ന്യൂ യോര്‍ക്ക്: ജൂലൈ 19 നു വാഷിംഗ്ടണ്‍ ഡി സി യില്‍ നടക്കുന്ന ഫൊക്കാന തെരഞ്ഞെടുപ്പിലേക്ക് നോട്ടിഫിക്കേഷന്‍ അയച്ചു കൊടുത്തതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു . അംഗ സംഘടനകള്‍ അംഗത്വം പുതുക്കുന്നതിന്ഉള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും മെയ് 18 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ The Chairman, Fokana Election Committee, PO Box 261, Valley Cottage, NY 10989 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജി വര്‍ഗീസ്, ജോജി തോമസ്എന്നിവരും അറിയിച്ചു.
സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക (nomination) സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി തിങ്കളാഴ്ച്ച, ജൂണ്‍ 3 ആണ് .ഫൊക്കാന തെരെഞ്ഞെടുപ്പ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഔദ്യോഗിക നാമനിര്‍ദേശ പത്രികയില്‍ ആയിരിക്കണം പത്രിക (nomination) സമര്‍പ്പിക്കേണ്ടത്. .
ജൂണ്‍ 3 നു ശേഷം ലഭിക്കുന്ന പത്രികകള്‍ സ്വീകരിക്കുന്നതല്ലെന്നും സമിതി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 3 ന് പോസ്റ്റ് ചെയ്തതായി പോസ്റ്റല്‍ സീലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ വൈകിയെത്തിയാലും സ്വീകരിക്കുന്നതായിരിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ പത്രികകള്‍ നഷ്ട്ടപ്പെടുകയോ വൈകിപോവുകയോ ചെയ്താല്‍ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഉത്തരവാദികളയിരിക്കില്ല. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ പത്രികയുടെ ഒരു കോപ്പി ഇമെയില്‍ വഴി തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന് സമര്‍പ്പിക്കേണ്ടതാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. ഇമെയില്‍ വിലാസം : fokanaelection24@gmail.com
2022 വരെ അംഗത്വം പുതുക്കിയിട്ടുള്ള എല്ലാ അംഗ സംഘടനകള്‍ക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനവും അംഗത്വ അപേക്ഷകളും നോമിനഷന്‍ ഫോറങ്ങളും മെയ് 2 ന് അയച്ചു കൊടുത്തിട്ടുണ്ടെന്നു ഫിലിപ്പോസ് ഫിലിപ്പ് പത്രകുറുപ്പില്‍ അറിയിച്ചു. ഏതെങ്കിലും അസോസിയേഷന് ഇമെയില്‍ ലഭിക്കാതെ വന്നിട്ട് ഉണ്ട് എങ്കില്‍ fokanaelection24@gmail.com എന്ന ഇമെയില്‍ ബന്ധപ്പെടാവുന്നതാണ് .
നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 20 ആണ്. സ്ഥാനാര്‍ഥികളുടെ ആദ്യത്തെ ലിസ്റ്റ് ജൂണ്‍ 27 നും ഫൈനല്‍ ലിസ്റ്റ് ജൂലൈ 2 നും പ്രസിദ്ധികരിക്കുന്നതാണ്.
ഒരാള്‍ക്ക് ഒരു സ്ഥാനത്തേക്ക് മാത്രമേ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പാടുള്ളു. ഫൊക്കാനയുടെ അംഗസംഘടനകളുടെ ഭാഗമായവര്‍ക്ക് (അംഗങ്ങള്‍) മാത്രമേ നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അര്‍ഹതയുള്ളൂവെന്നും വ്യക്തമാക്കി.
നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം അതിന്റെ ഫീസ് കുടി അയക്കേണ്ടതാണ്. അതാതു സംഘടനകളുടെ പ്രസിഡണ്ട്, സെക്രെട്ടറി, ട്രഷറര്‍ എന്നിവര്‍ ചേര്‍ന്നായിരിക്കണം ഓരോ സ്ഥാനാര്‍ഥികളെയും നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. ഇവരില്‍ മൂന്നില്‍ രണ്ടുപേരുടെയെങ്കിലും ഒപ്പ് നാമനിര്‍ദ്ദേശപത്രികയിലുണ്ടായിരിക്കണം.
റീജിയണല്‍ വൈസ് പ്രസിഡണ്ട് (ആര്‍.വി.പി) സ്ഥാനാര്‍ത്ഥികള്‍ അതാതു റീജിയനുകളില്‍ നിന്നുള്ള ഏതെങ്കിലും അംഗസംഘസംഘനകളില്‍ അംഗത്വമുള്ളവരായിരിക്കണം. റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരെ തെരെഞ്ഞെടുക്കുന്നത് അതാത് റീജിയണുകളിലെ ഡെലിഗേറ്റുമാരുടെയും അംഗസംഘടനകളുടെ നിലവിലുള്ള പ്രസിഡണ്ടുമാരുടെയും മുന്‍ പ്രസിഡണ്ടുമാരുടെയും മാത്രം വോട്ടുകളെ ആശ്രയിച്ചായിരിക്കും.
അംഗത്വ ഫീസ് അടച്ച് അംഗത്വം പുതുക്കിയ അംഗസംഘടകളുടെ പ്രതിനിധികള്‍ക്ക് മാത്രമേ ജനറല്‍ ബോഡിയിലും തെരെഞ്ഞെടുപ്പ് പ്രക്രീയയുടെ ഭാഗമായി വോട്ടെടുപ്പിലും പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. അര്‍ഹതയുള്ള എല്ലാ പ്രതിനിധികളും ജനറല്‍ കൗണ്‍സില്‍ യോഗത്തിലും വോട്ടവകാശം രേഖപ്പെടുത്താനും നേരിട്ട് ഹാജരാക്കേണ്ടതാണ്. ഡെലിഗേറ്റുമാര്‍ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനും വോട്ടു ചെയ്യാനും എത്തുമ്പോള്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖകള്‍ വിശദമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
ഒരു അംഗ സംഘടനയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നാഷണല്‍ കമ്മിറ്റിയിലേക്കോ ട്രസ്റ്റി ബോര്‍ഡിലേക്കോ നാമനിര്‍ദ്ദേശം ചെയ്യാന്‍ പാടില്ല. ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലോ, ട്രസ്റ്റി ബോര്‍ഡിലോ കുറഞ്ഞത് ഒരു തവണയെങ്കിലും പ്രവര്‍ത്തന പരിചയമില്ലാത്തവര്‍ക്ക് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റി സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ യോഗ്യത ഉണ്ടായിരിക്കുകയില്ല.
മറ്റേതങ്കിലും സമാന്തര സംഘടനകളുടെ ഔദ്യോഗിക ഭാരവാഹികള്‍ ആയിട്ടുള്ളവര്‍ക്ക് ഫൊക്കാനയുടെ ഒരു സ്ഥാനത്തേക്കും മത്സരിക്കാന്‍ യോഗ്യത ഉണ്ടാകില്ല. അംഗത്വം പുതുക്കാത്ത അംഗസംഘടനകളില്‍ നിന്ന് ലഭിക്കുന്ന നാമനിദ്ദേശ പത്രികകള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്നതായിരിക്കും.