Image

ഇരട്ട പൗരത്വം, നമ്മുടെ അടുത്ത ലക്‌ഷ്യം: തോമസ് ടി. ഉമ്മൻ 

Published on 01 March, 2024
ഇരട്ട പൗരത്വം, നമ്മുടെ അടുത്ത ലക്‌ഷ്യം: തോമസ് ടി. ഉമ്മൻ 

മൂന്നു കോടിയിൽ പരം  ഇന്ത്യൻ വംശജർ (PIO)/നോൺ റസിഡന്റ് ഇന്ത്യക്കാരാണ്  (NRI) ലോകമെമ്പാടുമുള്ളത്. സ്വന്തം മണ്ണിനോടുള്ള വൈകാരിക ബന്ധവും പ്രവാസി   സമൂഹം രാജ്യത്തിന് നൽകിയ സംഭാവനകളുടെ പ്രാധാന്യവും തിരിച്ചറിഞ്ഞതു കൊണ്ടാണ് പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ), ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾ ഉൾപ്പെടെ നിരവധി ക്രിയാത്മകമായ നടപടികൾക്ക് ഇന്ത്യ തുടക്കമിട്ടത്. 

ഈ കാർഡുകൾ വന്നതോടെ പ്രവാസികൾക്ക് സ്വന്തം രാജ്യത്തേക്കുള്ള യാത്ര   ലളിതവും തടസങ്ങളില്ലാതെയുമായി.  അത് അടുത്ത തലത്തിലേക്ക് ഉയരണമെന്നും ഇരട്ട പൗരത്വം നൽകണമെന്നും അവർ ആവശ്യപെടുന്നു.   

1999 മാർച്ച് 31-നാണ് ഇന്ത്യൻ വംശജരായ, വിദേശ പാസ്പോർട്ടുള്ളവർക്ക് പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് (PIO കാർഡ്) പദ്ധതി ഇന്ത്യാ ഗവൺമെന്റ് അവതരിപ്പിച്ചത്.  2002 സെപ്തംബർ മുതൽ PIO കാർഡുകൾ വിതരണം ചെയ്‌തെങ്കിലും കാർഡിന് ചില പരിമിതികൾ ഉള്ളതിനാൽ പ്രവാസികളുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷിച്ച പോലെ നിറവേറ്റിയില്ല.  

പിന്നീട്  രാഷ്ട്രീയ ഓഫീസുകൾ,  സർക്കാർ ജോലികൾ, തോട്ടങ്ങളുടെ ഉടമസ്ഥാവകാശം എന്നിവ ഒഴികെ ഒരു പൗരനുള്ള ചില അവകാശങ്ങളും  നൽകുന്ന ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ കാർഡ്   (ഒസിഐ)  അവതരിപ്പിച്ചു.  

ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് ഹോൾഡർ സ്‌കീം 02.12.2005 മുതലാണ്  പ്രവർത്തനസജ്ജമായത്. ഇന്ത്യൻ ഡയസ്പോറയെക്കുറിച്ചുള്ള ഉന്നതതല സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 7A-ൽ വ്യക്തമാക്കിയത് പോലെ ഇന്ത്യൻ വംശജരായ വ്യക്തികളെ (PIOs) ഇന്ത്യൻ ഓവർസീസ് സിറ്റിസൺ  ഓഫ് ഇന്ത്യ (OCI) ആയി രജിസ്റ്റർ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. 

ഇന്ത്യൻ പൗരത്വവും ഒരു വിദേശ രാജ്യത്തിന്റെ പൗരത്വവും ഒരേ സമയം കൈവശം വയ്ക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ല. അതേ സമയം ഒ.സി.ഐ ഒരിക്കലും ഇരട്ട പൗരത്വമല്ല. ഇന്ത്യയിൽ നിന്ന് കുടിയേറി പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ ഒഴികെയുള്ള രാജ്യങ്ങളിൽ പൗരത്വം നേടിയ ചില വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ വംശജരായ വ്യക്തികൾക്ക്  അവരുടെ മാതൃരാജ്യത്തിന്റെ  നിയമങ്ങൾ പ്രകാരം എതിർക്കാത്തിടത്തോളം കാലം ഒ.സി. ഐ അനുവദിക്കുന്നതിന് അർഹതയുണ്ട്.

OCI കാർഡ് കാർഡ് ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ

2022   വരെയുള്ള കണക്കുകൾ പ്രകാരം  4 ദശലക്ഷം പേർക്കാണ്  ഒ.സി.ഐ കാർഡുകൾ ലഭിച്ചത്.   ഒ.സി.ഐ കാർഡുകളുടെ ജനപ്രീതി വർദ്ധിച്ചു വരുന്നുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

ഒ.സി.ഐ കാർഡ് ഉടമകളായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്ക് വോട്ടിംഗ് അവകാശമില്ല, അവർക്ക് ഭരണഘടനാപരമായ സ്ഥാനങ്ങൾ വഹിക്കാനും കഴിയില്ല.
ഒരു OCI അപേക്ഷകൻ അവന്റെ/അവളുടെ ഇന്ത്യൻ പാസ്പോർട്ട്  തിരിച്ചേൽപ്പിക്കണമെന്നതാണ്  വ്യവസ്ഥ. പാസ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് അമിതമായ പിഴയും ഫീസും സംബന്ധിച്ച ഞങ്ങളുടെ ആശങ്കകൾ 2010-ൽ അറിയിക്കാൻ സംഘടന ഇടപെട്ടിരുന്നു.

PIO, OCI സ്‌കീമുകളുടെ ലയനം:
PIO കാർഡ് സ്‌കീം 2015 ജനുവരി 9 മുതൽ OCI കാർഡ് സ്‌കീമുമായി ലയിപ്പിച്ചു. PIO കാർഡ് ഉടമകൾക്ക് കോൺസുലാർ ഫീ ഇല്ലാതെ തന്നെ OCI കാർഡുകളിലേക്ക് മാറ്റാം.  

ഇനിയെന്ത്?

ആദ്യം നിലവിൽ വന്ന PIO കാർഡ് സ്‌കീം ഏറ്റവും നല്ല തുടക്കമായിരുന്നു. തുടർന്ന് OCI കാർഡിന്റെ വരവ്  ഇന്ത്യൻ പ്രവാസികൾ ഏറെ ഊഷ്മളമായാണ് സ്വാഗതം ചെയ്തത്.  അതേ സമയം തന്നെ സ്‌കീമുമായി ബന്ധപ്പെട്ട്  ഇന്ത്യൻ പാസ്പോർട്ടുകൾ ഉപേക്ഷിക്കുന്നതിനും സറണ്ടർ ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഉത്തരങ്ങളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് നിലവിലുള്ളത്. ഓരോ പ്രവാസിയുടെയും മനസിൽ ആ ചോദ്യങ്ങളുണ്ട്. വരും ദിവസങ്ങളിൽ അധികൃതർ  ഇത്തരം കാര്യങ്ങൾ പരിഗണിക്കുകയും ഉത്തരം നൽകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 

ഒ.സി.ഐ ഒരിക്കലും ഇരട്ട പൗരത്വമല്ല. മാതൃരാജ്യത്തോടൊപ്പം ഇരട്ട പൗരത്വ പദവി നേടാനുള്ള സ്വപ്നവുമായി ഇന്ത്യൻ വംശജരായ ആളുകൾ, ഒ.സി.ഐയുടെ തുടർനടപടികൾക്കായി കാത്തിരിക്കുകയാണ്. ഇരട്ട പൗരത്വ പദവിക്കായി ഇന്ത്യൻ വംശജരുടെ അപേക്ഷകൾ അധികൃതർ പരിഗണിക്കുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഈ വിഷയം അർഹിക്കുന്ന ഗൗരവത്തോടെ   കൈകാര്യം ചെയ്യാൻ നമ്മുടെ എൻ.ആർ.ഐ സംഘടനകൾ ഒന്നിക്കുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. അതുവരെ, ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനാണ് ഒ.സി.ഐ എന്നുറപ്പിച്ച് തന്നെ പറയട്ടെ.

ആദ്യം പി ഐ ഓ കാർഡും പിന്നീട് ഓ സി ഐ കാർഡും നൽകി പ്രവാസി ഇന്ത്യയ്ക്കാരുടെ കാലാകാലങ്ങളായുള്ള   ഇരട്ട പൗരത്വമെന്ന ആവശ്യത്തോട്   അനുഭാവപൂർവമായ നയം  സ്വീകരിച്ച അധികാരികൾ ഒരുപടി കൂടി കടന്നു ചിന്തിക്കേണ്ട സമയമായി.  അഞ്ചു വർഷമെങ്കിലും    ഓ സി ഐ കാർഡ്  ഉള്ളവർക്ക് ഇരട്ട പൗരത്വമോ തുല്യാവകാശങ്ങളോ നൽകാൻ സമയമായി.

ഡ്യൂവൽ സിറ്റിസൺഷിപ്  (ഇരട്ട പൗരത്വം) എന്ന പ്രവാസികളുടെ   ചിരകാല സ്വപ്നം  സഫലമാകാൻ  സാധ്യതയുണ്ടെന്നു  അടുത്ത കാലത്ത്   അധികൃതരുടെ ചില അഭിപ്രായ പ്രകടനങ്ങളിൽ നിന്നും  സൂചനയുണ്ട്.

ഇരട്ട പൗരത്വത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോഴും സജീവമാണെന്നുള്ള വിദേശകാര്യമന്ത്രിയുടെ അഭിപ്രായം സ്വാഗതാർഹമാണ്. അതിനു ഭരണഘടനാ ഭേദഗതി വേണ്ടി വന്നേക്കും. 

നിസാര കാരണങ്ങളുടെ പേരിൽ  ഒസിഐ കാർഡ് റദ്ദാക്കുന്ന പ്രവണതയും ഇപ്പോഴുണ്ട്. അത് അവസാനിക്കണം. നോൺ റെസിഡന്റ് ഇന്ത്യാക്കാർക് ലഭിക്കുന്ന എല്ലാ പരിരക്ഷയും ഓസി.ഐ കാർഡ് ഉള്ളവർക്കും ലഭ്യമാവണം. 

Join WhatsApp News
പൗരൻ 2024-03-03 21:40:41
ആരോടും കൂറില്ലാത്ത മലയാളിക്ക്‌ ഇനി ഇരട്ട പൗരത്വത്തിൻ്റെ കുറവു കൂടിയേ ഉള്ളു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക