Image

അമ്പിളി സജിമോൻ: നഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് സംഘടനാപ്രവർത്തന മികവിലേക്ക് 

മീട്ടു റഹ്മത്ത് കലാം Published on 19 May, 2024
അമ്പിളി സജിമോൻ: നഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് സംഘടനാപ്രവർത്തന മികവിലേക്ക് 

ഫോമായുടെ 2024-26 വർഷത്തേക്കുള്ള  കമ്മിറ്റിയിൽ ജോ. ട്രഷററായി അമ്പിളി  സജിമോൻ മത്സരിക്കുകയാണ്. ഭൂമിയിലെ മാലാഖമാർ എന്നു വിശേഷിപ്പിക്കുന്ന നഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് സംഘടനാപ്രവർത്തനത്തിലേക്ക് കടന്ന ഈ ഇടുക്കി സ്വദേശിക്ക്, സമൂഹത്തെ സേവിക്കുക എന്നുള്ളത് ജീവിതവ്രതമാണ്. പിറന്ന മണ്ണിനും ജീവിക്കുന്ന നാടിനും വേണ്ടി ഒരുപോലെ പ്രവർത്തിക്കുന്ന അമ്പിളി സജിമോൻ അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷനിലൂടെയാണ് ഫോമായിൽ എത്തിയത്. നിലവിൽ ഫോമായുടെ വിമൻസ് ഫോറം നാഷണൽ കമ്മിറ്റി കോർഡിനേറ്റർ  അംഗമാണ്.

നഴ്‌സ്‌ ആകണമെന്ന് തന്നെ ആയിരുന്നോ ആഗ്രഹം?

1999 ലാണ് ഞാൻ നഴ്സിംഗ് പഠിച്ചിറങ്ങുന്നത്. കോട്ടയം പോലുള്ള ജില്ലകളിൽ നിന്ന് അന്നേ ധാരാളം നഴ്സുമാർ വിദേശത്ത് ചേക്കേറിയിരുന്നു. ഇടുക്കിയിലെ തനിഗ്രാമപ്രദേശമായ അടിമാലിയിലാണ് എന്റെ വീട്. ഡാഡി എൻ.വി.പൗലോസ് പോസ്റ്റ് മാസ്റ്ററായിരുന്നു. തൊടുപുഴ, ചെറുതോണി, കഞ്ഞിക്കുഴി തുടങ്ങിയ സ്ഥലങ്ങളിലെ ക്ലിനിക്കുകളിൽ ഹെഡ് നഴ്‌സായി പ്രവർത്തിച്ച മമ്മിക്ക് (സൂസി പൗലോസ്) നഴ്സിംഗ് എന്ന തൊഴിലിനോട് വല്ലാത്ത അഭിനിവേശമായിരുന്നു.  മമ്മിയുടെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവുംകൊണ്ടാണ് പുറം ലോകത്തെക്കുറിച്ച് വലിയ ധാരണയൊന്നും ഇല്ലാതിരുന്ന ആ കാലത്തും ഞാനും ചേച്ചിയും(ആശ ഡേവിസ്) അനിയനും (അനിൽ പോൾ)  ഈ രംഗത്തേക്ക് തിരിഞ്ഞത്. മുറിവ് തുന്നിക്കെട്ടാൻ പണമില്ലാതെ എത്തുന്നവർക്ക് സ്നേഹത്തോടെ സൗജന്യമായി സ്റ്റിച്ച് ഇട്ടുകൊടുക്കുന്ന മമ്മിയെ കണ്ടുവളർന്നതുകൊണ്ട് പണം സമ്പാദിക്കുന്ന ഒരു തൊഴിൽ എന്നതിനപ്പുറം സേവനത്തിന്റെയും കരുതലിന്റെയും മുഖമാണ് ഞങ്ങൾ മൂന്ന് മക്കളെയും ഇതിലേക്ക് ആകർഷിച്ചത്. എനിക്കും സഹോദരനും ഡെയ്സി അവാർഡ് നോമിനേഷൻ ലഭിച്ചിട്ടുണ്ട്.

ഏതൊരു മലയാളി നഴ്സിനെയും പോലെ അമേരിക്ക സ്വപ്നം കണ്ടിരുന്നോ?

മമ്മിയെപ്പോലെ തന്നെ ഒരു ക്ലിനിക്കോ ഹോസ്പിറ്റലോ നാട്ടിലിട്ട് സാധാരണക്കാരെ സഹായിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. വിദേശത്ത് പോകണമെന്ന് സ്വപ്നം കണ്ടിരുന്നില്ല. മാതാപിതാക്കൾക്കൊപ്പം കഴിയാനായിരുന്നു മോഹം. സാമ്പത്തികമായി നമ്മൾ മെച്ചപ്പെട്ടാലേ മറ്റുള്ളവരെ സഹായിക്കാനാകൂ എന്നുള്ള മമ്മിയുടെ ഉപദേശം ശരിയാണെന്ന് പിന്നീട് മനസ്സിലായി. 2002 മുതൽ 2011 വരെ ഇംഗ്ലണ്ടിലാണ് ജോലി ചെയ്തത്. 2011 മുതൽ അമേരിക്കയിലാണ്.

നഴ്സിന്റെ ജീവിതം തിരക്കേറിയതാണല്ലോ? എങ്ങനെയാണ് സാമൂഹിക സേവനത്തിന് സമയം കണ്ടെത്തുന്നത്?

സമൂഹത്തെ സേവിക്കുക എന്നുള്ളത് ഞാൻ ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ്. ഒഴിവുസമയം എങ്ങനെ ചെലവഴിക്കാനാണ് ആഗ്രഹം എന്നുചോദിച്ചാൽ എനിക്ക് വേറെ ഉത്തരമില്ല. ജോലി, വീട്ടിലെ കാര്യങ്ങൾ ഇതുകഴിഞ്ഞ് എനിക്കായി ലഭിക്കുന്ന സമയം സഹായം ആവശ്യമുള്ളവർക്ക് അതെത്തിച്ചുകൊടുക്കാൻ ഉപയോഗിക്കുക എന്നുള്ളത് ഞാൻ പൂർണ്ണമനസ്സോടെ എടുത്ത തീരുമാനമാണ്.


കോവിഡിന്റെ പ്രഭവകാലം ഓർമിക്കുമ്പോൾ?

കോവിഡ് സമയത്ത് പള്ളിവഴി മാസ്ക് വിതരണം ചെയ്തു. നഴ്സിങ് കമ്മ്യൂണിറ്റി ഒന്നടങ്കം നന്മയുടെ മൂർത്തീഭാവമായി നിലകൊണ്ടസമയം എന്നാണ് ആ സമയത്തെ വിശേഷിപ്പിക്കാനാവുക. എല്ലാവർക്കും  കരുതലായിനിന്ന നഴ്‌സുമാർക്കുവേണ്ടി അധികം ആരും ഒന്നും ചെയ്തിരുന്നില്ല. രാവും പകലുമില്ലാതെ ജോലി ചെയ്ത സ്റ്റാഫ് നഴ്‌സുകൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ ഞങ്ങളുടെ അസോസിയേഷൻ വഴി ഏർപ്പാട് ചെയ്തു. അറ്റ്‌ലാന്റയിലെ എമറി ഹോസ്പിറ്റലില്‍ ഐസി യൂണിറ്റിലായിരുന്നു ഡ്യൂട്ടി. കോവിഡിന്റെ തുടക്കം മുതൽ അത് ശാന്തമാകും വരെയും ജോലി ചെയ്തിട്ടും എനിക്ക് രോഗം പിടിപെട്ടില്ല എന്നുള്ളത് ദൈവത്തിന്റെ വലിയൊരു കരുണയും അനുഗ്രഹവുമായി കാണുന്നു. പ്രായമായവരും ചെറുപ്പക്കാരും ചുറ്റിലും മരിച്ചുവീഴുന്നു. പലർക്കും മരണസമയത്ത് കൂട്ടിരുന്നിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് പോലും അവസാനമായി ഒരുനോക്ക് കാണാൻ കഴിയാത്ത അവസ്ഥ ഹൃദയഭേദകമാണ്. ഞങ്ങൾക്ക് വേണ്ടി അന്ത്യചുംബനം കൊടുക്കാമോ എന്ന് ചിലരുടെ ഉറ്റവർ ആവശ്യപ്പെട്ടതനുസരിച്ച് നെറ്റിയും നെറ്റിയും മുട്ടിച്ച് നൽകിയ ആ അവസാനത്തെ സ്നേഹസ്പർശം ഓർക്കുമ്പോൾ ഇപ്പോഴും കണ്ണുനിറയും. 

സംഘടനാപ്രവർത്തനങ്ങളുടെ തുടക്കം?

ബ്രിട്ടണില്‍ വെസ്റ്റേൺ  സൂപ്പര്‍മയർ  എന്ന സ്ഥലത്തായിരുന്നു താമസം. അവിടെ അക്കാലത്ത് മലയാളി  സംഘടനകളൊന്നുമില്ലായിരുന്നു. ഞാനും എന്റെ സുഹൃത്ത് എൽദോയും ചേർന്ന് വെസ്റ്റേൺ സൂപ്പര്‍മയർ  അസ്സോസിയേഷൻ ഓഫ് മലയാളീസ്  എന്ന സംഘടന സ്ഥാപിച്ചു. മലയാളികളുടെ വീടുകൾ കയറിയിറങ്ങി ഒരു സംഘടന ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുമനസ്സിലാക്കി വളരെ ചെറിയ രീതിയിലായിരുന്നു തുടക്കം. ഇപ്പോൾ  ആ അസോസിയേഷൻ നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്.

ഫോമായുമായുള്ള ബന്ധം?

2011 ലാണ് അമേരിക്കയിൽ വന്നത്. ആ വർഷം ഡിസംബർ മുതൽ അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷനിൽ (അമ്മ) അംഗമാണ്. അമ്മയുടെ  ജോയിന്റ് ട്രഷറർ, സെക്രട്ടറി, വൈസ്-പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റെജി ചെറിയാനായിരുന്നു ആ സംഘടന രൂപീകരിച്ചത്. ഫോമായ്ക്ക് നിലവിൽ 12 റീജിയനുകളുണ്ട്. അതിൽ സൗത്ത് ഈസ്റ്റ് റീജിയൻ തുടങ്ങാൻ ഏറ്റവും കൂടുതൽ പ്രയത്നിച്ചത് അദ്ദേഹമായിരുന്നു. ഫോമായിൽ ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇരിക്കെയാണ് ആകസ്മികമായി അദ്ദേഹം മരണപ്പെട്ടത്.

മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നിൽ?

ഫോമായിലെ ഒട്ടേറെ നേതാക്കളും പ്രവർത്തകരും അഭ്യർത്ഥിച്ചതിനെത്തുടർന്നാണ് മത്സരരംഗത്തേക്കു വരാൻ തീരുമാനിച്ചത്. സംഘടനയുടെ മികച്ച പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകാനും പുതിയ രംഗങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ഫോമാ എക്സിക്യൂട്ടീവിലെ അംഗത്വം ഉപകരിക്കുമെന്ന് തന്നെയാണ് കരുതുന്നത്. വിവിധ സംഘടനകൾ ഇതിനകം എന്റെ സ്ഥാനാർത്ഥിത്വത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങളുടെ റീജിയനിൽ നിന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു പ്രാതിനിധ്യം ഉണ്ടാവുക എന്നുള്ളത് ഏറെക്കാലത്തെ മോഹമാണ്. ഫോമാ വിമൻസ് ഫോറത്തിന്റെ ഭാഗമായി പ്രവർത്തിച്ചതിന്റെ അനുഭവപരിചയം കൂടിയാണ് മത്സരിക്കാൻ ധൈര്യം തന്നത്.

മനസ്സുനിറച്ച പ്രവർത്തനങ്ങൾ? 
അമ്മ എന്ന സംഘടനയിൽ വൈസ് പ്രസിഡന്റായിരുന്നു. ഇപ്പോൾ സെക്രട്ടറി. അതിലൂടെ ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി എല്ലാ ഡിസംബറിലും സംഘടനയുടെ കരോൾ സംഘം വീടുകൾ തോറും നടന്ന് പാടിക്കിട്ടുന്ന തുക കേരളത്തിലെയും അമേരിക്കയിലെയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഒരുപോലെ വിനിയോഗിക്കുന്നുണ്ട്. നാട്ടിൽ അംഗപരിമിതിയുള്ള കുട്ടികൾക്ക് വീൽ ചെയർ, അനാഥാലയങ്ങളിൽ ഒരുമാസത്തേക്ക് അന്നദാനം അങ്ങനെ വ്യത്യസ്തമായി പലതും ചെയ്യാറുണ്ട്. ഓണം പോലെ ഏത് ആഘോഷമായാലും അതിന്റെ ഒരു നിശ്ചിത ശതമാനം ചാരിറ്റിക്ക് നൽകാൻ സംഘടന ശ്രദ്ധ ചെലുത്താറുണ്ട്. സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഭവനരഹിതർക്ക് ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഫോമാ  എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ സമ്മതത്തോടെ ചില പ്രോജക്ടുകൾ നടത്തുന്നുണ്ട്. ഭർത്താവ് മരണപ്പെടുകയോ ഉപേക്ഷിക്കുകയോ ചെയ്ത സ്ത്രീകൾക്ക് വരുമാനം കണ്ടെത്തുന്നതിനായി തയ്യൽ പരിശീലനം നൽകുകയും തയ്യൽ മെഷീൻ വിതരണം ചെയ്യുന്നതുമാണ് അതിൽ ഒന്ന്. സ്വയം പര്യാപ്തത കൈവരിക്കാൻ ഇടുക്കി പോലുള്ള മേഖലകളിൽ പല സ്ത്രീകൾക്കും ഇപ്പോഴും അറിയില്ല. സ്വന്തമായി വരുമാനം ഉണ്ടായിരിക്കുക എന്നതാണ് അതിന്റെ ആദ്യ പടി. വിദ്യാഭ്യാസത്തിനും വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുന്നുണ്ട്. ആൺകുട്ടികൾ പെൺകുട്ടികൾ എന്നുവേർതിരിച്ചിട്ടില്ല. വരുന്ന അപേക്ഷകളിൽ നിന്ന് ഏറ്റവും അർഹിക്കുന്നവർക്ക് കഴിവിനൊത്ത് കൈത്താങ്ങ് നൽകുകയാണ്.

ഫോമായുടെ കേരള കൺവൻഷനുമായി ബന്ധപ്പെട്ട് അടിമാലിയിൽ പോയപ്പോഴാണ് അവിടത്തെ ആദിവാസികൾക്കിടയിൽ അബോർഷൻ നിരക്ക് വർദ്ധിച്ചതായി അറിഞ്ഞത്. കഞ്ചാവിന്റേയും മദ്യത്തിന്റെയും ഉപയോഗം കൂടിയതായും ബോധ്യപ്പെട്ടു. ഇതിനെതിരെ ബോധവൽക്കരണം അനിവാര്യമായതുകൊണ്ട് സോഷ്യൽ വർക്കിൽ മാസ്റ്റേഴ്സും ഡോക്ടറേറ്റുമുള്ള ആറംഗ വോളന്റിയർമാരുടെ സഹകരണത്തോടെ ഇടുക്കിയിലെ 33 ഊരുകളിലെ ആദിവാസിക്കുടിലുകളിൽ ചെന്ന് ബോധവൽക്കരണം നടത്തുന്നുണ്ട്. സെക്സ് എജ്യുക്കേഷന്റെ പ്രാധാന്യം വളരെ വലുതാണ്. ഫോമാ എന്ന ബാനർ ഉപയോഗിക്കുമ്പോൾ നമുക്കൊപ്പം ചേരാൻ കൂടുതൽ ആളുകൾ ഉണ്ടാകും. മാത്രമല്ല, ആര് സഹായിച്ചു എന്ന ചോദ്യത്തിന് സംഘടനയുടെ പേര് പറയുമ്പോൾ അതിലൂടെ 'ഫോമാ' കൂടുതൽ പ്രശസ്തി ആർജ്ജിക്കുകയും വളരുകയും ചെയ്യും. നമ്മൾ ഇല്ലാത്തൊരു കാലം വന്നാലും ഈ പ്രവർത്തനങ്ങൾ തുടരുന്നതിന് ഒരു വടവൃക്ഷമായി സംഘടന നിലനിൽക്കണം.


ജോയിന്റ് ട്രഷറർ ആകാൻ സ്വയം കാണുന്ന യോഗ്യത?

സ്ത്രീകൾക്ക് ട്രഷററാകാൻ നൈസർഗികമായൊരു കഴിവുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭർത്താവ് ഏൽപ്പിക്കുന്ന വരുമാനത്തിൽ നിന്നോ സ്വന്തം സാലറിയിൽ നിന്നോ വരവുചിലവുകൾ കൃത്യമായി നോക്കാൻ സാധിക്കുന്ന വീട്ടമ്മമാർ എല്ലാം ആ വീടിന്റെ ട്രഷറർമാരാണ്. സാമ്പത്തികം കൈകാര്യം ചെയ്യുന്നതിന്റെ ബാലപാഠങ്ങൾ മമ്മിയിൽ നിന്നാണ് പഠിച്ചത്. എപ്പോഴും വരവറിഞ്ഞ് ചെലവഴിക്കണം മിച്ചം പിടിക്കണം എന്നതിന് ആവശ്യമായ  മനക്കണക്കും സൂത്രവാക്യവും മമ്മിക്കറിയാം. വിവിധ സംഘടനകളിൽ പ്രവർത്തിച്ചപ്പോൾ എനിക്കും ആ കഴിവ് കിട്ടിയിട്ടുണ്ടെന്ന് തോന്നി. കൂടുതൽ പേരിലേക്ക് എങ്ങനെ സഹായം എത്തിക്കാമെന്ന് ചിന്തിക്കാനും അത് പ്രാവർത്തികമാക്കാനും അനുഭവപരിജ്ഞാനം ഒരുപാട് സഹായിക്കുന്നുണ്ട്.

ഒരു ട്രഷറർ എത്ര പണം സമാഹരിച്ചു എന്നത് മാത്രമല്ല പ്രധാനം. അത്  എങ്ങനെ നമ്മുടെ സമൂഹത്തിനു ഉപകാരപ്രദമായ രീതിയിൽ വിനിയോഗിച്ചു എന്നതിലാണ് കാര്യം.  ചെറിയ തുക പോലും ചിലരുടെ ജീവിതത്തിൽ വലിയ  മാറ്റങ്ങൾ ഉണ്ടാക്കും എന്നുഞാൻ കണ്ടുമനസ്സിലാക്കിയിട്ടുണ്ട്. നമ്മൾ ഒരു പ്രോജക്ട് തുടങ്ങുമ്പോൾ അതിലേക്ക് ഒരു ഡോളർ എങ്കിൽ ഒരു ഡോളർ സംഭാവന ചെയ്യുന്ന മനസ്സിനെ കുറച്ചുകാണാറില്ല.പലതുള്ളി പെരുവെള്ളം എന്നുപറയുന്നപോലെ കഴിവിനൊത്ത് ഫോമായിലെ ഓരോ അംഗങ്ങളും എത്ര ചെറിയ സഹായം നൽകിയാലും,അതിലൂടെ നമുക്ക് അനേകരുടെ കണ്ണീരൊപ്പാൻ സാധിക്കും.

ജീവിതത്തിൽ പിന്തുടരുന്ന ഫിലോസഫി?

'ലീഡർഷിപ്പ് ത്രൂ  പാർട്ടിസിപ്പേഷൻ' എന്നതാണ്  ലക്‌ഷ്യം. നേതൃത്വം  എന്നാൽ സേവനം എന്നാണ് ഞാൻ അർത്ഥമാക്കുന്നത്. പി.എ. മെഡിക്കൽ സെന്ററിൽ അസി. നഴ്സ് മാനേജരായി പ്രവർത്തിക്കുമ്പോഴും അതുതന്നെയാണ് ഞാൻ പിന്തുടരുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ വരുമ്പോഴും   പ്രവർത്തനങ്ങളിൽ ഒരുമിച്ചു നിൽക്കാനുള്ള  മനസാണ്  ഏറ്റവും പ്രധാനം.  ഭിന്നതയ്ക്കപ്പുറം എല്ലാവരെയും ഒപ്പം കൂട്ടിയാൽ മാത്രമേ മികച്ച ഒരു സമൂഹത്തെ നമുക്ക് കെട്ടിപ്പടുക്കാനാവു.'സക്സസ് ഈസ് നോട്ട്  എബൗട്ട് ദി വേഡ്,' എന്നുള്ള   മിഷേൽ ഒബാമയുടെ വാക്കുകൾ ഞാൻ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു.

പാനൽ  ഇല്ലാതെ മത്സരിക്കാൻ ഇറങ്ങിയ താങ്കൾ എന്തുകൊണ്ടാണ് ടീം ഫോമായുടെ ഭാഗമായത്?

സ്വതന്ത്രയായി മത്സരിക്കാൻ ഇറങ്ങിയപ്പോൾ തന്നെ സമാനമനസ്കരുമായി ഒരുമിച്ചു പ്രവർത്തിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു. തോമസ് ടി.ഉമ്മന്റെ നേതൃത്വത്തിലുള്ള ടീം ഫോമായിൽ ചേർന്നത് അങ്ങനെയാണ്. ഫോമായുടെ തുടക്കം മുതൽ ഈ നിമിഷം വരെ ഒട്ടേറെ മികച്ച പ്രോജക്ടുകളിൽ ഭാഗമായി കഴിവ് തെളിയിച്ച ആളാണ് അദ്ദേഹം. ഒരു നേതാവിൽ ഞാൻ പ്രതീക്ഷിക്കുന്ന ഗുണങ്ങൾ അദ്ദേഹത്തിനുണ്ടെന്ന് സംസാരിക്കുമ്പോൾ മനസ്സിലായി. ആവിഷ്കരിച്ച പദ്ധതികൾ പേപ്പറിൽ ഒതുങ്ങില്ലെന്നും അത് നടപ്പാക്കുമെന്നും വിശ്വാസം ജനിപ്പിക്കാൻ കഴിയുക എന്നത് നിസാരകാര്യമല്ല. പാനലിലെ മറ്റ് അംഗങ്ങളും സംഘടനയെ മറ്റൊരു ലെവലിൽ ഉയർത്താൻ കഴിവുള്ളവരും അതിന് ഉത്സാഹിക്കാൻ മനസ്സുള്ളവരുമാണ്. ഓരോരുത്തർക്കും തുല്യമായ ഇടം ഉണ്ടെന്നതും പാനലിന്റെ പ്ലസാണ്.

 വിജയിച്ചാൽ?

നാട്ടിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നതിന് പുറമേ ഇവിടുള്ള കുട്ടികൾക്കും അത്തരം സഹായങ്ങൾ നല്കണമെന്നുണ്ട്. ഫോമാ എന്നുള്ള സംഘടനയുമായി അമേരിക്കയിലെ യുവതലമുറയ്ക്കും മാനസികമായി അടുപ്പം ഉണ്ടാകണമെങ്കിൽ അവർക്കും അതിലൂടെ പ്രയോജനം ഉണ്ടാകും എന്ന ചിന്ത വളർത്തിയെടുക്കണം.അത്തരം ആശയങ്ങൾ നടപ്പാക്കും. ബിസിനസിൽ താല്പര്യമുള്ള സ്ത്രീകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും പദ്ധതിയുണ്ട്. 

 കുടുംബം? 

ഭര്‍ത്താവ് സജിമോന്‍ സി. ജോണ്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ്. മക്കൾ: സാന്ദ്ര, സ്നേഹ, സാം.

Join WhatsApp News
John P. 2024-05-19 15:08:01
സങ്കടമുണ്ട് ഈ നഴ്സ് നഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് സംഘടനാപ്രവൃത്തിയിലേക്കു മാറിയത്. നഴ്സിംഗ് കമ്മ്യൂണിറ്റിയിൽ നിന്ന് സമൂഹപ്രവർത്തനം നടത്തുക എന്നത് എത്ര മഹത്തരമാണ്! അമേരിക്കയിലെ നഴ്സിംഗ് സംഘടനകൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും ചെയ്യുന്ന പോലുള്ള സൽപ്രവർത്തികൾ അമേരിക്കയിലെ ഏതെങ്കിലും സംഘടനകൾ ചെയ്യുന്നുണ്ടോ? ഇത്തരം സാമൂഹ്യ സംഘടനകൾ അങ്ങുമിങ്ങും എന്തെങ്കിലും സംഘടിപ്പിച്ചു നേതാവ് ചമയുകയും ഫോട്ടോകൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നതിൽ കവിഞ്ഞു സമൂഹഗുണമുള്ള എന്തെങ്കിലും ചെയ്യുന്നുണ്ടോ? അവരെ സമൂഹം പൊതുവെ റിഡിക്യൂൾ ചെയ്യുകയാണ് ചെയ്യാറുള്ളത്. അപ്പോൾ പിന്നെ സാദ്ധ്യതകൾ വാഗ്‌ദാനം ചെയ്യുന്ന നഴ്സിങ് നഴ്സിംഗ് സംഘടനയിൽ നിന്ന് പ്രവർത്തിച്ചു മമതയും സമൂഹ ബഹുമാനവും നേടിക്കൂടേ? നഴ്സുമാർ മാലാഖകൾ ആണെന്ന് ഏതു വിഡ്ഢികൾ ആണ് പറയുന്നത്? നഴ്സുമാർ നല്ല വിദ്യാഭ്യാസം നേടിയിട്ടുള്ള പ്രൊഫെഷണൽസ് ആണ്. ആരും തന്നെ മാലാഖകൾ അല്ല. മാലാഖമാർ എല്ലാവരും ആണുങ്ങൾ അല്ലെ? നഴ്സുമാർ മിക്കവാറും തന്നെ പെണ്ണുങ്ങൾ ആണ്. അവരെ എന്തിനാണ് മാലാഖകൾ ആക്കി ലിംഗഭേദം വരുത്തുന്നത്?
Pravasi 2024-05-19 23:02:33
ഈ മലയാളിയിൽക്കൂടി കുറെ പടം ഫ്രീ ആയി പ്രസിദ്ധികരിച്ചു അതുകണ്ടു കുറച്ചുപേർക്ക് സ്വയം സായുജ്യമടയാം. ഇവരെ ചുമക്കാൻ കുറെ ചുമട്ടുതൊഴിലാളികളും, ഇതിനൊക്കെ നാട്ടുകാരെന്തു പിഴച്ചു?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക