ലണ്ടന്‍: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നൂറു കണക്കിന് ഭഗവതി ഭക്തരുടെ പങ്കാളിത്തത്തോടെ നടത്തിയ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി. ലണ്ടനില്‍ നടന്ന പതിനേഴാമത് പൊങ്കാല ഈസ്റ്റ്ഹാം പാര്‍ലിമെന്റ് മെംബര്‍ സര്‍ സ്റ്റീഫന്‍ ടിംസ്, ന്യൂഹാം ബോറോ കൗണ്‍സില്‍ അദ്ധ്യക്ഷ കൗണ്‍സിലര്‍ റോഹിനാ റെഹ്‌മാന്‍, ന്യൂഹാം കൗണ്‍സില്‍ മുന്‍ ചെയര്‍ ലാക്മിനി ഷാ അടക്കം നേതാക്കളുടെ മഹനീയ സാന്നിദ്ധ്യം ശ്രീ മുരുകന്‍ ക്ഷേത്ര പൊങ്കാല മതസൗഹാര്‍ദ്ധ വേദിയാക്കി.
ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതു വരെയായി നേതൃത്വം നല്‍കിപോരുന്നത്.
രാവിലെ ഒമ്പതരക്ക് ശ്രീ മുരുകന്‍ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയുടെ നേതൃത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ച പൊങ്കാലക്ക് സ്ഥല പരിമിതിയും, സുരക്ഷയും കണക്കിലെടുത്ത് പഞ്ച നൈവേദ്യങ്ങള്‍ ഒറ്റ പാത്രത്തിലാണ് പാകം ചെയ്തത്. നൈവേദ്യം തയ്യാറായ ശേഷം ഭക്ത ജനങ്ങള്‍ക്ക് വിളമ്പി നല്‍കി. ഊണും പച്ചക്കറികളും അടങ്ങിയ സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു.
സ്റ്റീഫന്‍ ടിംസ് എംപി, മേയര്‍ രോഹിന, കൗണ്‍സിലര്‍ ഷാ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡോ. ഓമന ഗംഗാധരന്‍ നന്ദി പ്രകാശിപ്പിച്ചു.
നവാഗതരായ നിരവധി ആറ്റുകാല്‍ ഭഗവതി ഭക്തരുടെ സാന്നിദ്ധ്യവും, ഒഴിവു ദിവസം പൊങ്കാല നടന്നതിനാലും ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന പങ്കാളിത്തമാണ് ഉണ്ടായത്.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദി എന്ന നിലയില്‍ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാല ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.