Image

യുകെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലയാളി ഡോക്ടര്‍ക്കു വിജയം

Published on 09 May, 2023
 യുകെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലയാളി ഡോക്ടര്‍ക്കു വിജയം

 


പയ്യന്നൂര്‍: ഇംഗ്ലണ്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിച്ച് മലയാളി ഡോക്ടര്‍. പയ്യന്നൂര്‍ എടാട്ട് താമരകുളങ്ങരയിലെ ഡോ. ജ്യോതി അരയമ്പത്താണ് (53) ലിങ്കണ്‍ ഷെയറിലെ ബോസ്റ്റണ്‍ ബെറോ കൗണ്‍സിലിലെ ട്രിനിറ്റി വാര്‍ഡില്‍നിന്നു വിജയിച്ച് മലയാളികളുടെ അഭിമാനമായത്.

ഇംഗ്ലണ്ടില്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ആയ ഡോ.ജ്യോതി പതിനഞ്ച് വര്‍ഷത്തിലേറെയായി യുകെയിലാണ് താമസം. ബോസ്റ്റണ്‍ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിക്കു വേണ്ടിയാണ് ട്രിനിറ്റി വാര്‍ഡില്‍ മത്സരിച്ചത്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ഥിയെ ഒരു വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു കഴിഞ്ഞ നാലിന് യുകെ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ തിളക്കമുള്ള വിജയം.

പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍, പയ്യന്നൂര്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ച ജ്യോതി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ചെറുപ്പം മുതല്‍ എഴുത്തിനോട് താത്പര്യമുള്ള ഇവര്‍ ഏതാനും കഥകള്‍ രചിച്ചിട്ടുണ്ട്.

താമരക്കുളങ്ങരയിലെ പരേതനായ റിട്ട.അധ്യാപകന്‍ വണ്ണാലത്ത് അപ്പുക്കുട്ടന്‍ നായരുടേയും റിട്ട.അധ്യാപിക അരയമ്പത്ത് പത്മിനിയുടേയും മകളാണ്. ഭര്‍ത്താവ്: ഡോ.മാധവന്‍ (തൃശൂര്‍). യുകെയില്‍ ഡോക്ടറായ അരുള്‍ മകനാണ്. സഹോദരങ്ങള്‍:ഡോ.ലേഖ (കുറ്റൂര്‍ പിഎച്ച്‌സി), നവനീത് കൃഷ്ണന്‍ (ഓസ്ട്രേലിയ).

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക