ജിദ്ദ: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകമെമ്പാടുമുള്ള ' മലയാളികള്‍ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച മലയാളം മിഷന്റെ ജിദ്ദാ ചാപ്റ്റര്‍ നേതൃ സംഗമത്തില്‍ പ്രവര്‍ത്തന പദ്ധതികള്‍ പ്രഖ്യാപിച്ചു.
'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മലയാളം മിഷന്റെ പ്രവര്‍ത്തനം ജിദ്ദയിലെ മലയാളി സാമൂഹൃ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ വിപുലീകരിക്കാനും ഒക്ടോബര്‍ 25ന് ''മലയാളോത്സവം 2024'' എന്നപേരില്‍ വിപുലമായ സാംസ്‌കാരികാഘോഷം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
കൂടുതല്‍ മലയാളം പഠന ക്ലാസ്സുകള്‍, അധ്യാപക പരിശീലനങ്ങള്‍, കുട്ടികള്‍ക്കായി 'കുട്ടി മലയാളം ക്ലബ്ബുകള്‍, സാംസ്‌കാരികോത്സവങ്ങള്‍ എന്നിവ മലയാളം മിഷന്‍ ജിദ്ദാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുവാനുമുള്ള പദ്ധതികളാണ് മിഷന്‍ ജിദ്ദാ ചാപ്റ്റര്‍ ഐക്യകണ്‌ഠേന തീരുമാനിച്ചത്.
മലയാളം മിഷന്റെ പാഠ്യപദ്ധതികളായ കണിക്കൊന്ന (സര്‍ട്ടിഫിക്കറ്റ് കോഴ്സ്), ' സൂര്യകാന്തി (ഡിപ്ലോമ കോഴ്സ്), ആമ്പല്‍ (ഹയര്‍ ഡിപ്ലോമ കോഴ്സ്), നീലക്കുറിഞ്ഞി (സീനിയര്‍ ഡിപ്ലോമ കോഴ്സ്) എന്നീ ക്ലാസ്സുകള്‍ ആവിഷ്‌കരിക്കുവാനും പദ്ധതികളുണ്ടെന്ന് മിഷന്‍ നേതൃത്വം അറിയിച്ചു.
ഒരു ഭാഷ മാത്രമല്ല. ഒരു ദേശവും സംസ്‌കാരവും കൂടിയാണ് പ്രവാസി മലയാളികളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ പകര്‍ന്നു നല്‍കുന്നതെന്ന് നേതൃ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ജിദ്ദാ ചാപ്റ്റര്‍ പ്രസിഡണ്ട് നിഷ നൗഫല്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ ജിദ്ദാ ചാപ്റ്റര്‍ രക്ഷാധികാരി നസീര്‍ വാവാക്കുഞ്ഞ് , മിഷന്‍ സൗദി മേഖലാ ജനറല്‍ കണ്‍വീനര്‍ ഷിബു തിരുവനന്തപുരം, ലൈല സക്കീര്‍ ഹുസ്സൈന്‍, എഞ്ചിനീയര്‍ മൗഷ്മി ഷരീഫ്, ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍ സലാഹ് കാരാടന്‍, സ്‌കൂള്‍ മുന്‍ മാനേജിംഗ് കമ്മിറ്റി അംഗം മോഹന്‍ ബാലന്‍, ഒ ഐ സി സി റീജിയണല്‍ ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കല, ഷാജു അത്താണിക്കല്‍, അനസ് ബാവ, പ്രമുഖ എഴുത്തുകാരന്‍ അബ്ദുള്ളാ മുക്കണ്ണി, ഭാഷാ അധ്യാപികരായ ലൈല സകീര്‍, ജയശ്രീ പ്രതാപന്‍, നൂരിനിസ ബാവ. നാജിയ റഫീഖ് സാഹിത്യ പ്രവര്‍ത്തകന്‍ ഷാജു അത്താണിക്കല്‍ തുടങ്ങി ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു.
മലയാളം മിഷന്‍ ജിദ്ദ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റഫീഖ് പത്തനാപുരം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാളം മിഷന്‍ ജിദ്ദ കോര്‍ഡിനേറ്റര്‍ ജുനൈസ് അസൈനാര്‍ സ്വാഗതവും, ടിറ്റോ മീരാന്‍ നന്ദിയും രേഖപ്പെടുത്തി.