Image

അലബാമയിൽ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചു യുഎസിൽ ആദ്യമായി വധശിക്ഷ നടപ്പാക്കി (പിപിഎം) 

Published on 26 January, 2024
അലബാമയിൽ നൈട്രജൻ ഗ്യാസ് ഉപയോഗിച്ചു യുഎസിൽ ആദ്യമായി വധശിക്ഷ നടപ്പാക്കി (പിപിഎം) 

നൈട്രജൻ ഗ്യാസ് ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കുന്ന ആദ്യ യുഎസ് സംസ്ഥാനമായി അലബാമ. കെന്നത്ത് സ്മിത്ത് (58) എന്ന തടവുകാരന്റെ വധശിക്ഷയാണ് അറ്റ്മോറിൽ വ്യാഴാഴ്ച വൈകിട്ട് 07:53നു നടപ്പാക്കിയത്. സ്മിത്ത് 08:25നു മരിച്ചുവെന്നു അധികൃതർ അറിയിച്ചു. 

മുൻപ് പരീക്ഷിക്കാത്ത നൈട്രജൻ ഉപയോഗിക്കുന്നത് സ്മിത്തിനു വലിയ ദുരിതമാവുമെന്നു വധശിക്ഷയെ എതിർക്കുന്നവർ വാദിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ മൂന്നു ലിബറൽ ജഡ്‌ജുമാർ എതിർത്തെങ്കിലും കോടതി അനുമതി നൽകി. 

വധശിക്ഷ നടപ്പാക്കുന്നതു കണ്ട അലബാമ മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്‌തത്‌ സ്മിത്തിന്റെ മാസ്കിലേക്കു നൈട്രജൻ ഗ്യാസ് എത്തിക്കഴിഞ്ഞിട്ടും വേദനയും നിമിഷങ്ങൾ അയാൾക്ക് ബോധമുണ്ടായിരുന്നു എന്നാണ്. പിന്നീട് രണ്ടു മിനിട്ടെങ്കിലും അയാൾ പിടഞ്ഞു, പിന്നീട് ഏതാനും നിമിഷങ്ങൾ ശ്വസിക്കാൻ കഷ്ടപ്പെട്ടു. പിന്നെ ശ്വാസോഛ്വാസം മന്ദഗതിയിലായി അവസാനിച്ചു. 

സ്മിത്തിന്റെ മരണം പതിവു രീതിയിൽ തന്നെ ആയിരുന്നു എന്നാണ് അധികൃതരുടെ നിലപാട്. 

1988ൽ പാസ്റ്ററായ ഭർത്താവ് ഭാര്യയെ കൊല്ലാൻ വാടകയ്‌ക്കെടുത്ത മൂന്നു കൊലയാളികളിൽ ഒരാളായിരുന്നു സ്മിത്ത്. 2022 നവംബറിൽ സ്മിത്തിന്റെ വധശിക്ഷ നടപ്പാക്കാൻ ശ്രമിക്കുമ്പോൾ കൃത്യമായി കുത്തിവയ്ക്കാനുള്ള ഞരമ്പ് കിട്ടാതെ വന്നതിനെ തുടർന്നു വാറന്റ് സമയം കഴിഞ്ഞപ്പോൾ ശ്രമം ഉപേക്ഷിക്കയായിരുന്നു ചെയ്തത്. 

അലബാമ പുതിയ പരീക്ഷണം നടത്തുന്നതിനെ സുപ്രീം കോടതിയിൽ ജസ്റ്റിസ് സോണിയ സോട്ടോമായർ ശക്തമായ ഭാഷയിൽ ചോദ്യം ചെയ്തിരുന്നു. ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ അലബാമ സ്മിത്തിനെ പരീക്ഷണത്തിനു ബലിയാടാക്കുന്നു എന്നവർ പറഞ്ഞു. 

നൈട്രജൻ ഹൈപോക്സിയ എന്ന പേരിൽ അറിയപ്പെടുന്ന രീതി യൂറോപ്പിലും മറ്റും മുൻപ് ആത്മഹത്യാ സഹായത്തിനു പരീക്ഷിച്ചിട്ടുണ്ട്. സെക്കൻഡുകൾ കൊണ്ടു ബോധം നഷ്ടപ്പെടും എന്നതിനാൽ വേദന അറിയാത്ത വധമാണിതെന്നു അതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു.  

അന്തരീക്ഷ വായുവിൽ 78% വരെയുള്ള നൈട്രജൻ നിരുപദ്രവിയായാണ് കരുതപ്പെടുന്നത്. ഓക്സിജൻ 21% മാത്രമേ ഉള്ളുവെങ്കിലും അതു ജീവന്റെ നിലനിൽപിന് അനിവാര്യമാണ്. പക്ഷെ മാസ്കിലേക്കു നൈട്രജൻ കയറ്റുമ്പോൾ ഓക്സിജൻ മുഴുവൻ അതു തള്ളിക്കളയുന്നു. അങ്ങിനെയാണ് മരണം സംഭവിക്കുക.  

സ്മിത്തിന്റെ ആധ്യാത്മിക ഉപദേഷ്ടാവ് റെവ്. ജെഫ് ഹുഡ് വധശിക്ഷ നടപ്പാക്കുന്നതിനു സാക്ഷിയായി. കുടുംബാംഗങ്ങൾ സ്മിത്തിനെ സന്ദർശിച്ചിരുന്നു. 

Alabama carries out first execution by nitrogen gas 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക