Image

ഗ്ലാസ്‌ഗോയിലെ സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ തിരുനാള്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി

Published on 19 August, 2022
 ഗ്ലാസ്‌ഗോയിലെ സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ തിരുനാള്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി

 

സ്‌കോട്ട് ലാന്‍ഡ് : ഗ്ലാസ്‌ഗോയിലെ സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് മിഷന്‍ ഹാമില്‍ട്ടണിലെ പരി. കന്യകാമാതാവിന്റെ സ്വര്‍ഗ്ഗ്വാരോഹണ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ട പെരുന്നാള്‍ ആഘോഷങ്ങളും തിരുനാള്‍ പ്രദക്ഷിണവും വര്‍ണാഭമായി.


ഓഗസ്റ്റ് 5 വെള്ളിയാഴ്ച വൈകുന്നേരം സെന്റ് നിനിയന്‍സ് - സെന്റ് കത്ബര്‍ട്ട് ഇടവകാ വൈദികന്‍ ഫാ. ചാള്‍സ് ഡോര്‍നന്‍ കൊടി ഉയര്‍ത്തിയതോടെ ആരംഭിച്ച തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ തുടര്‍ന്ന് ഒന്‍പത് ദിനങ്ങളിലായി നടന്ന തിരുനാള്‍ നവനാളിലും ആഘോഷങ്ങളിലും, ഗ്ലാസ്‌ഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നാനാ ജാതിമതസ്ഥര്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിച്ചു.

വിവിധ ദിനങ്ങളിലായി നടന്ന തിരുക്കര്‍മ്മങ്ങളില്‍, സീറോ മലബാര്‍ സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് മിഷന്‍ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ തുരുത്തി പള്ളി, സെന്റ് നിനിയന്‍സ് എഡിന്‍ബര്‍ഗ്ഗ് വികാരി ഫാ.സിറിയക് പാലക്കുടി OFM Cap , ഫാ. ജെറാര്‍ഡ് ബോഗന്‍ ഡീന്‍ ഓഫ് മദര്‍വൈല്‍ ആന്‍ഡ് സെന്ററല്‍ ഡീനറി, സെന്റ് ബ്രൈഡ്സ് കാംബസ് ലാംങ്ങ് ഇടവക വൈദികന്‍ ഫാ.പോള്‍ മോര്‍ട്ടണ്‍, ഫാ.ജോസഫ് ഇടശ്ശേരി പവ്വത്ത് CSSR, സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ മദര്‍ വൈല്‍ ഡയറക്ടര്‍ ഫാ.ജോണി വെട്ടിക്കല്‍ വി.സി എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.

ഓഗസ്റ്റ് 13 ശനിയാഴ്ച നടന്ന വി.കുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ഗ്ലാസ്‌ഗോ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ഫാ.ബിനു കിഴക്കേ ഇളംതോട്ടം CMF മുഖ്യകാര്‍മ്മികത്വം വഹിച്ചു തുടര്‍ന്ന് മതബോധന വിദ്യാര്‍ത്ഥികളുടെ നേത്രത്വത്തില്‍ നടന്ന നയന മനോഹരമായ കലാവിരുന്നിന് മദര്‍ വൈല്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ് . റെവ.ജോസഫ് ടോള്‍ മുഖ്യാതിഥിയായിരുന്നു.

കുട്ടികളുടെ അത്യുജ്ജലമായ കലാവിരുന്നിനൊപ്പം വിമന്‍സ് ഫോറത്തിന്റെ നാടന്‍ പലഹാരങ്ങളുടെ സ്റ്റാളും കൂടാതെ സന്നിഹിതരായിരുന്ന എല്ലാവര്‍ക്കും നല്ല നാടന്‍ കപ്പ ബിരിയാണിയും നല്കിയത് ആഘോഷങ്ങള്‍ക്ക് പകിട്ടേകി.

പ്രധാന തിരുനാള്‍ ദിവസമായ ഓഗസ്റ്റ് 14 ഞായറാഴ്ച ഫാ.ജോസഫ് ഇടശ്ശേരി പവ്വത്ത് CSSR, ഫാ.ജോസഫ് പുത്തന്‍ പുര എസ് .ജെ എന്നിവര്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേത്രത്വം നല്കി. തുടര്‍ന്ന് ഗ്രഹാതുരത്വമുണര്‍ത്തുന്ന വിശ്വാസതീക്ഷണതയുടെ മകുടോദാഹരണമായ തിരുന്നാള്‍ പ്രദക്ഷിണത്തിന് മദര്‍ വെല്‍ രൂപതാദ്ധ്യക്ഷന്‍ റവ. ജോസഫ് ടോള്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

സ്‌കോട്ടീഷ് നഗര വീഥിയില്‍ കൊടിതോരണങ്ങള്‍ ഉയര്‍ത്തിയും , മുത്തുക്കുടകളുടെയും , പേപ്പല്‍ പതാകയുടെയും സ്വര്‍ണ്ണ - വെള്ളിക്കുരിശുകളുടെയും , ജപമാലയുടെയും , സ്‌കോട്ടീഷ് പൈപ്പ് ബാന്‍ഡ്, ചെണ്ടമേളം എന്നിവയുടെയും അകമ്പടിയോടെ വിവിധ പ്രാര്‍ത്ഥനാ കൂട്ടായ്മകളുടെ മദ്ധ്യസ്ഥരായ വിശുദ്ധരുടെ രൂപങ്ങളും മാതാവിന്റെ തിരുസ്വരൂപവുമേന്തിയുള്ള പ്രാര്‍ത്ഥനാനിര്‍ഭരവും പ്രൗഡഗംഭീരവുമായ തിരുന്നാള്‍ പ്രദക്ഷിണവും നടത്തപ്പെട്ടു. സ്‌നേഹവിരുന്നോടെ 2022 ലെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.

ഈ വര്‍ഷത്തെ തിരുനാള്‍ പ്രസ്തുദേന്തിമാര്‍ അര്‍ലിന്‍ മരിയ ആഗസ്തി . എമില്‍ മാത്യു, പവല്‍ ഫ്രാങ്ക്, അലീന്‍ ബിജു, അലീറ്റ സാജു .അനീറ്റ കാര്‍മ്മല്‍ , ജോര്‍ജ്ജീന ബിജു, എബി ജോണ്‍സന്‍ , റോഷന്‍ റൂബി, ജെഫിന്‍ സജി, നേഹ റ്റോമി , ജിയോ മാത്യു, ആല്‍വിന്‍ സോണി, അമല്‍ ജോയി, മരിയ ഹാരീസ്, ജെന്നി തോമസ്, സിന്ധു ഐവിന്‍ എന്നിവരായിരുന്നു.

ജിമ്മി ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക