Image

പ്രകാശം പരത്തുന്ന കർമ്മപാതയുമായി അനുപമ കൃഷ്‍ണൻ ഫോമാ നേതൃത്വത്തിലേക്ക്

Published on 11 March, 2024
പ്രകാശം പരത്തുന്ന കർമ്മപാതയുമായി അനുപമ കൃഷ്‍ണൻ ഫോമാ നേതൃത്വത്തിലേക്ക്

സ്റ്റേഡിയം, പാർക്കിംഗ് ലോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ പ്രകാശം ചൊരിയുന്ന വലിയ ബൾബുകൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗ്ലോബൽ സപ്ലൈ ചെയിൻ ഡയറക്ടർ ആണ് അനുപമ കൃഷ്ണൻ.  ജി.ഇ., ഫിലിപ്പ്സ് പോലുള്ള അന്തരാഷ്ട്ര ഭീമന്മാരാണ് മുഖ്യ എതിരാളികൾ. എന്നാലും ഭർത്താവ് സാബു കൃഷ്ണനൊപ്പം ചുക്കാൻ പിടിക്കുന്ന  ഈ  സ്വന്തം സ്ഥാപനം  നേട്ടങ്ങൾ ഉണ്ടാക്കുന്നു.

ഫോമായിൽ ജോ. ട്രഷറർ സ്ഥാനത്തേക്ക് ബേബി മണക്കുന്നേൽ പാനലിനൊപ്പം മത്സരിക്കുന്ന അനുപമക്ക് മത്സരം ഒരു പുത്തരിയല്ലെന്നർത്ഥം.

അതെ സമയം സേവനരംഗത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഫോമാ പോലുള്ള ഒരു ദേശീയ സംഘടന കൂടുതൽ അവസരങ്ങൾ ഒരുക്കുന്നു  എന്ന തിരിച്ചറിവിലാണ് അവർ സംഘടനയിലും മത്സരരംഗത്തും  എത്തിയത്.

ക്ളീവ്ലൻഡ്, ഒഹായോ  കേന്ദ്രമായി പ്രവർത്തിക്കുന്ന  അനുപമ ചില അനുഭവങ്ങൾ പങ്കു വച്ചു. കോവിഡ്  കാലത്ത് ഒരു സുഹൃത്തിന്റെ പിതാവ് മരിച്ചു. മൃതദേഹം നാട്ടിൽ കൊണ്ട് പോകണം. വര്ഷങ്ങള്ക്കു മുൻപി ചിക്കാഗോയിൽ ആയിരുന്നപ്പോൾ ഇതുപോലൊരു സംഭവം ഉണ്ടായപ്പോഴുള്ള പ്രശ്നങ്ങൾ ഓർത്തു. അതുണ്ടാവാതിരിക്കാൻ ഫോമായുമായി   ബന്ധപ്പെട്ടു. ബിജു തോണിക്കടവിൽ ചിക്കാഗോയിലുള്ള പീറ്റർ കുളങ്ങരയെ വിളിക്കാൻ പറഞ്ഞു.  വേണ്ട വിവരങ്ങളെല്ലാം പീറ്റർ നൽകി.  കാര്യങ്ങൾ എളുപ്പമായി.

ഇത്തരമൊരു സംഘടനയിലാണ് പ്രവർത്തിക്കേണ്ടതെന്നു അതോടെ തീർച്ചപ്പെടുത്തി.  കേരള അസോസിയേഷൻ ഓഫ് ഒഹായോ (കെ.എ.ഓ) പ്രസിഡന്റ് എന്ന നിലയിൽ സമൂഹത്തിന്റെ വ്യത്യസ്തമായ പ്രശ്നങ്ങൾ കണ്ടെത്താനും അവക്ക് തന്നാലായ  പരിഹാരം കണ്ടെത്താനും ഉള്ള പ്രവർത്തനങ്ങൾ ആണ് ഒരു കേന്ദ്ര സംഘടനയിൽ പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കിയത്.

നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കാനും സഹായം നൽകാനും ഒക്കെ തയ്യാറുള്ളവർ ധരാളമുണ്ടെന്നും എന്നാൽ അവർക്ക് എങ്ങനെ എവിടെ അത് ചെയ്യണമെന്ന് ധാരണയില്ലാത്തത് ഒരു പ്രശ്നമാണെന്നും അവർ കണ്ടെത്തി.  

സാമൂഹ്യനീതിക്ക് വേണ്ടി വാദിക്കുകയും അതിൽ വ്യക്തമായ മാറ്റമുണ്ടാക്കുകയും ചെയ്തതിനു   അനുപമയ്ക്ക് ഒരു  ട്രാക്ക് റെക്കോർഡുണ്ട്.

കമ്പനി ബോർഡ് റൂമിൽ മാത്രമല്ല, ഗ്രേറ്റ് ലേക്സ് വിമൻസ് ഫോറത്തിന്റെ ചെയർപേഴ്സണെന്ന നിലയിലും തന്റെ സമയവും വൈദഗ്ധ്യവും ഉപയോഗിച്ചു സ്ത്രീകളെ ഉന്നതിയിലേക്ക് നയിക്കാനും ശാക്തീകരിക്കാനും  അവർ മുന്നിലുണ്ടായിരുന്നു.  ഇതിനായി  വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നു. കേരള അസോസിയേഷൻ ഓഫ് ഒഹായോയുടെ   പ്രസിഡന്റായും (2023) അതിനു മുൻപ്  വൈസ് പ്രസിഡന്റായും  സജീവമായ  സാമൂഹിക ഇടപെടുകളിലൂടെ സ്വന്തം പ്രതിബദ്ധത അടയാളപ്പെടുത്തുകയും ചെയ്തു.

സാമൂഹിക പ്രവർത്തനങ്ങളിൽ ഏറെ പ്രാധാന്യം നൽകിയത് മാനസികാരോഗ്യത്തെപ്പറ്റി അവബോധം ഉണ്ടാക്കാനാണ്.  മാനസിക രോഗത്തിന്  ചികില്സിക്കുന്നത് നാട്ടുകാരറിഞ്ഞാൽ മോശമാണെന്ന തോന്നൽ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അമേരിക്കയിൽ വന്നിട്ടും അതിനു ഏറെ മാറ്റമില്ല. എന്നാൽ ഇവിടെ  മാനസിക പ്രശ്നങ്ങൾ ഉള്ളവർക്കായി സപ്പോർട്ട് സിസ്റ്റം ഉണ്ട്. കൗൺസലർമാരും ചികിത്സയും  മറ്റും ഉണ്ട്. നാട്ടുകാരെ പേടിക്കാതെ ജനം അത് ഉപയോഗിക്കുകയും ചെയ്യുന്നു.

അസോസിയേഷൻ  പ്രസിഡൻറായിരിക്കുമ്പോൾ,  സമൂഹത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്,  മാനസിക ക്ഷേമത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കാൻ  ലക്ഷ്യമിട്ടുള്ള   വീഡിയോ കാമ്പെയ്ൻ ആരംഭിക്കാൻ  അവർ മുന്നിട്ടിറങ്ങി.

ഡോക്ടർമാരെയും മറ്റും നാം ആദരിക്കുന്നുണ്ടെങ്കിലും കെയർ ഗിവർമാരെ നാം പാടെ അവഗണിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. രോഗികൾക്ക്  നേരിട്ട് സേവനമെത്തിക്കുന്നത് അവരാണ്. അവരും ഏറെ ആദരിക്കപ്പെടേണ്ടതാണെന്ന്  അവർ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട്ടുകാരി എങ്കിലും പഠിച്ചത് ബാങ്കളൂരിൽ ആയിരുന്നു. അതിനാൽ മലയാളം  എഴുതാനും വായിക്കാനും പ്രയാസം.  പിതാവ് ആർമി ഓഫീസർ ആയിരുന്നു. അമ്മ സെൻട്രൽ ഗവണ്മെന്റിന്റെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥ. സഹോദരി പൂർണിമ ഹ്യൂസ്റ്റണിലുണ്ട്.

പിതാവ് നേരത്തെ മരിച്ചതിനാൽ അമ്മയായിരുന്നു റോൾ മോഡൽ. മറ്റുള്ളവരെ സഹായിക്കാൻ മാതൃകയും അമ്മയായിരുന്നു.

ലൈറ്റിംഗ് ടെക്‌നോളജി മേഖലയിൽ സ്വന്തം കമ്പനിയുള്ള   സാബു കൃഷ്ണനാണ് ജീവിതപങ്കാളി.

ഊർജ്ജസ്വലമായ വ്യക്തിത്വമാണ് അനുപമ കൃഷ്ണനെ വ്യത്യസ്തയാക്കുന്നത്. ഒരുവട്ടം അവരോട് സംസാരിക്കുമ്പോൾ തന്നെ അത് വ്യക്തമാകും.  ഏറ്റെടുക്കുന്ന കാര്യങ്ങളിലൊക്കെ ഉന്നതമായ  സാംസ്‌കാരിക പാരമ്പര്യവും ശക്തമായ പ്രവർത്തന നൈതികതയും (വർക്ക് എത്തിക്ക്സ്)  കാത്തുസൂക്ഷിക്കുന്ന അവർ 1998-ൽ  ഒഹായോയിലെത്തി.  

ഏർപ്പെടുന്ന മേഖലയിൽ വൈദഗ്ധ്യത്തോടെ തിളങ്ങുന്ന അനുപമയുടെ അക്കാഡമിക് നേട്ടങ്ങളിൽ ഇന്റർനാഷണൽ ബിസിനസ്സിൽ എം.ബി.എയും ഉൾപ്പെടുന്നു.  ജോലിയിൽ മാതൃകാപരമായ നേതൃത്വവും അക്ഷീണമായ അർപ്പണബോധവും പ്രകടിപ്പിക്കുന്ന അവർ നൂതനാശയങ്ങളും കൊണ്ടുവരുന്നു.

എല്ലാവരുടെയും ശബ്ദം കേൾക്കുകയും എല്ലാവർക്കും ഊണ് മേശയിൽ ഒരു സ്ഥാനം നൽകുകയും ചെയ്താലേ സാമൂഹിക ഉന്നമനം  സാധ്യമാകു എന്നവർ കരുതുന്നു. എല്ലാവരും വലിപ്പചെറുപ്പമില്ലാതെ ഒന്നിക്കുകയും എല്ലാ ശബ്ദങ്ങളും കേൾക്കുകയും വിലമതിക്കുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ പുരോഗതി ഉണ്ടാവുക  എന്നാണ് അനുപമയുടെ വിശ്വാസവും നിലപാടും.

കെ.എ.ഒ.  പ്രസിഡന്റായിരിക്കെ, ഓണാഘോഷവേളയിൽ യുവാക്കൾ നടത്തിയ സന്നദ്ധപ്രവർത്തനങ്ങളെ അവർ വിലയിരുത്തുകയും പ്രത്യേകം അംഗീകരിക്കുകയും ചെയ്തിരുന്നു.

കേരള പൈതൃകത്തിൻ്റെ സമ്പന്നമായ പാരമ്പര്യങ്ങൾ പങ്കിടാനുള്ള ആഗ്രഹം മൂലം അവർ അടുത്തിടെ ഒരു റിട്ടയർമെൻ്റ് ഹോമിൽ  കേളത്തനിമയുള്ള  സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. അത് ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.
 
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, കമ്മ്യൂണിറ്റികൾ എന്നിവയ്ക്കിടയിൽ പരമാവധി സ്വാധീനം ചെലുത്താനും അവർക്കായി സമയം മാറ്റിവച്ചുള്ള പരിശ്രമങ്ങൾ വിപുലീകരിക്കാനും അവരെ മുന്നോട്ട് കൊണ്ടു വരുന്നതിലുമാണ് അനുപമ വിശ്വസിക്കുന്നത്.  

കുട്ടികളിലെ കാൻസറിനെതിരെ പോരാടുന്ന ദ പ്രയേഴ്സ് ഫ്രം മരിയ ഫൗണ്ടേഷൻ എന്ന പ്രാദേശിക സംഘടനയ്ക്കായി അവർ  ധനസമാഹരണ പരിപാടി  വിജയകരമായി സംഘടിപ്പിച്ചു.   KAO യുടെ പിക്‌നിക് വഴി തുക സമാഹരിച്ചും  ഫൗണ്ടേഷന് നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു വ്യക്തിയുടെ ചികിത്സാ ചെലവുകൾക്ക് വേണ്ടി ജയകരമായ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ൻ  സംഘടിപ്പിക്കാനും  അനുപമ മുന്നോട്ടു വന്നു.

ഇന്ത്യയിലെ SOS വില്ലേജസ് എന്ന  സ്ഥാപനത്തിന് വേണ്ടി ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അനുപമ.  സഹജീവികളോടുള്ള അഗാധമായ സഹാനുഭൂതിയും പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളെ ഉയർത്താനുള്ള ആഗ്രഹവും തന്ന അതിനു പിന്നിൽ .

കലാരംഗത്തും അവരുടെ താല്പര്യം ശ്രദ്ധേയമാണ്.  ക്ലീവ്‌ലാൻഡിലെ റെഡ്‌കോട്ട് സന്നദ്ധപ്രവർത്തകയായി  
പ്ലേഹൗസ് സ്ക്വയറിൽ അനുപമയെ കാണാം. വൈവിധ്യമാർന്ന വ്യക്തികളുമായി ബന്ധപ്പെടാൻ   റെഡ്കോട്ടായി സന്നദ്ധസേവനം ചെയ്യുന്നത് തനിക്ക് അവസരം നൽകുന്നുവന്നവർ ചൂണ്ടിക്കാട്ടുന്നു.

വായന, സംഗീതം,  യാത്ര,  സിനിമ എന്നിവയിലൊക്കെ ആനന്ദം കണ്ടെത്തുന്ന അനുപമ  ടെന്നീസിൽ  സജീവമാണ്. 10K റൺ, ഹാഫ് മാരത്തൺ എന്നിവയിലും അനുപമ കായികക്ഷമത കാട്ടുന്നു. ആരോഗ്യപരിപാലനത്തിനു താൻ ഏറെ പരിഗണന കൊടുക്കുന്നുവന്നവർ പറഞ്ഞു.

മികവ്, സമഗ്രത, അനുകമ്പ എന്നിവ കൈമുതലായുള്ള പ്രവർത്തനത്തിലൂടെ  ലോകത്തിൽ പോസിറ്റീവ് ആയ ചലനം സൃഷ്ടിക്കാൻ അവർ ആഗ്രഹിക്കുന്നു. 

Join WhatsApp News
ചാക്കോ കുര്യൻ 2024-03-11 15:07:39
ഫൊക്കാനയുടെയും ഫോമായുടെയും തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മത്സര രംഗത്തേക്ക് വരുന്ന സ്ഥാനാർത്ഥികളുടെ പടങ്ങളും ശോഭിതമായ ബയോഡാറ്റകളും നല്ല നല്ല വാഗ്‌ദാനങ്ങളും ധാരാളം! കഴിഞ്ഞ തെരഞ്ഞെടുപ്പിന് നിന്നു വിജയിച്ച നേതാക്കൾ വളരേയധികം വാഗ്‌ദാനങ്ങൾ നൽകിയിരുന്നു. സംഘടനകളുടെ സമ്മേളനത്തിൽ വിശദീകരിക്കുമായിരിക്കാം. ഫൊക്കാനയെയും ഫോമയെയും പത്രങ്ങളിലൂടെ അറിയുന്ന സാധാരണക്കാർക്ക് നേതാക്കന്മാരുടെ പ്രവർത്തന ഫലങ്ങൾ എന്തൊക്കെ ആയിരുന്നുവെന്നറിയാനുള്ള ആഗ്രഹമുണ്ട്. പ്രസിഡന്റുമാർ എന്തെല്ലാം മലയാളി സമൂഹത്തിനു വേണ്ടി ചെയ്തുവെന്ന് എഴുതാമോ?
Tom Tom 2024-03-12 01:18:42
ഈ വാഗ്‌ദാന സംഘടനയിൽ കേവലം ഒരു ജോയിന്റ് ട്രഷറർ ആകാൻ മത്സരിക്കുന്നു.
Sudha Menon 2024-04-20 15:32:29
All the best Anu . I’m sure you will do an excellent job as a joint treasurer.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക