ന്യു യോർക്ക്: ഫോമ മുൻ ജനറൽ സെക്രട്ടറിയും അഡൈ്വസറി ബോർഡ് ചെയറുമായ ജോൺ സി വർഗീസിൻ്റെ (സലീം) അമ്മ ഏലിയാമ്മ ജോണിൻ്റെ നിര്യാണത്തിൽ ഫോമാ അനുശോചനം രേഖപ്പെടുത്തുകയും പൊതുദർശന ചടങ്ങിൽ ഫോമാ പ്രസിഡൻ്റ് ഡോ. ജേക്കബ് തോമസ് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
പോർട്ട് ചെസ്റ്ററിലെ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന പൊതുദര്‍ശന ചടങ്ങിൽ ഡോ. ജേക്കബ് തോമസ് ഹൃദയസ്പർശിയായ അനുസ്മരണ സന്ദേശം നൽകി. അവരുടെ ശ്രദ്ധേയമായ ജീവിതത്തെയും ചുറ്റുമുള്ളവരിൽ അവർ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെയും അദ്ദേഹം എടുത്തുകാട്ടി. അവരുടെ എല്ലാ പ്രവൃത്തികളിലും നിറഞ്ഞുനിന്നത് പരോപകാര തല്പരതയും ആത്മാർത്ഥതയും അചഞ്ചലമായ അർപ്പണബോധവും ആയിരുന്നു. സന്തോഷം നിറഞ്ഞ ജീവിതം നയിച്ച അവർ മക്കളും കൊച്ചുമക്കളും അവരുടെ മക്കളെയും കൊണ്ട് അനുഗ്രഹീതയായി 93 വയസിൽ വിടപറഞ്ഞത് ധന്യമായ ഓർമ്മകൾ ബാക്കി വച്ചാണ്.
പൊതുദർശനത്തിൽ പങ്കെടുത്തവരുടെ ഹൃദയംഗമമായ സാന്നിധ്യത്തിന് ഫോമാ കമ്മ്യൂണിറ്റിയുടെ പേരിൽ അദ്ദേഹം നന്ദി അറിയിച്ചു. ദുഃഖത്തിൻ്റെ ഈ നിമിഷത്തിൽ, ഏലിയാമ്മ ജോണിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി സാന്ത്വനവും പ്രാർത്ഥനയും അർപ്പിക്കുകയും വർഗീസ് കുടുംബത്തിന് ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഈ ദുഖകരമായ അവസരത്തിൽ ഫോമ ജോണ്‍ സി വർഗീസിന്റെ കുടുംബത്തോടൊപ്പം ചേർന്ന് നിൽക്കുന്നു. നമ്മുടെ ചിന്തകളും പ്രാർത്ഥനകളും അവരോടൊപ്പം നിലനിൽക്കുന്നു.