Image

ജനങ്ങളെ വഞ്ചിച്ച യുഎസ് ഹൗസ് അംഗം  ജോർജ് സാന്റോസിനെ പുറത്താക്കി

Published on 02 December, 2023
ജനങ്ങളെ വഞ്ചിച്ച യുഎസ് ഹൗസ് അംഗം  ജോർജ് സാന്റോസിനെ പുറത്താക്കി

ന്യൂ യോർക്ക് ലോംഗ് ഐലൻഡിൽ നിന്നുള്ള യുഎസ് ഹൗസിലെ റിപ്പബ്ലിക്കൻ അംഗം  ജോർജ് സാന്റോസിനെ (35) പുറത്താക്കാൻ സഭ വോട്ട് ചെയ്‌തു. ജനങ്ങളെ വഞ്ചിച്ച നടപടികളുടെ പേരിൽ സാന്റോസിനെതിരെ നടപടി എടുക്കാൻ സഭയുടെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. 

 റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സഭയിൽ 311-114 വോട്ടിനാണ് നടപടി ഉണ്ടായത്. 105 റിപ്പബ്ലിക്കൻ അംഗങ്ങൾ അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തു. ഡെമോക്രാറ്റിക് പക്ഷത്തു നിന്ന് ഏഴു പേരൊഴികെ മറ്റെല്ലാവരും സാന്റോസിനെതിരെ വിധിയെഴുതി. അതിൽ രണ്ടു പേർ പ്രമേയത്തെ എതിർക്കുകയും ചെയ്തു. മുൻ സ്പീക്കർ കെവിൻ മക്കാർത്തി (റിപ്പബ്ലിക്കൻ-കലിഫോർണിയ) ഉൾപ്പെടെ എട്ടു പേർ വോട്ട് ചെയ്തില്ല. 
 
ആറാമത്തെ തവണയാണ് യുഎസ് അധോസഭ ഒരംഗത്തെ പുറത്താക്കുന്നത്. വ്യക്തിപരവും തൊഴിൽ സംബന്ധമായും സാന്റോസ് പ്രചരിപ്പിച്ച നുണകൾ അദ്ദേഹത്തിനു വോട്ട് ചെയ്ത ജനങ്ങളോടുള്ള വഞ്ചനയാണെന്നു കമ്മിറ്റി കണ്ടെത്തിയിരുന്നു. പ്രചാരണത്തിനു പണം നൽകിയവരെയും സാന്റോസ് വഞ്ചിച്ചു. 

സാന്റോസിനെതിരെയുള്ള  23  ഫെഡറൽ കുറ്റപത്രങ്ങൾ സഭ ചർച്ച ചെയ്തു. തന്റെ ഹ്രസ്വ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഹോളോകോസ്റ്റ്, സെപ്തംബർ 11, ഒർലാൻഡോയിലെ പൾസ് നിശാക്ലബ് വെടിവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ടുവെന്നു അവകാശപ്പെട്ട  സാന്റോസ്, ഒരു ഫെഡറൽ കുറ്റകൃത്യത്തിന് ആദ്യം ശിക്ഷിക്കപ്പെടാതെയോ കോൺഫെഡറസിയെ പിന്തുണയ്ക്കാതെയോ പുറത്താക്കപ്പെടുന്ന ആദ്യത്തെ ജനപ്രതിനിധിയാണ്. 

സ്പീക്കർ മൈക്ക് ജോൺസനും  മറ്റ് റിപ്പബ്ലിക്കൻ നേതാക്കളും പ്രമേയത്തെ എതിർത്തു. സ്വന്തം മണ്ഡലങ്ങളിലെ പ്രതികരണത്തിലുള്ള ആശങ്കയാണ് കാരണമെന്നു കരുതപ്പെടുന്നു. ഡമോക്രാറ്റുകൾ നേട്ടമുണ്ടാക്കും എന്ന ഭയവും. 

"മനസ്സാക്ഷി അനുസരിച്ചു വോട്ട് ചെയ്യൂ" എന്ന് ജോൺസൺ പറഞ്ഞിട്ടും 105 റിപ്പബ്ലിക്കൻ അംഗങ്ങൾ സാന്റോസിനെ നീക്കാൻ വോട്ട് ചെയ്തത് സ്‌പീക്കർക്കുള്ള അവരുടെ താക്കീതായും വ്യാഖ്യാനിക്കപ്പെടുന്നു.  
 
നടപടി ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കലിനെ അറിയിക്കുമെന്നു ജോൺസൺ പറഞ്ഞു. പുറത്താക്കൽ പ്രഖ്യാപിക്കേണ്ടത് ഗവർണറാണ്. 10 ദിവസത്തിനകം ഒഴിവു നികത്താൻ പ്രത്യേക തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. 90 ദിവസത്തിനകം പുതിയ അംഗം ഉണ്ടാവണം, 
 
താൻ തയാറാണെന്നു ഹോക്കൽ പറഞ്ഞു. 


US House votes to expel Santos 
 
 

 

Join WhatsApp News
Self Serving 2023-12-02 03:42:59
The present ruling government in Kerala should also be expelled as they are corrupt and self serving.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക