Image

അംഗസംഘടനകളിലും പ്രവർത്തകരിലും  ആവേശമുണർത്തി   തോമസ് ടി. ഉമ്മൻ ടീം വിജയത്തിലേക്ക്

Published on 20 March, 2024
അംഗസംഘടനകളിലും പ്രവർത്തകരിലും  ആവേശമുണർത്തി   തോമസ് ടി. ഉമ്മൻ ടീം വിജയത്തിലേക്ക്

ഫോമാ പ്രവർത്തകരിലും അംഗസംഘടനകളിലും   ആവേശമുണർത്തി   തോമസ് ടി. ഉമ്മൻ ടീം വിജയത്തിലേക്ക്. വർഷങ്ങളായുളള പ്രവർത്തനങ്ങ ളിലൂടെ കൈവരിച്ച വമ്പിച്ച ജനപിന്തുണ എന്നും ഫോമയ്ക്കൊപ്പം നിന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് ജനഹൃദയങ്ങളിൽ നിന്ന് എടുത്തു കളയാനാവില്ല.   ഇതേവരെയുള്ള നല്ല പ്രവർത്തനങ്ങൾ തുടരുമെന്ന ഉറപ്പുമായാണ് പ്രസിഡന്റ് സ്ഥാനാർഥി തോമസ് ടി ഉമ്മന്റെ നേതൃത്വത്തിലുള്ള  ഫോമാ ടീം  ഇലക്ഷൻ നേരിടുന്നത്.

തോമസ് ടി. ഉമ്മൻ 

ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും ജനങ്ങളോടൊപ്പം  പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നല്ല നേതാവ്. താന്പോരിമയോ സ്വാര്ഥതാല്പര്യങ്ങളോ ഉള്ളവർക്ക് നല്ല നേതാവാകാനാകില്ല. അത് പോലെ ടീം പ്ലെയറും ആയിരിക്കണം. എങ്കിലും ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നയാളാവരുത്.  ഈ ഗുണങ്ങളെല്ലാം തോമസ് ടി. ഉമ്മനിൽ   അമേരിക്കൻ മലയാളി സമൂഹം വര്ഷങ്ങളായി കാണുന്നതാണ്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ പിന്നിൽ സംഘടനാ പ്രവർത്തകർ അണിനിരന്നിരിക്കുന്നു.

ഫോമായുടെ ഏറ്റവും മികച്ച കണ്വന്ഷൻ  കാൻകൂണില് നടന്നപ്പോൾ ട്രഷററായിരുന്നു അദ്ദേഹം . അത്  വിജയകരമാക്കിയതിൽ പ്രധാന പങ്കു വഹിച്ചു. അവിഭക്ത ഫൊക്കാനയിലും തുടർന്ന് ഫോമായിലും വിവിധ തലങ്ങളിൽ പ്രവർത്തിച്ച തോമസ് ടി. ഉമ്മൻ  ഫോമായുടെ  തുടക്കത്തിൽ തന്നെ  അഡ്‌ഹോക് , കോൺസ്റ്റിട്യൂഷൻ  ആൻഡ് ബെലോ  കമ്മിറ്റിയിൽ വൈസ് ചെയർമാനെന്ന  നിലയിൽ   ഫോമായുടെ പ്രഥമ   കോൺസ്റ്റിട്യൂഷൻ ആൻഡ് ബെലോ  തയ്യാറാക്കുന്നതിന്  നേതൃത്വം നൽകുകയുണ്ടായി.. 
ഫോമാ പൊളിറ്റിക്കൽ അഫയേഴ്‌സ് ചെയർ എന്ന നിലയിൽ നിസ്തുല  സേവനങ്ങളാണ് അദ്ദേഹം സമൂഹത്തിനു ചെയ്തത്. കോൺസുലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തോമസ് ടി ഉമ്മനെ ആയിരുന്നു ജനങ്ങൾ എന്നും വിളിച്ച് കൊണ്ടിരുന്നത്. അതിപ്പോഴും തുടരുന്നു.

ഏതുപ്രശ്‌നവും അദ്ദേഹത്തിന്റെ അ ടുക്കൽ എത്തുമ്പോൾ അതിനൊരു പരിഹാരമുണ്ടാകും.  മാറ്റത്തിലേക്കൊരു നാൾവഴിയായിരിക്കും അദ്ദേഹം എന്ന ഉറപ്പോടെയാണ് പ്രചാരണങ്ങൾ മുന്നോട്ടു പോകുന്നത്. ഒരു നല്ല സംഘാടകന് ഏറ്റവും ആദ്യം വേണ്ട കാര്യവും അതു തന്നെ.  

ഫ്ളോറിഡയിലും ന്യു യോർക്കിലും ഒരു പോലെ വേരുകളുള്ള തോമസ് ടി ഉമ്മൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ  ചാപ്റ്റർ ചെയർമാൻ, ഫോമായുടെ പ്രഥമ  കോൺസ്റ്റിട്യൂഷൻ  കമ്മിറ്റി വൈസ് ചെയര്മാന്,  ഫോമാ നാഷനൽ പൊളിറ്റിക്കൽ ഫോറം ചെയർമാൻ, ഫോമാ നാഷനൽ കമ്മിറ്റിയംഗം, ഫോമാ നാഷനൽ അഡൈ്വസറി കൗൺസിൽ ചെയർമാൻ, ഫോമാ നാഷണൽ ട്രഷറർ, ഹെറിറ്റേജ് ഇന്ത്യ ചെയർമാൻ, ഇന്ത്യൻ ക്രിസ്ത്യൻ ഫോറം പ്രസിഡന്റ്, സിഎസ്‌ഐ സഭയുടെ നോർത്ത് അമേരിക്കൻ കൗൺസിൽ സെക്രട്ടറി, എപ്പിസ്‌ക്കോപ്പൽ സഭയുടെ ഏഷ്യാ അമേരിക്ക മിനിസ്ട്രി സെക്രട്ടറി തുടങ്ങി വിവിധ ദേശീയ പദവികളിൽ   തിളക്കമാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ചു.

നാലുപതിറ്റാണ്ടോളം ന്യൂയോർക്ക് സ്റ്റേറ്റിൽ  ബിസിനസ് ഓഫീസറായിരുന്നു.   ബഡ്ജറ്റ്, ഫൈനാൻസ്, പേയ്‌റോൾ, സ്റ്റേറ്റ് കോൺട്രാക്ടസ്, ഓഡിറ്റിങ്  മേഖലകളിൽ നൈപുണ്യമുള്ളയാളാണ്.  തൊണ്ണൂറുകളിൽ ലോങ്ങ് ഐലൻഡിൽ ആരംഭിച്ച ലോങ്ങ് ഐലൻഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (ലിംകാ)  സ്ഥാപക പ്രസിഡന്റായിരുന്നു. ഭാഷാ സ്‌നേഹിയായ അദ്ദേഹം ലോങ്ങ് ഐലൻഡിലെ പബ്ലിക് ലൈബ്രറിയിൽ ലിംകായുടെ ആഭിമുഖ്യത്തിൽ മലയാളം ക്ലാസുകളും തുടങ്ങി.

ഫോമാ ചെയ്തുവരുന്ന മികച്ച പ്രവർത്തനങ്ങൾ തുടരുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതിനു പുറമെ  ഫോമാ ഗ്ലോബൽ ഇനിഷേയ്റ്റീവ്  തുടങ്ങി ഒട്ടേറെ   പുതിയ പദ്ധതികൾ ആവിഷ്കരിക്കും.  

പ്രവർത്തനങ്ങളുടെ സമാപനമെന്ന നിലയിലാണ് കൺവൻഷനെ  കാണുന്നത്. കൺവൻഷൻ   വാഷിംഗ്ടൺ ഡിസിയിലോ ഫ്ളോറിഡയിലോ, ന്യൂ യോർക്കിലോ,   നടത്തണമെന്നാണ്  ആഗ്രഹിക്കുന്നത്. അത് നാഷണൽ കമ്മിറ്റി തീരുമാനമെടുക്കേണ്ട വിഷയമാണ്.  എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടു ,  കൂട്ടായ പ്രവർത്തനത്തിലൂടെ  ഫോമായുടെ കർമ്മപരിപാടികൾ   കൂടുതൽ ശക്തവും  വിജയകരവുമാക്കുവാൻ സാധിക്കുമെന്നു അദ്ദേഹത്തിനുറപ്പുണ്ട്. 

സാമുവൽ  മത്തായി  ജനറൽ സെക്രട്ടറി സ്ഥാനാർഥി 

നിശബ്ദമായ പ്രവർത്തനങ്ങളിലൂടെ ജനഹൃദയം കവർന്ന  നേതാവാണ്   ജനറൽ സെക്രട്ടറി സ്ഥാനാർഥി സാമുവൽ  മത്തായി. ഒച്ചപ്പാടിനോ പത്രത്തിൽ പേര് വരാനോ വേണ്ടി ഒരിക്കലും കടിപിടിക്കു പോകാത്ത യഥാർത്ഥ നേതാവ്. 
 
ഡാളസ് മലയാളീ അസോസിയേഷൻ പ്രസിഡന്റും ദീർഘകാലമായി  ഫോമാ നേതാവുമാണ്.    

2020 -2022 -ൽ  ഫോമായുടെ നാഷണൽ കമ്മിറ്റിയംഗമായി  സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചത്.  ഡാളസ് മലയാളി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി,  സെക്രട്ടറി എന്നീ നിലകളിൽ സംഘടനക്ക് നേതൃത്വം നൽകിയ  അദ്ദേഹത്തിന്റെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു.  

കലാലയ ജീവിതത്തിൽ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനായി പ്രവർത്തിച്ചു തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, യൂണിവേഴ്സിറ്റി യൂണിയൻ  കൗൺസിലർ,  കോളേജ് യൂണിറ്റ് സെക്രട്ടറി, അത്ലറ്റിക് സെക്രട്ടറി, തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുമ്പോൾ തന്നെ "രഥം" ത്രൈമാസികയുടെ ജനറൽ എഡിറ്ററായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നു.

ജന്മനാട് കേന്ദ്രീകരിച്ചു നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തുവരുന്നു.  നാഷണൽ കമ്മിറ്റിയംഗവും വിമെൻസ് ഫോറം വൈസ് ചെയറുമായ മേഴ്‌സി സാമുവേലാണ് സഹധർമ്മിണി.   ആദ്ദേഹം ആരംഭിച്ച ബിസ്സിനെസ്സുകളെല്ലാം ലാഭകരമായി നടത്തിക്കൊണ്ടിരിക്കുകയും  ചെയ്യുന്നു. 2010  മുതലുള്ള എല്ലാ ഫോമാ കൺവെൻഷനുകളിലും സജീവ സാന്നിധ്യമാണ്‌. 

ബിനൂപ് ശ്രീധരൻ, ട്രഷറർ 

പ്രവര്‍ത്തന മികവുകൊണ്ടും നേതൃപാടവം കൊണ്ടും ഫ്‌ളോറിഡ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധേയനായ ബിനൂപ് ശ്രീധരൻ  എന്തുകൊണ്ടും ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍  യോഗ്യനായ വ്യക്തിയാണെന്നാണ്  അദ്ദേഹത്തെ ഏകകണ്ഠമായി ഫോമ ട്രഷറര്‍ സ്ഥാനത്തേക്ക്  നാമനിർദേശം  ചെയ്തുകൊണ്ട്  സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ വിലയിരുത്തിയത്. അക്ഷരാർത്ഥത്തിൽ തന്നെ ശരിയായ വിലയിരുത്തൽ എന്ന് ബിനൂപിനെ അറിയുന്ന ആരും സമ്മതിക്കും.  അമേരിക്കന്‍ മലയാളി സമൂഹത്തിന്റേയും, കേരളത്തിലെ മലയാളികളുടേയും ഉന്നമനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നിലകൊള്ളുന്നു.  

ബിനൂപ് ശ്രീധരന്‍ സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും നിലവില്‍ എക്‌സിക്യൂട്ടീവ് മെമ്പറുമാണ്. മാത്രമല്ല, ഫോമയുടെ സുവര്‍ണ്ണ കാലഘട്ടമായി ഓര്‍ത്തിരിക്കുന്ന 2020- 22 കാലഘട്ടത്തില്‍ അനിയന്‍ ജോര്‍ജ് പ്രസിഡന്റായിരുന്ന അവസരത്തില്‍ ഫോമയുടെ നാഷണല്‍ കമ്മിറ്റി മെമ്പറായി ഫ്‌ളോറിഡയെ നയിച്ച് കഴിവ് തെളിയിച്ച ആളാണ്. നിലവില്‍ ഫോമ സണ്‍ഷൈന്‍ റീജിയനില്‍ വിവിധ കമ്മിറ്റികളുടെ അംഗമായും പ്രവര്‍ത്തിക്കുന്നു. 

ഫോമയുടെ കഴിഞ്ഞ മിഡ്‌ടേം ജനറല്‍ബോഡിയില്‍ ബിനൂപ് ശ്രീധരന്‍ തന്റെ വ്യക്തിപ്രഭാവവും പ്രവര്‍ത്തന മികവും വിലയിരുത്തപ്പെട്ടതാണ്. മുന്നൊരുക്കങ്ങള്‍ ഒന്നുമില്ലാതെയാണ് അദ്ദേഹം മിഡ് ടേം ജനറല്‍ബോഡി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 

തൊട്ടതെല്ലാം പൊന്നാക്കിയ ബിനൂപ് ഫ്‌ളോറിഡയില്‍ പ്രമുഖ റീട്ടെയിന്‍ ബിസിനസ് രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച് വിജയിച്ച വ്യക്തിയാണ്. സാമ്പത്തിക അച്ചടക്കത്തിലും ചിട്ടയായ പ്രവര്‍ത്തനത്തിലും വിശ്വസിക്കുന്ന  ബിനൂപ് ആതുര സേവനത്തിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയില്‍ ഏറെ സുപരിചിതനാണ്. 

കൊടുങ്കാറ്റ്  വന്നപ്പോൾ മലയാളി സമൂഹത്തിനു വേണ്ടി   ഊണും ഉറക്കവും ഉപേക്ഷിച്ച്   ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരില്‍ പ്രമുഖനായിരുന്നു ബിനൂപ് ശ്രീധരന്‍. 

വ്യക്തിപ്രഭാവം കൊണ്ടും സംഘാടക മികവുകൊണ്ടും കഴിവ് തെളിയിച്ച ബിനൂപിന്റെ വിജയം സുനിശ്ചിതമാണെന്ന്  പലരും  ചൂണ്ടിക്കാട്ടുന്നു. 

ബിനൂപിന്റെ വിജയം ഉറപ്പിക്കാന്‍ അസോസിയേഷന്‍ പ്രസിഡന്റും ഫോമ നാഷണല്‍ കൗണ്‍സില്‍ മെമ്പറുമായ അജേഷ് ബാലാനന്ദനെ മേല്‍നോട്ടം വഹിക്കാന്‍ യോഗം ചുമതലപ്പെടുത്തി. മറുപടി പ്രസംഗത്തില്‍ ബിനൂപ് ശ്രീധരന്‍ അസോസിയേഷന്‍ തന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്വത്തിനും, വിശ്വാസത്തിനും നന്ദി രേഖപ്പെടുത്തി.  

സണ്ണി കല്ലൂപ്പാറ, വൈസ് പ്രസിഡന്റ് 

കലാ-സാംസ്‌കാരിക-സാമൂഹിക രംഗങ്ങളില്‍ സമാനതകളില്ലാത്ത അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ സണ്ണി കല്ലൂപ്പാറ എന്ന സണ്ണി നൈനാന്‍  ബഹുമുഖ പ്രതിഭയായി വിലയിരുത്തപ്പെടുന്നു. ഫോമാ നാഷണല്‍ കമ്മിറ്റി അംഗമായി രണ്ടുവട്ടം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം സിനിമ-നാടക-സീരിയല്‍ നടനും രചയിതാവും മാധ്യമ പ്രവര്‍ത്തകനുമാണ്.   അമേരിക്കന്‍ മലയാളികളുടെ ആശയും അഭിനിവേശവുമായ ഫോമായുടെ പൊതു താത്പര്യ പ്രവര്‍ത്തനങ്ങള്‍ക്ക് എളിയ സേവനം നല്‍കുന്നതില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് സണ്ണി കല്ലൂപ്പാറ പറഞ്ഞു.

സ്‌കൂള്‍, കോളേജ്, ഇന്റര്‍ കോളേജ് നാടക മത്സരങ്ങളില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സണ്ണി കല്ലൂപ്പാറ. അഖില കേരള ബാലജനസഖ്യം കലാ പ്രതിഭ പട്ടം അലങ്കരിച്ചിട്ടുണ്ട്. അമേരിക്കയില്‍ എത്തിയ ശേഷം കലാ-സാംസ്‌കാരിക-സാമൂഹിക-സംഘടനാ തലങ്ങളില്‍ സജീവമായ സണ്ണി കല്ലൂപ്പാറ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്) പ്രസിഡന്റായി. നിലവില്‍ സംഘടനയുടെ വൈസ് പ്രസിഡന്റാണ്.

ഫോമായുടെ എമ്പയര്‍ റീജിയന്‍ ട്രഷററായിരുന്ന സണ്ണി കല്ലൂപ്പാറ ഫോമാ ചിക്കാഗോ കണ്‍വന്‍ഷനില്‍ നാടക മത്സരത്തിന്റെ ചെയര്‍ പേഴ്‌സണ്‍ ഉള്‍പ്പെടെ നാല് കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു.  ഫ്ളോറിഡാ കണ്‍വന്‍ഷനിലെ നാടക മത്സരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.  

ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. ന്യൂയോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച് (യോങ്കേഴ്‌സ്) യുവജന സഖ്യം സെക്രട്ടറിയായും സംഘടനയുടെ വൈസ് പ്രസിഡന്റ്, നോര്‍ത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി, ഭദ്രാസന അസംബ്ലി മെമ്പര്‍, നോര്‍ത്ത് അമേരിക്ക ഭദ്രാസന യുവജനസഖ്യം ആദ്യ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് അസംബ്ലി അംഗമാണ്.

തികഞ്ഞ കലാകാരനായ അദ്ദേഹം  അപ്പൂപ്പന് 100 വയസ്, നന്മകള്‍ പൂക്കും കാലം, പ്രവാസി തുടങ്ങി 200ല്‍ അധികം വേദികള്‍ പിന്നിട്ട ഇരുപതിലധികം പ്രൊഫഷണല്‍ നാടകങ്ങളിലൂടെ ഒട്ടനവധി ജനസദസുകളില്‍ ഇന്നും സജീവമായി നിൽക്കുന്നു .

ഫിലഡല്‍ഫിയയിലെ മാനുഷി നാടകോത്സവത്തില്‍ വ്യുവേഴ്‌സ് ചോയിസ് ബെസ്റ്റ് ആക്റ്ററായി. വെസ്റ്റ്‌ചെസ്റ്ററിലെ യൂണിഫെസ്റ്റ് 91ല്‍ കലാപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റ് വേദിയില്‍ നിന്ന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡും സ്വന്തമാക്കി.

പ്രവാസി, അക്കരക്കാഴ്ച, അവര്‍ക്കൊപ്പം, ലോക്ക്ഡ് ഇന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കൂടാതെ ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകളിലെ ജനപ്രിയ പരമ്പരകളായ മനസ്സറിയാതെ, വേളാങ്കണ്ണിമാതാവ്, ഞങ്ങള്‍ സന്തുഷ്ട്ടരാണ്, കുങ്കുമപ്പൂവ്, അല്‍ഫോണ്‍സാമ്മ, അക്കരക്കാഴ്ച്ച, ഹരിചന്ദനം, ഇത് രുദ്രവീണ, പ്രവാസി, ഗ്രീന്‍കാര്‍ഡ്, ഫെയ്സ് ബുക്ക് ജോപ്പന്‍, തുടങ്ങിയ പത്തില്‍ അധികം സീരിയലുകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയിട്ടുണ്ട്. ലോക്ക്ഡ് ഇന്‍ ആണ് സണ്ണി ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

അമേരിക്കന്‍ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമുള്ള ജനപ്രിയ കഥാപാത്രങ്ങളുടെ വേഷപ്പകര്‍ച്ചയുമായാണ് സണ്ണി കല്ലൂപ്പാറ ജൈത്രയാത്ര തുടരുന്നത്. പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സൂപ്പര്‍ ഹിറ്റ് സീരിയല്‍ 'ഫെയ്സ്ബുക്ക് ജോപ്പ'നിലെ മുഴുനീള കഥാപാത്രമായ ജോപ്പനും 'നാടന്‍ വൈബ്സി'ലെ വര്‍ക്കിയും 'കപ്പ ആന്റ് ക്രൊയ്‌സാന്റ്സി'ലെ ചാക്കോയും അരങ്ങ് തകര്‍ത്താടിയവയാണ്. 

നാളിതുവരെയുള്ള   കലാ സപര്യയിലൂടെ നേടിയ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സണ്ണി കല്ലൂപ്പാറ വിനിയോഗിച്ചത്. ഇനിയും ആ സഹജീവി സ്‌നേഹത്തിന്റെ പാതപിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡോ. പ്രിൻസ് നെച്ചിക്കാട്ട്, ജോ. സെക്രട്ടറി 

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്കു  മത്സരിക്കുന്ന   ഡോ. പ്രിൻസ് നെച്ചിക്കാട്ട്    13 അംഗസംഘടനകളും 97 പ്രിധിനിധികളുള്ള ഫോമയുടെ ഏറ്റവും  വലിയ റീജിയനായ   വെസ്റ്റേൺ റീജിയണിലെ നിലവിലെ ആർ.വി.പി  ആണ്.  

1990 ൽ അമേരിക്കയിൽ എത്തിയ നാൾ മുതൽ മലയാളികൾക്കിടയിൽ പൊതുപ്രവത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു.  സിലിക്കൻ വാലിയിലുള്ള ഭവനരഹിതർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുക, വിവിധ ചാരിറ്റി സംഘടനകളുടെ സഹായത്തോടെ യുവാക്കൾക്ക് സൗജന്യമായി കമ്പ്യൂട്ടർ പ്രാഥമിക വിദ്യാഭ്യാസം നൽകുക തുടങ്ങിയ  ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേയ്ക്കു തുടക്കം കുറിച്ചു.

കഴിഞ്ഞ മുപ്പതു വർഷമായി മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയായിൽ സജീവമായി പ്രവത്തിക്കുകയും ഇപ്പോൾ സംഘടനയുടെ സെക്രട്ടറി  ആയി ചുമതല വഹിക്കുകയും ചെയ്യുന്നു.   ഇക്കഴിഞ്ഞ മങ്കയുടെ വാശിയേറിയ ഇലക്ഷനിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും പ്രിൻസ് പിന്തുണച്ച പാനൽ മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും   ചെയ്തത്  ശ്രദ്ധേയമായി.

ഫോമയിൽ നാഷണൽ കമ്മറിയംഗം, ബൈലോ കമ്മിറ്റി  കോർഡിനേറ്റർ , 2018 ലെ ചിക്കാഗോ
കൺവൻഷൻ  ജനറൽ കൺവിനർ,  മങ്കയിൽ  ഡയറക്ടർ   ബോർഡംഗം, സെൻറ് തോമസ് സീറോ മലബാർ ചർച്ച് ഓഫ്  സാൻ ഫ്രാൻസിസ്കോ  പാരിഷ് കൗൺസിൽ അംഗം, പാസ്റ്ററൽ  കൗൺസിൽ അംഗം, വാഷിംഗ്ടൺ ഡിസിയിൽ ബിസിനസ്സ് അഡ്വൈസറി കൗൺസിലിൽ കോ.  ചെയർമാൻ  എന്നീ 
ചുമതലകളിലൊക്കെ കരുത്തു തെളിയിച്ച പ്രിൻസ്  ജോയിന്റ് സെക്രട്ടറി ആയി എത്തിയാൽ അതു ഫോമയ്ക്കു ഒരു മുതൽ കൂട്ടായിരിയ്ക്കും.

ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ  ഡോക്ടറേറ്റ് ഡിഗ്രി ഉള്ള പ്രിൻസ്‌,  പ്രിൻസ്‌ റിയാലിറ്റി & ഫിനാൻസ് ഇൻക്   പ്രസിഡന്റ് & സിഇഒ ആണ്.  

അമ്പിളി  സജിമോൻ, ജോ. ട്രഷറർ 

ജോ. ട്രഷററായി മത്സരിക്കുന്ന  അമ്പിളി  സജിമോൻ   ഇപ്പോൾ ഫോമാ  വനിതാ പ്രതിനിധിയാണ്.   കൂടാതെ അറ്റലാന്റ മലയാളി അസോസിയേഷൻ സെക്രട്ടറിയും. 

 സംഘടനയുടെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകാനും പുതിയ രംഗങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഫോമാ എക്സിക്യുടിവിലെ അംഗത്വം ഉപകരിക്കുമെന്ന് അമ്പിളി  കരുതുന്നു.

വിവിധ സംഘടനകൾ ഇതിനകം അമ്പിളി സജിമോന്റെ സ്ഥാനാർത്ഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

'ലീഡർഷിപ്പ് ത്രൂ  പാർട്ടിസിപ്പേഷൻ' എന്നതാണ് തന്റെ ലക്‌ഷ്യം. നേത്രുത്വം  എന്നാൽ സേവനം എന്നാണ് താൻ അർത്ഥമാക്കുന്നത്. ഒരു ഹോസ്പിറ്റലിൽ നേത്രുരംഗത്തിരിക്കുന്ന വ്യക്തി എന്ന നിലയിൽ തന്റെ പ്രവർത്തനനത്തിലുടനീളം ഈ മാതൃകയാണ് താൻ പിന്തുടരുന്നതെന്ന് പി.എ. മെഡിക്കൽ സെന്ററിൽ അസി. നഴ്സ് മാനേജരായ അമ്പിളി ചൂണ്ടിക്കാട്ടുന്നു.

എല്ലാവർക്കുമൊപ്പം പ്രവർത്തിക്കണം. അഭിപ്രായ വ്യത്യാസങ്ങൾ വരുമ്പോഴും   പ്രവർത്തനങ്ങളിൽ ഒരുമിച്ചു നിൽക്കാനുള്ള  മനസാണ്  ഏറ്റവും പ്രധാനം.  ഭിന്നതക്കപ്പുറം എല്ലാവരെയും ഒപ്പം കൂട്ടിയാൽ മാത്രമേ മികച്ച ഒരു സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കാനാവു.

'സക്സസ് ഈസ് നോട്ട്  എബൌട്ട് ദി വേർഡ്,' എന്ന്  മിഷെൽ ഒബാമ പറഞ്ഞത് അർത്ഥവത്താണ്. വിജയം എന്നത് ഒരു വാക്കു മാത്രമല്ല. ഒരു ട്രഷറർ എത്ര പണം സമാഹരിച്ചു എന്നത് മാത്രമല്ല പ്രധാനം. അത്  എങ്ങനെ നമ്മുടെ സമൂഹത്തിനു ഉപകാരപ്രദമായ രീതിയിൽ വിനിയോഗിച്ചു എന്നതിലാണ് കാര്യം.  ചെറിയ തുക പോലും ചിലരുടെ ജീവിതത്തിൽ വലിയ  മാറ്റങ്ങൾ ഉണ്ടാക്കും എന്നത് മറക്കരുത്.

കഴിഞ്ഞ ഫോമാ കേരള കണ്വൻഷനിൽ അര  ഡസനോളം ചാരിറ്റി  പ്രോജക്ടുകളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞു. അത് കൂടുതൽ വിപുലമാക്കി ഫോമായേ ലോകത്തിന്റെ മുന്നിലേക്ക് കൊണ്ടുവരാനും അതുവഴി നമ്മുടെ സമൂഹത്തിനു ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാനുമാണ് താൻ ആഗ്രഹിക്കുന്നത്.

കോവിഡ്  കാലത്ത് അറ്റ്‌ലാന്റയിലെ എമറി ഹോസ്പിറ്റലില്‍ ഐ.സി.യു നഴ്‌സായിരുന്ന  അമ്പിളി സജിമോന്‍ അക്ഷരാർത്ഥത്തിൽ കോവിഡ് പോരാളി ആയിരുന്നു.  പ്രായമുള്ളവരും ചെറുപ്പക്കാരും ചുറ്റിലും മരിക്കുന്നു. അവരുടെ അടുത്ത്  ബന്ധുമിത്രാദികള്‍ ആരുമില്ല. എങ്കിലും ഒരാളും തനിയെ മരിക്കാതിരിക്കാന്‍ തന്നാൽ ആവുന്നതൊക്കെ ചെയ്തു- അവർ  പറയുന്നു.

ഇടുക്കി ജില്ലക്കാരിയായ അമ്പിളിയുടെ ഭര്‍ത്താവ് സജിമോന്‍ സി. ജോണ്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്.  ഇംഗ്ലണ്ടിലെത്തിയ കുടുംബം 11 വര്‍ഷം അവിടെ ജോലി ചെയ്തശേഷം 2011-ലാണ് അമേരിക്കയിലെത്തുന്നത്. ബ്രിട്ടണില്‍ വെസ്റ്റൻ  സൂപ്പര്‍മയർ  എന്ന സ്ഥലത്തായിരുന്നു താമസം. അവിടെ അക്കാലത്ത് മലയാളി  സംഘടനകളൊന്നുമില്ലായിരുന്നു. പുതുതായി സംഘടന സ്ഥാപിക്കാന്‍ ഇരുവരും മുന്നോട്ടുവന്നു. അതിനാൽ തന്നെ സംഘടനാ പ്രവർത്തനം പുതിയ കാര്യമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക