വാഷിംഗ്ടൺ: ഫോമാ ക്യാപിറ്റൽ റീജിയൻ കാർഡ് ഗെയിമുകൾ (56, 28) ഏപ്രിൽ 21 ന് മെരിലാൻഡിലെ ബെഥെസ്ഡയിലുള്ള വെസ്റ്റ്‌ലാൻഡ് മിഡിൽ സ്കൂളിൽ സംഘടിപ്പിച്ചു.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റ കാനയിലുള്ള ബാഴ്‌സലോ ബവാരോ പാലസ് 5-സ്റ്റാർ ഫാമിലി റിസോർട്ടിൽ ഓഗസ്റ്റ് 8 വ്യാഴം മുതൽ ഓഗസ്റ്റ് 11 ഞായർ വരെ നടക്കാനിരിക്കുന്ന ഫോമയുടെ എട്ടാമത് അന്താരാഷ്‌ട്ര കൺവെൻഷനിൽ അരങ്ങേറുന്ന ഫൈനലിൽ മത്സരിക്കാൻ മികച്ച ടീമുകളെ കണ്ടെത്തുക എന്നതാണ് ടൂർണമെൻ്റുകളുടെ ലക്ഷ്യം.
ഫോമാ ക്യാപിറ്റൽ റീജിയനിലുള്ള ഓരോ റീജിയണിൽ നിന്നും മികച്ച രണ്ട് ടീമുകളെ കണ്ടെത്തി, അന്താരാഷ്ട്ര കൺവെൻഷനിൽ കാർഡ് ഗെയിം ഫൈനലിൽ പങ്കെടുപ്പിക്കും. കായികപ്രേമികൾക്ക് ഒരുമിച്ചു സംവദിക്കാനും ആസ്വദിക്കാനും സാമൂഹികവൽക്കരിക്കാനുള്ള മികച്ച മാർഗമാണ് കാർഡ് ഗെയിം. കൂടാതെ, കഴിവുകൾ മെച്ചപ്പെടുത്താനും മാനസിക ഉത്തേജനത്തിനും സഹായിക്കും. മാനസിക പിരിമുറുക്കം കുറയ്ക്കാനും കാർഡ് ഗെയിം നല്ലതാണ്.
ഫോമാ ക്യാപിറ്റൽ റീജിയൻ ചെയർമാൻ ജോൺസൺ കാടംകുളം, മുൻ ആർവിപിയും ജുഡീഷ്യൽ കൗൺസിൽ അംഗവുമായ തോമസ് ജോസ്, ഫോമാ ക്യാപിറ്റൽ റീജിയൻ കൺവെൻഷൻ കോഓർഡിനേറ്റർ
ലെൻജി ജേക്കബ് എന്നിവർ ചേർന്നാണ് 56 കാർഡ് ഗെയിം ടൂർണമെൻ്റ് സംഘടിപ്പിച്ചത്. ബാൾട്ടിമോറിലെ 5ടി ക്ലബ്ബുമായി സഹകരിച്ചായിരുന്നു ഇത് .
മത്സര പരമ്പരകൾക്ക് ശേഷം ജെയിംസ് പെരുമറ്റം, ജോണി ചെറുശ്ശേരി, ഷിബു സാമുവൽ എന്നിവരുടെ ടീമാണ് വിജയികളായത്. തന്ത്രത്തിലും നിശ്ചയദാർഢ്യത്തിലുലുമുള്ള വൈദഗ്ദ്ധ്യമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. തോമസ് തോമസ്, ജെയിംസ് ജോർജ്, റെജി അലക്സാണ്ടർ എന്നിവർ റണ്ണർ അപ്പ് ടീമായി.
കാർഡ് ഗെയിം 28 ൽ സതീഷ് കവ്വലഗടി, ലിജിയോ പൗലോസ് എന്നിവർ വിജയികളായി. തോമസ് ജോസ്, മാത്യു വറുഗീസ് എന്നിവരടങ്ങിയ ടീം റണ്ണറപ്പായി. എല്ലാ വിജയികളെയും ഫോമാ ക്യാപിറ്റൽ റീജിയൻ അഭിനന്ദിച്ചു. വിജയികൾ ഫോമാ അന്താരാഷ്ട്ര കൺവെൻഷനിൽ ഫൈനൽ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇതേ സ്‌കൂളിൽ നടന്ന ഫോമാ ക്യാപിറ്റൽ റീജിയൻ കൺവെൻഷൻ കിക്ക്ഓഫിനിടെയായിരുന്നു അവാർഡ് ദാന ചടങ്ങ്. വിജയികൾക്ക് ഫോമാ പ്രസിഡൻ്റ് ഡോ.ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, എക്‌സ് ഒഫീഷ്യോ തോമസ് ടി. ഉമ്മൻ എന്നിവർ സമ്മാനങ്ങൾ കൈമാറി. ഡോ. മധു നമ്പ്യാർ, ഫോമാ ക്യാപിറ്റൽ റീജിയൻ ആർ.വി.പി, നാഷണൽ കമ്മിറ്റി അംഗങ്ങളായ രാജീവ് സുകുമാർ, മാത്യൂ വർഗീസ് എന്നിവർ കാർഡ് ഗെയിം ടൂർണമെൻ്റ് വൻ വിജയമാക്കുന്നതിൽ നിർണായക പിന്തുണ നൽകിയ സംഘാടകർക്കും കളിക്കാർക്കും നന്ദി പറഞ്ഞു. സൗഹൃദത്തിൻ്റെയും കായികക്ഷമതയുടെയും സാംസ്കാരിക പൈതൃകത്തിൻ്റെ ആഘോഷത്തിൻ്റെയും മറ്റൊരുവാക്കായി കാർഡ് ഗെയിം ,കാണികൾ ഹൃദയത്തിലേറ്റി.