Image

ചേര്‍ത്തല സ്വദേശി വര്‍ഗീസ് ജോണ്‍ ലണ്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി

Published on 03 May, 2023
 ചേര്‍ത്തല സ്വദേശി വര്‍ഗീസ് ജോണ്‍ ലണ്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥി

ലണ്ടന്‍: ചേര്‍ത്തല സ്വദേശി വര്‍ഗീസ് ജോണ്‍ ലണ്ടനില്‍ വോക്കിംഗ് ബറോ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കണ്‍സേര്‍വേറ്റിവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു.

വോക്കിംഗ് ബറോയില്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് മലയാളി ജനവിധി തേടുന്നത്. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി സണ്ണി എന്നറിയപ്പെടുന്ന വര്‍ഗീസ് ജോണ്‍ മത്സരിക്കുന്നത് ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ മൗണ്ട് ഹെര്‍മന്‍ വാര്‍ഡിലാണ്.

2010 മുതല്‍ കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗീസ് 2014 മുതല്‍ ജോലി ചെയ്യുന്ന സെയിന്‍സ്ബറിസ് എന്ന സ്ഥാപനത്തില്‍ അഞ്ഞൂറോളം വരുന്ന സഹപ്രവര്‍ത്തകരുടെ തെരഞ്ഞെടുക്കപ്പെട്ട യൂണിയന്‍ പ്രതിനിധിയും പ്രവാസി മലയാളി ഫെഡറേഷന്‍ എന്ന ആഗോള സംഘടനയുടെ ഗ്ലോബല്‍ ഓര്‍ഗനൈസറും മുന്‍ ജനറല്‍ സെക്രട്ടറിയുമാണ്.


വോക്കിംഗ് ബറോ കൗണ്‍സിലില്‍ ഇതുവരെയും ഒരു ഇന്ത്യന്‍ സാന്നിധ്യം ഉണ്ടായിട്ടില്ല. ലിബറല്‍ ഡെമോക്രറ്റുകളുടെ സിറ്റിംഗ് സീറ്റായ മൗണ്ട് ഹെര്‍മന്‍ വാര്‍ഡില്‍ ഇക്കുറി മത്സരം കടുപ്പിക്കാം എന്ന പ്രതീക്ഷയിലാണ് സണ്ണി രംഗത്തിറങ്ങുന്നത്. വിജയിച്ചാല്‍ അതൊരു പുതിയ ചരിത്രമാകും.

ഇന്ത്യന്‍ സമൂഹത്തിനും വര്‍ഗീസ് ജോണിനും പൂര്‍ണ്ണ പിന്തുണയുമായി വോക്കിംഗ് എം.പി.ജോനാഥന്‍ ലോര്‍ഡ് കഴിഞ്ഞ ദിവസം വാര്‍ഡില്‍ പ്രചാരണത്തിന് ഇറങ്ങിയിരുന്നു.

യുകെയില്‍ എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ഭാര്യ ലവ്ലിയും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ആന്‍ തെരേസയും എ ലെവല്‍ വിദ്യാര്‍ഥി ജേക്കബ് ജോണും അടങ്ങുന്നതാണ് സണ്ണിയുടെ കുടുംബം.

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഓര്‍ഗനൈസര്‍ ആയ വര്‍ഗീസ് ജോണിന്റെ വിജയത്തിന് വിവിധ റീജിയണുകള്‍ ആശംസ അറിയിച്ചു.

പി.പി.ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക