Image

60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ ചേരാന്‍ സര്‍ക്കാര്‍ ഒരവസരം കൂടി ഒരുക്കണം: നവയുഗം.

Published on 01 December, 2022
60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്കും പ്രവാസി ക്ഷേമനിധിയില്‍ ചേരാന്‍ സര്‍ക്കാര്‍ ഒരവസരം കൂടി ഒരുക്കണം: നവയുഗം.

ദമ്മാം: അറുപത് വയസ്സ് പിന്നിട്ടതിനാല്‍ പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം എടുക്കാന്‍  കഴിയാതെ പോയ  പ്രവാസികള്‍ക്കും, പ്രവാസി ക്ഷേമനിധി പെന്‍ഷന്‍ പദ്ധതിയില്‍ ചേരാന്‍ അവസരമൊരുക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി അദാമ യൂണിറ്റ് കണ്‍വെന്‍ഷന്‍, കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വ്യക്തിപരമായ പല കാരണങ്ങള്‍ കൊണ്ടും, ക്ഷേമനിധിയെപ്പറ്റിയുള്ള അജ്ഞത കൊണ്ടും, സാഹചര്യങ്ങള്‍ മൂലവും ആകാം പല പ്രവാസികള്‍ക്കും അറുപത് വയസ്സ് ആകുന്നതിനു മുന്‍പ് ക്ഷേമനിധിയില്‍ അംഗത്വം എടുക്കാന്‍  കഴിയാതെ പോയത്. അത്തരക്കാര്‍ക്ക് ഒരു അവസരം കൂടി കൊടുക്കാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കണം. മുന്‍പ് ചേരാന്‍ കഴിയാത്ത അറുപത് കഴിഞ്ഞവര്‍ക്ക്, അടുത്ത ഒരു വര്‍ഷത്തേയ്ക്ക്, ക്ഷേമനിധിയില്‍ ചേരാന്‍ ഗ്രെസ് പീരീഡ് നല്‍കണം. ഈ കാലയളവില്‍ പ്രവാസി സംഘടനകളുടെ സഹായത്തോടെ വന്‍പ്രചാരണം നല്‍കി അത്തരം എല്ലാ പ്രവാസികളെയും കൊണ്ട് ക്ഷേമനിധിയില്‍ അംഗത്വം എടുപ്പിയ്ക്കാന്‍ കഴിയണം.  ക്ഷേമനിധിയില്‍ ചേര്‍ന്ന് അഞ്ചു വര്ഷം തുടര്‍ച്ചയായി അംശദായം അടച്ചു കഴിഞ്ഞു കഴിഞ്ഞാല്‍, അവര്‍ക്കും പ്രവാസി പെന്‍ഷന്‍ കിട്ടുന്ന സംവിധാനം ഒരുക്കണം. അതിനു സര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

ദമ്മാം സിറ്റിയില്‍ യൂണിറ്റ് പ്രസിഡന്റ് സാബു വര്‍ക്കലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നവയുഗം അദാമ യൂണിറ്റ് കണ്‍വെന്‍ഷന്‍  നവയുഗം മേഖല സെക്രട്ടറി ഗോപകുമാര്‍ അമ്പലപ്പുഴ ഉത്ഘാടനം ചെയ്തു.
നവയുഗം ഡിസംബറില്‍ നടത്തുന്ന നവയുഗസന്ധ്യ-2K22 എന്ന മെഗാപരിപാടിയെക്കുറിച്ചും, വിവിധ ക്യാമ്പയിനുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ദമ്മാം മേഖല പ്രസിഡന്റ് തമ്പാന്‍ നടരാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നവയുഗം യൂണിറ്റ് ഭാരവാഹികളായ ജാബിര്‍, ഷീബ സാജന്‍,  മുഹമ്മദ് ഷിബു, സത്യന്‍ കുണ്ടറ എന്നിവര്‍ സംസാരിച്ചു.

നവയുഗം അദാമ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെയും കണ്‍വെന്‍ഷന്‍ തെരെഞ്ഞെടുത്തു
മുഹമ്മദ് ഷിബു( പ്രസിഡന്റ്), സാബു വര്‍ക്കല( സെക്രട്ടറി), സാജന്‍ ജേക്കബ് ( രക്ഷാധികാരി), മധു കുമാര്‍, ഷീബ സാജന്‍( വൈ പ്രസിഡന്റ്), സത്യന്‍ കുണ്ടറ, സുരേഷ് കുമാര്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ യൂണിറ്റ് ഭാരവാഹികള്‍.

യോഗത്തില്‍ സാജന്‍ ജേക്കബ് സ്വാഗതവും, സാബു നന്ദിയും പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക