Image

നല്ല കാര്യങ്ങൾക്ക് സദാ മുന്നിൽ: ബൈജു വർഗീസ് ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്  

മീട്ടു  കലാം Published on 23 April, 2024
നല്ല കാര്യങ്ങൾക്ക് സദാ മുന്നിൽ: ബൈജു വർഗീസ് ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്  

ഫോമായുടെ 2024-26 വർഷത്തേക്കുള്ള ജനറൽ സെക്രട്ടറിയായി മത്സരിക്കുന്ന ബൈജു വർഗീസ്, അതിന്റെ പ്രചാരണ തിരക്കുകളിലാണ്. മുൻ മിഡ് അറ്റ്ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റായ ഇദ്ദേഹം, നിലവിൽ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ (കാഞ്ച്) പ്രസിഡന്റും ഫോമായുടെ സജീവ പ്രവർത്തകനുമാണ്. മുൻവിധികളോ ഉപാധികളോ കൂടാതെ ഒരു വിളിപ്പാട് അകലെയുള്ള സുഹൃത്ത് എന്ന നിലയിലാണ് ബൈജു വർഗീസ്  നോർത്ത് അമേരിക്കൻ മലയാളികൾക്കിടയിൽ പ്രിയങ്കരനാകുന്നത്. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെയും  വേറിട്ട വ്യക്തിത്വംകൊണ്ടും അമേരിക്കൻ മലയാളികൾക്കിടയിൽ വലിയൊരു സൗഹൃദവലയം തീർത്തിട്ടുണ്ടെന്നത് തന്നെയാണ് അങ്കക്കളത്തിൽ ഇറങ്ങുമ്പോൾ ഇദ്ദേഹത്തിന് മുൻ‌തൂക്കം നൽകുന്ന പ്രധാന ഘടകം. ഇലക്ഷനുമായി ബന്ധപ്പെട്ട തന്റെ പ്രതീക്ഷകൾ ബൈജു വർഗീസ് ഇ-മലയാളിയുടെ പങ്കുവയ്ക്കുന്നു...

ഫോമായുമായുള്ള ബന്ധം?

2016 -18 ൽ  ബെന്നി വാച്ചാച്ചിറ പ്രസിഡന്റ്  ആയിരിക്കെ, ഷിക്കാഗോ കൺവൻഷന്റെ  രജിസ്ട്രേഷൻ കോർഡിനേറ്ററായി പ്രവർത്തിച്ചു. ആദ്യമായി  ഓൺലൈൻ പെയ്‌മെന്റ് ആയിരുന്നിട്ടും എല്ലാം കൃത്യതയോടെ ഭംഗിയായി നടത്താൻ കഴിഞ്ഞു. അതിനു നല്ലതുപോലെ കഷ്ടപ്പെട്ടു. അതിന് ഒട്ടേറെപ്പേരുടെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തു. ഒരു കാര്യം ഏൽപ്പിച്ചാൽ സ്വയം സമർപ്പിതമായി അതിന്റെ പൂർണതയ്ക്കുവേണ്ടി പ്രയത്നിക്കുമെന്ന് വിശ്വാസം വന്നതോടെ പല ഉത്തരവാദിത്തങ്ങളും എന്നെ ഏൽപ്പിക്കുകയും അവ സസന്തോഷം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ഫോമായുടെ എല്ലാ അംഗ സംഘടനകളിലെയും നേതൃത്വവുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതും അങ്ങനെയാണ്. 2018 -20 ൽ ഫോമാ ഹെല്പിങ് ഹാൻഡ്‌സിൽ സജീവമായി ഇടപെട്ടു. 2020-22 ൽ അനിയൻ ജോർജ് പ്രസിഡന്റായിരിക്കെ നടന്ന കാൻകുൻ കൺവൻഷനിൽ  രജിസ്ട്രേഷന്റെ നാഷണൽ കോർഡിനേറ്ററായി.

കോവിഡ് സമയത്തെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നല്ലോ?

 കോവിഡിന്റെ തുടക്ക സമയത്ത്  മലയാളി ഹെല്പ് ലൈൻ എന്ന പേരിൽ ഒരു കൂട്ടായ്മ ഒരുക്കിയിരുന്നു. അതുവഴി ഒരുപാട് സഹായങ്ങൾ ചെയ്യാൻ കഴിഞ്ഞു. ദേശീയ തലത്തിൽ നിരവധി മീറ്റിംഗുകൾ കൂടി. മരണം അടക്കമുള്ള സന്നിഗ്ദ്ധ ഘട്ടങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നവർക്ക് കൈത്താങ്ങായി. സന്ദർശന വിസയിലെത്തി കുടുങ്ങിപ്പോയ മാതാപിതാക്കൾക്ക് അവശ്യമായ , മരുന്നുകളും മറ്റും എത്തിച്ചുകൊടുത്തു. ഫിലിപ്പ് ചാമത്തിലിന്റെ സാരഥ്യത്തിൽ ഫോമാ ഹെല്പിങ് ഹാൻഡ്‌സിലൂടെയും നിരവധി സഹായങ്ങൾ ചെയ്തു. അതിനൊപ്പം  പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സൂം മീറ്റിലൂടെ അനുശോചന യോഗങ്ങൾ നടത്തി. ഭക്ഷണം, അവശ്യ വസ്തുക്കൾ, മരണാനന്തരചടങ്ങുകൾ അങ്ങനെ എന്തിനും വിളിച്ചാൽ ഫോമാ വിളിപ്പുറത്തുണ്ടെന്നുള്ള വിശ്വാസം അമേരിക്കൻ മലയാളികളിൽ ഞങ്ങളുടെ കൂട്ടായ ശ്രമങ്ങളിലൂടെ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. ഞാൻ വടക്കേ ഇന്ത്യയിൽ ടാറ്റ കൺസൽട്ടൻസിയിൽ ജോലി ചെയ്ത വ്യക്തിയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പല ആവശ്യങ്ങൾക്കായി സമീപിക്കാറുണ്ട്. അസോസിയേഷനുമായി ബന്ധപ്പെട്ടും അല്ലാതെയും സഹായങ്ങൾ ചെയ്യാറുള്ളതുകൊണ്ട് അവരുമായും നല്ല സൗഹൃദമുണ്ട്.

കോവിഡ് സമയത്ത്, കേരളത്തിലേക്ക് വെന്റിലേറ്ററുകളും മറ്റ് ഉപകരണങ്ങളും എത്തിച്ചുകൊടുക്കുന്നതിനു സഹകരിച്ചു  പ്രവർത്തിച്ചു. ആർ.വി.പി ആയിരുന്ന കാലത്ത് മിഡ്  അറ്റ്ലാന്റിക് റീജിയനിൽ   ഇനോഗുറൽ ഇവന്റിൽ കലാസാംസ്കാരിക രംഗത്തുള്ളവർ ഉൾപ്പെടെ  400 പേരെ പങ്കെടുപ്പിക്കാൻ കോവിഡ് കാലത്തും കഴിഞ്ഞു എന്നതും നേട്ടമാണ്. ഞാൻ ആർ വി പി ആയിരുന്ന സമയത്ത് ന്യൂജേഴ്‌സി, ഫിലാഡൽഫിയ, ഡെലവെർ തുടങ്ങിയ മേഖലകളിലെ ഏഴ് അസോസിയേഷനുകളെ ഏകോപിപ്പിച്ച് ഒരു മിനി കൺവഷൻ സംഘടിപ്പിക്കാനും സാധിച്ചു.

എങ്ങനെയാണ് ഈ പാനൽ രൂപീകൃതമായത്?

ജോൺസി വർഗീസ് (സലിം അച്ചായൻ ) പ്രസിഡന്റായി വരുമ്പോൾ സെക്രട്ടറി സ്ഥാനത്ത് ഉണ്ടായിരിക്കണമെന്ന സ്നേഹം കലർന്ന നിർബന്ധംകൊണ്ടാണ് മത്സരിക്കാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ അമ്മയുടെ അസുഖത്തെയും പിന്നീടുണ്ടായ ദേഹവിയോഗത്തെയും തുടർന്ന് അദ്ദേഹത്തിന് മത്സരത്തിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു. അപ്പോഴും തന്നോളം മികച്ച ഒരു പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയെ കണ്ടെത്താൻ അദ്ദേഹം മറന്നില്ല. അങ്ങനെയാണ് ബേബി മണക്കുന്നേൽ മത്സരരംഗത്തേക്ക് വരുന്നത്. സലിം അച്ചായന് നൽകുമായിരുന്ന എല്ലാ പിന്തുണയും അദ്ദേഹത്തിന് നൽകണമെന്നും പറഞ്ഞേൽപ്പിച്ചു.

ഷാലു പുന്നൂസ് (വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ),സിജിൽ പാലക്കലോടി (ട്രഷറർ സ്ഥാനാർത്ഥി),പോൾ ജോസ് (ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥി),അനുപമ കൃഷ്ണൻ (ജോയിന്റ് ട്രഷറർ) എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ. അദ്ധ്യാപകനായ ബേബി മണക്കുന്നേലുമായി അടുത്തിടപെട്ടപ്പോൾ ഞങ്ങൾ സമാന ചിന്താഗതി ഉള്ളവരാണെന്ന് മനസ്സിലായി. പാനലിലെ ഓരോരുത്തരും തമ്മിൽ വളരെ പെട്ടെന്നാണ് ഒരു ഹൃദയൈക്യം രൂപപ്പെട്ടത്. അങ്ങനെയാണ് ടീം യുണൈറ്റഡ് എന്ന് പാനലിനെ  നാമകരണം ചെയ്തത്. ആരുമായും പിണക്കമോ വഴക്കുകളോ ഉണ്ടാക്കുകയോ ആരോപണങ്ങൾ ഉണ്ടാവുകയോ ചെയ്യാത്തവരാണ് പാനലിലെ ആറുപേരും. എല്ലാവരും തന്നെ ഫോമായിലെ ശക്തമായ അസോസിയേഷനുകളുടെ പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന് കഴിവ് തെളിയിച്ചിട്ടുള്ളവരുമാണ്.
ഫോമായുടെ  ദേശീയ തലത്തിലുള്ള  എല്ലാ മുതിർന്ന നേതാക്കളും പിന്തുണയ്ക്കുന്ന പാനലാണ് ഞങ്ങളുടേത്. അതുകൊണ്ടുതന്നെ വിജയപ്രതീക്ഷ ഏറെയാണ്.

വിജയിച്ചാൽ, പ്രധാന ലക്‌ഷ്യം?

ഫോമയെ  ഇതുവരെ നയിച്ചവരെല്ലാം പ്രഗത്ഭമതികളാണ്. ഓരോ നേതൃനിരയും അതിന്റെ യശസ്സ് ഉയർത്തിയിട്ടേയുള്ളു. മുൻഗാമികൾ തുടങ്ങിവച്ച കാര്യങ്ങൾ കൂടുതൽ ഭംഗിയായി എങ്ങനെ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് വിജയിച്ചാൽ ചിന്തിക്കുക. ഫോമായുടെ ജൂനിയർ ഫോറം, വിമൻസ് ഫോറം, ഹെല്പിങ് ഹാൻഡ്‌സ് എന്നിവയെല്ലാം ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഈ സബ് കമ്മിറ്റികളുടെ പൊട്ടൻഷ്യൽ പൂർണമായും പ്രയോജപ്പെടുത്താൻ കഴിഞ്ഞാൽ അതിശയകരമാം വിധം ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. അറുപതോളം വരുന്ന നാഷണൽ എക്സ്ക്യൂട്ടീവുമായി ആദ്യം തന്നെ ചർച്ച ചെയ്ത് എന്തൊക്കെ ചെയ്യണമെന്ന രൂപരേഖ തയ്യാറാക്കി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

യുവ തലമുറയിലുള്ള പ്രതീക്ഷ?

കോതമംഗലം സ്വദേശിയായ ഞാൻ, 2006 ലാണ് അമേരിക്കയിൽ വന്നത്. എന്നെപോലെ ഇന്റെർണൽ ട്രാൻസ്ഫറിൽ എൽ-1 വിസയിലോ എച്ച് -1 വിസയിലോ എത്തിയ ധാരാളം മലയാളികൾ ഇവിടെയുണ്ട്. വർഷങ്ങളോളം ഇവിടെ താമസിച്ച് ഗ്രീൻ കാർഡ് നേടിയവരുമുണ്ട്. അമേരിക്കയിൽ ജനിച്ചുവളർന്ന യുവതലമുറയുണ്ട്. ഇവരെയെല്ലാം  മലയാളി അസോസിയേഷനുകളുമായി അടുപ്പിക്കാൻ കൂടുതൽ ശ്രമം വേണം. നാട്ടിൽ ജനിച്ച് ഇവിടെ കുടിയേറി ഗൃഹാതുരത പേറുന്ന യുവാക്കളെയാണ് ഇതിലേക്ക് പെട്ടെന്ന് ആകർഷിക്കാൻ കഴിയുക. കലാ-കായിക രംഗങ്ങളിൽ നാട്ടിൽ മികവ് പുലർത്തിയിട്ടുള്ള അക്കൂട്ടരുടെ കഴിവ് പുറത്തുകൊണ്ടുവരാനും പരിപോഷിപ്പിക്കാനും സംഘടനയ്ക്ക് മികച്ച വേദികൾ ഒരുക്കാൻ സാധിക്കും. ലോക മലയാളികൾക്ക് ഗുണപരമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ഈ യുവ തലമുറയ്ക്ക് കഴിയും.

പ്രചാരണത്തിന് ആവശ്യത്തിന്  സമയം ലഭിച്ചോ?

മുൻപ് പറഞ്ഞതുപോലെ എല്ലാ അസോസിയേഷനുകളുമായും നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും കഴിയുന്നത്ര സ്ഥലങ്ങളിൽ പോയി നേരിട്ട്  ചെന്ന് വോട്ട് അഭ്യർത്ഥിക്കുന്നുമുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ, ഇതിനായിട്ട് നേരിൽ വരേണ്ട കാര്യമില്ലെന്നും എല്ലാ പിന്തുണയും ഉണ്ടായിരിക്കുമെന്നും പറയുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കുകയാണ്.

സംഘടനാരംഗത്തെ പ്രവർത്തിപരിചയം ഫോമായ്ക്ക് എങ്ങനെ ഗുണപ്രദമാകും?

കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയിലൂടെയാണ് സംഘടനാരംഗത്തേക്ക് വരുന്നത്. കേവലം ഒരു കമ്മിറ്റി  അംഗമായി തുടങ്ങി, പിന്നീട് ജോയിന്റ് ട്രഷറർ, ജനറൽ സെക്രട്ടറി, വൈസ്-പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് ഇപ്പോൾ പ്രസിഡന്റായത്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കഴിഞ്ഞ വർഷം  കാഞ്ചിനെ മികച്ച അസോസിയേഷനായി തിരഞ്ഞെടുത്തിരുന്നു. വർഷത്തിൽ മുപ്പതിലധികം പ്രോഗ്രാമുകൾ നടത്താറുണ്ട്. ജനപങ്കാളിത്തം വർദ്ധിപ്പിക്കാൻ സാധിച്ചതും നേട്ടമായി കാണുന്നു .1200-2000 പേരാണ് ഓരോ പ്രോഗ്രാമിനും വരുന്നത്. 5 സ്റ്റേറ്റുകളിൽ നിന്നുള്ള 600 കുട്ടികൾ പങ്കെടുത്ത യൂത്ത് ഫെസ്റ്റിവൽ വൻ വിജയമായിരുന്നു. ഫോമായിലും ധാരാളം  പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അതിനെ കുറച്ചുകൂടി മികച്ചതാക്കാൻ   ഈ പരിചയം കൊണ്ട് കഴിയും എന്ന് കരുതുന്നു. അതിനു   ഞങ്ങളുടെ കമ്മിറ്റിക്ക് സാധിക്കും  എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ജോലി, കുടുംബം?

ഐടി രംഗത്ത് ബിസിനസ് റിലേഷൻഷിപ്‌ മാനേജർ ആയി ജോലി ചെയുന്നു. ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഷർമിളയാണ് ഭാര്യ. രണ്ടു മക്കൾ - ജൊഹാൻ, ലിയാന. സംഘടനാപ്രവർത്തനങ്ങളിൽ കുടുംബത്തിന്റെ മികച്ച പിന്തുണയുണ്ട്.

ജോലി, ബിസിനസ്,കുടുംബം ... തിരക്കുപിടിച്ച ജീവിതമാണ്. ഇതിനിടയിൽ മുഴുവൻ സമയവും ഫോമായ്ക്കുവേണ്ടി നീക്കിവയ്ക്കേണ്ടി വരുന്ന ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുമ്പോൾ എന്താണ് മനസ്സിൽ?
 
പൂർണമായും ഫോമായ്ക്ക് വേണ്ടി സമയം നീക്കി വയ്ക്കുമെന്ന് പറയുന്നത് ഭംഗിവാക്കാണ്. അതാരെക്കൊണ്ടും സാധിക്കില്ല. നല്ലൊരു ശതമാനം സമയം ഫോമയുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാം എന്ന വാഗ്ദാനമാണ് ഞാൻ നൽകുന്നത്. ക്വാളിറ്റിയിൽ ആണല്ലോ കാര്യം. കേരള അസോസിയേഷന്റെ പ്രസിഡന്റ് പദവി ഒരു വർഷം മാത്രമാണ്. അത് 2024 ഡിസംബറോടെ അവസാനിക്കുന്നതിനാൽ ഫോമായുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൂടുതൽ സമയം കണ്ടെത്താനാകുമെന്ന ധൈര്യമുണ്ട്. നമ്മുടേതായ കാര്യങ്ങൾ മാറ്റിവച്ചും പലതിലും വിട്ടുവീഴ്ച ചെയ്തും സംഘടനയ്ക്കുവേണ്ടി മറ്റു സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും പ്രവർത്തിച്ചിട്ടുണ്ട്. എല്ലാവർക്കും ഉള്ളത് 24 മണിക്കൂർ തന്നെയാണ്. സമയം തികയുന്നില്ലെന്ന് പറയുന്നത് അത് കൃത്യമായി മാനേജ് ചെയ്യാൻ അറിയാത്തവരാണ്. ആ മനസ്ഥിതി ഉള്ളവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

Join WhatsApp News
ഫോമേട്ടൻ 2024-04-24 02:09:38
ഫോമ ഒരു മഹാന്മാരുടെ സംഘട തന്നെ. മഹാത്മ ഗാന്ധിയും ശിഷ്യന്മാരും!
joseph 2024-04-24 09:30:48
ഇ മലയാളിയെ അമേരിക്കൻ മലയാളികൾ തിരസ്കരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി.വിശ്വാസം നഷ്ടപ്പെട്ടാൽ ആരും പത്രം വായിക്കില്ല . നിങ്ങൾക്കിഷ്ടമില്ലാത്ത അല്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്നവർക്കെതിരെ സഭ്യമായി എഴുതുന്ന കമന്റുപോലും ഡിലീറ്റ് അല്ലെങ്കിൽ എഡിറ്റു ചെയ്യുന്നു. നാണമില്ലേ നിംഗൾക്കു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക