Image

വിജയ ദശമി നാളിലെ മംഗളകർമ്മം : റോസ് മേരി

Published on 31 October, 2023
വിജയ ദശമി നാളിലെ മംഗളകർമ്മം : റോസ് മേരി

പൈതങ്ങളുടെ ആദ്യാക്ഷരം കുറിക്കൽ. മലയാള മനോരമ അങ്കണത്തിൽ എല്ലാ വിജയദശമി നാളിലും നടക്കുന്ന മംഗള കർമം.

ഞാൻ ഔത്സു ഖ്യത്തോടെകാത്തിരിക്കുന്ന സുദിനം.. കുരുത്തോലവിതാനങ്ങളാലും ദീപക്കാഴ്ചകളാലും ചേതോഹരമായ വേദിയും പരിസരവും.

വൈവിദ്ധ്യമാർന്ന മേഖലകളിൽവിരാജിക്കുന്ന ഗുരുക്കന്മാർ.. ആകാംക്ഷയും പരിഭ്രമവും കലർന്ന മിഴികളുമായ് ചെറിയ കുഞ്ഞുങ്ങൾ. അതിരാവിലെ കുളിച്ചു കുറി തൊട്ടു കോടി ഉടുപ്പുമണിഞ്ഞെത്തിയ കൊച്ചു പൂമ്പാറ്റകൾ.

ഒപ്പം അച്ഛനമ്മമാരും മുത്തശ്ശന്മാരുംമുത്തശ്ശിമാരും അടങ്ങുന്ന ചെറുസംഘങ്ങളുമുണ്ടാവും.. തളികയിൽ വിരിച്ച അരിമണികൾ. അതിന്മേൽ കൊച്ചു ചൂണ്ടു വിരൽ കൊണ്ട് കുറിപ്പിക്കുന്ന ആദ്യാക്ഷരം! നല്ലതു വരണേ, നേർവഴിക്കു നയിക്കണെ എന്നു കാതിൽ ഓതിക്കൊടുക്കുമ്പോൾ അതേറ്റു പറയുന്ന വിറയാർന്ന അരുമ ചൊടികൾ...

മനസ്സിലന്നേരം കരകവിഞ്ഞൊഴുകുന്ന വാത്സല്യം.. അപ്പോഴൊക്കെയും മനസ്സ് വിദൂര ദിനങ്ങളിലേക്ക് മടക്ക യാത്ര നടത്തും.
 

പൈതലായിരിക്കെ ഞാനും ഇതേ പോലെ മണലിൽ അക്ഷരം എഴുതിപ്പഠിച്ചിരുന്നു.. ഓല മേഞ്ഞ കളരി. പൂഴി മണലിൽനിരന്നിരിക്കുന്ന കുട്ടികളുടെ പട.
ഒരു പലകമേൽ ഉപവിഷ്ടനായആശാൻ. കയ്യിൽ നാരായവും ഓലക്കെട്ടും. ആൾ അതീവ വൃദ്ധൻ. പരമ സ്വാത്വികൻ. നെഞ്ഞ ത്തും നെറ്റിയിലുംസമൃദ്ധമായ് വാരിയണിഞ്ഞ ഭസ്മം.ആശാനേ ചൂഴ്ന്ന് ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും സമ്മിശ്ര സുഖദഗന്ധം..

വാക്കുകളുടെ ഉച്ചാ രണം ലേശംതെറ്റിയാലോ അക്ഷര ങ്ങളുടെവടിവിനു ചന്തം കുറഞ്ഞാലോ ആ മൂക്കിൻ തുമ്പു ചുവക്കും. പുരികക്കൊടികൾ വളയും.. പക്ഷേ ആശാൻ പാവമായിരുന്നു. പ്രഹരം തീരെ പതിവില്ല. ഇടക്കുന്നം ആശാൻ എന്നായിരുന്നു വിളിപ്പേര്.
         
ഓലപ്പഴുതിലൂടെ ചോർന്നു വീണ് ചുറ്റിനും വീണു കിടന്നിളകുന്ന വെയിൽനാണയങ്ങളും, ആശാനേ ചൂഴ്ന്നു നിൽക്കുന്ന നേർത്ത നറു ഗന്ധവും പയ്യാനി മരക്കൊമ്പിൽ നിന്നുയരുന്നകാക്കയുടെ കാകാ നാദവും ഇപ്പോഴും മനസ്സിലുണ്ട്... 

"പുറം കണ്ണു തുറപ്പിപ്പൂ
പുലർവേളയിലംശു മാൻ
അകക്കണ്ണു തുറപ്പിപ്പാ ൻ
ആശാൻ ബാല്യത്തിലെത്തണം"പണ്ടു പണ്ടേ പരിചിതമായ വരികൾ.

കുഞ്ഞുങ്ങളുടെ പ്രജ്ഞയിൽ ആദ്യാക്ഷരത്തിന്റെ ചെറിയ  നെയ്‌വിളക്ക് കൊളുത്തി വെക്കുന്ന ആ നിമിഷം തികച്ചും ഔന്നത്യമാർന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. ആ പാവന നിയോഗത്തിന്എന്നെയും  ഇടയാക്കിയ ഈശ്വരന് നന്ദിപറയട്ടെ..
          
ജീവിതയാത്രയിൽ പാത വിളക്കായ് പ്രകാശം പരത്തി നിന്ന എന്റെ ഗുരു നാഥന്മാരെ ഓരോരുത്തരെയും ഞാൻ ഓർത്തുപോവുന്നു.. വിദൂരതയിൽ നിന്നും എൻ വിനീത പ്രണാമം പ്രിയപ്പെട്ടവരേ!

വിജയ ദശമി നാളിലെ മംഗളകർമ്മം : റോസ് മേരി
വിജയ ദശമി നാളിലെ മംഗളകർമ്മം : റോസ് മേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക