Image

സമാധാനം പുന:സ്ഥാപിക്കാതെ ഇസ്രയേൽ പൊലീസിന്റെ യൂണിഫോം ഓർഡർ സ്വീകരിക്കില്ലെന്ന്‌ കണ്ണൂരിലെ മരിയൻ അപ്പാരൽസ്

Published on 20 October, 2023
 സമാധാനം പുന:സ്ഥാപിക്കാതെ ഇസ്രയേൽ പൊലീസിന്റെ  യൂണിഫോം ഓർഡർ സ്വീകരിക്കില്ലെന്ന്‌  കണ്ണൂരിലെ മരിയൻ അപ്പാരൽസ്

ഇസ്രായേൽ -ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പൊലീസിന് യൂണിഫോം നൽകുന്നത് താൽകാലികമായി അവസാനിപ്പിച്ച് കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ്. വാർത്താക്കുറിപ്പിലാണ് കമ്പനി എംഡി ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കരാറിൽ നിന്ന് കമ്പനി പിന്മാറുന്നത്.

ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള  മരിയൻ അപ്പാരൽസ് 2015 മുതല്‍ ഇസ്രായേല്‍ പോലീസിന്   യൂണിഫോം നല്‍കുന്നുണ്ട്. ഇസ്രായേല്‍ പോലീസിനു മാത്രമല്ല ഫിലപ്പീന്‍ ആര്‍മി, ഖത്തര്‍ എയര്‍ഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി യൂണിഫോമുകൾ എന്നിവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നില്‍ ഈ വസ്ത്ര നിര്‍മാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.

മലയാളിയായ തോമസ് ഓലിക്കല്‍ നേതൃത്വം നൽകുന്ന കമ്പനി 2008 മുതല്‍ കണ്ണൂര്‍ കൂത്തുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിര്‍മിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ടീമും മരിയന്‍ അപ്പാരലിൽ ഉണ്ട്. പൂര്‍ണമായും എക്‌സ്‌പോര്‍ട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

കോടികളുടെ നഷ്ടം വരുമെങ്കിലും യുദ്ധത്തിൽ പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കമ്പനി ഇസ്രയേൽ പൊലീസിന് യൂണിഫോം നൽകുന്നില്ല എന്ന് തീരുമാനിച്ചത്. നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതർ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എന്നാല്‍ നിര്‍മ്മാണം നിര്‍ത്തി വച്ച വാര്‍ത്ത വന്നതോടെ  കമ്പനിക്കെതിരെ  ട്രോളുകളും വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂരില്‍ നിന്നുമുള്ള യൂണിഫോം കിട്ടാത്തതുകൊണ്ട് നാളെ മുതല്‍ തുണിയുടുക്കാതെ യുദ്ധത്തിന് പോകേണ്ടി വരുമല്ലോ എന്നോര്‍ത്ത് വിഷമിച്ചിരിക്കുകയാണ്  ഇസ്രയേലി പോലീസ് എന്ന് തുടങ്ങി 
കമ്പനി ഉടമയായ തോമസ് ചേട്ടാ, വല്ലവനും പറയുന്ന വ്യാജ വാര്‍ത്ത കേട്ടു നല്ലൊരു ബിസിനസ് കളഞ്ഞാല്‍ തനിക്കെ നഷ്ട്ടമുള്ളൂ.. കാത് കുത്തിയവൻ പോയാല്‍ കടുക്കനിട്ടവൻ വരും എന്ന് പറഞ്ഞപോലെ തന്റെ കമ്ബനി അല്ലെങ്കില്‍ വേറെ ഇന്റര്‍നാഷണല്‍ കമ്ബനി കിട്ടും ഇസ്രായേലിന്..

ബിസിനസ്സ് രാഷ്ട്രീയമായി കൂട്ടിക്കുഴയ്ക്കരുത് തുടങ്ങി നിരവധി ട്രോളുകൾ ഉയരുന്നുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക