഹീതയായി.'

കവിതകളും എഴുതാറുണ്ട്. തീവ്രമായ വായനയാണ് തന്റെ ശക്തി. അലസയായ എഴുത്തുകാരി എന്നപോലെ അമ്മ എന്ന നിലയിലും ഭാര്യ എന്ന നിലയിലുമൊക്കെയുള്ള വ്യക്തിജീവിതത്തിനും കുറഞ്ഞ മാര്‍ക്കിടുന്ന സരസതയും സാഹിത്യകാരിയുടെ  തന്മയത്വം.

കഴിഞ്ഞ രണ്ടുവര്‍ഷം ഫോമ വനിതാ ടീമുമൊത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്ത രേഷ്മയും ടീമും ജയിച്ചാല്‍ അത്ഭുതം കാട്ടുമെന്നാണ് അവകാശവാദം. അതിനുള്ള അടിത്തറ  ഇപ്പോഴുണ്ട്. അതിനുമേല്‍ പണിതുയര്‍ത്തിയാല്‍ മതി.

മികച്ച സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആണ് ടീം മുന്നോട്ടുവയ്ക്കുന്ന ഒരാശയം. അതുവഴി വനിതകള്‍ക്കും കുട്ടികള്‍ക്കും ആവശ്യ സമയത്തു  സഹായത്തിനായി ബന്ധപ്പെടാനും പരസ്പരം സംവദിക്കാനുമൊക്കെ കഴിയും.

വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുക എന്നതാണ് മറ്റൊന്ന്.  ജോലി സംബന്ധമായ വിജയങ്ങള്‍ക്കുവേണ്ടി മാത്രമല്ല വ്യക്തിപരമായ പ്രശ്നങ്ങളിൽ  ഉപദേശ നിര്‍ദേശങ്ങള്‍ക്കായും ഇതുണ്ടാവണം.

ആരോഗ്യത്തോടും കരുത്തോടെയും ജീവിക്കുന്നതിന് ബോധവത്കരണം. സ്ത്രീകള്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും ഇത് സുപ്രധാനം.

വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലബുകള്‍ തുടങ്ങുക- ഇത് സ്ത്രീകളുടേയും കുട്ടികളുടേയും മാനസിക  സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനു സഹായിക്കും.

ഓരോ പരിപാടിയുടേയും നടത്തിപ്പിനും പ്ലാനിംഗിനുമൊക്കെ യുവജനതയ്ക്ക് അവസരം നല്‍കുക. ഇത് അവരില്‍ നിന്ന് അന്യതാബോധം ഇല്ലാതാക്കും.

വനിതാ പ്രതിനിധിയായി  രേഷ്മയെ   കേരള അസോസിയേഷൻ ഓഫ് കൊളറാഡോയാണ്  നാമനിർദ്ദേശം ചെയ്തത്

മുൻ അധ്യാപികയായ അവർ  2019 മുതൽ 2021 വരെ കേരള അസോസിയേഷൻ ഓഫ് കൊളറാഡോയുടെ സാഹിത്യ-യുവ സെക്രട്ടറിയായിരുന്നു.  

സംഘടനയുടെ വിവിധ ബോധവല്‍ക്കരണ സെമിനാറുകള്‍ക്കും, പരിപാടികള്‍ക്കും  നേതൃത്വം നല്‍കി . കരകൗശല നിര്‍മ്മിതി, സാഹിത്യ രചന, പ്രസംഗം, നാടകകളരി, തുടങ്ങി  ആസ്ട്രോഫിസിക്സ്, തിയേറ്റർ, കംപ്യുട്ടർ പ്രോഗ്രാമിംഗ് വരെ വ്യത്യസ്തമായ വിഷയങ്ങളിൽ പരിശീലന ക്‌ളാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2019, 2020, 2021 വര്‍ഷങ്ങളിലെ  കെഎഒസി മൈല്‍ ഹൈ കേരളം മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.

സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിലും നിർവ്വഹിക്കുന്നതിലും കെഎഒസി കോർ ടീമിന്റെ ഭാഗമായി മികച്ച  സംഭാവന നൽകാനായതിലും അഭിമാനമുണ്ട്.  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുകളും പോസ്റ്ററുകളും  കൈകാര്യം ചെയ്തിട്ടുണ്ട്.

2020 ഒക്ടോബർ മുതൽ ഫോമാ  വെസ്റ്റേൺ റീജിയൻ വിമൻസ് ഫോറത്തിൽ  കൊളറാഡോ  വനിതാ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കാൻ നിയോഗം ലഭിച്ചു. കോവിഡ്  മൂലം ദുരിതാവസ്ഥയിലായ  ബാലരാമപുരത്തെ   നെയ്ത്തുകാർക്കായുള്ള    ധനസമാഹരണ ടീമിന്റെ ഭാഗമായിരുന്നു.  

ഫോമാ ന്യുസ് ടീമിനായി മലയാളം വാർത്തകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. അതിനു പുറമെ മയൂഖം 2021-ന്റെ ഉള്ളടക്കവും സ്ക്രിപ്റ്റും രചിച്ചു. ഫോമാ വിമൻസ് ഫോറത്തിന്റെ സോഷ്യൽ മീഡിയ ടീമിൽ  ജാസ്മിൻ പരോളിനും മറ്റുള്ളവർക്കുമൊപ്പം പ്രവർത്തിച്ചു.

കോവിഡ് മൂർദ്ധന്യത്തിൽ നിന്ന 2020-ൽ 150 ഓളം കുട്ടികൾക്കായി കല, പബ്ലിക്ക് സ്പീക്കിംഗ് , ക്രിയേറ്റീവ് റൈറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ  ഓൺലൈൻ സമ്മർ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നതിൽ ഐക്യം ഫൗണ്ടേഷൻ ഓഫ് ഡെൻവർ കൊളറാഡോ  എന്ന പ്രസ്ഥാനവുമായും സഹകരിച്ചു.

വനിതാ ടീമിന്റെ ഭാഗമാകുന്നതിലൂടെ, സമൂഹത്തിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നല്ല മാറ്റങ്ങൾ  ലക്ഷ്യമിടുന്നു

ഫോമാ വിമന്‍സ് ഫോറം അംഗങ്ങളായ ലാലി കളപ്പുരയ്ക്കല്‍, ജാസ്മിന്‍ പരോള്‍, ഷൈനി അബൂബക്കര്‍ ജൂബി വള്ളിക്കളം തുടങ്ങിയവരുടെ കൂടെ വിവിധ പരിപാടികളില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു,

ഭര്‍ത്താവ് ജയന്‍ കൊടിയാട്ട്  മനോള്‍, മക്കള്‍ നന്ദ ജയന്‍, വേദ ജയന്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക