first published in em-The Weekly: https://mag.emalayalee.com/weekly/oct-2023/#page=9
Read PDF: https://emalayalee.b-cdn.net/getPDFNews.php?pdf=301500_Biju%20Chacko.pdf
നാസോ കൗണ്ടിയിലെ ഡിസ്ട്രിക്ട് 13 ൽ നിന്ന് ലെജിസ്ലേറ്റർ സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരൻ മത്സരിക്കുന്നത് ഇതാദ്യമായാണ്.അതിനാൽ തന്നെ, പുതുചരിത്രം രചിക്കുന്ന നവംബർ 7 ലെ തിരഞ്ഞെടുപ്പ് ഏവരും ഉറ്റുനോക്കുകയാണ്. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബിജു ചാക്കോയുടെ സ്ഥാനാർത്ഥിത്വം ഏപ്രിൽ മാസത്തിൽ പ്രഖ്യാപിച്ചതുമുതൽ മലയാളികൾ ഒന്നടങ്കം ആവേശത്തിലാണ്. പ്രചാരണത്തിന് ഒരു മാസം പോലും തികച്ചില്ല. എതിർ സ്ഥാനാർഥി അമേരിക്കൻ വംശജനായതിനാൽ മത്സരത്തിന് കടുപ്പമേറും.ദക്ഷിണേഷ്യൻ സമൂഹത്തിന്റെ കൂട്ടായ പിന്തുണ മാറ്റങ്ങളുടെ കാഹളം മുഴക്കുമെന്ന് പ്രത്യാശിക്കാം. ഇലക്ഷന്റെ ചൂട് കനക്കുന്നതിന്റെ പിരിമുറുക്കത്തിനിടയിൽ ബിജു ചാക്കോ ഇ-മലയാളി വായനക്കാരോട് തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു...
താങ്കളുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ എന്തുതോന്നി?
സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന് വാർത്ത തികച്ചും അപ്രതീക്ഷിതമായിരുന്നു. കമ്മ്യൂണിറ്റി സർവീസിൽ പരിചയമുള്ളതുകൊണ്ട് ലെജിസ്ളേറ്ററുടെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ സാധിക്കുമെന്നും ഞാൻ പ്രതിനിധീകരിക്കുന്ന
ഡിസ്ട്രിക്ടിലെ ആളുകൾക്കുവേണ്ടി പ്രവർത്തിക്കാൻ കഴിയുമെന്നുമുള്ള ഉറപ്പുകൊണ്ടാണ് ഇത് ഏറ്റെടുത്തത്. ഏഷ്യൻ അമേരിക്കൻ അഫയേഴ്സിൽ കമ്മിറ്റി അംഗമായിരുന്നു.എന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ട് തന്നെയായിരിക്കും ഡെമോക്രാറ്റിക് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിക്കാൻ അവസരം സംജാതമായത്.ഇന്ത്യൻ
കമ്മ്യൂണിറ്റിയിലെ നേതാക്കളോടും അഭിപ്രായം ചോദിച്ചിരിക്കാം.
നാസോ കൗണ്ടിയിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ എങ്ങനെയാണ്?
21 വർഷങ്ങളായി നാസോ കൗണ്ടിയിൽ ജീവിക്കുന്നതുകൊണ്ട് ഇവിടത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തെക്കുറിച്ച് വ്യക്തമായി അറിയാം.കൗണ്ടിയിൽ ആകെ 19 ലെജിസ്ലേറ്റർമാരാണ് ഉള്ളത്.അതിൽ ഒരാളാകാൻ ഡിസ്ട്രിക്ട് 13 ൽ നിന്നാണ് മത്സരിക്കുന്നത്.ഏകദേശം 10000 വോട്ടർമാർ ഉള്ളതിൽ, റിപ്പബ്ലിക്കൻ പാർട്ടിയോടോ ഡെമോക്രാറ്റിക് പാർട്ടിയോടോ അനുഭാവം ഇല്ലാത്ത സ്വിങ് വോട്ടർമാരുടെ തീരുമാനം ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകും.പൊതുവെ മലയാളികൾ ഇത്തരം ലോക്കൽ ഇലക്ഷനെ ഗൗരവപൂർവ്വം സമീപിക്കാറില്ല.സത്യത്തിൽ, ലോക്കൽ ഗവൺമെന്റിൽ നമ്മുടെ കഴിവ് തെളിയിച്ചാൽ, ഫെഡറൽ
തലത്തിലേക്ക് കൂടുതൽ കാര്യക്ഷമമായി ഇറങ്ങിച്ചെല്ലാൻ സാധിക്കൂ.
കൗണ്ടിയിൽ അനിവാര്യമായ മാറ്റങ്ങൾ എന്തൊക്കെയാണ്?
ഞാൻ ഇപ്പോൾ താമസിക്കുന്ന കൗണ്ടിയിൽ ഇൻഫ്രാസ്ട്രക്ച്ചർ മെച്ചപ്പെടുത്തേണ്ടതുണ്ട്. റോഡുകളടക്കം മോശം അവസ്ഥയിലാണ്. പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ കാര്യമായ അഴിച്ചുപണി ആവശ്യമാണ്. പല ഫണ്ടുകളും പാഴായി പോകുന്ന പ്രവണതയാണ് കണ്ടുവരുന്നത്.അത് കൃത്യമായി നിരീക്ഷിച്ച്, ജനോപകാരപ്രദമായ പദ്ധതികൾക്ക് വിനിയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.ആഗോളതാപനം കാലാവസ്ഥയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.മഴ പെയ്യുമ്പോൾ വെള്ളക്കെട്ടുകൾ വലിയൊരു പ്രശ്നമായി മാറുന്നു. മലീനജലം നിർമ്മാർജനം ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ ഇതിന് പരിഹാരമാകും. ബൈപാർട്ടിസൻ ചർച്ച നടത്തി അതിനുവേണ്ടി ഫണ്ട് കണ്ടെത്തണം.
പ്രവർത്തനങ്ങളുടെ തുടക്കം?
മാർത്തോമാ സഭ അംഗമാണ് ഞാൻ. അതിന്റെ യുവജനസഖ്യത്തിൽ കൂടെയാണ് വളർന്നു വന്നത് . എന്നെ രൂപപ്പെടുത്തി എടുത്തതും യുവജന സഖ്യമാണ് . അങ്ങനെ വളർന്നു വന്നു ഭദ്രാസന ലെവലിൽ ട്രഷററായിട്ട് 3 വർഷം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു . ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മറ്റു സംഘടനാപ്രവർത്തനങ്ങൾ?
ഇന്ത്യൻ- അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോങ്ങ് ഐലൻഡ് (ലിംക) എന്ന സംഘടനയിലൂടെ 2015 ലാണ് സംഘടനാപ്രവർത്തനങ്ങളിൽ സജീവമായത്. പിന്നീട് വേൾഡ് മലയാളി കൗൺസിലിന്റെ ഭാഗമാവുകയും 2020- 2022 കാലയളവിൽ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുകയും ചെയ്തു.ഫോമയിലും സജീവമാണ്. ഏറ്റവും സന്തോഷത്തോടെ ചെയ്ത ഒരു കാര്യമാണ് ഫോമാ ഹെൽപിംഗ് ഹാൻഡ്‌സ് വഴിയുള്ള സേവനപ്രവർത്തനങ്ങൾ. കോവിഡ് സമയത്ത് വെന്റിലേറ്ററും ഓക്സിജൻ കോൺസൻട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങൾ നാട്ടിൽ എത്തിച്ചു. 2013 ൽ ഞാനും ഡോ. തോമസ് മാത്യു , സാബു ലൂക്കോസ്, സോളമൻ മാത്യു എന്നിവർചേർന്ന് രൂപം കൊടുത്ത എക്കോയുടെ കാരുണ്യ പ്രവർത്തനങ്ങളിലൂടെയും കുറെ പാഠങ്ങൾ പേടിച്ചു.. സോളമൻ രണ്ടു കൊല്ലം മുൻപ് ഹൃദയാഘാതം മൂലം നമ്മെവിട്ടുപോയി.പ്രളയസമയത്ത് ഈ ചാരിറ്റി സംഘടന ഏകദേശം 100,000 ഡോളർ ഒരൊറ്റ രാത്രി കൊണ്ട് സമാഹരിച്ചു . ഞങ്ങളുടെ തുടക്കം സാൻഡി ചുഴലിക്കാറ്റ് ദുരിതം വിതച്ചപ്പോഴായിരുന്നു. പിന്നീട് നേപ്പാൾ ഭൂകമ്പ സഹായനിധിയായി 30000 ഡോളർ സമാഹരിച്ചു . നേപ്പാളിൽ ഒരു പ്രൈമറി ഹെൽത്ത് കെയർ സെന്റർ പണിത് കൊടുക്കാൻ സാധിച്ചു .ഞങ്ങളുടെ ബ്രാൻഡ് അംബാസിഡറായി നാട്ടിൽ പ്രവർത്തിച്ചു വരുന്നത് ഫാ. ഡേവിസ് ചിറമ്മേലച്ചനാണ് . വിശപ്പിനെതിരായ അച്ചന്റെ പ്രൊജക്ടിൽ എക്കോ പങ്കാളിയാണ്. . ഞങ്ങൾ പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. തൃശൂർ ജില്ലയിലാണ് അത് തുടങ്ങി വച്ചത്. ഇപ്പോൾ ഏകദേശം 50 ഹോട്ടലുകളാണ് അതിൽ പങ്കാളികൾ. വിശക്കുന്നവർക്ക് അവിടെ ഭക്ഷണം കിട്ടും. ഗോപിനാഥ് മുതുകാടിന്റെ പ്രോജക്ടിനും 2 ലക്ഷം കൊടുത്തു.
ഇലക്ഷന്റെ ഒരുക്കങ്ങൾ?
ഒരേ പാർട്ടിയിൽ നിന്ന് രണ്ട് സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ പ്രൈമറി മത്സരം ഉണ്ടാകുമായിരുന്നു. ഞാൻ മാത്രമായതുകൊണ്ട് ഇത്തവണ പ്രൈമറി മത്സരം ഉണ്ടാകില്ല.അതിനാൽതന്നെ വലിയ ഫണ്ട് റെയ്‌സിംഗ് ആവശ്യമില്ല. കുറഞ്ഞ രീതിയിൽ കൂടുതൽ പേർക്ക് ഉപകാരമുള്ള കാര്യങ്ങൾ ചെയ്യാനാണ് എന്റെ ആഗ്രഹം.മൂന്നുനാലു മാസം മുൻപുതന്നെ ക്യാമ്പെയ്‌നിങ് തുടങ്ങിയിരുന്നു. ഇപ്പോഴാണ് തിരഞ്ഞെടുപ്പ് ചൂട് പിടിച്ചത്. ലോക്കൽ ഇലക്ഷനിൽ ഒക്ടോബറിലാണ് മിക്കവാറും പ്രചാരണം കൊഴുക്കാറുള്ളത്. വോളന്റിയർമാർ ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കുന്നുണ്ട്.മെയിൻസ്ട്രീം വോട്ടുകളും പ്രധാനമാണ്. അതുകൊണ്ടുതന്നെ അമേരിക്കൻസ് അടക്കം എല്ലാവരുടെയും വീടുവീടാന്തരം കയറിയിറങ്ങി വോട്ടുചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നുണ്ട്.
ലെജിസ്ളേറ്റർക്ക് ആവശ്യമായ എന്തൊക്കെ ഗുണഗുണങ്ങൾ താങ്കളിൽ ഉണ്ടെന്ന് സ്വയം വിലയിരുത്തുന്നു?
കൗണ്ടിയിലെ ബിൽ പാസാക്കുക എന്നുള്ളത് ലെജിസ്ളേറ്ററുടെ ഉത്തരവാദിത്തമാണ്. ഒരു നിയമം നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടയിൽ അതിന്റെ വരുംവരായ്കകൾ മുൻകൂട്ടി കാണാനുള്ള ദീർഘവീക്ഷണവും ഏത് വിഷയത്തെക്കുറിച്ചുമുള്ള പ്രാഥമിക പരിജ്ഞാനവും ആവശ്യമാണ്. പാർട്ടിയുടേയോ വർണ്ണവർഗ്ഗങ്ങളുടെയോ വ്യത്യാസമില്ലാതെ നമ്മൾ പ്രതിനിധീകരിക്കുന്ന ഡിസ്ട്രിക്ടിലെ ഓരോ വ്യക്തിയെയും തുല്യരായി കാണുകയും താഴെത്തട്ടിലുള്ളവർക്കുപോലും നിയമങ്ങൾ ഗുണകരമാകുന്ന തരത്തിൽ പ്രവർത്തിക്കാനും സാധിക്കണം.ചാരിറ്റിയുടെ ബന്ധപ്പെട്ട എന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുള്ള അനുമോദനങ്ങൾവച്ച് ഈ ഗുണഗണങ്ങൾ എനിക്ക് ഉണ്ടെന്നാണ് വിശ്വാസം.എബ്രഹാം ലിങ്കൺ,റൊണാൾഡ് റീഗൻ, മാർട്ടിൻ ലൂഥർ കിംഗ് തുടങ്ങിയ പൂർവ്വകാലസൂരികൾ തെളിച്ച പാതയിലൂടെ ജനങ്ങൾക്കുവേണ്ടി സേവനതല്പരതയോടെ നിലകൊള്ളണമെന്നാണ് ആഗ്രഹം.
തിരഞ്ഞെടുപ്പിലെ പ്രതീക്ഷ?
കഴിഞ്ഞ പത്തുവർഷത്തിനിടെ ഡിസ്ട്രിക്ട് 13 ലേക്ക് കുടിയേറി പാർക്കുന്ന ദക്ഷിണേഷ്യൻ സമൂഹത്തിന്റെ എണ്ണം കാര്യമായി വർദ്ധിച്ചിട്ടുണ്ട്. ചൈനീസ്,ഫിലിപ്പീൻസ്,കൊറിയൻസ് എല്ലാവരുടെയും എണ്ണം കൂടി. അതുപോലെ പാകിസ്ഥാനികളും ബംഗ്ലാദേശികളും ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും കൂടി. ഇതെല്ലാം, ഇലക്ഷനിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. വിജയിക്കുകയാണെങ്കിൽ, നാസോ കൗണ്ടിയിലെ തന്നെ ആദ്യ ഇന്ത്യക്കാരന്റെ വിജയമെന്ന ചരിത്രം പിറക്കും.
വിജയിച്ചാൽ?
കഴിഞ്ഞ 35 കൊല്ലമായിട്ട് റെസ്‌പിറേറ്ററി തെറാപ്പിസ്റ്റ് ആണ്. ഹെൽത്ത് കെയർ രംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ആളുകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്ന പദ്ധതികൾ നടപ്പാക്കാനായിരിക്കും എന്റെ മുൻഗണന. സാധാരണക്കാരുടെ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണ്. ഡിസ്ട്രിക്റ്റിൽ കസീനോ തുടങ്ങാനുള്ള നിയമത്തെ ഞാൻ നഖശിഖാന്തം എതിർക്കും. അതിലൂടെ അയ്യായിരത്തോളം പേർക്ക് ഉണ്ടായേക്കാവുന്ന തൊഴിലവസരങ്ങൾ മുൻനിർത്തി എതിർഭാഗം വാദിച്ചേക്കാം. എന്നാൽ, അതിനുപകരം ഒരു ഹൈടെക്ക് ബയോ ഫാം കൊണ്ടുവരണമെന്ന പ്രൊപ്പോസലാണ് ഞാൻ മുൻപോട്ടുവയ്ക്കാൻ ഉദ്ദേശിക്കുന്നത്. ഗവേഷണകേന്ദ്രങ്ങൾ വന്നാലും ഒരുപാടുപേർക്ക് ജോലി ലഭിക്കുമല്ലോ. മാത്രമല്ല, പുതിയ മരുന്നുകളും വാക്സിനുകളും വികസിപ്പിക്കാനും അതിലൂടെ കഴിയും. കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ ഇന്ന് വലിയൊരു ആശങ്കയായി മാറിയിരിക്കുകയാണ്. തിരക്കുകൾ മൂലം അവരുടെ സ്വഭാവ വൈകാല്യങ്ങൾ പലപ്പോഴും മാതാപിതാക്കൾ തിരിച്ചറിയുന്നില്ല. സ്‌കൂളിൽ എത്തുന്നതോടെ അദ്ധ്യാപകരാണ് ഇക്കാര്യം ശ്രദ്ധിക്കുന്നത്.മുൻപേ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ ഒരുപാട് കുട്ടികളെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ കഴിയും. സ്‌കൂളിൽ ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്താനും തെറാപ്പി പോലുള്ള കാര്യങ്ങളിൽ അദ്ധ്യാപകരെ പരിശീലിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. സീനിയർ സിറ്റിസൺസ് നേരിടുന്ന സൈബർ ആക്രമണങ്ങൾ പരിഹരിക്കാനും ശ്രമിക്കും.പ്രായമായവർക്ക് ക്രെഡിറ്റ് കാർഡും മറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ അറിവില്ലായ്മ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ അവരെ ബോധവൽക്കരിക്കാനും അറിവ് പകർന്നുകൊടുക്കാനുമുള്ള പദ്ധതികൾ കൊണ്ടുവരും. ഒറ്റപ്പെട്ടു പോയി എന്ന തോന്നലിൽ നിന്ന് വയോജനങ്ങളെ മോചിപ്പിക്കേണ്ടതും പ്രാധാന്യമർഹിക്കുന്ന വിഷയമായി കാണുന്നു. മെഡികെയർ,മെഡിക് - എയ്ഡ് പോലുള്ള ഇൻഷുറൻസാണ് ഇവിടെ പ്രായമായവർക്കുള്ളത്.കയ്യിൽ നിന്ന് പണം എടുത്താൽ മാത്രമേ ചില സേവനങ്ങൾ ഇൻഷുറൻസ് ഉണ്ടെങ്കിൽപോലും ലഭിക്കുന്നുള്ളൂ. മരുന്നിന്റെയും ചികിത്സയുടെയും ചിലവ് കുറച്ച്, വാർദ്ധക്യത്തിൽ നേരിടുന്ന ഭാരം കുറച്ചുകൊടുക്കാൻ എന്നാൽ കഴിവത് ചെയ്യും.
കൗണ്ടിയിലെ മലയാളി സമൂഹത്തോട് പറയാനുള്ളത്?
നവംബർ ഏഴിന് വോട്ട് ചെയ്യണം എന്നാണ് മലയാളി സമൂഹത്തോട് പറയാനുള്ളത്. പരിചയക്കാരോട് ദക്ഷിണേഷ്യൻ പ്രതിനിധി വന്നാലുള്ള മെച്ചം പറഞ്ഞുമനസിലാക്കാൻ ശ്രമിക്കണം. മാധ്യമങ്ങൾക്കും അതിലൊരു പങ്ക് വഹിക്കാനാകും.പാർട്ടി ഒന്നും നോക്കാതെ നമ്മളിലൊരാൾ എന്ന് ചിന്തിക്കേണ്ട സമയമാണ്.ഇപ്പോഴും ഇങ്ങനൊരു അവസരം വന്നുചേരണമെന്നില്ല.കഴിഞ്ഞ വർഷങ്ങളിൽ മറ്റു പാർട്ടികൾ ഭരിച്ചപ്പോൾ കാര്യമായ നേട്ടം കൗണ്ടിയിൽ വന്നിട്ടില്ലെന്നതും ഓർക്കണം.
കുടുംബം?
ഭാര്യ സായു നഴ്സാണ്. രണ്ടു പെൺകുട്ടികൾ- നെഫിയാ , ജെയ്‌സി . രണ്ടു പേരും പഠിക്കുന്നു. കുടുംബം നൽകുന്ന പിന്തുണ കൊണ്ടാണ് സാമൂഹിക പ്രവർത്തനങ്ങൾ സുഗമമായി പോകുന്നത്.