ഈ വർഷം അവസാനത്തോടെ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വിസയിൽ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളിൽ തങ്ങാൻ കഴിയുമെന്ന് സൂചന. യുഎഇയുടെ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൂഖാണ് അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ച് ഈ കാര്യം സൂചിപ്പിച്ചത്.
സൗദി, യുഎഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത് എന്നീ അംഗരാജ്യങ്ങൾ മുഴുവൻ സന്ദർശിക്കാൻ കഴിയുന്ന രീതിയിലുള്ള ജിസിസി ഏകീകൃത വിസക്ക് ജിസിസി കൗൺസിൽ സമ്മതം പ്രകടിപ്പിച്ചിരുന്നു.
നിലവിൽ ഇതിലെ ഓരോ രാജ്യത്തേക്കും പോകുന്നതിനായി പ്രത്യേകം പ്രത്യേകം വിസ എടുക്കേണ്ടതായുണ്ട്. പുതിയ വിസ സാധ്യമാകുന്നതോടെ യാത്ര കൂടുതൽ എളുപ്പമാകുമെന്ന് മാത്രമല്ല ബിസിനസ് ശൃംഖലകൾ ഈ രാജ്യങ്ങളിലേക്കെല്ലാം വ്യാപിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് കൂടി വിലയിരുത്തുന്നുണ്ട്.