Image

നീന ഈപ്പന്‍ ഫൊക്കാന 2024-26 നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 19 December, 2023
 നീന ഈപ്പന്‍ ഫൊക്കാന 2024-26 നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നു

വാഷിംഗ്ടണ്‍: നേതൃത്വ പാടവവും, പ്രവര്‍ത്തനപരിചയവുമുള്ള സംഘടനാ പ്രവര്‍ത്തകര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും  പ്രവര്‍ത്തിക്കാനുമുള്ള വേദിയായ ഫൊക്കാനയെന്ന  ജനകീയ പ്രസ്ഥാനത്തിലേക്ക് ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടി എത്തുന്നു. കൈരളി ഓഫ് ബാള്‍ട്ടിമോര്‍, മലയാളി അസ്സോസിയേഷന്‍ ഓഫ് മെരിലാന്‍ഡ് തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള, വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള നീന ഈപ്പനാണ് ഫൊക്കാനയുടെ 2024-26 കാലയളവിലേക്കുള്ള നാഷണല്‍ കമ്മിറ്റി മെമ്പറായി മത്സരിക്കുന്നത്.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നീന ഈപ്പന്‍, കൈരളി ഓഫ് ബാള്‍ട്ടിമോര്‍ ചാരിറ്റി ബോര്‍ഡ് അംഗമാണ്. 2024 ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന നീനയുടെ സ്ഥാനലബ്ധി തന്നെ അവര്‍ ഈ രംഗത്ത് ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകയാണെന്നതിന്റെ തെളിവാണെന്ന് 2024-26-ലെ  ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി പറഞ്ഞു.  

ജനങ്ങളുമായി അടുത്തിടപഴകാനും, അവരുമായി ആശയ വിനിമയം നടത്തുവാനും, വിവിധ പരിപാടികള്‍ സംഘടിപ്പിക്കുവാനുമുള്ള നീനയുടെ കഴിവ് പ്രശംസനീയമാണെന്ന് കല ഷഹി പറഞ്ഞു. പാചക ക്ലാസുകളിലൂടെയും ശ്രദ്ധേയയാണ് നീന. കോവിഡ്-19 വ്യാപന കാലത്ത് കേരളത്തിനു വേണ്ടി നടത്തിയ ധന സമാഹരണ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായിരുന്നു നീന. കോവിഡ് ലാബ് നിര്‍മ്മാണത്തില്‍ സഹായിക്കുകയും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മരുന്ന് വാങ്ങുവാനുള്ള സഹായം നല്‍കുന്നതിനുമായി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാനും നീന മുന്‍പന്തിയിലുണ്ടായിരുന്നു.

കേരളത്തിലെ 250 കുടുംബങ്ങള്‍ക്ക് ഓണം, ക്രിസ്തുമസ് സമയങ്ങളില്‍ കിറ്റുകള്‍ നല്‍കാനും, നിര്‍ദ്ധനരായ രണ്ട് കുടുംബള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനും നീന സജീവമായി പ്രവര്‍ത്തിച്ചു. 2023 നവംബറില്‍ ആ വീടുകളുടെ താക്കോല്‍ ദാനവും നിര്‍വ്വഹിച്ചു. 'കൈരളി ഭവന്‍' എന്ന പേരിലാണ് ആ വീടുകള്‍ അറിയപ്പെടുന്നത്. കൂടാതെ, പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന ഒരു സ്ത്രീയ്ക്ക് സ്‌കൂട്ടര്‍ വാങ്ങാനുള്ള ധനസമാഹരണത്തിലും നീന നേതൃത്വം നല്‍കി.  കോവിഡ് ബാധിച്ച് മരിച്ച ഒരു ഗൃഹനാഥന്റെ കുടുംബത്തിലെ നാല് മക്കളുടെ വിദ്യാഭ്യാസ ചിലവുകള്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്തുക എന്നതുള്‍പ്പടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് നീന ഈപ്പന്‍ നേതൃത്വം നല്‍കുന്നത്.

ആയിരത്തിലധികം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സംഘടകളില്‍ ഒന്നായ ദക്ഷിണേന്ത്യന്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ചര്‍ച്ചിന്റെ ഫാമിലി മിനിസ്ട്രികളുടെ കോ- ചെയര്‍പേഴ്‌സണ്‍ കൂടിയാണ് നീന ഈപ്പന്‍. എംആര്‍എന്‍എ വാക്സിനുകളെക്കുറിച്ചുള്ള അവതരണങ്ങള്‍ ഓണ്‍ലൈനിലും നേരിട്ടും നടത്തി ശ്രദ്ധ നേടിയ നീന ഈപ്പന്‍ പ്രമേഹം, ഗാര്‍ഹിക പീഡനം സംബന്ധിച്ച കേസ് വിഷയങ്ങളില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട ഓണ്‍ലൈനിലും നേരിട്ടും സെമിനാറുകള്‍ സംഘടിപ്പിക്കുകയും, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി  കോളേജ് പഠനത്തിന് തയ്യാറെടുപ്പ് സെമിനാറുകള്‍, റിട്ടയര്‍മെന്റ് പ്ലാനിംഗ്, സോഷ്യല്‍ സെക്യൂരിറ്റി, ഇന്‍ഷ്വറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനങ്ങള്‍ തുടങ്ങി റിട്ടയര്‍മെന്റ് സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

മെരിലാന്‍ഡ് റെസ്‌പോണ്ട്‌സ് മെഡിക്കല്‍ റിസര്‍വ് കോര്‍പ്‌സ് വോളണ്ടിയര്‍ (എംആര്‍സി), ഹോവാര്‍ഡ് കൗണ്ടിക്ക് വേണ്ടി മെരിലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത്, മെരിലാന്‍ഡ് സ്റ്റേറ്റ്വൈഡ് പ്രിവന്‍ഷന്‍ ആന്‍ഡ് റിഡക്ഷന്‍ കൊളാബറേറ്റീവിന്റെ (SPARC) സജീവ അംഗം, അണുബാധ തടയുന്നതിനും ആന്റിബയോട്ടിക് സ്റ്റീവാര്‍ഡ്ഷിപ്പുമായി ബന്ധപ്പെട്ട മെരിലാന്‍ഡ് ആശുപത്രികളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി പൊതുജനാരോഗ്യത്തെയും അക്കാദമികളെയും ഉള്‍പ്പെടുത്തുന്ന സംസ്ഥാനവ്യാപകമായ ഗുണനിലവാര മെച്ചപ്പെടുത്തല്‍ പദ്ധതി എന്നിവയുമായെല്ലാം തന്റെ പ്രവര്‍ത്തനങ്ങളെ ബന്ധപ്പെടുത്തുന്ന നീന ഈപ്പനെ പോലെ ഒരാളെ ഫൊക്കാനയുടെ നേതൃത്വത്തിലേക്ക് ലഭിക്കുന്നത് അഭിമാനകരമാണ്.

ഡോ. ബാബു സ്റ്റീഫന്‍, ഡോ. കല ഷഹി എന്നിവരുടെ നേതൃത്വത്തില്‍ ഫൊക്കാന അതിന്റെ വികസന പന്ഥാവില്‍ ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. ഇപ്പോഴത്തെ നേതൃത്വം നടപ്പില്‍ വരുത്തുന്ന എല്ലാ പദ്ധതികളും അമേരിക്കയിലും, കേരളത്തിലും സംഘടനയ്ക്ക് പേരും പെരുമയും ഉണ്ടാക്കിയതായി നീന ഈപ്പന്‍ പറഞ്ഞു. ഡോ. കല ഷഹിയുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി ഈ പദ്ധതികള്‍ തുടരുവാന്‍ തക്കമായ സാഹചര്യങ്ങള്‍ ഉണ്ടാകുവാന്‍ സാധിക്കട്ടെ എന്നും, ഫൊക്കാനയുടെ നിലവിലെ പ്രവര്‍ത്തന ശൈലി അമേരിക്കന്‍ സംഘടനാ പ്രവര്‍ത്തന രംഗത്തിന് വലിയ മാതൃകയാണെന്നും, അവരുടെ ടീമില്‍ ഒരംഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അഭിമാനമായി കരുതുന്നു എന്നും നീന ഈപ്പന്‍ പറഞ്ഞു.

നീന ഈപ്പനെ പോലെയുള്ള സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യം ഫൊക്കാനയ്ക്ക് എക്കാലവും കരുത്തും ഊര്‍ജ്ജവും നല്‍കുമെന്ന് 2024-26-ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക