Image

ജാതി ചോദിക്കൊലാ സാേദരാ! (കവിത: വേണുനമ്പ്യാർ)

Published on 16 November, 2023
ജാതി ചോദിക്കൊലാ സാേദരാ! (കവിത: വേണുനമ്പ്യാർ)

ക്വോട്ടയല്ല ഔഷധം
ഒട്ടിയ വയറിൽ ഒരു പിടി വറ്റ്
തലയ്ക്ക് മീതെ 
ശൂന്യാകാശം മാത്രമുള്ളവന് ഒരൂ കൂര
ദാഹിപ്പവന് ഒരു മൊന്ത തണ്ണീർ

മുഖ്യം ജാതിയല്ല - വർഗ്ഗം!
മനുഷ്യവർഗ്ഗം!!
അതിൽ കീഴാളനും
മേലാളനും കാണും
ഉള്ളവനും ഇല്ലാത്തവനും കാണും
ഉള്ളവനും ഇല്ലാത്തവനും
തമ്മിലുള്ള അന്തരം കുറയ്ക്കുക 
എന്നതാകട്ടെ മുഖ്യം

റെയിൽവെ യാത്രയിൽ
റിസർവേഷന് ആരും എതിരല്ല
സിനിമ തിയേറ്ററിൽ
റിസർവേഷന് ആരും എതിരല്ല
വരേണ്യവർഗ്ഗത്തിന്റെ ക്ലബ്ബുകളിൽ
റിസർവേഷന് ആരും എതിരല്ല
പക്ഷെ ജീവിതയാത്രയിൽ
മെറിറ്റാകട്ടെ മുഖ്യം

ദോശക്കെന്ത് ജാതി
കട്ടൻ ചായക്കെന്ത് ജാതി
രക്തത്തിനെന്ത് ജാതി

അരുവിപുറത്തെ 
യതിവര്യൻ അരുളി:

ജാതി ചോദിക്കരുത് 
ചിന്തിക്കരുത്
പറയരുത്

ജാതിയുടെ അതിർവരമ്പുകൾ നല്ലതാ
അവ ഇടിച്ചു നിരപ്പാക്കി
വിശാല മാനവിക ഐക്യത്തിലേക്ക്
എത്തപ്പെടാനാകുമെങ്കിൽ

അതിർവരമ്പുകൾ കാത്തു സൂക്ഷിക്കണമെന്ന നയശാഠ്യമുള്ള രാഷ്ട്രീയക്കാരിൽ പലരും ക്ഷുദ്രഹൃദയരായ 
കോമാളികളാണെന്ന് കാണാം

അവർ സാദ്ധ്യതകളുടെ
കല തേടുന്നു കാല് മാറിക്കൊണ്ട്!
അവർ കലവറ
നിറയ്ക്കുന്നു രാഷ്ടത്തിന്റെയല്ല
സ്വന്തം കുടുംബത്തിന്റെ!

സർഗ്ഗാത്മകമായി ചിന്തിക്കാനൊ
നിലനിൽപ്പിന്റെ പ്രശ്നങ്ങൾക്ക്
മികവോടെ പരിഹാരം കാണാനൊ
കഴിയാത്ത അവരുടെ തലച്ചോർ
ചക്കിലിട്ട് ആട്ടിയെടുത്താൽ
തെങ്ങിനു നല്ല വളമായിരിക്കും

അരുവിപുറത്തെ 
യതിവരര്യൻ പാടി:

ഒരു ജാതി ഒരു മതം ഒരു ദൈവം
മനുഷന്!

ജനഗണമന മറന്ന് നാട്ടിൽ
ജാതി ഗണനയ്ക്കായി
കക്ഷികൾ ചിലർ
കച്ച മുറുക്കുന്നുണ്ട്
പതിതന്റെ നിസ്വന്റെ 
ദു:ഖിതന്റെ ക്ഷേമത്തിലല്ല,
ബഹുജനഹിതത്തിലല്ല
വോട്ട് ബാങ്കിലാണ് നോട്ടം
കാലം ഉണക്കിത്തുടങ്ങിയ
പുണ്ണിൽ വീണ്ടും കോലിട്ടു കുത്തി
ദുർഗന്ധം പരത്തിക്കണം.
അവരുടെ ദുഷ്ടലാക്ക് മറ്റൊന്നുമല്ല

അധികാരം കിട്ടേണ്ട താമസം
കട്ടു മുടിപ്പാനിറങ്ങുന്നവർ 
വീണ്ടും സിംഹാസനത്തഴമ്പേറ്റാൻ
പയറ്റുകയല്ലേ അടവുകൾ പണ്ടത്തെ;
നിറയ്ക്കുകയല്ലേ 
പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്!

രണ്ട് വർഗ്ഗമുണ്ടുലകിൽ
പണക്കാരനും പണിക്കാരനും
മുതലാളിയും തൊഴിലാളിയും -
വിശ്വാസമീയാശയത്തിലർപ്പിച്ചോരും
ഇറങ്ങുമത്രെ നാട്ടിൽ ജാതി
ചോദിപ്പാനായി ജാതിക്കണക്കെടുപ്പാനായി
ശിവ ശിവ ലാൽസലാം!

കാൻസറിനെക്കാൾ പെരിയ
വ്യാധിയാണധികാരപ്രമത്തത

ആ രോഗം ഞരമ്പിൽ
കൊണ്ടു നടക്കുന്നവരാണ്
നാട്ടിന്നാപത്ത്
ദരിദ്രനാരായണസേവയുടെ നാമത്തിൽ
അവർ പോക്കറ്റടിക്കും ദരിദ്രന്റെ!

നന്നായി ചിന്തിക്കുവിൻ സഹജരേ!
അന്ധകാരത്തിൽ ചെയ്തോരബദ്ധങ്ങ,ളവ
യാവർത്തിക്കേണമൊ
വെളിച്ചത്തിലു,മതൊ
കാലാനുസൃതം മാറ്റിയെടുക്കേണമൊ
ബഹുജനഹിതാനുസാരിയായി?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക