Image

നിങ്ങളില്ലാതെ ഞങ്ങൾക്കെന്ത് ആഘോഷം : ശശിധരൻ നായർ (മീട്ടു റഹ്മത്ത് കലാം)

Published on 13 April, 2023
നിങ്ങളില്ലാതെ ഞങ്ങൾക്കെന്ത് ആഘോഷം : ശശിധരൻ നായർ (മീട്ടു റഹ്മത്ത് കലാം)

ഈസ്റ്ററും വിഷുവും കഴിഞ്ഞാലും ഹൂസ്റ്റണിലെ അമേരിക്കൻ മലയാളികളുടെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല.സാമൂഹ്യസേവനം ജീവിതത്തിന്റെ ഭാഗമായവർക്ക്, തങ്ങളുടെ സന്തോഷങ്ങൾ കൊണ്ടാടുമ്പോൾ അത് ചെറിയ രീതിയിൽ ഒതുക്കാനാവില്ല.അമേരിക്കയിലെ ഏറ്റവും വലിയ സംഘടനയായ  'ഫോമ'യുടെ സ്ഥാപക നേതാവും സ്ഥാപക പ്രസിഡണ്ടുമായ ശശിധരൻ നായരുടെ കാര്യത്തിലും ഇതാണ് സംഭവിച്ചിരിക്കുന്നത്. തന്റെ എൺപതാം പിറന്നാളും അൻപതാം വിവാഹവാർഷികവും സഹധർമ്മിണിയുടെ ജന്മദിനവും ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ ആരെയൊക്കെ ക്ഷണിക്കും എന്നതുപോലെ തന്നെ ആരെ ഒഴിവാക്കും എന്നതും വെല്ലുവിളിയായി തോന്നിയെന്ന് അദ്ദേഹം സമ്മതിക്കുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം ആയിരത്തിലധികം വരും! സന്തോഷത്തിന്റെ നിറവിൽ ആശംസകളുമായി എത്തിയ ഇ-മലയാളി ടീമിനോട്  ശശിധരൻ നായരും ഭാര്യ പൊന്നമ്മ നായരും മനസ്സ് തുറന്നു...

എൺപതാം പിറന്നാളും അൻപതാം വിവാഹ വാർഷികവും ഏപ്രിലിൽ കൊണ്ടാടുകയാണല്ലോ...എന്തൊക്കെയാണ് ആഘോഷങ്ങൾ?

ശശിധരൻ നായർ : വർഷങ്ങളായി ഏപ്രിൽ പകുതി മുതൽ മേയ് വരെ ഞങ്ങളുടെ വീട്ടിൽ ആഘോഷ പ്രതീതിയാണ്. വിഷു കഴിഞ്ഞ് അധികം വൈകാതെ ഏപ്രിൽ 23 ആകുമ്പോൾ ഞങ്ങളുടെ വിവാഹവാർഷികം , ഏപ്രിൽ 28 ന് എന്റെയും മേയ് 5 ന് പൊന്നമ്മയുടെയും പിറന്നാൾ. ആഘോഷം എന്നാൽ, നമ്മളെ സ്നേഹിക്കുന്ന എല്ലാവരെയും ക്ഷണിച്ച് ആർഭാടപൂർവം നടത്തുന്നതാണ് എന്റെ രീതി. റിയൽ എസ്റ്റേറ്റ് രംഗത്തായാലും ബിസിനസ് രംഗത്തായാലും സംഘടനാരംഗത്തായാലും ധാരാളം പരിചയക്കാരുണ്ട്. 1975 മുതൽ ഹൂസ്റ്റണിൽ നഴ്‌സായും പിന്നീട് എന്റെ ബിസിനസിൽ പിന്തുണച്ചുകൊണ്ടും കൂടെനിൽക്കുന്നതിനാൽ, പൊന്നമ്മയ്ക്കും ഒരുപാട് സുഹൃത്തുക്കളുണ്ട്. ഏപ്രിൽ 16 ന്  വൈകുന്നേരം 5 മണിക്ക് ഹൂസ്റ്റണിലെ ജിഎസ്എച്ച്  ഇവന്റ് സെന്ററിൽ ആയിരത്തോളം പേർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ. ഡിന്നർ പാർട്ടി, പ്രഗത്ഭ ഗായകരെ അണിനിരത്തി  സംഗീതനിശ, കലാപരിപാടികൾ എന്നിങ്ങനെ ഒത്തുകൂടുന്ന ഏവരുടെയും മനസ്സ് നിറച്ച് പറഞ്ഞയക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആരോടും വിരോധം സൂക്ഷിക്കാറില്ല.ഫൊക്കാനയിലെയും ഫോമായിലെയും ഞാൻ പ്രവർത്തിച്ചിട്ടുള്ള മറ്റു സംഘടനകളിലെയും നിരവധി പേരെ ക്ഷണിച്ചിട്ടുണ്ട്. 

 ഓർമ്മയിലെ ആദ്യത്തെ പിറന്നാളാഘോഷം?

ശശിധരൻ നായർ : പമ്പയുടെ തീരത്ത് അറയും ചാവടിയും ഒക്കെയായി നാലുകെട്ടുള്ള തറവാട്ടിലാണ്
വളർന്നത്. അമ്മാവനും അമ്മയും ജനിച്ചശേഷം ആദ്യം പിറന്ന കുഞ്ഞെന്ന നിലയിൽ ആവോളം ലാളന ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായി. അപ്പൂപ്പൻ പ്രസിദ്ധനായ നാട്ടുവൈദ്യനായിരുന്നു. സപ്രമഞ്ച കട്ടിലിൽ ചാരിയിരുന്നുകൊണ്ട് കാലുകൾകൊണ്ടെന്നെ താങ്ങിപ്പിടിച്ച് 'ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ,ഉണ്ണികൾ മറ്റുവേണോ' എന്നുറക്കെ പാടും. അമ്മയുടെ അമ്മയെ ഞാൻ അമ്പോറ്റിയമ്മ എന്നാണ് വിളിച്ചിരുന്നത്.എണ്ണ തേപ്പിച്ച് ,ഇഞ്ചയിട്ട് തേച്ച് ആറ്റിൽ കൊണ്ടുപോയി കുളിപ്പിച്ച് ഇന്ന് നിന്റെ പിറന്നാളാണെന്ന് അമ്മയും അമ്പോറ്റിയമ്മയും പറഞ്ഞതിന്റെ നിറം മങ്ങാത്ത ഓർമ്മകൾ മനസ്സിന്റെ ഏതോ കോണിൽ ഇന്നുമുണ്ട്. എത്രാമത്തെ പിറന്നാളായിരുന്നു അതെന്ന് കൃത്യമായറിയില്ല. എനിക്കന്ന് നീളമുള്ള തലമുടിയാണ്.അതിൽ മയിൽ‌പ്പീലി ചൂടി ഉണ്ണിക്കണ്ണനായി ഒരുക്കിയിരുത്തി, നാമം ജപിച്ച ശേഷമായിരുന്നു ആഘോഷങ്ങൾ.
അയല്പക്കത്തെ കുട്ടികളെയെല്ലാം ക്ഷണിച്ച്, എല്ലാവരെയും ചുറ്റുമിരുത്തി ഇലയിട്ട് സദ്യ വിളമ്പുന്നതാണ് അന്നത്തെ പ്രധാന സന്തോഷം.ആഘോഷങ്ങളിൽ നമ്മളെ സ്നേഹിക്കുന്നവർ ചുറ്റും വേണമെന്നുള്ളത് അങ്ങനെയാകാം ശീലിച്ചത്. 

ആദ്യകാഴ്ചയിൽ തന്നെ, പൊന്നമ്മ ചേച്ചിയെ ഇഷ്ടപ്പെട്ടിരുന്നോ?

ശശിധരൻ നായർ: 1965 വരെ കോഴഞ്ചേരി എന്ന ഗ്രാമത്തിനപ്പുറം ഒരു ലോകവും കണ്ടിട്ടുണ്ടായിരുന്നില്ല.കൂട്ടിലിട്ട കിളിയെപ്പോലെയായിരുന്നു അതുവരെയുള്ള ജീവിതം.വീട്ടുകാരുടെയും നാട്ടുകാരുടെയും നിരീക്ഷണത്തിൽ വീർപ്പുമുട്ടി. ബി.എസ്.സി പാസായ ശേഷം നാടുവിട്ടു.കുറച്ചുകാലത്തേക്ക് തിരിച്ചുവരേണ്ടെന്ന തീരുമാനത്തിലായിരുന്നു.68 ൽ ബറോഡയിൽ നിന്ന് മടങ്ങിയെത്തിയതുമുതൽ എന്നെ പെണ്ണുകെട്ടിക്കാൻ അമ്മ തിടുക്കം കൂട്ടി.
അമ്മയ്ക്ക് ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് പൂജാമുറിയിൽ വച്ച് സത്യം ചെയ്തുകൊടുത്തിരുന്നു.
ആറുവർഷത്തിനിടയിൽ നാല്പത്തിയൊൻപത് പെണ്ണുകാണലുകൾ അരങ്ങേറി.പൊന്നമ്മയെ കണ്ടതോടെ അൻപതാമതൊരാളെ കാണേണ്ടതില്ലെന്ന് അമ്മയ്ക്ക് തോന്നിയിരിക്കാം. അമ്മയ്ക്ക് സീരിയസാണെന്ന് ടെലഗ്രാം അയച്ചാണ് എന്നെവിളിച്ചുവരുത്തിയത്. പെണ്ണുകാണൽ എന്ന സങ്കൽപം തന്നെ  മടുത്ത്,ഒട്ടും താല്പര്യമില്ലാതെ ഒരു ഞായറാഴ്‌ച സന്ധ്യയോടെ പൊന്നമ്മയെ ചെന്നുകണ്ടു. നാട്ടിലന്ന് റ്റൂ-ഫെയ്‌സ് കണക്ഷനിൽ ബൾബിന് മിന്നാമിനുങ്ങിന്റെ തെളിച്ചമേയുള്ളു. സംസാരിച്ചപ്പോൾ ഇഷ്ടപ്പെട്ടെങ്കിലും,അരണ്ട വെളിച്ചത്തിൽ അവൾ വെളുത്തതാണോ കറുത്തതാണോ എന്ന് വ്യക്തമായിരുന്നില്ല. എങ്ങനെ ഇരുന്നാലും കെട്ടിക്കോണം എന്ന് അമ്മ ഉറച്ചസ്വരത്തിൽ പറഞ്ഞു. ഒരാഴ്ചകൊണ്ട് കല്യാണ ഒരുക്കങ്ങൾ പൂർത്തിയായി.1973 ഏപ്രിൽ 23 ന് വിവാഹനാളിലാണ് പൊന്നമ്മയുടെ മുഖം വ്യക്തമായി കാണുന്നത്. മക്കൾക്ക് അമ്മ ഏറ്റവും നല്ലതേ തിരഞ്ഞെടുക്കൂ എന്ന് മുൻപേ മനസ്സിലാക്കേണ്ടിയിരുന്നു എന്ന് ആ നിമിഷം തോന്നി.

എല്ലാ വിവാഹവാർഷികങ്ങളിലും നിങ്ങളിരുവരും ഒന്നിച്ചായിരുന്നോ?

ശശിധരൻ നായർ: വിവാഹം കഴിഞ്ഞ് രണ്ടുമാസത്തേക്ക് കൂടി ലീവ് നീട്ടിക്കിട്ടിയ ശേഷം എന്റെ വിസ കൂടി ശരിയാക്കാമെന്ന് തീരുമാനിച്ചാണ് പൊന്നമ്മ പോയത്. എനിക്കുവേണ്ടി ഫയൽ ചെയ്ത സമയത്ത്, വിയറ്റ്നാം യുദ്ധം വന്നു. അതങ്ങ് നാലുവർഷം നീണ്ടു. അന്നേരം, അഭയാർത്ഥികൾക്ക് മാത്രമേ വിസ അനുവദിച്ചിരുന്നുള്ളു. ഇതിനിടയിൽ ഒരുതവണ അവൾ നാട്ടിൽ വന്നു. ടെലിഫോൺ സൗകര്യമൊന്നുമില്ല. കത്തെഴുത്തിലൂടെയാണ് വിശേഷങ്ങൾ അറിയിച്ചിരുന്നത്. ആദ്യത്തെ നാലുവിവാഹവാർഷികങ്ങളിൽ രണ്ടിടത്തായിരുന്നെങ്കിലും,തുടർന്നുള്ള എല്ലാവർഷങ്ങളിലും ഒന്നിച്ചാഘോഷിക്കാനുള്ള ഭാഗ്യം ലഭിച്ചു.

വിശേഷാവസരങ്ങളിൽ സമ്മാനങ്ങൾ കൈമാറാറുണ്ടോ?

ശശിധരൻ നായർ: ഞാൻ അവൾക്ക് സമ്മാനങ്ങൾ കൊടുക്കുമായിരുന്നു. ഗിഫ്റ്റ് നൽകി സ്നേഹം കാണിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് പൊന്നമ്മ തന്നെ കുറച്ചുവർഷങ്ങൾക്ക് മുൻപ് അത് വിലക്കി.

  കിട്ടിയിട്ടുള്ളതിൽ വച്ച്  ഏറ്റവും പ്രിയപ്പെട്ട സമ്മാനം?

പൊന്നമ്മ നായർ : പതിനഞ്ചാമത്തെ വെഡ്‌ഡിങ് ആനിവേഴ്സറിക്ക് ശശിയേട്ടൻ സമ്മാനിച്ച ഡയമണ്ട് റിങ്ങാണ് എനിക്കേറ്റവും പ്രിയപ്പെട്ടത്. ഒരിക്കൽ അതെന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടു. തിരയാൻ ഒരിടവും ബാക്കിയില്ല. ജുവലറിയിൽ പോകുമ്പോഴൊക്കെ ആ മോഡൽ നോക്കി വിലയൊക്കെ ചോദിക്കുമെങ്കിലും, പകരം ഒന്ന് വാങ്ങിച്ചാൽ പോയതിന് തുല്യമാകില്ലല്ലോ എന്നോർക്കും. അത് തിരികെ കിട്ടാൻ നേർച്ച പോലും നേർന്നിട്ടുണ്ട്. അങ്ങനെ മൂന്ന് വർഷങ്ങൾക്ക് ശേഷം, ഞങ്ങളുടെ കാർ കഴുകുന്നതിനിടയിൽ ചേട്ടന് ആ റിംഗ് കിട്ടി. അതിനിടയിൽ കാർ എത്രയോ വട്ടം ക്‌ളീൻ ചെയ്യുകയും എത്രയോ പേർ വണ്ടിയിൽ കയറിയിറങ്ങുകയും ചെയ്തതാണ്. ആരുടേയും കണ്ണിൽപ്പെടാതെ അത് അവിടെ കിടന്നത് സത്യത്തിൽ അത്ഭുതമാണ്. ശശിയേട്ടൻ വീണ്ടുമതെന്റെ വിരലിൽ അണിയിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇപ്പോഴും അതെന്റെ കയ്യിലുണ്ട്.

വിശേഷദിവസങ്ങൾ കൃത്യമായി ഓർത്തുവയ്ക്കുന്നത് ആരാണ്?

പൊന്നമ്മ നായർ  : ഭർത്താക്കന്മാർ വിശേഷദിവസങ്ങൾ ഓർത്തുവയ്ക്കാറില്ലെന്ന് പലരും സങ്കടം പറയാറുണ്ട്. പക്ഷേ, ചേട്ടൻ അക്കാര്യത്തിൽ വ്യത്യസ്തനാണ്. ഞങ്ങൾ രണ്ടുപേരും അത്തരം തീയതികൾ ഓർത്തുവയ്ക്കും.

ഓർമ്മയിൽ തങ്ങി നിൽക്കുന്ന വിവാഹ വാർഷികം?

  ശശിധരൻ നായർ : അത് ഇരുപത്തിയഞ്ചാം വിവാഹവാർഷികമാണ്. ഒരു വിവാഹത്തിന്റെ എല്ലാ പകിട്ടോടെയും ഗരിമയോടെയുമാണ് ആ ദിവസം ആഘോഷിച്ചത്. അന്ന് ഹൂസ്റ്റണിൽ ഗുരുവായൂരപ്പൻ ക്ഷേത്രം വന്നിട്ടില്ല, 
മീനാക്ഷി ക്ഷേത്രത്തിലെ പൂജാരിയാണ് പൂജ ചെയ്തത്.

ശശിധരൻ എന്നാൽ പരമശിവനാണല്ലോ, കോപമുള്ള ആളാണോ?

പൊന്നമ്മ നായർ  :  പബ്ലിക്കിൽ അങ്ങനെ ദേഷ്യമുള്ള ആളേയല്ല.വീട്ടിൽ മുൻകോപമുണ്ട്. പക്ഷെ, രണ്ടുമിനിറ്റിനകം കൂൾ ആകും. തമ്മിൽ പിണങ്ങിയാൽ, അത് മറന്ന് ആദ്യം വന്ന് മിണ്ടുന്നതും ചേട്ടനാണ്.

പൊതുരംഗത്തുള്ള ഒരു വ്യക്തിയുടെ ഭാര്യയായിരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോ?

പൊന്നമ്മ നായർ  : ചേട്ടൻ വളരെ കെയറിങ്ങാണ്. എന്റെ വയ്യായ്കകളിൽ ഒരു മുഷിപ്പും കാണിക്കാതെ അത്രത്തോളം കാര്യമായാണ് പരിചരിക്കുന്നത്. പുറത്ത് പോകുമ്പോൾ, എത്ര തിരക്കിനിടയിലും  ഞാൻ ഭക്ഷണം കഴിച്ചോ എന്നതടക്കം ഓരോ കാര്യങ്ങളും വിളിച്ചന്വേഷിക്കും. സംഘടനാപ്രവർത്തനങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുമ്പോഴും,എന്റെ ഒരു കാര്യങ്ങൾക്കും കുറവ് വരുത്തിയിട്ടില്ല.വിഷമഘട്ടങ്ങളിൽ,ഞങ്ങൾ പരസ്പരം തോളോട് തോൾചേർന്ന് ശക്തി നൽകാറുണ്ട്. ഫൊക്കാന പിളർന്ന സമയത്തൊക്കെ ഞങ്ങളുടെ വീടായിരുന്നു പുതിയ സംഘടന രൂപീകരിക്കാനുള്ള ചർച്ചാവേദി. ഫോമാ എന്നുള്ള പേര് നിർദ്ദേശിച്ചത് ഞാനാണ്. ഏത് രംഗത്തായാലും,ചേട്ടൻ എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ട്; സ്ത്രീകളെ മാറ്റി നിർത്തുന്ന ഒരു രീതിയില്ല. പിന്നെ, ചില വിട്ടുവീഴ്ചകൾ വേണ്ടിവരും.അത് പരസ്പരധാരണയോടെ ആയിരിക്കും.

തിരിഞ്ഞുനോക്കുമ്പോൾ എന്തുതോന്നുന്നു?

ശശിധരൻ നായർ : സംതൃപ്തി തോന്നുന്നു. എനിക്ക് അവളും അവൾക്ക് ഞാനുമേ ഉള്ളൂ എങ്കിലും,തമ്മിൽ മത്സരിച്ച് സ്നേഹിക്കുന്നതുകൊണ്ട് അതൊരു കുറവായി അനുഭവപ്പെടുന്നില്ല. ഞാൻ ജീവിച്ചിരിക്കെ മാത്രമേ അവൾ പോകാവൂ എന്നതാണ് എന്റെ പ്രാർത്ഥന. എന്നെപ്പോലെ മറ്റാർക്കും അവളെ നോക്കാനാകില്ല.എന്റെ പൊന്നമ്മയെ തനിച്ചാക്കി പോകാൻ എനിക്ക് ബുദ്ധിമുട്ടാ.കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയും എന്നുള്ള ഭാര്യാസങ്കല്പത്തിലെ എല്ലാ ഗുണങ്ങളും പൊന്നമ്മയ്ക്കുണ്ട്.അവളാണ് എന്റെ എല്ലാം. സാധാരണ പെണ്ണുങ്ങളെപ്പോലെ മൂക്കുകയറിട്ട് നടക്കുന്ന സ്വഭാവമില്ല. ഞാൻ ചെയ്യുന്നതെന്തും അവളോട് തുറന്നുപറയാം. ശാസിക്കേണ്ടിടത്ത് ശാസിക്കും, പ്രോത്സാഹിപ്പിക്കേണ്ടിടത്ത് പ്രോത്സാഹിപ്പിക്കും,പൂർണസ്വാതന്ത്ര്യം തരും. 

പുതുതലമുറയിലെ ദമ്പതികൾക്ക് നൽകാനുള്ള ഉപദേശം?

ഒന്നുപറഞ്ഞ് രണ്ടിന് വിവാഹബന്ധം വേർപെടുത്തുന്നവരെയാണ് ഇപ്പോൾ കാണുന്നത്. ചിന്തിച്ച് മാത്രമേ പ്രവർത്തിക്കാവൂ.സംയമനം വേണം.വഴിതെറ്റിക്കാൻ ചുറ്റും പലതും ഉണ്ടാകും.അതിനേക്കാളേറെ കുടുംബബന്ധത്തിന് പ്രാധാന്യം കൊടുക്കുക. പരസ്പരം സ്നേഹിക്കുന്നതിനപ്പുറം ഒരു സുഖവും ജീവിതത്തിൽ കിട്ടാനില്ല.

SasidharanNairBIRTHDAY_ARTICLE

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക