തിക്കും തിരക്കും നിറഞ്ഞ ആധുനിക നഗര ജീവിതത്തില്‍ ദിനംതോറും സങ്കീര്‍ണ്ണമായ നിരവധി പ്രശ്നങ്ങള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. തന്മൂലം പലപ്പോഴും നമ്മുടെ സഹജീവികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനും അവര്‍ക്ക് ആവശ്യമായ സഹായഹസ്തം നീട്ടിക്കൊടുക്കുവാനും നാം മടി കാണിക്കുന്നവരാണ്. അവരെ സഹായിക്കുവാന്‍ മനസ്സില്ലാത്തതുകൊണ്ടല്ല നമ്മള് അവരില്‍ നിന്നും അകന്നുമാറി നില്‍ക്കുന്നത്. സമയപരിമിതിയും ബുദ്ധിമുട്ടുകളുമാണ് അത്തരം പരോപകാരപ്രവൃത്തനങ്ങളില് നിന്നും നമ്മെ പിന്തിരിപ്പിക്കുവാന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഡോക്ടര്‍ മധുനമ്പ്യാരും കുടുംബവും ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തരാണ്. മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുന്നതിനും അതിഥി സല്‍ക്കാരത്തിനും വേണ്ടി പണവും സമയവും ചെലവഴിക്കുന്ന കാര്യത്തില്‍ അവര്‍ എല്ലായ്പ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്.
ഹോവാര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഓപ്പറേഷന് തീയേറ്റര്‍ നേഴ്സായി ജോലി ലഭിച്ച ഒരു മലയാളി നേഴ്സ് വാഷിംഗ്ടണില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് ഒരു ഫോമാ പ്രവര്ത്തകന് ഡോക്ടര്‍ നമ്പ്യാരോട് ആവശ്യപ്പെടുകയുണ്ടായി. തന്റെ ഭര്‍ത്താവും മകനുമൊത്ത് രാത്രി മൂന്നുമണിക്ക് വാഷിംഗ്ടണില്‍ വന്നിറങ്ങിയ ഈ കുടുംബത്തിന് ബന്ധുക്കളും സഹായികളുമായി മറ്റാരും അവിടെയുണ്ടായിരുന്നില്ല. അന്ന് ഫോമായുടെ നാഷണല്‍ കമ്മറ്റി മെമ്പറും ഇപ്പോഴത്തെ ക്യാപിറ്റല്‍ റീജിയന് വൈസ് പ്രസിഡന്റുമായിരുന്ന ഡോക്ടര്‍ മധുനമ്പ്യാര്‍ തല്‍ക്ഷണം അവരുടെ സഹായത്തിനും തുണയ്ക്കും വേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. ആ കുടുംബത്തിന് തല്ക്കാലം താമസിക്കുവാന്‍ ഉടന്‍ തന്നെ അദ്ദേഹം ഒരു പാര്‍പ്പിടം ഏര്‍പ്പാട് ചെയ്തു കൊടുത്തു. പിന്നീട് അധികം താമസിയാതെ അവര്‍ക്ക് അനുയോജ്യമായ ഒരു അപ്പാര്‍ട്ട്മെന്റ് കണ്ടുപിടിച്ച് ആ കുടുംബത്തെ സഹായിക്കുന്നതിനും നല്ല ശമര്യാക്കാരനായ ഡോക്ടര്‍ മധുനമ്പ്യാര്‍ സമയം കണ്ടെത്തി. ഏതാണ്ട് ഒരു വര്‍ഷത്തിനുശേഷം അവര്‍ക്ക് ഒരു വീട് വാങ്ങിക്കുവാനും ഡോക്ടറും കുടുംബവും മുന്‍കൈ എടുത്ത് അവരെ സഹായിച്ചു. പുതിയ ഭവനത്തിലേയ്ക്ക് വീട്ടുപകരണങ്ങള്‍ കൊണ്ടുപോകുവാനുള്ള വാഹന സൗകര്യവും അദ്ദേഹം ഏര്‍പ്പാടാക്കി. പുതിയ ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങുകളില്‍ ഡോക്ടറും കുടുംബവും സജീവമായി പങ്കെടുക്കുകയും ചെയ്തു. ''എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില് ഒരുത്തന് നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്ക് വേണ്ടി ചെയ്തു'' (മത്തായി 25:40) എന്ന് യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ ഡോക്ടര്‍ നമ്പ്യാരും കുടുംബവും തങ്ങളുടെ ജീവിതത്തില്‍ മാതൃകയാക്കി പ്രവര്‍ത്തിച്ചു വരുന്നു.
ആ കുടുംബത്തിന് പിന്നീടുണ്ടായ മറ്റൊരു ദുരവസ്ഥയ്ക്കും ഡോക്ടര്‍ നമ്പ്യാര്‍ പരിഹാരം കണ്ടെത്തി. അവര്‍ക്കുണ്ടായിരുന്ന ഏക വാഹനം ഒരു അപകടത്തെത്തുടര്‍ന്ന് ഉപയോഗ ശൂന്യമായപ്പോള്‍ അവരുടെഉപയോഗത്തിനായി അദ്ദേഹം തങ്ങളുടെ ഒരു വാഹനം വിട്ടുകൊടുത്ത് അവരെ സഹായിച്ചു. ഈ സഹായം ആ കുടുംബത്തിന്റെ ഇടക പള്ളിയില്‍ തന്നെ ഒരു ചര്‍ച്ചാവിഷയം ആകുകയും ചെയ്തു. ഒന്നിലധികം വാഹനങ്ങള്‍ ഉപയോഗിക്കാതെ പല ഭവനങ്ങളിലും കിടപ്പുണ്ടെങ്കിലും ഒരു ആപല്‍ ഘട്ടത്തില്‍ അവരെ സഹായിക്കുവാന്‍ നിങ്ങളുടെ കുടുംബം മാത്രമേ മുന്നോട്ടുവന്നുള്ളു എന്ന് പലരും ഡോക്ടറോട് അക്കാലത്ത് പറയുകയുണ്ടായി.
മാനവികതയുടെ മൂല്യവും നന്മയും കരുണയും എപ്പോഴും മനസ്സില്‍ ഏറ്റിക്കൊണ്ട് നടക്കുന്ന ഒരു കുടുംബമാണ് ഡോക്ടര്‍ നമ്പ്യാരുടേത്. അപ്പോസ്തോലനായ വിശുദ്ധ പൗലൂസ് കൊരിന്ത്യ ലേഖനം 13-ാം അദ്ധ്യായത്തില്‍ സ്നേഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന വചനങ്ങള്‍ തന്റെ ജീവിതത്തില്‍ മാതൃകയാക്കിയിരിക്കുന്ന ഒരു വ്യക്തിയാണ് ഡോക്ടര്‍ നമ്പ്യാര്‍. സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കിയാണ് അദ്ദേഹം എപ്പോഴും പ്രവര്‍ത്തിക്കുന്നത്. സമൂഹത്തിന്റെ എല്ലാ രംഗത്തും പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്കുവേണ്ടി അദ്ദേഹം തന്റെ സല്പ്രവര്ത്തികള് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഫോമായില്‍ കൂടി തന്നെ ബന്ധപ്പെടുന്ന എല്ലാവര്ക്കും അദ്ദേഹം എപ്പോഴും ഒരു കൂട്ടാളിയും സഹായിയുമാണ്. കേരളത്തില്‍ നിന്നും വന്നെത്തുന്ന വിശിഷ്ട വ്യക്തികളെ സ്വീകരിക്കുവാനും അവര്‍ക്കുവേണ്ട സഹായം എത്തിക്കുവാനും അദ്ദേഹം എപ്പോഴും മുന്‍പന്തിയിലുണ്ട്. ആദ്യമായി അമേരിക്കയില്‍ വരുന്നവരെ പരിചയപ്പെടാനും അവരെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുവാനും അതോടൊപ്പം അവര്‍ക്ക് ആവശ്യമെങ്കില്‍ മെഡിക്കല്‍ സഹായം എത്തിക്കുവാനും അദ്ദേഹം എപ്പോഴും ശ്രദ്ധാലുവാണ്.
2024-2026 ലേയ്ക്കുള്ള ഫോമായുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉള്ള തെരഞ്ഞെടുപ്പില്‍ ഡോക്ടര്‍ നമ്പ്യാര്‍ ഒരു സ്ഥാനാര്‍ത്ഥിയാണ്. അമേരിക്കന്‍ മലയാളികളുടെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും ഉന്നമനത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന ഫോമാ അസോസിയേഷനില്‍ കൂടി തുടര്‍ന്നും തന്റെ പ്രവര്‍ത്തനമേഖല വിപുലപ്പെടുത്തുവാന്‍ അദ്ദേഹത്തിന് അതിയായ താല്പര്യമുണ്ട്.