ബഹ്‌റിന്‍ കേരളീയ സമാജം ഓണാഘോഷം എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും

Published on 07 September, 2022
 ബഹ്‌റിന്‍ കേരളീയ സമാജം ഓണാഘോഷം എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും

 

മനാമ: ബഹ്‌റിന്‍ കേരളീയ സമാജം ഓണാഘോഷ പരിപാടികളായ ശ്രാവണം 22 ന്റ പ്രധാന കലാപരിപാടികള്‍ സെപ്റ്റംബര്‍ 8ന് വൈകുന്നേരം 7.30 മുതല്‍ ആരംഭിക്കും. വ്യാഴാഴ്ച നടക്കുന്ന സംഗീത പരിപാടിയില്‍ പ്രശസ്ത ഗായികയും ദേശിയ അവാര്‍ഡ് ജേതാവുമായ നഞ്ചിയമ്മയെ ബഹ്‌റിന്‍ കേരളീയ സമാജം ആദരിക്കും. തുടര്‍ന്ന് നടക്കുന്ന ഗാനമേളയില്‍ നഞ്ചിയമ്മ, നജീം അര്‍ഷാദ്, നിത്യാമാമന്‍, ജിന്‍ഷ ഹരിദാസ് തുടങ്ങിയ പ്രമുഖ പിന്നണി ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും.

ഉദ്ഘാടന ദിവസമായ സെപ്റ്റംബര്‍ 9 വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് പ്രമുഖ ഗായിക കെ.എസ്. ചിത്രയുടെ ഗാനമേള ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യവുമായ പത്മശ്രീ എം.എ. യൂസഫലി ഉദ്ഘാടനം നിര്‍വഹിക്കും. ബഹ്‌റിനിലെ സോഷ്യല്‍ ഡവലപ്‌മെന്റ് മന്ത്രി ഒസാമ ബിന്‍ അഹമ്മദ് ഖലാഫ് അല്‍ അസ്ഫുര്‍, ഇന്ത്യന്‍ അംബാസിഡര്‍ പീയൂഷ് ശ്രീ വാസ്തവ മുഖ്യാഥിതിയായി പങ്കെടുക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി .രാധാകൃഷ്ണ പിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കലും സമാജം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

ഉദ്ഘാടന സമ്മേളനത്തിനുശേഷം തുടരുന്ന ഗാനമേളയില്‍ കേരളത്തിന്റെ വാനന്പാടി കെ.എസ് ചിത്ര, കേരളത്തിലെ പ്രമുഖ പിന്നണി ഗായകരായ നിഷാദ്, രൂപരേവതി തുടങ്ങിയവര്‍ ഗാനമേളയില്‍ പങ്കെടുക്കും.

കേരളത്തിന് വെളിയില്‍ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷ പരിപാടികളാണ് ബഹ്‌റിന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്നതെന്നും ബഹ്‌റിനിലെ മലയാളി സമൂഹത്തിന് കലാപരിപാടികള്‍ അസ്വദിക്കാന്‍ അവസരമൊരുക്കിയതായും എല്ലാവരെയും ബഹ്‌റിന്‍ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായി പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.

ഓണാഘോഷ പരിപാടികളുടെ വിജയത്തിന് എം.പി . രഘു ചെയര്‍മാനും ശങ്കര്‍ പല്ലൂര്‍ ജനറല്‍ കണ്‍വീനറുമായ ശ്രാവണം കമ്മിറ്റിയുടെ നേതൃത്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് സമാജത്തില്‍ നടന്നുവരുന്നത്. ആയിരകണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന പരിപാടിയില്‍ സമാജം ഹാളിന് പുറത്ത് കുറ്റന്‍ എല്‍ഇഡി ടിവിയും സജജീകരിച്ചിട്ടുണ്ട്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക