Image

സമരം മൂലം യാത്ര റദ്ദായി ദുരിതം അനുഭവിച്ച യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നഷ്ടപരിഹാരം നല്‍കുക: നവയുഗം

Published on 20 May, 2024
 സമരം മൂലം യാത്ര റദ്ദായി ദുരിതം അനുഭവിച്ച യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നഷ്ടപരിഹാരം നല്‍കുക: നവയുഗം

ദമ്മാം: ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരം മൂലം യാത്ര മുടങ്ങി ദുരിതം അനുഭവിച്ച എല്ലാ യാത്രക്കാര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ബാധ്യസ്ഥമാണെന്നും, അത് വാങ്ങിക്കൊടുക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണമെന്നും നവയുഗം സാംസ്‌ക്കാരികവേദി ദെല്ല ടയോട്ട യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യാതൊരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങള്‍ അവസാനനിമിഷം റദ്ദാക്കിയപ്പോള്‍ ഒട്ടേറെ പ്രവാസികള്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിടുകയുണ്ടായി. യാത്ര മുടങ്ങിയ കാരണം വിസ തീര്‍ന്നു ചിലരുടെ ജോലി നഷ്ടപ്പെട്ടു. അസുഖബാധിതനായ ഭര്‍ത്താവിനെ അവസാനമായി കാണാനുള്ള അവസരം ഒരു ഭാര്യക്ക് നഷ്ടമായി.  യാത്രക്കാരായ പ്രവാസികള്‍ അനുഭവിച്ച മാനസിക വ്യഥ വളരെയധികമാണ്. ഇമ്മാതിരി സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാനും, യാത്രക്കാര്‍ക്ക് നിയമപരമായിത്തന്നെ അര്‍ഹമായ നഷ്ടപരിഹാരം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കമ്പനി നല്‍കിയേ മതിയാകൂ എന്ന് നവയുഗം പ്രമേയത്തില്‍ പറഞ്ഞു.

നവയുഗം ദെല്ല ടൊയോട്ട യൂണിറ്റ് ഓഫിസില്‍ നിസ്സാം കൊല്ലത്തിന്റെ അധ്യക്ഷതയില്‍ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം മീഡിയ കണ്‍വീനര്‍ ബെന്‍സി മോഹന്‍ ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാപുരം, ദെല്ല മേഖല പ്രസിഡന്റ് നന്ദകുമാര്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

നവയുഗം ദെല്ല ടൊയോട്ട യൂണിറ്റ് പ്രസിഡന്റ് ആയി നാസര്‍ കടവിലിനെയും, വൈസ് പ്രസിഡന്റ് ആയി ജിതനെയും, സെക്രെട്ടറി ആയി സെയ്ഫ് മണലടിയെയും, ജോയിന്റ് സെക്രെട്ടറി ആയി അനസ് ജലാലിനെയും സമ്മേളനം തെരെഞ്ഞെടുത്തു.

ചിത്രം: നവയുഗം ദെല്ല ടൊയോട്ട യൂണിറ്റ്  ഭാരവാഹികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക