തിരുവനന്തപുരം: നാല് പതിറ്റാണ്ടായി വടക്കെ അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായി പ്രവർത്തിക്കുന്ന ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവെൻഷൻ ജൂലൈ 18 മുതൽ 20 വരെ വാഷിങ്ങ്ടൺ ഡി.സി യിൽ വെച്ച് നടക്കുമെന്ന് ഫൊക്കാന പ്രസിഡൻറ് ഡോ: ബാബു സ്റ്റീഫൻ പത്രസമ്മേളനത്തിൽ അറിയിച്ചു . വാഷിങ്ങ്ടൺ ഡി.സി യിലെ നോർത്ത് ബെഥസ്ഡ മോണ്ട്ഗോമറി കൗണ്ടി കൺവെൻഷൻ സെന്റർ അറ്റ് മാരിയറ്റ് ആണ് കൺവെൻഷന് വേദിയാകുന്നത് .
മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ ശശി തരൂർ , ജോൺ ബ്രിട്ടാസ് എം.പി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കവി മുരുകൻ കാട്ടാക്കടയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഈ ജനകീയ കൺവെൻഷനിൽ പങ്കെടുക്കും .
എക്സിക്യൂട്ടീവ് കമ്മറ്റി ഉൾപ്പെടെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ കൺവെൻഷൻ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും , 60 അംഗസംഘടനകളിൽ നിന്നും ഉൾപ്പെടെ 1500 പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും. ബിസിനസ് മീറ്റ്,മീഡിയ സെമിനാർ, നേഴ്സസ് സെമിനാർ , വിമൻസ് ഫോറം, ലിറ്റററി അവാർഡ്, ടാലൻറ് കോംപെറ്റീഷൻസ് എന്നിവ ത്രിദിന കൺവെൻഷനിൽ നടക്കും. വൈവിധ്യമാർന്ന കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടും.
1983 ൽ രൂപീകരിച്ച ഫൊക്കാന നാളിതു വരെ ജന്മനാടിൻ്റെ പൈതൃകവും,സംസ്കാരവും ഉൾകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നാടിനോടുള്ള കൂറും ,കടപ്പാടും കാത്തുസൂക്ഷിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷകാലം ഡോ: ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു .ഫൊക്കാന ഇന്റർനാഷണൽ ചാപ്റ്റർ ഡൽഹി,ബോംബെ , ബാംഗ്ലൂർ,ചെന്നൈ , മിഡിൽ ഈസ്റ് എന്നിവിടങ്ങളിൽ ആരംഭിച്ചു. ഫൊക്കാന ഭവന പദ്ധതിയിൽ 10 വീടുകൾക്ക് 36 ലക്ഷം രൂപ, ഹൈസ്കൂൾ - നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, അശരണർക്ക് ആശ്വാസധനം എന്നിവ പ്രധാന പദ്ധതികളിൽപെടുന്നു. മലയാള ഭാഷയെ പരിപോഷിപ്പിക്കാൻ " ഭാഷക്കൊരു ഡോളർ " ഫൊക്കാനയുടെ അഭിമാന പദ്ധതിയാണ്.
ഫൊക്കാനയുടെ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒരു കൺവെൻഷനാണ് വാഷിങ്ങ്ടൺ ഡി.സി വേദിയാവാൻ പോകുന്നതെന്നും ബാബു സ്റ്റീഫൻ പറഞ്ഞു.