MediaAppUSA

ഫൊക്കാനയ്ക്ക് പുതിയ മുഖം നൽകിയ സെക്രട്ടറി  സജിമോൻ ആന്റണി പദവികളുടെ അലങ്കാരമില്ലാതെ യവനികയ്ക്ക് പിന്നിൽ 

ഫ്രാൻസിസ് തടത്തിൽ  Published on 29 August, 2022
ഫൊക്കാനയ്ക്ക് പുതിയ മുഖം നൽകിയ സെക്രട്ടറി  സജിമോൻ ആന്റണി പദവികളുടെ അലങ്കാരമില്ലാതെ യവനികയ്ക്ക് പിന്നിൽ 

ഒനിഡ എന്ന ടി.വി. കമ്പനിയുടെ പരസ്യ വാചകം ഇങ്ങനെയായിരുന്നു. "neighbour's envy, owner's pride" അതായത് ഒനിഡ ടി.വി.  സ്വന്തമാക്കുന്നവന്റെ അയൽക്കാരനു അസൂയയും ഉടമയ്ക്ക് അഭിമാനവും ഉണ്ടാകുമെന്നാണ് ഈ പരസ്യ വാചകത്തിന്റെ അർത്ഥം.സജിമോൻ ആന്റണി ഫൊക്കാനയുടെ യുവ നേതാവിനെക്കുറിച്ച് ഓർക്കുമ്പോൾ ഈ പരസ്യ വാചകമാണ് ഓർമ്മ വരുക. ഫൊക്കാനയുടെ വളർച്ചയുടെ കുതിപ്പിന്റെ കാരണഭൂതനായ യുവ നേതാവിന്റെ കടന്നു വരവോടെ വളരെ അസൂയാവഹമായ വളർച്ചയും പ്രശസ്തിയുമാണ് സംഘടനയിൽ പ്രകടനമായത്. ഒരു ഘട്ടത്തിൽ സമാന്തര സംഘടനകളിലെ നേതാക്കന്മാരെപ്പോലും അമ്പരപ്പിച്ചു കളഞ്ഞു ഫൊക്കാനയുടെ കഴിഞ്ഞ രണ്ടു വർഷത്തെ മുന്നേറ്റങ്ങൾ കണ്ടിട്ട്. അതിന് ചുക്കാൻ പിടിച്ചത് ഈ യുവ നേതാവാണെന്ന് ഫൊക്കാനയിലെ പ്രായഭേദമന്യേ എല്ലാ നേതാക്കന്മാർക്കുമറിയാം.  ഫൊക്കാനയ്ക്ക് പ്രൊഫെഷണലിസത്തിന്റെ  രൂപവും ഭാവവും നൽകിയ ഒരു യഥാർത്ഥ പ്രൊഷണൽ, സംഘടനയുടെ തലപ്പത്ത് എത്തിയപ്പോൾ ദൃശ്യമായത് അദ്ദേഹത്തിന്റെ മികവുറ്റ സംഘടനാ പാഠവമായിരുന്നു. വലിയൊരു മാറ്റത്തിന്റെ ശംഖൊലി നാദമായിരുന്നു ഫൊക്കാനയിൽ കണ്ടത്. ജനറൽ സെക്രട്ടറിയെന്ന നിലയിൽ സജിമോൻ നടത്തിയ ഓരോ പ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയം!
 തികഞ്ഞ വാഗ്മിയും അനർഗളമായ വാക്കുകൾകൊണ്ട് അമ്മാനമാടുന്ന പ്രസംഗശൈലി  ആരെയും വശീകരിക്കുന്നതാണ്. 

2016 ൽ കാനഡയിൽ നടന്ന കൺവെൻഷനിൽ വച്ചാണ് ഫൊക്കാനയ്ക്ക് സജിമോൻ ആന്റണി എന്ന യുവ നേതാവിനെ ലഭിക്കുന്നത്.  നാഷണൽ കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട സജിമോൻ ആദ്യ ജനറൽ ബോഡിയിൽ തന്നെ അരങ്ങേറ്റം ഗംഭീരമാക്കി. ചിലരെങ്കിലും മനസിൽ കുറിച്ചു.- ഇവൻ, വരും നാളുകളിൽ ഫൊക്കാനയുടെ പകരം വയ്ക്കാൻ പറ്റാത്ത നേതാവായി മാറും. ഇങ്ങനെയായിരുന്നു ഫൊക്കാനയിൽ സജിമോൻ തന്റെ വരവറിയിച്ചത്. പിന്നീടങ്ങോട്ട് നാം കാണുന്നത് സജിമോൻ ആന്റണി എന്ന യുവ നേതാവിന്റെ നേതൃത്വത്തിൽ ഫൊക്കാനയിൽ ശൂന്യതയിൽ നിന്ന് അത്ഭുതങ്ങൾ സൃഷ്ട്ടിക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങളാണ്.

2018 ൽ  തൊട്ടടുത്ത ഭരണസമിതിയിൽ ഫൊക്കാന ട്രഷറർ ആയി സജിമോൻ തെരെഞ്ഞടുക്കപ്പെട്ടു.  ഫൊക്കാന കണ്ട ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ട്രഷററെയാണ് അന്ന് നാം കണ്ടത്. പണം സൂക്ഷിപ്പും കണക്കെടുപ്പും മാത്രമല്ല മറ്റു പല കാര്യങ്ങളും ഒരു ട്രഷറർക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച സജിമോൻ ഏറ്റെടുത്ത എല്ലാ ചുമതലകളും ഏറെ കൃത്യതയോടെ ഭംഗിയായി നിർവഹിച്ചു. മുൻ കമ്മിറ്റിയുടെ കാലത്താണ് ഫൊക്കാനയിൽ  കാര്യമായ  മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. അതിനു മുൻപ് വരെ ഉണ്ടായിരുന്ന ശൈലികളിൽ നിന്ന് ഏറെ വ്യത്യസ്തമായി സഞ്ചരിക്കാൻ വഴിയോരുക്കാനായി മുന്നിട്ടിറങ്ങിയത് അന്നത്തെ ട്രഷറർ സജിമോൻ ആന്റണിയായിരുന്നു. പിന്നീട് ജനറൽ സെക്രട്ടറി പദത്തിലേക്കുള്ള സജിമോന്റെ വളർച്ചയ്ക്ക് വഴിയൊരുക്കിയതും അതുതന്നെയായിരുന്നു.

2020 ൽ ജോർജി വർഗീസ് പ്രസിഡണ്ടായ ടീമിൽ സെക്രെട്ടറിയായി സജിമോനെയല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ല. ജോർജിയുടെ തീരുമാനം ശരിയെന്നു തെളിയിക്കുന്നതാണ് പിന്നീടുള്ള നാൾ വഴികൾ വ്യക്തമാക്കുന്നത്. കോവിഡ് മഹാമാരിയുടെ മൂർധന്യത്തിൽ എന്തുചെയ്യണമെന്നറിയാതെ ഏവരും പകച്ചു നിൽക്കേ, സജിമോൻ ആന്റണി എന്ന തൊട്ടതെല്ലാം പൊന്നാക്കുന്ന യുവ സംരംഭകൻ എല്ലാ പരിമിതികളെയും പൂച്ചെണ്ടുകളാക്കി മാറ്റുന്ന കാഴ്ച്ചയാണ് പിന്നീട് നാം  കണ്ടത്. എവിടെയും പുതുമകൾ കൊണ്ടുവരാറുള്ള സജിമോൻ സൂം (ZOOM ) പോലുള്ള വെർച്ച്വൽ പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകൾ ഉപയോഗിച്ച് കോവിഡ് ബോധവൽകരണ സെമിനാറുകൾ ഉൾപ്പെടെ ജനോപകാരപ്രദമായ  പല പ്രോഗ്രാമുകൾക്കും നേതൃത്വം നൽകി.

കാര്യങ്ങൾ അതിവേഗം സൂക്ഷ്മമായി പഠിച്ച് അവ ദ്രുതഗതിയിൽ  നടപ്പിലാക്കുന്നതിനുള്ള കഴിവാണ് സജിമോനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. പല നിസാര കാര്യങ്ങൾക്കുപോലും മീറ്റിംഗുകൾ കൂടി ഏറെ സമയം പാഴാക്കുന്നതിനു പകരം അതിന്റെ സാധ്യതകൾ മനസിലാക്കി ഏതാനും ഫോൺ കോളുകൾ നടത്തി കാര്യങ്ങൾക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്തുക- അതാണ് സജിമോന്റെ ശൈലി. 
 ഫൊക്കാനയുടെ ജനറൽ  സെക്രട്ടറിയെന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ സജിമോൻ ആന്റണി കാഴ്ച വെച്ചത്. സെക്രട്ടറി സ്ഥാനമൊഴിഞ്ഞ സജിമോൻ ആന്റണി കേരളാ ടൈംസ് ചീഫ് എഡിറ്റർ ഫ്രാൻസിസ് തടത്തിലുമായി കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനവിജയങ്ങളെക്കുറിച്ച് മനസു തുറക്കുന്നു:

സെക്രെട്ടറി എന്ന നിലയിൽ രണ്ടു വർഷത്തെ സംഭവ ബഹുലമായ പ്രവർത്തനങ്ങൾക്കു ശേഷം പടിയിറങ്ങുന്നു. തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?

ഒറ്റവാക്കിൽ പറഞ്ഞാൽ   രണ്ടു വർഷത്തിനുള്ളിൽ ഒരുപാട് പ്രവർത്തനങ്ങൾ ഏറെ കൃത്യതയോടെപൂർത്തിയാക്കി അഭിമാനത്തോടെ പടിയിറങ്ങാൻ കഴിഞ്ഞതിന്റെ  ആത്മസംതൃപ്തിയിലാണ് ഞാൻ. 
ഏറെ സങ്കീർണതകൾ നിറഞ്ഞ അന്തരീക്ഷത്തിലാണ് ഞങ്ങൾ ചുമതയേൽക്കുന്നത്. ഒരു വശത്ത് കോവിഡ് മഹാമാരിയുടെ ഉയർത്തിക്കൊണ്ടിരുന്ന ഭീതിയും അനശ്ചിതത്വങ്ങളും. മറുവശത്ത് സംഘടനയ്‌ക്കെതിരെ ഒരു വിഭാഗം ആളുകൾ നൽകിയ കേസും അതേ  തുടന്നുള്ള നിയമ പോരാട്ടങ്ങളും . ഏറെ  സംഘർഷം നിറഞ്ഞ അന്തരീക്ഷത്തിൽ ഫൊക്കാനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഒരുപാട് തടസങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നു അറിഞ്ഞിട്ടുകൂടി സധൈര്യം മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.

കോവിഡ് ഉയർത്തിയ ലോക്ക് ഡൗൺ മൂലം നേരിൽ പരസ്പരം കാണാനോ മീറ്റിംഗുകൾ കൂടാൻ പോലും പറ്റാത്ത സഹചര്യത്തിൽ എന്തു ചെയ്യണമെന്നറിയാതെ പലരും ഉഴലുമ്പോഴാണ് ഞങ്ങൾ അതിന്റെ പോസറ്റീവ് വശങ്ങളിൽ ചിന്തിക്കാൻ തുടങ്ങിയത്. കോവിഡിനെ നേരിടാൻ കോവിഡ് ടാസ്ക്ക് ഫോഴ്‌സ് എന്ന പദ്ധതിക്ക് രൂപം നല്കിക്കൊണ്ടു തന്നെയാണ് പ്രവർത്തനം ആരംഭിച്ചത്. അമേരിക്കയിൽ കോവിഡ് മഹമാരി  താണ്ഡവമാടിക്കൊണ്ടിരുന്ന സമയമായിരുന്നുഅപ്പോൾ. ഭീതി മൂലം വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ഏവരും വീടുകളിൽ കഴിയുമ്പോൾ  ഞാൻ കോർഡിനേറ്റർ ആയി പ്രവർത്തനം ആരംഭിച്ച കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ  ആഭിമുഖ്യത്തിൽ പല മെഡിക്കൽ ഡോക്ടർമാരെ ഉൾപ്പെടുത്തി കോവിഡ് ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പിന്നീട് കോവിഡിനെതിരെ വാക്സീൻ കണ്ടു പിടിച്ചപ്പോഴും ജനങ്ങളിൽ വാക്സീനിൽ വിശ്വാസത കൊണ്ടുവരാൻ ഫൈസർ വാക്സീന്റെ ക്ലിനിക്കൽ ട്രെയ്ൽസിൽ പങ്കെടുത്ത ശാസ്ത്രജ്ഞർ  ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് വാക്സീൻ ബോധവൽക്കരണ പരിപാടികൾ നടത്തി. ഇതിനിടെ കേരളത്തിൽ കോവിഡ് തരംഗം രൂക്ഷമായപ്പോൾ  കോവിഡ് ടാസ്ക്ക് ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഒന്നരക്കോടി രൂപയിലധികം വിലമതിക്കുന്ന വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള  മെഡിക്കൽ സാമഗ്രികൾ കേരളത്തിലേക്ക് കയറ്റി അയച്ചു. അതൊരു വലിയ നേട്ടമായിട്ടാണ് ഞാൻ കാണുന്നത്. 

കേരളത്തിൽ ഉണ്ടായ രണ്ടു മഹാപ്രളയങ്ങളും ഈ കാലഘട്ടത്തിലായിരുന്നു. അന്ന് ഫൊക്കാനയുടെ എല്ലാ അംഗ സംഘടനകളെയും കോർത്തിണക്കിക്കൊണ്ട് പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിലും താങ്കൾ നേതൃത്വം നൽകിയിരുന്നു. എന്തൊക്കെയാണ് അന്ന് ചെയ്തത്?


കേരളത്തിൽ 2018 ലും 2019 ലും ഉണ്ടായ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നോർത്ത് അമേരിക്കൻ മലയാളികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ  സുദീർഘമായ സൂം മീറ്റിംഗ് നടത്തിയിരുന്നു. അതിന്റെ അവതാരകനും പിന്നണി പ്രവർത്തകനുമുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.  അന്ന് ഫൊക്കാനയുടെ എല്ലാ അംഗ സംഘടനകളെയും കോർത്തിണക്കിക്കൊണ്ട് പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിലും എനിക്ക് നേതൃത്വം നൽകാൻ അവസരമുണ്ടായി. നമ്മുടെ നാട് നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തങ്ങളിലൂടെ കടന്നുപോവുമ്പോൾ അവിടെ നാം ഒരു കാഴ്ചക്കാരനായി മാറി നിൽക്കാനാവില്ലല്ലോ.

 ഇതിനിടെ, പ്രളയത്തിൽ ഭവനം നഷ്ട്ടപ്പെട്ട 100 തോട്ടം തൊഴിലാളികൾക്ക് ഭവനം നിർമ്മിച്ചു നൽകാനുള്ള ഒരു വലിയ ദൗത്യത്തിന്റെ ചുമതലയും എന്നെ സംഘടന ഏൽപ്പിച്ചിരുന്നു.  സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഭവനം ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ ഈ പദ്ധതി പ്രകാരം  50 ലധികം വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ ദാനം നിർവഹിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു.  ഫൊക്കാനയുടെ ചരിതത്തിൽ അന്നുവരെയുണ്ടായിരുന്നതിൽ  ഏറ്റവും വലിയ സംരംഭമായിരുന്നു അത്.

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ പല പരിപാടികളും നടത്തി. എന്നാൽ അംഗങ്ങൾകക്ക് ഉപകാരപ്പെടുന്ന എന്ത് പദ്ധതികളാണ് നടപ്പിൽ വരുത്തിയത്.?

ഫൊക്കാനയുടെ അംഗങ്ങൾക്കു മാത്രമല്ല  അവരുടെ എല്ലാ ബന്ധുമാത്രാദികൾക്കും വലിയ ഗുണം ചെയ്യുന്ന ഫൊക്കാന ഹെൽത്ത് കാർഡ് പദ്ധതി എന്ന ബാഹൃത്തായ ഒരു പദ്ധതിയാണ് ഞങ്ങൾ നടപ്പിലാക്കിയത്.  എറണാകുളം കളമശേരിയിലെ രാജഗിരി കോളേജുമായി സഹകരിച്ച്  നടപ്പാക്കിയ ഈ പദ്ധതി വഴി ഇതിനകം 2000 ലധികം പേർക്ക് നേരീട്ട്  ഗുണകരമായിക്കൊണ്ടിരിക്കുന്ന ഈ പദ്ധതിയാണ് ഞങ്ങളുടെ ഫ്ലാഗ്ഷിപ്പ് എന്ന് വിശേഷിപ്പിക്കാവുന്നപദ്ധതി.  നിരവധി പേർ ഇതിനകം  ഈ പദ്ധതിയുടെ  ഗുണഭോക്താക്കളായി കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ  ടെക്സസ്, ന്യൂയോർക്ക്, കാലിഫോർണിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 6  പേർക്ക് ഇതിന്റെ ഗുണാഭാക്താക്കളാകാൻ കഴിഞ്ഞു. രാജാഗിരി ഹോസ്പിറ്റലിലെ സേവനങ്ങൾക്ക് ലഭിക്കുന്ന വൻ ഇളവുകൾക്കു പുറമെ പ്രത്യേക പരിഗണനയും കാർഡ് ഉടമകൾക്ക് ലഭിക്കുന്നു. 

ഫൊക്കാനയ്ക്ക് ഇന്നു വരെ ലഭിക്കാത്ത പല നേട്ടങ്ങളും ഈ പ്രതിസന്ധി കാലഘട്ടങ്ങളിലും കൈവരിക്കാൻ താങ്കളുടെ ഇടപെടലുകൾകൊണ്ട് കഴിഞ്ഞിട്ടുണ്ട്.   വിശദീകരിക്കാമോ?

എല്ലാം എന്റെ ഇടപെടലുകൾ കൊണ്ട് മാത്രമാണെന്ന് ഞാൻ പറയില്ല. ഇതൊരു കൂട്ടായ പ്രവത്തനമാണ് (Team Work). ഞാൻ ചില കാര്യങ്ങളിൽ മുൻകൈയെടുത്തു പ്രവർത്തിച്ചിട്ടുണ്ട് എന്നും നേരാണ്. അതിനു സംഘടന എന്നെ ചുമതലപ്പെടുത്തിയതുകൊണ്ടാണ് അങ്ങനെ ആവേണ്ടി വന്നത്. ഉദാഹരണത്തിന് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ  (ടി.എസ്. എ) സർട്ടിഫിക്കേഷനുള്ള അനുമതി  ഫൊക്കാനയ്ക്ക് ലഭിച്ചതും ഈ ഭരണ സമിതിയുടെ വലിയ നേട്ടമാണ്.  അടിയന്തിര സാഹചര്യങ്ങളിൽ ഉൾപ്പെടെ നാട്ടിലേക്ക് എന്തെങ്കിലും കയറ്റുമതി ചെയ്യണമെങ്കിൽ ഈ സർട്ടിഫിക്കറ്റ് ഏറെ അനിവാര്യമാണ്. ഫൊക്കാനയുടെ  അംഗസംഘടനകൾക്ക് ഏറെ ഗുണകരമാകുന്നതാണ് ഈ സർട്ടിഫിക്കറ്റ്.

മറ്റെന്തെങ്കിലും അംഗീകാരങ്ങൾ ഫൊക്കാനയെ ലഭ്യമാക്കിയിട്ടുണ്ടോ?

ഉണ്ട്. ഏറെ അഭിമാനത്തോടെ പറയട്ടെ, പ്രസിഡൻഷ്യൽ  വോളണ്ടീയർ സർവീസസ് അവാർഡ് സർട്ടിഫയിങ്ങ്  (പി.വി. എസ്. എ .എസ് )അംഗീകാരവും ഫൊക്കാനയ്ക്ക് വേണ്ടി  നേടിയെടുക്കാൻ കഴിഞ്ഞത്  മറ്റൊരു വലിയ അംഗീകരമാണ്.  ദേശീയ സംഘടകളിൽ ഫൊക്കാനയ്ക്കു മാത്രമാണ് ടി.എസ് എ - പി.വി. എസ്. എ. എന്നീ രണ്ടു അഗീകാരങ്ങളും ലഭിച്ചിട്ടുള്ളത്.  


ഫൊക്കാന- പ്രസിഡണ്ടും സെക്രട്ടറിയും തമ്മിൽ മികച്ച കെമിസ്ട്രി ആണെന്ന് അടുത്ത കാലങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ സൂചിപ്പിക്കുന്നു. 

ഫൊക്കാന പ്രസിഡണ്ട് മാത്രമല്ല ഫൊക്കാനയിലെ ഒട്ടുമിക്ക നേതാക്കന്മാരുമായി എനിക്ക് നല്ല കെമിസ്ട്രി തന്നെയാണുള്ളത്. ഏതൊരു സംഘടനയുടെയും കെട്ടുറപ്പിന് പ്രസിഡണ്ടും സെക്രട്ടറിയും തമ്മിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തിൽ തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങൾ ഏറെ ഒത്തൊരുമയോടെയും സൗഹാർദത്തോടെയുമാണ് പ്രവ്രത്തിച്ചിട്ടുള്ളത്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ തീരുമാനങ്ങൾ എപ്പോഴും ഐകകണ്ടനായാണ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ പ്രസിഡണ്ടും സെക്രട്ടറിയും മാത്രമല്ല, എല്ലാ ഭാരവാഹികളും നേതൃത്വത്തോടൊപ്പം ഒറ്റക്കെട്ടായി നിൽക്കേണ്ടത് സംഘടനയുടെ കെട്ടുറപ്പിന് അനിവാര്യമാണ്. ഞങ്ങളത് നടപ്പിലാക്കുക മാത്രമാണ് ചെയ്തത്. ട്രസ്റ്റി ബോർഡുമായും, പ്രത്യേകിച്ച് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സജി പോത്തൻ, വൈസ് പ്രസിഡണ്ട് ബെൻ പോൾ എന്നിവരുമായും എന്നും ഊഷ്മളമായ ബന്ധമാണ് കാത്തു സൂക്ഷിച്ചത്. 


 
100 ലധികം പദ്ധതികളാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആവിഷ്‌ക്കരിച്ചു നടപ്പിൽ വരുത്തിയത്. വിഘടിച്ചു നിന്നിരുന്നുവെങ്കിൽ ഇതൊക്കെ സാധ്യമാകുമായിരുന്നുവോ? ഇവിടെയാണ് ഞങ്ങളുടെ വിജയം. ഇക്കാര്യത്തിൽ എല്ലാ സീനിയർ നേതാക്കന്മാരോട് ഏറെ കടപ്പാടുണ്ട്. അന്തരിച്ച ഫൊക്കാനയുടെ ഉരുക്കു വനിതയും മുൻ പ്രസിഡണ്ടുമായ മറിയാമ്മ പിള്ള മുതൽ പ്രഥമ പ്രസിഡണ്ട് ഡോ. എം. അനിരുദ്ധൻ,  മുൻ പ്രസിഡണ്ടുമാരായ പോൾ, കമാണ്ടർ കൊരുത്,ജോൺ പി.ജോൺ, ജി.കെ. പിള്ള, പ്രാത്ഥസാരഥിപിള്ള തുടങ്ങിയവരും ഫൊക്കാനയുടെ കഴിഞ്ഞ കാലങ്ങളിലെ പ്രതിസന്ധികളിൽ താങ്ങും തണലുമായി നിന്ന ഡോ.മാമ്മൻ സി. ജേക്കബ്, ഫൊക്കാന  വനിത നേതാവ് ലീല മാരേട്ട്, മറ്റു നേതാക്കന്മാരായ ജെയ്‌ബു മാത്യു, തോമസ് തോമസ്, ചാക്കോ കുര്യൻ, ടി.എസ്. ചാക്കോ, കുര്യൻ പ്രക്കാനം, ജോയി ഇട്ടൻ, തുടങ്ങിയവർ ഞങ്ങൾക്ക് നൽകിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. 


ഈ ചെറുപ്രായത്തിൽ വലിയ ഉത്തരവാദിത്വങ്ങളാണ് ചുമലിൽ ഏറ്റെടുത്തത്. താങ്കളുടെ വരവോടെ ഫൊക്കാനയുടെ മുഖഛായ തന്നെ മാറി എന്നു പറയുന്നത് അതിശയോക്തിയാകില്ല. എന്ത് തോന്നുന്നു.

എനിക്ക് ലഭിച്ച അംഗീകാരമായിട്ടാണ് ഇതെല്ലാം ഞാൻ കാണുന്നത്. ചുമതലകൾ കൃത്യമായും സത്യസന്ധമായും കൈകാര്യം ചെയ്യുകയെന്നതാണ് ഞാൻ ചെയ്തത്. ഉത്തരവാദിത്വമുള്ള ഒരു പൊതുപ്രവർത്തകൻ ചെയ്യേണ്ടതുമാത്രമേ ഞാൻ ചെയ്തിട്ടുള്ളു. എന്നാൽ എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ വെള്ളം ചേർക്കാനോ സ്വജനപക്ഷപാതം കാണിക്കാനോ ഞാൻ ഒരിക്കലും തയ്യാറായിട്ടില്ല, ഇതൊക്കെയാണ് എന്നിലെ പൊതുപ്രവർത്തകന് ഉയർത്തിക്കാണിക്കാനുള്ളത്. 

എന്റേതായ ചില ശൈലികൾ സ്വതന്ത്രമായും കൂട്ടായും ചെയ്യാനുള്ള സ്വാതന്ത്ര്യം ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ഉൾപ്പെടെയുള്ള നേതൃത്വം എനിക്ക് നൽകിയിരുന്നു. പ്രസിഡണ്ട് ജോർജി വർഗീസിനെ പൂർണമായും പിന്തുണച്ചുകൊണ്ട് ഞങ്ങൾ ഒത്തൊരുമിച്ച് ആലോചിച്ചുറപ്പിച്ച തീരുമാനങ്ങളായിരുന്നു എക്കാലവും കൈക്കൊണ്ടിട്ടുള്ളത്. ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ നേതൃത്വത്തിന്റെ പൂർണമായ പിന്തുണയും വിശ്വാസവും എന്നിൽ  അർപ്പിച്ചതുകൊണ്ടു മാത്രമാണ്. 

ഫൊക്കാനയിൽ ഒരു വൻ കുതിപ്പ് ഇക്കഴിഞ്ഞ കാലയളവിൽ ഉണ്ടായിട്ടുണ്ട് എന്നതിന് തെളിവായി കാണുന്നത് അംഗസംഘടനകളിൽ ഉണ്ടായ വൻ വർധനയാണ്. അതിൽ താങ്കളുടെ പങ്ക് ഏറെ നിർണായകമായിരുന്നു. എങ്ങനെ സാധിച്ചു.

അമേരിക്കൻ-കനേഡിയൻ മലയാളികളുടെ അമ്മ സംഘടനയായ ഫൊക്കാനയ്ക്ക് ഇടക്കാലത്ത് ചെറിയ ഇടർച്ചകളൊക്കെ ഉണ്ടായിട്ടുണ്ട് എന്നത് സമ്മതിക്കുന്നു. എന്നാൽ ഫൊക്കാനയുടെ അംഗസംഘടനകളുമായി നിരന്തരം തോളോടു ചേർന്നു പ്രവർത്തിക്കുകയും അവരുടെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് അതിനു വേണ്ട പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്തു. ഇതിനായി അമേരിക്കയിലും കാനഡയിലുമുള്ള എല്ലാ റീജിയണകളിലും കടന്നു ചെന്ന് അവിടുത്തെ പ്രശ്നങ്ങൾ അറിയുവാനും അവ പരിഹരിക്കുവാനും കഴിഞ്ഞു. എല്ലാ റീജിയനുകളിലെയും അംഗസംഘടനകളിലും സന്ദർശനം നടത്തിലായതിനാൽ നല്ല ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞു. ഇതേത്തുടർന്നാണ് അംഗസംഘടനകളുടെ എണ്ണം കുത്തനെ വർധിച്ചത്.  ഇതിൻറെയൊക്കെ  പിന്നിൽ വലിയൊരു അധ്വാനം തന്നെയുണ്ട്. 

ഒരുപാടു യാത്ര ചെയ്തു. തിരക്കു പിടിച്ച ജീവിതത്തിൽ ഇതിനൊക്ക സമയം കണ്ടെത്തുന്നതെങ്ങനെ?

സമയം മാത്രമല്ല. ഒരുപാടു സാമ്പത്തിക ചെലവും വരുന്ന കാര്യമാണിത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അമേരിക്കയിലും കാനഡയിലുമുള്ള  ഫൊക്കാനയുടെ മിക്കവാറുമുള്ള എല്ലാ അംഗസംഘടനകളിലും കുറഞ്ഞത് ഒരു വട്ടമെങ്കിലും സന്ദർശിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ പല കുറി സന്ദർശിക്കേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ ഫൊക്കാനയുടെ ചിലവിലാണെന്ന് ചിലർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെന്നറിയാം. ഒരു കാര്യം പറയട്ടെ, ഒരു നയാ പൈസ പോലും ഫൊക്കാനയുടെ ഫണ്ടിൽ നിന്ന് ഞങ്ങൾ ആരും എടുക്കാറില്ല. സ്വന്തം ചെലവിലാണ് ഞാൻ എല്ലായിടങ്ങളിലും സന്ദർശിച്ചത്. ഫൊക്കാനയുടെ അംഗ സംഘടനകളുടെ എണ്ണം കഴിഞ്ഞ ഭരണസമിതിയിലുള്ളതിനേക്കാൾ ഇരട്ടിയാക്കാൻ കഴിഞ്ഞത് ഒത്തൊരുമിച്ചുള്ള ഇത്തരം യാത്രകളിലൂടെയാണ് കഴിഞ്ഞത്.

പിന്നെ സമയം! ഒന്നിലധികം ബിസിനസ് സംരംഭങ്ങൾ നടത്തുന്ന വ്യക്തിയാണ് ഞാൻ. പലയിടത്തും നേരിട്ടും അല്ലാതെയും എന്റെ സാനിധ്യം ആവശ്യമാണ്. സമയം ക്രമീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നതുകൊണ്ട് പല കാര്യങ്ങളും കുഴപ്പമില്ലാതെ പോകുന്നു. എന്നിരുന്നാലും വ്യകതിപരമായി ബിസിനസിൽ ചില നഷ്ട്ടങ്ങളൊക്കെ തിരക്കു പിടിച്ച ജീവിതം മൂലം എനിക്ക് ഉണ്ടായിട്ടുണ്ട്. അതൊക്കെ തിരിച്ചു പിടിക്കാൻ എനിക്ക് കഴിയുമെന്ന ആത്മവിശ്വാസവുമുണ്ട്.

ഫൊക്കാനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളിൽ താങ്കൾ സംതൃപ്തനാണോ ?

100 ശതമാനം തികച്ചും സംതൃപ്തനാണ്. ഒരുപാടു പേരുടെ പിന്തുണയിൽ ഒരുപാടു കാര്യങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്‌തിയുമുണ്ട്.


സജിമോൻ ആന്റണിയെ  ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീടത് ഒരു വലിയ ആത്മബന്ധമായി മാറും. ഏതുകാര്യങ്ങളിലും ഉപദേശം തേടാനായി സുഹൃത്തുക്കൾ ആദ്യം വിളിക്കുന്നത് സജിമോനെയായിരിക്കും. ആരെയും നിരാപ്പെടുത്തില്ല എങ്ങിനെയാണ് തിരക്കിനടയിലും ഇതൊക്കെ ചെയ്യാനാവുന്നത് ?

തിരക്ക് നമ്മൾ ഉണ്ടാക്കുന്നതാണ്. ആളുകൾക്ക് നമ്മളെ ആവശ്യമുണ്ടെങ്കിൽ നമ്മൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്തിരിക്കണം. ചിലർ എന്നോട് ഉപദേശം തേടുന്നത് ഞാൻ വലിയ ആളായതുകൊണ്ടല്ല. എനിക്ക് അതിനുള്ള വ്യക്തമായ ധാരണ ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ്. അതിനാൽ ആരെയും ഞാൻ നിരാശപ്പെടുത്താറില്ല. നമുക്ക് സമയമില്ലെന്ന ന്യായങ്ങൾ പറഞ്ഞു വേണമെങ്കിൽ പലരെയും ഒഴിവാക്കാം. ആരോടും സംസാരിക്കാതെയും ഇരിക്കാം. എന്നാൽ അതല്ലല്ലോ സാമൂഹ്യ ജീവിയായ നാം ചെയ്യേണ്ടത്.


മാധ്യമ രംഗത്തും വലിയ ഇടപെടലുകൾ നടത്തുന്നുണ്ടല്ലോ... എങ്ങിനയാണ് എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ?

മാധ്യമ രാഗത്ത് സജീവ സാന്നിധ്യമാകാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ്.  ന്യൂസ് 18 പോലുള്ള ചാനലുകളിൽ അമേരിക്കൻ തെരഞ്ഞടുപ്പ് ചർച്ചകളിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്, രാഷ്ട്രീയ- വാണിജ്യ മേഖലകളിലെ ചർച്ചകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ പാനൽ അംഗമായി ശ്രദ്ധേയമായ നിർദ്ദേശങ്ങളും അഭിപ്രയങ്ങളും രേഖപ്പെടുത്താൻ കഴിയുന്നതും എനിക്കു ലഭിച്ചിട്ടുള്ള ഭാഗ്യമായാണ് കാണുന്നത്. ഇതിനെല്ലാം വഴിവച്ചത് എന്റെ ഫൊക്കാനയിലെ പ്രവർത്തനങ്ങളാണ്. എന്നെ ഏറെ വളർത്തിയത് ഫൊക്കാനയാണ് എന്ന് അഭിമാനത്തോടെയാണ് എനിക്ക് പറയാനുള്ളത്.

ഇത്തവണത്തെ കേരള ലോക സഭയിൽ അംഗമാകൻ എനിക്ക്  ഭാഗ്യം ലഭിച്ചു.  കേരള ലോക സഭ സമ്മേളനത്തിൽ പങ്കെടുക്കവെ, മലയാളത്തിലുള്ള ഒട്ടു മിക്ക ചാനലുകളിലും ചർച്ചകളിൽ പങ്കെടുക്കാനും   അഭിമുഖങ്ങളിൽ പങ്കെടുക്കാനും എനിക്കു അവസരം ലഭിച്ചത് മാധ്യമ മേഖലയിലെ എന്റെ അറിവും എന്റെ അനുഭവസമ്പത്തു കൊണ്ടുമാത്രമാണ്.

ഫൊക്കാനയുടെ കേരളാ കൺവെൻഷനും ഇത്തവണ ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നല്ലോ ?

കേരളാ കൺവെൻഷൻ സാധാരണ നിലയിൽ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചുനടത്തുകയെന്നതായിരുന്നു ഫൊക്കാനയുടെ പതിവ് രീതികൾ. എന്നാൽ ഇത്തവണ കേരളാ കൺവെൻഷന് വേദിയായത് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിലായിരുന്നു. ഇക്കാര്യം കേട്ടപ്പോൾ ആദ്യം പലുരുടെയും നെറ്റി ചുളിഞ്ഞു. എന്നാൽ കൺവെൻഷനിൽ പങ്കെടുക്കാനായി എത്തിയവർക്കെല്ലാം പിന്നീടത് അതൊരു ചരിത്രസംഭവമായി മനസിൽ സൂക്ഷിക്കുന്ന രീതിയിലേക്ക് ആ കൺവെൻഷൻ മാറി. ഭിന്നശേഷിക്കാരായ നൂറിൽപരം കുട്ടികളുടെ കൂടെ അവരുടെ കലാ വിരുന്ന് ആസ്വദിച്ച് കടന്നുപോയ ആ നിമിഷങ്ങൾ കൺവെൻഷനിൽ പങ്കെടുത്ത എല്ലാ ഫൊക്കാന പ്രതിനിധികളുടെയും  മനസിൽ എന്നും മായാതെ നിൽക്കുകയാണുണ്ടായത്. മാജിക്ക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ നിർധനരായ അമ്മമാർക്ക് സ്വയം തൊഴിൽ കണ്ടെത്താൻ കരിസ്മ എന്ന പേരിൽ മാജിക്ക് പ്ലാനറ്റിൽ ആരംഭിച്ച പദ്ധതി ഏറ്റുടുത്ത് നടപ്പിൽ വരുത്തിയത് ഫൊക്കാനയുടെ വുമൺസ്  ഫോറം ചെയർ ഡോ. കല ഷഹിയുടെ നേതൃത്വത്തിൽ വിമൻസ് ഫോറം നേതാക്കന്മാരായിരുന്നു.

സജിമോൻ ആന്റണി അമേരിക്കൻ മലയാളികൾക്കിടയിൽ ഇത്രയേറെ സ്വാധീനമുണ്ടാക്കിയെടുക്കാൻ എങ്ങിനെയാണ് സാധിച്ചത് ? 

ഞാൻ എല്ലാവരെപ്പോലെ ഒരു സാധരണ മനുഷ്യൻ തന്നെയാണ്. ദൈവം ചില കാര്യങ്ങളിൽ എനിക്ക് പ്രത്യേകമായ അനുഗ്രഹം നൽകിയിട്ടുണ്ട്. ചെറുപ്പം മുതൽ നന്നായി പ്രസംഗിക്കാനുള്ള കഴിവു നൽകി. കാര്യങ്ങൾ ലളിതവും സുതാര്യവുമായി സംസാരിക്കാനും അത് മറ്റുള്ളവരെ പറഞ്ഞു ഫിലിപ്പിച്ച് ബോധ്യപ്പെടുത്താനുമുള്ള ഒരു പ്രത്യക കഴിവ് ജന്മനാ തന്നെ ദൈവം നൽകിയിട്ടുണ്ട്.

സ്വദേശം. ?

 ഞാൻ ജനിച്ചതും വളർന്നതും കേരളത്തിൽ തന്നെയാണ്. പാലയ്ക്കടുത്ത് കരിമ്പാനി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും അമേരിക്കവരെയുള്ള എന്റെ യാത്ര ഏറെ സാഹസികതകളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. ഉത്തരേന്ത്യയിൽ  നൊവാർട്ടീസ് ഫാമസ്യുട്ടിക്കൽ കമ്പനിയിൽ പ്രവർത്തിക്കവേ, കമ്പനിയുടെ ലോകം മുഴുവനുമുള്ള ജീവനക്കാരിൽ നിന്ന് എട്ട്   ഗ്ലോബൽ ലീഡർമാരെ തെരെഞ്ഞെടുത്ത് അമേരിക്കയിലയച്ചു. അവരിൽ ഒരാളായാണ് ഞാൻ ന്യൂജേഴ്സിയിലുള്ള കമ്പനിയുടെ ഓഫീസിൽ 2005 ൽ എത്തിയത്.

ഏത് മേഖലയിലാണ് ആദ്യകാല പ്രവർത്തനങ്ങൾ ?

അമേരിക്കയിലെ ന്യൂ ജഴ്‌സിയിലെത്തിയ ഞാൻ 2007 ൽ ആദ്യ സരംഭമായി  ഫിനാഷ്യൽ കൺസൾന്റ് ആയി. ചുരുങ്ങിയ കാലംകൊണ്ട് അവിടെയും മികവ് തെളിയിക്കാൻ എനിക്ക് സാധിച്ചു. അതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിലും കൈവച്ചു.  കുട്ടികൾ, യുവാക്കൾ, സമപ്രായക്കാർ, തന്നെക്കാൾ പ്രായമേറിയവർ എന്നിങ്ങനെ പ്രായഭേദവ്യത്യാസമില്ലാതെ ഒരു വലിയ സൗഹൃദനിര സൃഷ്ടിക്കാൻ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം. . സ്വപ്നങ്ങൾ കാണുകയല്ല, അതു യാഥാർഥ്യമാക്കുകയാണ് എന്റെ ശൈലി.


ബിസിനസിൽ താങ്കൾക്ക്  സ്വന്തമായി ഒരു ശൈലിയുണ്ട്. എങ്ങിനെയാണ് സ്വന്തം സ്ഥാപനമെന്ന ആശയത്തിലേക്ക് എത്തുന്നത്

 വീടു വാങ്ങുന്നവർക്കോ വിൽക്കുന്നവർക്കോ മെയിന്റനസ് ചെയ്യാനുണ്ടകിൽ അതിനുള്ള സഹായങ്ങൾ നൽകാൻ എനിക്ക് സാധിച്ചു. ഒരിക്കൽ ഇടപെടുന്നവർ പിന്നീട് ആർക്ക് വീടുവാങ്ങുവാനോ വിൽക്കുവാനോ ഉണ്ടെങ്കിൽ എന്റെ റഫറൻസ് പോകും. അങ്ങനെയിരിക്കെ എന്തുകൊണ്ട് തനിക്ക് സ്വന്തമായി ഒരു കൺസ്ട്രക്ഷൻ ജോലികൾ തുടങ്ങിക്കൂടാ എന്നൊരു ആശയം മനസിലുദിച്ചത്.  അങ്ങനെ ആ മേഖലയിലും കൈവച്ചു. ആദ്യം കൈ പൊള്ളി. വൻ നഷ്ട്ടങ്ങൾ ഉണ്ടായി. ഞാൻ  തളർന്നില്ല. അതായിരുന്നു എന്റെ വിജയത്തിന്റെ  കയറ്റം. 2016ൽ  എം.എസ്. ബി. ബിൽഡേഴ്സ് എന്ന കമ്പനി സ്ഥാപിച്ചു. ഇന്ന് കൊമ്മേർഷ്യൽ കൺസ്ട്രക്ഷൻ ഉൾപ്പെടെ ഒരേ സമയം നീരവധി കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് എം.എസ്. ബി. ബിൽഡേഴ്സ്.

ഇതിനിടെ ഒരു comprehensive home care health സ്ഥാപിക്കണമെന്ന ആഗ്രഹമുദിച്ചു. 2019 ൽ അതിനും തുടക്കമിട്ടു. MOM AND DAD care  Home ഹെൽത്ത്  കെയർ. ഹോം ഹെൽത്ത്  ഐയ്ഡുമാർ,  ഫിസിയോ തെറാപ്പി, നഴ്‌സിംഗ് തുടങ്ങിയ ,മേഖലകളിലെ സേവനങ്ങൾ അവിടെ  ലഭ്യമാണ്.

ഫൊക്കാനയുടെ ഏറ്റവും പ്രധാനപ്പെട്ട  മീറ്റിംഗുകളിൽ അവതാരകനായി പ്രവർത്തിച്ചു ഏറെ പ്രശംസ നേടാനും എനിക്കു  കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയ വി.വി.ഐ.പി കൾ പങ്കെടുത്ത പരിപാടികളിൽ അവതാരകനാകാൻ കഴിഞ്ഞതും ഒരു വലിയ ഭാഗ്യമായിരുന്നു.

ഏതു കാര്യങ്ങൾ ചെയ്യുമ്പോഴും അതിൽ ആദ്യം ഭാഗഭാക്കാവുന്നത് സജിമോനാണെന്ന് കേൾക്കുന്നു?

ഏതെങ്കിലും ഒരു പരിപാടിക്കായി മുന്നിട്ടിറങ്ങുമ്പോൾ നമ്മൾ എന്തു നൽകി എന്നു മറ്റുള്ളവർ ചോദിക്കുക സ്വാഭാവികമാണ്. അതിനിടകൊടുക്കാതിരിക്കണമെങ്കിൽ ആ സാരംഭത്തിന്റെ ആദ്യത്തെ ഓഹരി എന്റേതു  തന്നെയായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഭവനം പദ്ധതി ആരംഭിച്ചപ്പോൾ അതിലെ ആദ്യത്തെ വീടിനുള്ള തുക നൽകിയത് ഞാൻ തന്നെയാണ്. അതുപോലെ തന്നെ സംഘടന എന്നെ ഭരമേല്പിച്ച എല്ലാ പദ്ധതികളിലും ആദ്യത്തെ തുക സംഭാവന നൽകുന്നത് ഞാൻ തന്നെയാണ്. സ്വന്തം കയ്യിൽ നിന്ന് നയാ പൈസ ഇടാതെ ജനങ്ങളുടെ കൈയ്യിൽ നിന്ന് സംഭാവന വാങ്ങി ഫോട്ടോയ്ക്ക് പോസു ചെയ്യുന്ന ഇടപാട് എന്നെ സംബന്ധിച്ച് അന്തസിനു നിരക്കാത്തതാണ്. അങ്ങനെ ചെയ്യുന്ന ചിലരെങ്കിലുമുണ്ടാകാം. അക്കൂട്ടത്തിൽ സജിമോൻ ആന്റണി എന്തായാലും ഉണ്ടാകില്ല.

ഇത്തവണത്തെ പ്രസിഡണ്ടായി സജിമോൻ മത്സരിക്കണമെന്ന്  പല റീജിയനലുകളിൽ നിന്നും നിർദ്ദേശങ്ങൾ ഉണ്ടായതായി കേൾക്കുന്നു?

ശരിയാണ്.  ഫൊക്കാന കൺവെൻഷൻ രെജിസ്ട്രേഷൻ കിക്ക് ഓഫ് പരിപാടികളുടെ ഭാഗമായി പല റീജിയനുകളും സന്ദർശിച്ചപ്പോൾ ചില മെമ്പർമാർ കൂട്ടമായും ചിലർ സ്വകാര്യമായും ഞാൻ പ്രസിഡണ്ട് ആയി മത്സരിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അവരുടെ അഭ്യർത്ഥന സ്നേഹപൂർവം ഞാൻ നിരസിച്ചു. കാനഡയിൽ പോയപ്പോൾ മീറ്റിംഗ് കഴിഞ്ഞ് ഹോട്ടലിൽ താങ്ങുമ്പോൾ ഒരു സംഘം അംഗങ്ങൾ വന്ന് ഞാൻ മത്സരിക്കണമെന്ന് കർശനമായി തന്നെ നിർദ്ദേശിച്ചു. ഞാൻ നിരസിച്ചപ്പോൾ ഒരാഴ്ചയ്ക്കകം ആലോചിച്ച് അവർക്ക് അനുകൂലമായ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഞാൻ എന്റെ തീരുമാനത്തിൽ മാറ്റമൊന്നും വരുത്തിയില്ല. അന്ന് ഡോ. ബാബു സ്റ്റീഫൻ സ്ഥാനാര്ഥിയാകുമെന്ന് യാതൊരു സൂചനയുമുണ്ടായിരുന്നില്ല. പിന്നീട് അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്തു വന്നപ്പോൾ തന്നെ പിന്തുണച്ചവരോട് ഡോ. ബാബു സ്റ്റീഫനെ പിന്തുണയ്ക്കാനാണ് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് ഉറച്ച പിന്തുണയുമായി പലയിടത്തും യാത്ര ചെയ്യുകയും ചെയ്തിരുന്നു.

തുടർച്ചയായി നാലു വർഷം സംഘടനയുടെ നെടുംതൂണായി ഊണും ഉറക്കവുമുപേക്ഷിച്ച് പ്രവർത്തിച്ചു. കുടുംബത്തിന്റെ പിന്തുണ എങ്ങനെയായിരുന്നു?
 
അഹങ്കാരം പറയുകാണെന്ന് തോന്നരുത്. ഇക്കാര്യത്തിൽ ഞാൻ ഏറെ ഭാഗ്യവാനാണ്. എന്റെ കഴിവിന്റെ പരമാവധി സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതൊന്നുമാകില്ലെന്നറിയാം . എന്റെ അസാന്നിധ്യത്തിൽ മക്കളുടെ കാര്യങ്ങൾ പൂർണമായും നോക്കി നടത്തിയത് ഭാര്യ ഷീനയാണ്. എന്തിനേറെ എന്റെ ബിസിനസ് കാര്യത്തിലും അവളുടെ സഹായമുണ്ടായിരുന്നു. മക്കൾ പ്രതീക്ഷിച്ചതിലും അപ്പുറം പിന്തുണ നൽകി. ഒരിക്കൽ പോലും അവരുടെ പരാതി കേൾക്കാൻ എനിക്ക് ഇട വന്നിട്ടില്ല. 

ഉറക്കമില്ലാതിരുന്ന കൺവെൻഷൻ ദിനങ്ങളിൽ പല കാര്യങ്ങളിലും  കണ്ടറിഞ്ഞു എന്നെ സഹായിക്കാൻ ഷീനയും എന്തിനേറെ നാലാം  ക്ലാസിലേക്ക് പ്രവേശിക്കുന്ന എന്റെ ഇളയ മകൻ ഈഥൻ വരെ എത്തിയിരുന്നു. ആദ്യ ദിനത്തിൽ രെജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചപ്പോൾ സഹായിക്കാൻ  ഷീനയും മക്കളും സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് പ്രവർത്തിക്കുന്നതുകണ്ടപ്പോൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഇത് എന്നെ മാത്രമല്ല കണ്ടു നിന്ന പലരും ഇക്കാര്യം സൂചിപ്പിച്ചതും ശ്രദ്ധയിൽ പെട്ടു.

നാട്ടിലേക്ക് മെഡിക്കൽ സാമഗ്രികൾ അയച്ചപ്പോൾ പായ്ക്കിന് സഹായിക്കാൻ മുൻകൈയ്യെടുക്കുന്നതിലും കുടുംബത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. മാത്രമല്ല എന്റെ അടുത്ത സുഹൃത്തുക്കൾ ആയ വി ഫൈവ് എന്ന് പേരിട്ടിരിക്കുന്ന 5 കുടുംബങ്ങളോടും എക്സറ്റൻഡഡ്‌ വി 5 കുടുംബങ്ങളും പല കാര്യങ്ങളിലും എന്നോടൊപ്പം നിൽക്കുകയും  ഒരുപാട് കാര്യങ്ങളിൽ സഹയിക്കുകയും ചെയ്തിട്ടുണ്ട്. അവരോടുള്ള നന്ദിയും പറയാൻ ഞാൻ ആഗ്രഹിക്കുന്നു.


ഇനിയെന്ത് ?
അടുത്ത രണ്ടു വര്ഷത്തേക്കും ഒരു പദവിയും ഏറ്റെടുക്കുന്നില്ല. ഒരു സാധാരണ ഒരു ട്രസ്റ്റി ബോർഡ് അംഗമായി നിലവിലുള്ള ടീമുമായി എല്ലാ വിധത്തിലും സഹകരിച്ചു പ്രവർത്തിക്കാനാണ് തീരുമാനം. ഫൊക്കാനയിൽ പ്രവർത്തിക്കാൻ പദവികൾ വേണമെന്നൊന്നുമില്ലൊ. അല്ലാതെയും പ്രവർത്തിക്കാം. ഫോകാനയ്ക്ക് മികച്ചൊരു പ്രസിഡന്റിനെയും ഭരണസമിതിയെയുമാണ് ലഭിച്ചിരിക്കുന്നത്. അവർക്ക് എല്ലാ പിന്തുണയും നൽകി എന്നും അവർക്കൊപ്പമുണ്ടാകും. 

ഫൊക്കാന കൺവെൻഷന്റെ റോയൽ പേട്രൺ ആകാൻ മുന്നോട്ടുവന്ന ഇപ്പോഴത്തെപ്രസിഡണ്ട്  ഡോ. ബാബു സ്റ്റീഫനോടുള്ള സ്നേഹവും കടപ്പാടും ഇയവസരത്തിൽ പങ്കു വയ്ക്കാൻ ആഗ്രഹിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃപാടവവും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള സ്വാധീനവും ഉപയോഗപ്പെടുത്തി ഇപ്പോഴത്തെ ഭരണസമിതിക്ക് ഒരുപാടു മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹത്തിനും ടീമിനും എല്ലാ പിന്തുണയും ഭാവുകങ്ങളും നേരുന്നു.


അടുത്ത പ്രസിഡണ്ട് സ്ഥാനാർത്ഥിയാകുമോ?

ഞാൻ സ്ഥാനാര്ഥിയാക്കണമെന്ന് പലരും നിർദ്ദേശിച്ചിട്ടുണ്ട്.  കഴിഞ്ഞ തവണ ഇക്കാര്യം ആവശ്യപ്പെട്ടവരോട് അടുത്ത തവണ ആകാമെന്നാണ് പറഞ്ഞിരുന്നത്.  അതുകൊണ്ട് എല്ലാവരുടെയും ആഗ്രഹപ്രകാരം മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നു. അവരുടെ അഭ്യർത്ഥനയെ മാനിക്കുന്നതിനൊപ്പം നന്ദി പറയുകയും ചെയ്യുന്നു.  അമേരിക്കൻ-കനേഡിയൻ മലയാളികളുടെ ആഗ്രഹം അതാണെങ്കിൽ തീർച്ചയായും ഞാൻ മത്സരരംഗത്തുണ്ടാകും. 

ജോർജി വർഗീസ് -സജിമോൻ ആന്റണി-സണ്ണി മറ്റമന ടീമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഒരു ഗ്രാന്റ് ഫിനാലെയായിരുന്നു ജൂലൈ 7 മുതൽ 9 വരെ ഒർലാണ്ടോയിലെ ഡിസ്‌നി വെൾഡിലുള്ള ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടന്ന ഫൊക്കാന ഇന്റർനാഷണൽ കൺവെൻഷൻ. പൊലിമകൊണ്ടും ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘനപാടവം കൊണ്ടും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കൺവെൻഷനിലെ ഓരോ പരിപാടികളും ഒന്നിനൊന്നു മികച്ചതായിരുന്നുവെന്ന് മൂന്നു ദിവസത്തെ കൺവെൻഷന് ശേഷം മടങ്ങിപ്പോയ പ്രതിനിധികളുടെ വികാരങ്ങളിൽ നിന്നു പ്രകടമായിരുന്നു. ഫൊക്കാനയുടെ പതിവു കല മേളകളായ മിസ് ഫോക്ക, സ്പെല്ലിംഗ് ബീ, മലയാളി മങ്ക- മാധ്യമ സെമിനാർ, സാഹിത്യ സമ്മേളനം തുടങ്ങിയ പരിപാടികളിൽ ഉണ്ടായിരുന്ന ജന പങ്കാളിത്തം ഏവരേയും അത്ഭുതപെടുത്തുന്നതായിരുന്നു. മൂന്നു ദിവസത്തെ ഒന്നിനൊന്നിനു മികച്ച കലാവിരുന്നുകൾ അവസാനിച്ചപ്പോൾ എല്ലാം പെട്ടെന്നു കഴിഞ്ഞുപോയ പ്രതീതിയാണ് ജനിപ്പിച്ചത്. 'ഒരു ഫുൾ പാക്കഡ്‌ എന്റർടൈന്റ്‌മെന്റ്'- അതായിരുന്നു പങ്കെടുത്ത പ്രതിനിധികൾ ഈ കൺവെൻഷനെ വിശേഷിപ്പിച്ചത്. ഇതിന് ചുക്കാൻ പിടിച്ച ലോക്കൽ അസോസിഷൻ പ്രതിനിധിയു,എം കൺവെൻഷൻ ചെയർമാനുമായ ചാക്കോ കുര്യന്റെ സംഘാടന മികവും എടുത്ത് പറയേണ്ടതാണ്.
 
വ്യവസായ -വാണിജ്യ- സാമൂഹിക-സാമുദായിക -രാഷ്ട്രീയ-ആതുര- സന്നദ്ധ സേവന രംഗങ്ങളിലെല്ലാം വ്യകതിമുദ്ര പതിപ്പിച്ച ഭാവിയിലെ ഫൊക്കാനയുടെ വാഗ്ദനമാണ് സജിമോൻ ആന്റണി എന്ന ഈ യുവ നേതാവ്. അദ്ദേഹത്തിലൂടെ ഫൊക്കാനയിൽ ഇനിയും കൂടുതൽ വിസ്മയങ്ങൾ വിരിയട്ടെ. സ്വപ്നങ്ങൾ കാണുകയല്ല, അതു യാഥാർഥ്യമാക്കുകയാണ് സജിമോൻ ആന്റിണിയുടെ ശൈലി. അതുകൊണ്ടു തന്നെ ഫൊക്കാനയിൽ സജിമോന്റെ സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കട്ടെ . ഫൊക്കാനയെ ഉയരങ്ങളിലേക്ക് നയിക്കുവാൻ സജിമോൻ ആന്റണി എന്ന അമേരിക്കയിലെയും കാനഡയിലേയും ഫൊക്കാനയുടെ പ്രിയപ്പെട്ട നേതാവിനു കഴിയട്ടെ എന്ന ആശംസിക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക