MediaAppUSA

കുവൈറ്റ് കെ.എം.സി.സി. പത്ത് കുടുംബങ്ങള്‍ക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

Published on 20 November, 2022
 കുവൈറ്റ് കെ.എം.സി.സി. പത്ത് കുടുംബങ്ങള്‍ക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം വിതരണം ചെയ്തു

 

കുവൈറ്റ് സിറ്റി : കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ 10 പേരുടെ കുടുംബങ്ങള്‍ക്കും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ സഹപ്രവര്‍ത്തകര്‍ക്കും സഹായ ഹസ്തവുമായി കുവൈറ്റ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമിന്റെയും വെല്‍ഫെയര്‍ സ്‌കീമിന്റേയും വിതരണം കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ബഹുമാനപ്പെട്ട ആബിദ് ഹുസൈന്‍ തങ്ങള്‍ തങ്ങള്‍ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട് കൈമാറി.

സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഇനത്തില്‍ അഞ്ച് ലക്ഷം രൂപയാണ് മരണപ്പെടുന്ന ഒരോ അംഗത്തിന്റെയും കുടുംബത്തിന് നല്‍കുന്നത്. കുവൈറ്റ്‌കെ എം സി സി അംഗമായിരിക്കെ മരണപ്പെട്ടവരില്‍ 10 പേരുടെ കുടുംബത്തിനുള്ളതാണ് ചടങ്ങില്‍ അവരുടെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റികള്‍ക്ക് കൈമാറിയത്.

കൊടുവള്ളി, വേങ്ങര, തിരൂരങ്ങാടി, കോട്ടക്കല്‍, ബാലുശ്ശേരി, ഗുരുവായൂര്‍, കല്യാശ്ശേരി, കൊയിലാണ്ടി, തൃക്കരിപ്പൂര്‍, തളിപ്പറമ്പ എന്നീ മണ്ഡലങ്ങളില്‍ ഒരോ അംഗങ്ങളുടേയും ആശ്രിതര്‍ക്കാണ് ഫണ്ട് കൈമാറിയത്. കുവൈത്ത് കെ.എം.സി.സി. മെമ്പര്‍ഷിപ് കാമ്പയിനോടൊപ്പമാണ് 2021 ലെ ഫണ്ട് സ്വീകരിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനമാണ് കുവൈത്ത് കെ.എം.സി.സി. നടത്തുന്നതെന്നു ആബിദ് ഹുസൈന്‍ തങ്ങള്‍ പറഞ്ഞു. നമ്മുടെ നാട് പ്രതിസന്ധിയിലകപ്പെട്ട കാലത്തെല്ലാം സഹായവുമായി നമ്മില്‍ നിറഞ്ഞു നിന്ന കെ.എം.സി.സി. യുടെ സഹായങ്ങള്‍ വിസ്മരിക്കാവുന്നതല്ല. അത്തരം സാഹചര്യങ്ങളിലെല്ലാം ഊണും ഉറക്കവുമൊഴിച്ച് കെ.എം.സി.സി.പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവാറുണ്ടെന്നും തങ്ങള്‍ പറഞ്ഞു. കുവൈത്തില്‍ നടന്ന പോസ്റ്റ് കോവിഡ് കോണ്‍ഫെറെന്‍സില്‍ പങ്കെടുത്ത സമയത്ത് ശറഫുദ്ധീന്‍ കണ്ണെത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കിയതാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ വെല്‍ഫെയര്‍ സ്‌കീം പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കുള്ള ആനുകൂല്യ വിതരണവും തങ്ങള്‍ നിര്‍വഹിച്ചു. കോവിഡ് മഹാമാരിയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തും ഇത്രയും തുക ഒന്നിച്ചു നല്‍കാന്‍ പരിശ്രമിച്ച കുവൈറ്റ് കെ.എം.സി.സി. പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണെത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ മുക്തഖണ്ഡം പ്രശംസക്കുന്നതായി ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ ജബ്ബാര്‍ ഹാജി പറഞ്ഞു.

കുവൈറ്റ് കെ.എം.സി.സി. തുടങ്ങിവെച്ച ഈ പദ്ധതി മറ്റു കെ.എം.സി.സി.കളും തുടര്‍ന്ന് പോകുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കെ.എം.സി.സി. പ്രസിഡന്റ് ശറഫുദ്ധീന്‍ കണ്ണേത് പറഞ്ഞു. കെ.എം.സി.സി. മെമ്പര്‍മാരുടെ നിര്‍ബന്ധിത ബാധ്യതയാണ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

കുവൈറ്റ്‌കെ.എം.സി.സി. സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ സ്വാഗതവും തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി നന്ദിയും പറഞ്ഞു.

കെ.എം.സി.സി. നേതാക്കളായ അന്‍വര്‍ വെള്ളായിക്കോട്, ബാവ കുന്ദമംഗലം, നൗഷാദ് വെട്ടിച്ചിറ, അനസ് തയ്യില്‍, റാഫി ആളിക്കല്‍, മുഹമ്മദലി തൃശൂര്‍, ഗഫൂര്‍ അരീക്കോട്, നൗഷാദ് കൊടുക്കല്‍, കബീര്‍ സി.കെ, മഠത്തില്‍ അബ്ദുറഹിമാന്‍, സക്കീര്‍ കോഴിക്കോട്, മര്‍സൂഖ്, ഇ.കെ.മുസ്തഫ, സോഷ്യല്‍ സെക്ച്യുരിറ്റി ഫണ്ടി ഏറ്റുവാങ്ങാനെത്തിയ പ്രാദേശിക നേതാക്കള്‍, പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക