Image

രാമക്ഷേത്ര രാംലല്ലയിലെ  പ്രാണപ്രവേശനം ആഘോഷമാക്കി കെ. എച്ച്. എൻ. എ.

സുരേന്ദ്രൻ നായർ Published on 22 January, 2024
രാമക്ഷേത്ര രാംലല്ലയിലെ  പ്രാണപ്രവേശനം ആഘോഷമാക്കി കെ. എച്ച്. എൻ. എ.

നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്ക് ശേഷം സുപ്രിംകോടതി വിധിയിലൂടെ അയോധ്യയിൽ സാധ്യമായ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങും പ്രാരംഭ സാധനകളും അമേരിക്കയിലെ
ഹൈന്ദവ ദേവാലയങ്ങളിലും ഭവനങ്ങളിലും വൻ ആഘോഷമാക്കി കെ. എച്ച്. എൻ.എ.

അമേരിക്കയിലെയും ക്യാനഡയിലെയും ക്ഷേത്രങ്ങളെ രാമമന്ത്രങ്ങളാൽ മുഖരിതമാക്കിയും അന്നദാനം നടത്തിയും വീടുകളിൽ ദീപം തെളിയിച്ചും ഹൈന്ദവ സമൂഹം ഇന്ത്യയുടെ
ആധ്യാത്മിക ഐക്കോൺ ആയ രാമന്റെ ക്ഷേത്രത്തെ വരവേറ്റു. ആഘോഷ പരിപാടികളുടെ പ്രാരംഭമായി പ്രസിഡന്റ് ഡോ: നിഷ പിള്ളയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ സ്വയംസേവക് സംഘ്
പ്രജ്ഞ പ്രവാഹ്‌ ദേശിയ സംയോജകൻ ജെ. നന്ദകുമാറിന്റെ ഉത്ബോധന പ്രഭാഷണം ശനിയാഴ്ച്ച വിദൂര ദൃശ്യ മാധ്യമത്തിലൂടെ സംഘടിപ്പിച്ചിരുന്നു.

വൈദേശിക അധിനിവേശത്തിന്റെ ഭാഗമായി ബാബറിന്റെ സൈന്യാധിപനാൽ ശ്രീരാമ  ചന്ദ്രന്റെ ജന്മ സ്ഥലത്തുണ്ടായിരുന്ന ആദിമ ക്ഷേത്രം തകർക്കപ്പെട്ടതും അതെ സ്ഥലക്കു നിർമ്മിക്കപ്പെട്ട മസ്ജിത് പൊളിച്ചതും തത്സംബന്ധമായി ബ്രിട്ടീഷ് ഇന്ത്യയുടെ കോടതികളിൽ തുടങ്ങി സ്വതന്ത്ര ഇന്ത്യയുടെ
സുപ്രിംകോടതിയുടെ അന്തിമ തീർപ്പ്‌ വരുന്നതുവരെ 496 വർഷങ്ങൾ നീണ്ടുനിന്ന  നിയമ പോരാട്ടങ്ങളുടെ ചരിത്ര വഴികൾ നന്ദകുമാർ സവിസ്തരം പ്രതിപാദിച്ചു. അയോധ്യയിലെ രാമജന്മ ഭൂമി വീണ്ടെടുക്കാൻ അഞ്ചു നൂറ്റാണ്ടുകളോളം നടത്തിയ പ്രക്ഷോഭങ്ങളിൽ ബലിദാനികളായ ഒരു ലക്ഷത്തോളം ഹൈന്ദവരുടെ
ആത്മാവിന് മോക്ഷം ലഭിക്കുന്ന മുഹൂർത്തം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഊർജ്ജ പ്രവാഹമായിരുന്ന മഹർഷി അരവിന്ദനും പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ: രാംമനോഹർ ലോഹ്യയും ഭാരതത്തിന്റെ ആധ്യാത്മിക ശരീരത്തിൽ രാമനുള്ള സ്ഥാനത്തെപ്പറ്റി പറഞ്ഞതും വിവിധ ഗ്രന്ഥങ്ങളിലെ ഉദ്ധരണികളുടെ സഹായത്തോടെ നന്ദകുമാർ
വിശദീകരിച്ചു. ഭാരതത്തിന്റെ വടക്കുഭാഗമായ അയോധ്യയിൽ നിന്നും ഏറ്റവും തെക്കുഭാഗത്തുള്ള രാമേശ്വരത്തേക്കു രാമൻ നടത്തിയ സഞ്ചാരം അഥവാ രാമ അയനം രാജ്യത്തിന്റെ വടക്കിനെയും
തെക്കിനേയും യോജിപ്പിക്കുന്ന വൈകാരികതയായിരുന്നു. രാഷ്ട്രീയ ഭിന്നതകളെയും ഭാഷാ വൈജാത്യങ്ങളെയും അതിജീവിച്ചു ഭാരതത്തെ ഏകീകരിക്കുന്ന വികാരം രാമനാണെന്നു രാഷ്ട്രപിതാവും സ്ഥിരീകരിച്ചിരുന്നു. വൈദേശിക അധിനിവേശത്തിന്റ അവശേഷിപ്പായി നിലനിന്നിരുന്ന തർക്ക മന്ദിരത്തിനു പകരം രാമ മന്ദിരമുയരുമ്പോൾ ഓരോ ദേശസ്നേഹിയും സ്വാഭിമാനം വീണ്ടെടുക്കുകയാണെന്ന ഓർമ്മപ്പെടുത്തലോടെ അദ്ദേഹം സംസാരം അവസാനിപ്പിച്ചു.

അയോധ്യയിലെ കാർസേവയിൽ നേരിട്ട് പങ്കെടുത്ത കെ. എച്ച്. എൻ.എ. യുടെ മുൻ പ്രസിഡന്റുകൂടിയായ വെങ്കിട്ട് ശർമ്മ പ്രക്ഷോഭ നാളുകളിൽ നേരിട്ട ദുരനുഭവങ്ങളും അയോദ്ധ്യ നിവാസികൾ ജാതിമത ഭേദമന്യേ നൽകിയ പിന്തുണയേയും പറ്റി വികാരവായ്‌പോടെ വിശദീകരിച്ചു. ഇന്ത്യ ചരിത്രത്തിന്റെ പ്രൗഢമായ
ഉയർത്തെഴുന്നേൽപ്പിനു പിന്തുണ നൽകിയ സത്‌സംഗത്തിൽ ഭാരവാഹികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു. രാഖി മേനോൻ അവതാരകയായിരുന്നു.

കെ. എച്ച്. എൻ. എ. യുടെ മാതൃഭാവവും സ്ത്രീശക്തിയുമായ മൈഥിലി മായുടെ ആഭിമുഖ്യത്തിൽ ജോയിന്റ് സെക്രട്ടറി ആതിര സുരേഷിന്റെ നേതൃത്വത്തിൽ  നൂറ്റിയൊന്ന് അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ശ്രീരാമ ഭജനയും രാമമന്ത്രത്തിന്റ  ആവർത്തിച്ചുള്ള ഉരുക്കഴിച്ചിലും ആത്മശാന്തിയുടെയും വിശ്വ മാനവികതയുടെയും വിളംബരം കൂടിയായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക