വലിയ കാര്യങ്ങൾ ചെയ്യുമെന്ന പ്രഖ്യാപനത്തോടെ അധികാരമേറ്റ ഫൊക്കാന നേതൃത്വം ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് നെടുങ്കൻ വിടുവായത്തം പറയുന്നതിലൂടെയാണെന്നത് ഖേദകരമാണ്. മറ്റുള്ളവരെ കുറ്റം പറയുന്നവർ തങ്ങളുടെ യോഗ്യതകളും തങ്ങൾ വന്ന വഴികളും ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.
മുൻപൊരു പൊതുയോഗത്തിൽ കേട്ടത് പെരുമ്പാമ്പിന്റെ ഉപമയാണ്. പെരുമ്പാമ്പ് പട്ടിണി കിടക്കുന്നു. മൃഗ ഡോക്റ്ററോട് ചോദിച്ചപ്പോൾ അത് വളർത്തുന്നയാളെ തിന്നാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമെന്നായിരുന്നു മറുപടി. അത് പോലെ സംഘടനയിലും പെരുമ്പാമ്പുകൾ ഉണ്ടെന്നു പറഞ്ഞപ്പോൾ അത് ആരെയൊക്കയാണ് ഉദ്ദേശിച്ചതെന്ന് പലരും മനസ്സിലെങ്കിലും കരുതിയിരിക്കണം.
ഇപ്പോഴിതാ പുതിയ പ്രഖ്യാപനം: സംഘടന ആരുടേയും തറവാട്ടു സ്വത്തല്ല, സംഘടനയിൽ മങ്കി സിൻഡ്രോം എന്നൊക്കെ. കേൾക്കാൻ നല്ല സുഖം.
ഇത് ആരെപ്പറ്റിയാണ് പറയുന്നത്? കേട്ടിരുന്ന ആരെങ്കിലും ഇത്ര നിരുത്തരവാദപരമായ പ്രസ്താവനയെ ചോദ്യം ചെയ്തു കണ്ടില്ല.
ഒരു കാലത്ത് സംഘടന ഇല്ലാതാകുന്ന സ്ഥിതിവന്നപ്പോൾ അതിനെ നിലനിർത്തിയവർ പലരുണ്ട്. അവർ സഹിച്ച ത്യാഗത്തിന്റെയും കഷ്ട്ടപ്പാടിന്റെയും ഫലമായാണ് ഫൊക്കാന ഇന്നത്തെ നിലയിൽ നിൽക്കുന്നതെന്ന് സംഘടനയുമായി ദീര്‍ഘകാലമായി ബന്ധമുള്ളവർക്ക് അറിയാം. അവരാണോ കസേരകൾ മാറി മാറി ഇരിക്കുന്ന മങ്കി സിൻഡ്രോമിന്റെ ആൾക്കാർ? അവർ അങ്ങനെ മാറി മാറി ഇരുന്ന് സംഘടനയെ വളർത്തിയത് കൊണ്ടാണ് ഇന്നത്തെ സംഘടന ഉള്ളതെന്നത് മറക്കരുത്.
സംഘടന തറവാട്ടു സ്വത്തല്ല എന്ന് പറയുന്ന നേതാക്കൾ തങ്ങളുടെ പിൻഗാമികളെ നിയമിക്കുന്നതിന് അർത്ഥമെന്താണ്? കേട്ടുകേഴ്വി ഉള്ള കാര്യമല്ല ഇത്. അനാവശ്യമായ വീറും വാശിയും ഉള്ള ഒരു തെരഞ്ഞെടുപ്പ് ഉണ്ടാവാൻ കാരണമെന്ത്? എന്തിന്റെയൊക്കെയോ പിന്തുടർച്ചക്ക് അതാവശ്യമാണത്രെ. അത് എന്തൊക്കെയാണെന്നു വിശദീകരിച്ചാൽ കൊള്ളാം.
ഇപ്പോൾ മത്സരരംഗത്തുള്ളവരൊക്കെ തികച്ചും യോഗ്യരായ സ്ഥാനാര്‍ഥികളാണ്. ഒരു കൂട്ടർ ഇപ്രാവശ്യവും മറ്റൊരു കൂട്ടർ അടുത്ത പ്രാവശ്യവും സ്ഥാനാർഥികളായി വന്നിരുന്നെങ്കിൽ ഇലക്ഷൻ പോലും ഒരു പക്ഷെ ഒഴിവാകുമായിരുന്നു.
അതിനു പകരം ഇപ്പോൾ കീരിയും പാമ്പും പോലെ കടിപിടി കൂടാൻ കാരണമെന്ത്?
സംഘടനയിൽ ദീർഘകാലം പ്രവർത്തിക്കാതെ ഓടിവന്നു നേതാവാകുന്നത് എത്രകണ്ട് ഗുണകരമാണെന്ന് ചിന്തിക്കേണ്ടതുണ്ട്. ഫോമായിൽ പല സ്ഥാനങ്ങളിലൊക്കെ പ്രവർത്തിച്ചവർക്ക് മാത്രമേ ഉന്നത നേതൃത്വത്തിലേക്ക് വരാനാകു. സംഘടനയിൽ ദീര്‍ഘകാലമായി പ്രവർത്തിക്കാതെ നേതാവാകുന്നത് അഭിലഷണീയമോ?
അതുപോലെ ജനങ്ങളുമായി ബന്ധം നേതാക്കൾക്ക് വേണ്ടേ? അതോ ദന്തഗോപുരത്തിലിരുന്നു സംസാരിച്ചാൽ മാത്രം മതിയോ?