Image

ഫോമാ കൺവൻഷൻ കഴിഞ്ഞു  വരുമ്പോൾ എയർപോർട്ടിൽ പട്ടി പിടിച്ചു (ബാബു കൃഷ്ണകല)

Published on 10 September, 2022
ഫോമാ കൺവൻഷൻ കഴിഞ്ഞു  വരുമ്പോൾ എയർപോർട്ടിൽ പട്ടി പിടിച്ചു (ബാബു കൃഷ്ണകല)

ഫോമാ കൺവെൻഷനിലൂടെ കാൽകൂണിന്റെ വിസ്മയമറിഞ്ഞ് നാട്ടിലേക്കു മടങ്ങും വഴി പട്ടി പിടിച്ച പരുവക്കേടിലാണ് ഞാൻ.
കാൻകൂണിൽ നിന്നും ഷിക്കാഗോ എയർപോർട്ടിലായിരുന്നു സംഭവം. എമിഗ്രേഷൻ കഴിഞ്ഞ് പുറത്തേക്ക് പോകും വഴി ഒരു കാര്യവും ഇല്ലാതെ നടന്നു പോയ എന്നെ പിന്നാലെ വന്ന് പിടികൂടുകയായിരുന്നു പോലീസ് നായ.
നേരമില്ലാ നേരത്ത് അമേരിക്കൻ ഡോഗിന്റെ പ്രകടനം എനിക്കുണ്ടാക്കിയ മാനസിക സംഘർഷം ചില്ലറയല്ല.
നൂറുകണക്കിനാളുകൾ നിലക്കുന്നിടത്ത് മറുവഴി ഇട്ടു വന്ന പട്ടി എന്റെ കൈ പെട്ടിയിൽ മൂക്കു കൊണ്ട് പടം വരച്ച് ഇടക്കിടെ എന്നെ സഭ്യമല്ലാതെ നോക്കി മുരണ്ടപ്പോൾ ഞാനും വിചാരിച്ചു  മയക്കുമരുന്നോ ബോബോ വല്ലതും ഞാനറിയാതെ ആരോ എന്റെ പെട്ടിയിൽ വെച്ചോ എന്ന്. പ്രത്യേകിച്ച് വരുന്നത് മെക്സിക്കോയിൽ നിന്ന്. സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നെ ഒരു വശത്തേക്ക് മാറ്റി നിർത്തി ബാഗ് തുറപ്പിച്ചു. അകത്തെ സാധനങ്ങൾ ഒന്നാന്നായി പുറത്തെടുത്തു കാണിച്ചു. അപ്പോഴാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥനും എനിക്കും മനസിലായത് പിടിച്ചത് പഴമാണെന്ന് . അതും ചുവന്നു തുടുത്ത മൂന്ന് ആപ്പിൾ. പഴം പിടിച്ച് മാറി കുത്തിയിരുന്ന പട്ടിയുടെ ഭാവം കണ്ടാൽ പിടിച്ചത് അടുത്ത കെട്ടിടം പൊളിക്കാൻ കൊണ്ടുവന്ന എന്തോ സാധനം എന്ന മട്ട്.. ആപ്പിൾ കയ്യിൽ കരുതിയതിന് എന്തായാലും ഞാനും പിടിയിലായി. പിന്നീടാണ് മനസിലായത് പെട്ടിയിൽ പഴവും പാടില്ലന്ന് .
സത്യത്തിൽ ഈ ആപ്പിൾ ഞാൻ വാങ്ങി വെച്ചതല്ല. അങ്ങനെ സംഭവിച്ചു പോയതാണ്. സംഭവം ഇങ്ങനെ .
ആയിരത്തോളം വരുന്ന അമേരിക്കൻ മലയാളികൾ ഒരാഴ്ച വിഹരിച്ചത് കാൻ കൂണിലെ അഞ്ഞൂറിലേറെ ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സൺ റൈസ് റിസോർട്ടിലാണ്. അവർക്കൊപ്പം ഞാനും ഉണ്ടായിരുന്നു. സംവിധായകൻ കെ.മധുവും ഞാനുമൊപ്പമാണ് സൺ റൈസിൽ താമസിച്ചിരുന്നത്. പോരുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ പൂൾ റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചു. പതിനൊന്നു കഴിഞ്ഞാണ് രാത്രി മുറിയിലേക്ക് മടങ്ങിയത്. പിറ്റേന്ന് 12.30 നായിരുന്നു ഞങ്ങളുടെ ഫ്ലൈറ്റ്. ഞാൻ ഷിക്കാഗോ വഴി നാട്ടിലേക്കും മധുസാർ കാനഡക്കും. എട്ടരയോടെ റിസോർട്ടിൽ നിന്നും എയർപോർട്ടിലേക്ക് പുറപ്പെടാനായിരുന്നു പരിപാടി. ഞങ്ങൾ എഴുനേറ്റത് ഇത്തിരി വൈകി. കൂടുതൽ ബാഗുകൾ കൊണ്ടു നടക്കുന്ന ബുദ്ധിമുട്ടുകൊണ്ടാവണം മധു സാറിന് ഒറ്റ ബാഗു മാത്രം. അതിൽ സാധനങ്ങളെല്ലാം കയറ്റി മുകളിൽ കയറിയാണ് സിബ്ബ് ഇട്ടത്. അപ്പോഴാണ് പുറത്തിരിക്കുന്ന മൂന്ന് ആപ്പിൾ കാണുന്നത്. ത്തതു കൂടി കയറ്റിയാൽ കീറുന്ന പരുവമായതിനാൽ ആപ്പിൾ ഞാൻ കയ്യിലെടുത്തോളാൻ മധു സാർ പറഞ്ഞു. മുന്നാപ്പിളുകൾ കയ്യിൽ പിടിച്ച് പൊതുസ്ഥലത്തു കൂടി നടക്കുന്നതിന്റെ ശോഭ കേടോർത്ത് ഞാൻ എന്റെ ഹാൻഡ് ബാഗിലേക്ക് വെച്ചു. എയർപോർട്ടിൽ എത്തുംമുമ്പ് തിരികെ ഏൽപ്പക്കാമെന്നാണ് കരുതിയത്.
തിരക്കുപിടിച്ച് ഞങ്ങൾ ലോബിയിലെത്തി റൂം വെക്കേറ്റ് ചെയ്തു. ഈ റിസോർട്ടിൽ റൂം എടുക്കുമ്പോൾ നാട്ടിലെ പഴയ ഓലക്കാൽ വാച്ചിന്റെ ഓർമ്മക്കായ് എന്നോണം ഒരു കളർ പ്ലാസ്റ്റിക് സ്ട്രാപ്പ് കയ്യിൽ കെട്ടിത്തരും. മുറി തുറക്കാനും മരുന്നടിക്കാനും മൂക്കറ്റം തിന്നാനുമെല്ലാം ഇതു മാത്രം മതി. മുറി വിടുമ്പോൾ ഇതും മുറിക്കണം. ഞങ്ങൾ രണ്ടു പേരും മുറിക്കൽ കർമ്മം നടത്തിയപ്പോഴേക്കും വണ്ടി വിടാൻ നേരമായി. പിന്നെ നേരേ വണ്ടിയിലേക്കും അവിടുന്ന് എയർപോർട്ടിലേക്കും. മധു സാറിന് റങ്ങേണ്ടത് നാലാം ടെർമിനലിൽ. വണ്ടി ആദ്യമെത്തിയത് അവിടെ . മധു സാർ അവിടെയിറങ്ങി. ഞാൻ യാത്ര പറഞ്ഞ് അടുത്ത ടെർമിനലിലേക്ക്. ഞാൻ ആപ്പിളിന്റെ കാര്യം വിട്ടു. ആപ്പിൾ മൂന്നും എന്റെ പെട്ടിയിൽ തന്നെ. ഈ മറവിയാണ് ഷിക്കാഗോയിൽ എന്നെ വട്ടം കറക്കിയത്. എല്ലാം കഴിഞ്ഞപ്പോൾ ഞാനോർത്തു ഇതുമായി മധു സാറായിരുന്നു പോയിരുന്നതെങ്കിൽ ഒരു പക്ഷേ ഇക്കണ്ട സി ബി ഐ ഡയറിക്കുറിപ്പിന്റെയെല്ലാം ഉപജ്ഞാതാവിന്റെ ചുറ്റും കനേഡിയൻ നായകൾ വട്ടംചുറ്റുമായിരുന്നല്ലോ എന്ന്. അതുണ്ടായില്ലല്ലോ ഭാഗ്യം..
എന്തായാലും നായ മണത്ത എന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അധികം പീഡിപ്പിച്ചില്ല. ബാഗുകൾ വിശദമായി പരിശോധിച്ച് വിട്ടയച്ചു. യാത്രയിൽ പഴമരുത് എന്ന ഉപദേശവും തന്നു. ഇതൊരാപ്തവാക്യമായി സ്വീകരിച്ച് ഞാൻ ഡൽഹി ഫ്ലൈറ്റ് പിടിച്ചു.
നാട്ടിലിറങ്ങിയ ഉടൻ ഞാൻ മധു സാറിനെ വിളിച്ചു പറഞ്ഞു. പഴം പണി തരും അത് ഉപേക്ഷിച്ചേക്കു

Join WhatsApp News
P.T. Thomas 2022-09-11 00:56:25
ഇതിൽ ഒരു സ്വല്പം തിരുത്തുണ്ട്. സംവിധയകാൻ മധു സാറും ഞാനും ഒന്നിച്ചാണ് അദ്യത്തെ മൂന്നു ദിവസങ്ങൾ താമസിച്ചിരുന്നത്. തിങ്കളാഴ്ച ഞാൻ മുറി ചെക്ക് ഔട്ട് ചെയ്‌തപ്പോൾ സാറിന് വേറെ താമസിക്കേണ്ടി വന്നു. ഞാൻ പ്രദീപിനെ വിളിച്ചു വേറൊരു മുറി കൊടുക്കണം എന്ന് പറഞ്ഞിട്ടാണ് പോയത്. സത്യത്തിൽ ആ ആപ്പിൾ ആദ്യത്തെ ദിവസം ഞാനും റോയി ചെങ്ങന്നൂരും കൂടി രാത്രിയിൽ ആവശ്യം എങ്കിലോ എന്നു കരുതി മുറിയിൽ കൊണ്ടുവന്നതായിരുന്നു. ഞങ്ങൾ കഴിക്കണ്ട ആപ്പിൾ ബാബു കൃഷ്ണകലക്കു ഒരു ആപ്പായി. കരുതി മരുവിടുന്നു നാം ഒരെണ്ണം, കരഗതമായ് ചമയുന്നു മറ്റൊരെണ്ണം. P.T.Thomas
ഫോമൻ 2022-09-11 02:25:42
ഓസിന് കിട്ടിയാൽ ആസിഡും കുടിക്കും. മലയാളിയുടെ തനിഗുണം.
ഒരു സംശയം. 2022-09-11 09:33:15
ഉം !! ഒരു സംശയം. മൂന്നു പുരുഷൻമ്മാർ ഒരു റൂമിൽ ????- സരസൻ അന്വേഷിക്കണോ!!!!!
P.T. Thomas 2022-09-11 21:15:25
ഒരു സംശയവും വേണ്ട. അങ്ങനെ തന്നെ കരുതിക്കോ .. പി.റ്റി .തോമസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക