Image

കേരള സോഷ്യല്‍ സെന്റര്‍ അബുദാബി അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു

Published on 11 November, 2022
 കേരള സോഷ്യല്‍ സെന്റര്‍ അബുദാബി അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു

അബുദാബി: കലാ സാംസ്‌ക്കാരിക കായിക മേഖലകളില്‍ കര്‍മ്മ നിരതമായ പ്രവര്‍ത്തനങ്ങളിലൂടെ കേരള സോഷ്യല്‍ സെന്റര്‍ അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ്. 1972 ല്‍ കേരള ആര്‍ട്‌സ് സെന്റര്‍ എന്ന പേരില്‍ രൂപം കൊണ്ട ഇന്നത്തെ കേരള സോഷ്യല്‍ സെന്റര്‍ പിന്നിട്ട കാലങ്ങളില്‍ ഗള്‍ഫി ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്.

നിയമവിധേയരല്ലാതിരുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് നിയമപരമായ യാത്രാരേഖകളുണ്ടാക്കിക്കൊടുക്കുക, പൊതുമാപ്പ് കാലത്ത് ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് അനധികൃതമായി താമസിക്കുന്നവര്‍ക്ക് നാട്ടിലേക്ക് പോകുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുക , കോവിഡ് വ്യാപന കാലത്ത് മലയാളികള്‍ക്ക് അടിയന്തിര സഹായങ്ങള്‍ എത്തിക്കുക തുടങ്ങിയ ജീവകാരുണ്ണ്യ മേഖലയിലും കെ എസ് സി സജീവമായിരുന്നു.

 

കേരളത്തിന് പുറത്ത് ഏറ്റവും അധികം മലയാളം പുസ്തകങ്ങള്‍ ഉള്ള ഗ്രന്ഥാലയവും കെ എസ് സി ക്കു സ്വന്തമാണ്. മലയാളം മിഷനുമായി കൈകോര്‍ത്ത് സെന്റര്‍ നടത്തി വരുന്ന മലയാളം ക്ലാസ്സുകള്‍ , രാജ്യാന്തര വോളിബോള്‍ താരവും, അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ജിമ്മിജോര്‍ജ്ജിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജിമ്മി ജോര്‍ജ്ജ് സ്മാരക വോളിബോള്‍ ടൂര്‍ണമെന്റ് , ഇന്ത്യാ യു.എ.ഇ ഗവര്‍മെന്റ് തലങ്ങളില്‍ വളരെ പ്രശംസ പിടിച്ചു പറ്റിയ ഇന്‍ഡോ അറബ് സാംകാരികോത്സവം എന്നിവയും കെ എസ് സി യുടെ പ്രവര്‍ത്തനത്തെ വേറിട്ടതാക്കുന്നു.

നവംബര്‍ 11, 12, 13 തീയതികളില്‍ സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരള സോഷ്യല്‍ സെന്ററിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കന്ന, കലാ യാത്രയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന കലാസംഘടനയായ കേളിയും , കേരള സോഷ്യല്‍ സെന്റര്‍ അബുദാബിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാനനൃത്തോല്‍സവം എന്ന ശീര്‍ഷകത്തില്‍ അവതരിപ്പിക്കുന്ന തുള്ളല്‍ മഹോത്സവം കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ച് നവംബര്‍ 11,12 തിയതികളില്‍ വൈകീട്ട് 7.30 ന് അരങ്ങേറുകയാണ്.


ഈ ഫെസ്റ്റിവല്‍ ഹിന്ദുസ്ഥാനി സംഗീതത്തിലെ ഇതിഹാസമായ വിദുഷി അന്നപൂര്‍ണ്ണാദേവിയുടെ സ്മരണയ്ക്ക് മുമ്പില്‍ സമര്‍പ്പിക്കും. ആദ്യദിവസം കലാമണ്ഡലം ഷര്‍മിളയുടെ നേതൃത്വത്തില്‍ ഓട്ടന്‍തുള്ളലും (കഥ: കിരാതം) രണ്ടാംദിവസം കലാമണ്ഡലം പ്രീജയുടെ നേതൃത്വത്തില്‍ കല്യാണസൗഗന്ധികം ശീതങ്കന്‍ തുള്ളലും (കഥ:കല്യാണസൗഗന്ധികം ) അരങ്ങേറുന്നു.

ആദ്യ ദിവസം അവതരണത്തിന് മുമ്പ് 20 മിനിറ്റില്‍ ഈ കലാരൂപത്തിന്റെ ചരിത്രപരമായ പ്രസക്തിയും, ഇതില്‍ ഉപയോഗിക്കുന്ന നാടന്‍ താളങ്ങളും കലാമണ്ഡലം നയനനും കലാമണ്ഡലം അരുണ്‍ദാസും പ്രേക്ഷകര്‍ക്ക് സോദാഹരണം പരിചയപ്പെടുത്തും.

രണ്ടാംദിവസം, തുള്ളല്‍ എങ്ങനെയാണ് കേരള സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനെ ചേര്‍ത്ത് പിടിച്ചതെന്നും, കേരളത്തിന്റെ മുന്നേറ്റ ചരിത്രത്തില്‍ തുള്ളല്‍ എങ്ങനെയാണ് ഹാസ്യത്തിലൂടെ വിപ്ലവം സൃഷ്ടിച്ചതെന്നും കലാമണ്ഡലം ഷര്‍മിള പ്രേക്ഷകരുമായി സംവദിക്കും.

ഈ തുള്ളല്‍ മഹോത്സവത്തില്‍ കലാമണ്ഡലം നയനന്‍ വായ്പ്പാട്ട് പാടും. കലാമണ്ഡലം രാജീവ് സോണ മൃദംഗവും, കലാമണ്ഡലം അരുണ്‍ദാസ് ഇടയ് ക്കയും വായിക്കും.

പ്രശസ്ത പിന്നണി ഗായകന്‍ അതുല്‍ നറുകര നയിക്കുന്ന 'സോള്‍ ഓഫ് ഫോക്ക്' എന്ന മ്യൂസിക്കല്‍ ബാന്‍ഡ് ഒരുക്കുന്ന ''ആവോ ദാമാനോ...' എന്ന നാടന്‍ സംഗീത പരിപാടി നവംബര്‍ 13 ഞായറാഴ്ച വൈകിട്ട് 7.30 ന് സെന്ററില്‍ അരങ്ങേറും.

അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖ തയ്യാറാക്കിയതായി പ്രസിഡന്റ് വി പി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ഷെറിന്‍ വിജയന്‍ , ട്രഷറര്‍ നികേഷ് , കലാവിഭാഗം സെക്രട്ടറി നിഷാം , ഗായകന്‍ അതുല്‍ നറുകര , അഹല്യ മെഡ് ഡോട്ട് കോം മാനേജര്‍ അച്യുത് വേണുഗോപാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക