ദമ്മാം: പ്രശസ്ത സംഗീത സംവിധായകന്‍ കെ.ജെ.ജോയിയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌ക്കാരികവേദി കലാവേദി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കാലത്തിനും വളരെ മുമ്പേ നടന്നവയായിരുന്നു കെ.ജെ ജോയിയുടെ പല പാട്ടുകളും. മുറപ്രകാരം താന്‍ പഠിച്ചിട്ടില്ലാത്ത ഹിന്ദുസ്ഥാനി, ഗസല്‍, കവ്വാലി, വെസ്റ്റേണ്‍ ക്ലാസ്സിക്കല്‍, ജാസ്, കോറല്‍ മ്യൂസിക്, കര്‍ണാട്ടിക് എന്നിവയുടെ ചേര്‍ക്കലിലൂടെ അന്തംവിട്ട ചില പുതിയ ആശയങ്ങളാണ് ജോയ് മുന്നോട്ട് വെച്ചത്. അവയിലൂടെയാണ് മലയാള സിനിമാ സംഗീതത്തിന്റെ മുഖഛായ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതും.
ഒന്നാന്തരം ഉപകരണ സംഗീതജ്ഞനായിരുന്ന ജോയ് ഏതെങ്കിലും ഒരു പ്രത്യേക സംഗീത ശൈലിയുടെ പിന്നാലെ പോകാതെ എല്ലാ ശൈലികളിലുമുള്ള നല്ല വശങ്ങള്‍ എടുത്ത് തന്റേതായ ഒരു സംഗീതം ഉണ്ടാക്കുകയായിരുന്നു. എം. എസ്. വിശ്വനാഥന്‍, സലില്‍ ചൗധരി, മദന്‍മോഹന്‍, ആര്‍. ഡി. ബര്‍മന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, കല്യാണ്‍ജി ആനന്ദ്ജി, ബാബുരാജ്, ദേവരാജന്‍, കെ. വി. മഹാദേവന്‍, പുകഴേന്തി, നൗഷാദ്, ബപ്പി ലഹിരി എന്നിവരോടൊപ്പമെല്ലാം എത്രയോ പാട്ടുകളിലും സിനിമകളുടെ പശ്ചാത്തല സംഗീതത്തിലും അക്കോര്‍ഡിയന്‍, സിന്തസൈസര്‍, ഇലക്ട്രോണിക് കീ ബോര്‍ഡ് എന്നിവ വായിച്ചിട്ടുള്ള ജോയ്, ഇവരുടെയെല്ലാം സംഗീതത്തിലുള്ള മികച്ച അംശങ്ങള്‍ തന്റെ പാട്ടുകളില്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.അക്കോര്‍ഡിയന്‍, വയലിന്‍ ഗണം, ഓടക്കുഴല്‍, ഇലക്ട്രോണിക് സംഗീതം, ഡ്രംസ് ഇവയൊക്കെ മറ്റാരും പ്രയോഗിക്കാത്ത ശൈലിയിലാണ് ജോയ് പ്രയോഗിച്ചത്. അതിലൂടെയാണ് യൗവ്വനത്തിന്റെ തുടിപ്പും തുള്ളലും ഒപ്പം സംഗീതഗുണവുമുള്ള ഒട്ടേറെപ്പാട്ടുകള്‍ ഉണ്ടായത്.
മലയാള സിനിമ നിലനില്‍ക്കുന്ന കാലത്തോളം, കെ.ജെ ജോയിയുടെ അനശ്വരമായ പാട്ടുകളും നിലനില്‍ക്കുമെന്ന് നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് റിയാസ് അഹമ്മദും, സെക്രട്ടറി ബിനുകുഞ്ഞും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.