കാൻ കുൻ, മെക്സിക്കോ: ഫോമാ കൺവൻഷനു ഉജ്വല തുടക്കം. മൂൺ പാലസിലെ കേരള നഗറിൽ തിങ്ങി നിറഞ്ഞ സദസിനെ സാക്ഷ്യമാക്കി അരൂർ എം.എൽ.എ ദലീമ ജോജോ ഓപ്പണിംഗ് സെറിമണി ഉദ്ഘാടനം ചെയ്തു.
ഇന്ന് (ശനി) മന്ത്രി റോഷി അഗസ്റ്റിൻ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിക്കും.
മുൻ കേന്ദ്രമന്ത്രിയും നടനുമായ നേപ്പാളിയൻ , സംവിധായകൻ കെ. മധു, എന്നിവരുൾപ്പെട്ട ഒട്ടേറെ വിശിഷ്ടാതിഥികൾ പങ്കെടുത്തു.
ഗായിക കൂടിയായ ദലീമ ജോജോയുടെ വികാരനിർഭരമായ പ്രസംഗത്തിൽ ഫോമായുടെ സഹായം കോവിഡ് കാലത്ത് തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് എത്രമാത്രം ഉപകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ഫോമായുടെ ഒരു വെന്റിലേറ്ററും ലഭിച്ചു.
കോവിഡ് കാലത്ത് എൻറെ മുന്നിൽ വന്ന അനേകർക്ക് താങ്ങും തണലും ആകാൻ കാരണമായത് ഫോമയാണ്. സത്യവും നീതിയും ധർമ്മവും കരുണയും ഈശ്വരവിശ്വാസവും എല്ലാം പഠിച്ചു വളർന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെയാണ് ലോകത്തിലെ എല്ലാ കോണിലും മലയാളിയെ കാണുവാൻ സാധിക്കുന്നത്.
സ്വന്തം നാട് വിട്ട് മറ്റു രാജ്യങ്ങളിൽ വരുമ്പോൾ അവിടുത്തെ എല്ലാ സങ്കീർണ്ണതയും തരണം ചെയ്തു പലതും നേടുന്നവരാണ് അവർ. ഒരുപക്ഷേ ഒരുപാട് സമ്പാദ്യങ്ങൾ നേടിയവർ ഉണ്ട് . സ്വന്തം കുടുംബത്തിനു വേണ്ടി ഒരുപാട് ത്യാഗങ്ങൾ അനുഷ്ഠിക്കുന്ന മനുഷ്യരുണ്ട്. പക്ഷേ അതിനപ്പുറം ഫോമയിലുള്ളവർ താൻ ജീവിക്കുന്നതിനൊപ്പം മറ്റുള്ളവരും ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ മനസ്സുള്ളവരാണ്. അതുകൊണ്ടുതന്നെയാണ് എന്നെ സഹായിക്കാൻ ആ സമയത്ത് ഫോമാ എത്തിയത്.
കോവിഡും നീപ്പയും പ്രളയവുമെല്ലാം ഉണ്ടായി തളർന്നു പോയ നമ്മൾ ഒട്ടേറെ മരണങ്ങളിൽ വളരെയധികം വേദനിച്ചവരാണ്. ആ സമയങ്ങളിൽ എല്ലാം നമ്മുടെ കൈകൾ മറ്റുള്ളവർക്ക് നേരെ നീട്ടുവാൻ സാധിച്ചു എന്നത് ഏറ്റവും മഹത്തായ കാര്യമാണ്.
ഞാൻ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നതാണ്. കലാകാരി ആകുവാൻ യാതൊരു സാധ്യതയും ഇല്ലാതെ ജീവിച്ച ഒരാളാണ് . ഒരു യാഥാസ്ഥിതിക കുടുംബത്തിന് എന്നെ പുറത്തേക്ക് അയക്കില്ലായിരുന്നു. പാടുവാൻ യോഗ്യത തോന്നിയിട്ടില്ല. പക്ഷേ കുഞ്ഞുനാളിലെ പള്ളിയിൽ ഒരു മൂലയിൽ നിന്ന് പാടുവാനാരംഭിച്ചു.
ദൈവം നമ്മളെ നോക്കി കാണുന്നു. സംഗീതം ഒരുപാട് ഇഷ്ടപ്പെടുന്ന സംഗീതത്തിൻറെ വഴിയിൽ നടക്കുവാൻ വിധിക്കപ്പെട്ടവൾ ആയി മാറ്റിയത് ഈശ്വരനാണ്. എന്നെ നയിച്ചു ഇങ്ങനെയൊക്കെ എത്തിച്ചതും.
അതുകഴിഞ്ഞ് നിനയാത്ത നേരത്താണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് . രാഷ്ട്രീയം എനിക്ക് ഒട്ടും തന്നെ ബന്ധമുള്ളതല്ല. രാഷ്ട്രീയം ഒന്നും പഠിച്ചവൾ അല്ല ഞാൻ. ഗാനഭൂഷണം പഠിച്ചവളാണ് . ഒരു നിമിത്തമാണ് നമ്മളെ നയിക്കുന്നത് . നമ്മുടെ ഹൃദയം കാണുന്ന ഈശ്വരൻ ഉണ്ടല്ലോ .
'സുപ്രഭാതങ്ങൾ വന്നടഞ്ഞീണവേ
ഒരു പ്രമോദത്താൽ ഞാൻ തിരഞ്ഞീടും
കൺകണ്ട കാലത്തിന് നന്മകൾ എല്ലാമേ
ചോരയൊലിക്കുന്ന വാർത്തയിൽ നിന്നും
എത്രയോ വാർത്തകൾ പത്രക്കടലാസിൽ
കണ്ടു നടുങ്ങി എൻ മാനസം'
എന്നിങ്ങനെ ഒരുപാട് കവിതകൾ ആ സമയത്ത് ഞാൻ എഴുതിയിട്ടുണ്ട്. കലാകാരി ആയിരിക്കെ മനുഷ്യരുടെ ദുഃഖങ്ങളറിഞ്ഞു. കുറച്ചു മനുഷ്യരെ അപ്പോൾ നമ്മൾ കാണുന്നുള്ളൂ. പക്ഷേ പിന്നീട് രാഷ്ട്രീയ ജീവിതത്തിലേക്ക് നയിക്കപ്പെട്ടപ്പോൾ ഒരുപാട് മനുഷ്യനാണ് നമ്മുടെ പിന്നിൽ സങ്കടപ്പെടുന്നത് എന്നറിഞ്ഞു. പല സ്ഥലങ്ങളിൽ എത്തുമ്പോഴും നമ്മൾ തളർന്നുപോകും . അപ്പോൾ നമ്മൾ ചുറ്റിലും നോക്കും . സഹായിക്കുവാൻ ഞാൻ നോക്കും.
പലപ്പോഴും ദൈവത്തിനോട് ഞാൻ പറയാറുണ്ട്, ഒത്തിരി സങ്കടപ്പെടുന്നവർ ഉണ്ട്. അവരെ സഹായിക്കാൻ ചിലപ്പോൾ ഒരുപാട് പണം വേണം ,ഒത്തിരി ശക്തി വേണം, നമുക്ക് തളരാത്ത മനസ്സ് വേണം . അതിനൊക്കെ പ്രാർത്ഥിക്കുന്ന ഒരു കാലഘട്ടത്തിലാണ് .രാഷ്ട്രീയത്തിൽ വന്നു കഴിഞ്ഞതിനുശേഷം എന്നെ ഒരുപാട് സ്നേഹിക്കുന്ന കുറെ മനുഷ്യർ ഉണ്ട്.
അമേരിക്കയിലുണ്ട് എന്നെ സ്നേഹിക്കുന്ന ഒരു ആൻറി. സൂസൻ ടി. ജോൺ. ആൻറി വഴി മോനായി പാസ്റ്ററെ പരിചയപ്പെട്ടു. അദ്ദേഹത്തിൻറെ മകളുടെ കല്യാണത്തിന് എന്നെ ക്ഷണിച്ചു . അവിടെ വെച്ചാണ് തോമസ് ടി. ഉമ്മൻ സാറിനെയും കുടുംബത്തെയും എനിക്ക് പരിചയപ്പെടാൻ സാധിച്ചത്. എന്നെ കണ്ടതും ആ കുടുംബം എന്നോട് പറഞ്ഞത്അവര് ഫോമയുമായി ബന്ധപ്പെട്ടവരാണ് എന്നാണ്.
മോനായി പാസ്റ്റർ എന്നെ പരിചയപ്പെടുത്തുന്നത് വലിയ മനസ്സുള്ളവരാണ് വലിയ ഹൃദയം ഉള്ളവരാണ് ആ കുടുംബം എന്ന് പറഞ്ഞാണ്. അങ്ങനെയാണ് ഫോമയുമായിട്ടുള്ള എന്റെ ബന്ധം തുടങ്ങുന്നത് . എല്ലാവരും എന്നോട് നല്ല ബന്ധമുള്ളവരാണ്. എന്നെ കാണാൻ അവർ നാട്ടിൽ വന്നു.
ഫോമയുടെ വിമൻസ് ഫോറം കോവിഡ് കാലത്ത് പത്തറുപത് കുഞ്ഞുങ്ങൾക്ക് മൊബൈൽഫോണും കൊടുത്തു. അതുകൂടാതെ വെൻറിലേറ്ററും. തുറവൂർ ആശുപത്രിയിൽ നിർധനരായ രോഗികളാണ് കൂടുതലുള്ളത്, അവിടെ പതിനഞ്ച് ഡയാലിസിസ് യൂണിറ്റ് ഉണ്ട്. 50 പേരോളം സൗജന്യമായി ഡയാലിസിസ് ചെയ്യുന്ന ഹോസ്പിറ്റൽ ആണ്. അവിടെ പത്ത് ലക്ഷത്തിന് മേൽ വിലയുള്ള വെൻറിലേറ്റർ ലഭിച്ചു. മെഡിക്കൽ കോളേജിൽ മാത്രം കൊടുക്കുന്ന കാലത്ത് അവർ എന്നോട് വിളിച്ചു നിങ്ങൾക്കും തരുന്നുണ്ട് എന്ന് .
ഒരുപാട് മനുഷ്യരുമായി ബന്ധമുള്ള എനിക്ക് താങ്ങായും തണലായും പിന്നിലുണ്ടായിരുന്നത് ഫോമയാണ് . ഫോമയോട് എന്നും നന്ദി ഉണ്ടാകും കടപ്പാടും സ്നേഹവും ഉണ്ടാകും . ഫോമാ വളർന്നു പന്തലിച്ചു ലോകം മുഴുവൻ കീഴടക്കണം എന്ന് പ്രാർത്ഥിക്കുന്നു
നമ്മൾ നിസ്സഹായരായ മനുഷ്യരാണ്. നമ്മൾ മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്യുമ്പോഴാണ് നമ്മൾ ഒരുപാട് ഉയരങ്ങളിൽ എത്തുന്നത്. ആ സ്നേഹം മാത്രമേ നമുക്ക് ഭൂമിയിൽ നിന്ന് കൊണ്ടുപോകാൻ സാധിക്കൂ
എന്നെ ഇവിടേക്ക് ക്ഷണിച്ചതും എനിക്ക് മെക്‌സിക്കോ കാണാൻ സാധിച്ചതും എല്ലാം ഫോമയിലൂടെയാണ് ഒരുപാട് നന്ദി പറയുന്നു.