ദമ്മാം: ഇന്ത്യയെ ആര്‍ എസ് എസ് മേധാവിത്വമുള്ള ഒരു ഹിന്ദു ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭ്യമായ ഏറ്റവും ശക്തമായ ആയുധമാണ് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ എന്ന് പ്രസിദ്ധ ചരിത്രകാരനും, എഴുത്തുകാരനുമായ പി. ഹരീന്ദ്രനാഥ് പറഞ്ഞു.
നവയുഗം സാംസ്‌ക്കാരികവേദി കുടുംബവേദി ദമ്മാം അല്‍ അബീര്‍ ഹാളില്‍ സംഘടിപ്പിച്ച 'ഹരീന്ദ്രനാഥ് മാഷിനോടൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിയെപ്പോലെ ഇന്ത്യയെയും ഇന്ത്യക്കാരെയും ഇത്രയധികം നന്നായി മനസ്സിലാക്കിയ മറ്റൊരു രാഷ്ട്രീയ നേതാവില്ല. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയസംവിധാനങ്ങളോ, സാങ്കേതിക വിദ്യകളോ ഇല്ലാതിരുന്ന കാലത്ത്, ഇന്ത്യന്‍ ജനതയെ ഒറ്റക്കെട്ടായി സ്വാതന്ത്യസമരഭൂമിയില്‍ തന്റെ കീഴില്‍ അണി നിര്‍ത്താന്‍ ഗാന്ധിജിയ്ക്ക് കഴിഞ്ഞത്, ആ കഴിവുകള്‍ കൊണ്ട് തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു.
പഠിച്ചാലും പഠിച്ചാലും തീരാത്ത മഹാസമുദ്രമാണ് മഹാത്മാഗാന്ധിയുടെ ജീവിതവും, ചിന്തകളും. അവയെക്കുറിച്ചു പഠിയ്ക്കാന്‍, അഞ്ചു വര്‍ഷകാലം അധ്യാപകജോലിയില്‍ നിന്നും അവധിയെടുത്തു നടത്തിയ ശ്രമമായിരുന്നു ഹരീന്ദ്രനാഥിന്റെ ഏറ്റവും പുതിയ പുസ്തകമായ 'മഹാത്മാഗാന്ധി കാലവും കര്‍മ്മപഥവും 1869 - 1915'. ആ പുസ്തകത്തിന്റെ ഒരു കോപ്പി നവയുഗം വായനവേദി ലൈബ്രറിയിലേക്ക് അദ്ദേഹം ചടങ്ങില്‍ വെച്ച് കൈമാറി.
നവയുഗം കുടുംബവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അരുണ്‍ ചാത്തന്നൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു സ്വാഗതം പറഞ്ഞു. പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ട്രെഷറര്‍ ടി.പി റഷീദ്, നവയുഗം കുടുംബവേദി നേതാക്കളായ സുറുമി നസീം, റിയാസ്, മീനു അരുണ്‍, വനിതാവേദി സെക്രട്ടറി രഞ്ജിത പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.
നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി ഹരീന്ദ്രനാഥ് മാഷിനെ പൊന്നാടയണിയിച്ചു ആദരിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ നവയുഗത്തിന്റെ ഉപഹാരം ഹരീന്ദ്ര നാഥ് മാഷിന് കൈമാറി.
പരിപാടിയോടനുബന്ധിച്ചു നവയുഗം കലാവേദിയുടെ കലാകാരന്‍മാര്‍ അവതരിപ്പിച്ച വിവിധ ഗാന, നൃത്ത പരിപാടികളും അരങ്ങേറി.