Image

മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും ഫോമാ കേരള കൺവൻഷൻ വേദിയിൽ നടക്കും 

Published on 25 May, 2023
 മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും ഫോമാ കേരള കൺവൻഷൻ വേദിയിൽ നടക്കും 

  ഒൻപത് ദിനരാത്രങ്ങൾക്കപ്പുറം, അമേരിക്കന്‍ മലയാളി സംഘടനകളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കേരളാ കണ്‍വന്‍ഷന്  തിരിതെളിയും. സംഘടനയുടെ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ്,ജനറൽ സെക്രട്ടറി ഓജസ് ജോൺ,ട്രഷറർ ബിജു തോണിക്കടവിൽ,വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ഡോ. ജെയ്‌മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരുടെ ഫോണുകൾ വിശ്രമമില്ലാതെ ശബ്ദിച്ചുകൊണ്ടിരിക്കുന്നു. ക്ഷണിക്കപ്പെട്ട അതിഥികളെ സ്വീകരിക്കുന്നത് സംബന്ധിച്ചും അന്നേദിവസത്തെ  കലാപരിപാടികളുമായി ബന്ധപ്പെട്ടും കൃത്യമായ നിർദ്ദേശങ്ങൾ നൽകാൻ ഊർജ്വസ്വലരായി അവർ ഓടിനടക്കുന്നു. കേരള കണ്‍വന്‍ഷന്‍ ചെയര്‍ തോമസ് ഒലിയാംകുന്നേൽ, കണ്‍വന്‍ഷന്‍ കമ്മറ്റിയുടെ കോ-ഓര്‍ഡിനേറ്റർ ഡോ. എം.കെ. ലൂക്കോസ് മന്നിയോട്ടും എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്. കൺവൻഷൻ കൊഴുപ്പിക്കാൻ എത്തിച്ചേർന്ന ശിങ്കാരിമേളക്കാരുടെ കൊട്ടും ഒരുവശത്ത് ഉയർന്നുകേൾക്കാം...

   കൊല്ലം ബീച്ച് ഓര്‍ക്കിഡ് ഹോട്ടലിന്റെ കണ്‍വന്‍ഷന്‍ സെന്ററിൽ ജൂണ്‍ മൂന്ന്, നാല് തീയതികളിലാണ് കൺവൻഷൻ നടക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  കൈത്താങ്ങേകുന്ന ബൃഹത്  പദ്ധതിയും കൺവൻഷൻ വേദിയിൽ വച്ച് ഉദ്ഘാടനം ചെയ്യും. വിശദാംശങ്ങൾ ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് വിവരിക്കുന്നു...


കേരളത്തിലെ കൺവൻഷനിൽ പ്രൊഫഷണൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നല്കുന്നുണ്ടല്ലോ?

 വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ 30 നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്കും എഞ്ചിനീയറിങ്ങ് ഉള്‍പ്പെടെയുള്ള പ്രൊഫണല്‍ വിദ്യാര്‍ത്ഥികള്‍ക്കും 50,000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും. ഫോമാ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ സുജ ഔസോയുടെ നേതൃത്വത്തിലുള്ള ടീമാണ് സ്‌കോളര്‍ഷിപ്പ് പദ്ധതിക്കും അതിന്റെ വിതരണത്തിനും ചുക്കാന്‍ പിടിക്കുന്നത്. ജൂണ്‍ മൂന്നാം തീയതി വൈകുന്നേരം 3.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ആയിരിക്കും സ്‌കോളർഷിപ്പ് വിതരണം ആരംഭിക്കുന്നത്. 17 പേർക്കാണ് ആദ്യ ദിവസം സ്‌കോളർഷിപ്പ് നൽകുക. ജൂൺ 4 ന് മറ്റു കുട്ടികൾക്കുള്ള ചെക്ക് വിതരണം ചെയ്യുന്നതിന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടക്കം കുറിക്കും.

കടപ്ര ഫോമാ വില്ലേജിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കും ഫോമാ സഹായ ഹസ്തം നീട്ടുന്നുണ്ടല്ലോ?

കടപ്രയിൽ വീടുകൾ പണികഴിപ്പിച്ച് ഫോമാ വില്ലേജ് എന്ന് നാമകരണം ചെയ്യുന്നതിലൂടെ തീരുന്നതല്ല ഞങ്ങളുടെ ഉത്തരവാദിത്തം. ഫോമാ എന്ന സംഘടനയോട് നാട്ടുകാർക്ക് വലിയ സ്നേഹവും ആദരവുമാണ്.അവരുടെ കഷ്ടതകൾ മനസ്സിലാക്കി കൈത്താങ്ങ് നൽകേണ്ടത് ഞങ്ങൾ ധാർമികമായ കടമയായി കാണുന്നു. മറ്റു കുട്ടികൾ സ്‌കൂൾ തുറക്കുമ്പോൾ പുതിയ ബാഗും വാട്ടർ ബോട്ടിലും പുസ്തകങ്ങളും എല്ലാമായി നടന്നുപോകുമ്പോൾ കൊതിയോടെ നോക്കി വിഷമം ഉള്ളിലൊതുക്കി അവിടത്തെ കുട്ടികൾ കഴിയരുതെന്ന ആഗ്രഹമാണ് കടപ്രയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റ് വിതരണം ചെയ്യാമെന്ന തീരുമാനത്തിൽ എത്തിച്ചേരാൻ സാധിച്ചത്. സംഘടനയുടെ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലാണ് ഇതിന്റെ സ്പോൺസർ. ടൂറിസ്റ്റ് ബസ്സിൽ അന്നേ ദിവസം ആ കുട്ടികളെ കൺവൻഷൻ സെന്ററിൽ എത്തിക്കാനുള്ള ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞു.

സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഫോമായുടെ കേരള കൺവൻഷന്റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തല്ലോ?

സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സ് ഉടമ സാജൻ വർഗീസും അദ്ദേഹത്തിന്റെ ഭാര്യ മിനി സാജനും ഫോമായുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ്. ഞങ്ങൾക്കിടയിലെ ഗാഢമായ സൗഹൃദവും കൺവൻഷന്റെ സ്‌പോൺസർഷിപ്പ് ഏറ്റെടുത്തതിന്റെ കാരണങ്ങളിൽ ഒന്നാണ്.


ഫോമായുടെ കേരള കൺവൻഷനിലേക്ക് വിശിഷ്ടാതിഥിയായി ക്ഷണിക്കുമ്പോൾ ആ സ്വീകാര്യതയിൽ അതിശയം തോന്നിയ അനുഭവമുണ്ടോ?

തീർച്ചയായും. അമേരിക്കൻ മലയാളി സമൂഹത്തെയും ഫോമാ എന്ന സംഘടനയെയും ആദരവോടെയും സ്നേഹത്തോടെയുമാണ് ആളുകൾ കാണുന്നത്. നമ്മുടെ പ്രവർത്തനങ്ങൾക്കും സൽക്കർമ്മങ്ങൾക്കുമുള്ള അംഗീകാരമാണത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാൻ ചെന്ന അനുഭവം പറയാം. ജൂൺ മൂന്നിന് പങ്കെടുക്കാൻ അദ്ദേഹത്തിന് യാതൊരു നിർവാഹവും ഉണ്ടായിരുന്നില്ല. ഗവർണർ വൈസ് ചാൻസലറായ യൂണിവേഴ്സിറ്റിയിൽ അന്നാണ് കൺവൊക്കേഷൻ സെറിമണി. എന്നാൽ,ഫോമായുടെ പരിപാടിയിൽ ഭാഗമാകണമെന്ന് അദ്ദേഹം ആത്മാർത്ഥമായി പറഞ്ഞു. ജൂൺ നാലിന് വരാമെന്ന് ഉറപ്പും നൽകി. അധ്യക്ഷ പ്രസംഗം നടത്താൻ മുൻ അംബാസഡർ ടി.പി.ശ്രീനിവാസനെ ക്ഷണിച്ചപ്പോഴും ഹൃദ്യമായി തന്നെയാണ് ക്ഷണം സ്വീകരിച്ചത്.ജലസേചന വകുപ്പ് മന്ത്രിയും ഫോമായുടെ ബ്രാൻഡ് അംബാസഡറുമായ റോഷി അഗസ്റ്റിൻ സംഘടനയുടെ എല്ലാ ശുഭ അവസരങ്ങളിലും പങ്കുചേരാറുണ്ട്. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും എത്തിച്ചേരാമെന്ന്  വാക്കുതന്നിട്ടുണ്ട്.

പ്രധാന കലാപരിപാടികൾ?

ശിങ്കാരി മേളത്തോടെയാണ് തുടക്കം. പ്രമുഖ റോക്ക് ബാൻഡിന്റെ സംഗീതപരിപാടിയും ഉണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക