Image

സ്‌നേഹംകൊണ്ടു തിന്മയെ കീഴടക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ

Published on 06 November, 2022
സ്‌നേഹംകൊണ്ടു തിന്മയെ കീഴടക്കുക: ഫ്രാന്‍സിസ് മാര്‍പാപ്പ



മനാമ: എല്ലാവരെയും എല്ലായ്‌പോഴും സ്‌നേഹിച്ചുകൊണ്ടു തിന്മയുടെ ചങ്ങലകളെ പൊട്ടിക്കാനും അക്രമത്തിന്റെ വലയങ്ങളെ ഭേദിക്കാനും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ഏശയ്യ പ്രവാചകന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട്, ശാശ്വതമായ സമാധാനം തരുന്ന മിശിഹായുടെ ശക്തി വര്‍ധിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ബഹറിന്‍ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസം നാഷണല്‍ സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ വചനപ്രഘോഷണം നടത്തുകയായിരുന്നു മാര്‍പാപ്പ. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് എത്തിയ 30,000ത്തിലേറെ വിശ്വാസികള്‍ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തു.

ശക്തിയും അധികാരവും വര്‍ധിക്കുന്നതുകൊണ്ടു സമാധാനം വര്‍ധിക്കണമെന്നില്ല. സമാധാനരാജാവ് വരുന്നത് ഭരണാധികാരിയെപ്പോലെയല്ല, ജനങ്ങളെ ദൈവവുമായും തമ്മില്‍ തമ്മിലും അനുരഞ്ജിപ്പിക്കുന്നവനായാണ്. അദ്ദേഹത്തിന്റെ ശക്തി പ്രവഹിക്കുന്നത് അക്രമത്തിലല്ല, സ്‌നേഹത്തിന്റെ ബലഹീനതയില്‍നിന്നാണ്. സ്‌നേഹിക്കാനുള്ള യേശുകല്പന ഓര്‍മിപ്പിച്ച മാര്‍പാപ്പ, അധീശത്വവും അധികാരവും സ്ഥാപിക്കാനുള്ള ശ്രമത്തില്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നും ദുര്‍ബലര്‍ അടിച്ചമര്‍ത്തപ്പെടുമെന്നും മുന്നറിയിപ്പു നല്‍കി. ഓരോ വ്യക്തിയിലുമാണ് ഈ സ്‌നേഹവിപ്ലവം ആരംഭിക്കേണ്ടത്.

തിന്മയ്ക്കു പകരം നന്മ ചെയ്തുകൊണ്ട്, പ്രതികാരവാഞ്ഛയെ ശമിപ്പിച്ചുകൊണ്ട്, അക്രമം അവസാനിപ്പിച്ചുകൊണ്ട്, ഹൃദയത്തെ വിമലീകരിച്ചുകൊണ്ട് സാര്‍വത്രിക സാഹോദര്യം പരിശീലിക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ശത്രുക്കളെ സ്‌നേഹിക്കുന്‌പോള്‍ ഭൂമി സ്വര്‍ഗത്തിന്റെ പ്രതിഫലനമാകുകയാണ്. യേശുവിന്റെ ശക്തി സ്‌നേഹമാണ്. അത്തരത്തില്‍ സ്‌നേഹിക്കാന്‍ യേശു നമ്മെ ശക്തിപ്പെടുത്തും-മാര്‍പാപ്പ പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നോര്‍ത്തേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ പരിശുദ്ധ പിതാവിന്റെ സന്ദര്‍ശനത്തിനു നന്ദി പറഞ്ഞു. ബഹ്‌റിനിലെ ചെറിയ കത്തോലിക്കാ സമൂഹത്തോടു സാര്‍വത്രിക സഭയ്ക്കുള്ള സ്‌നേഹവും കരുതലും അറിയിക്കുന്നതായി മാര്‍പാപ്പ പ്രസ്താവിച്ചു.

ഉച്ചയ്ക്കുശേഷം അവാലിയിലെ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ യുവജനങ്ങളെ അഭിസംബോധന ചെയ്തു. ഇന്നു രാവിലെ മനാമയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിനു ശേഷം മാര്‍പാപ്പ റോമിലേക്കു മടങ്ങും. ഇറ്റാലിയന്‍ സമയം വൈകിട്ട് അഞ്ചുമണിയോടെ പാപ്പാ റോമിലെത്തും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക