Image

വടകരയിലെ കാഫിർ വിവാദം; നിഷ്കളങ്കത തെളിയിക്കേണ്ട ഗതികേടിൽ സിപിഐഎം

Published on 24 May, 2024
വടകരയിലെ കാഫിർ വിവാദം; നിഷ്കളങ്കത തെളിയിക്കേണ്ട ഗതികേടിൽ സിപിഐഎം

ഏപ്രില്‍ 26-ന് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും കേരള രാഷ്ട്രീയത്തിലെ വിവാദവിഷയം വടകരയിലെ 'കാഫിര്‍ സന്ദേശം' ആണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ പ്രചരിച്ച സന്ദേശത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പസ്പരം ആരോപണമുന്നയിക്കുന്നത് തുടരുകയാണ്.

യൂത്ത് ലീഗ് പ്രവര്‍ത്തകനായ മുഹമ്മദ് കാസിമിന്റെ പേരിലായിരുന്നു കാഫിര്‍ പരാമര്‍ശം പ്രചരിച്ചത്. പിന്നാലെ പൊലീസ് നാല് മണിക്കൂറോളം തന്റെ ഫോണ്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് കാസിം പറയുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കാസിം സ്വന്തം നിലയ്ക്കും, പാര്‍ട്ടി വഴിയും പൊലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലം കാണാതെ വന്നതോടെ കാസിം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പൊലീസിന് ബോധ്യപ്പെട്ട കാര്യം രേഖാമൂലം അറിയിക്കണമെന്നും, യഥാര്‍ത്ഥ പ്രതിയെ പിടികൂടണമെന്നുമാണ് കാസിമിന്റെ ആവശ്യം.

അതേസമയം വിഷയത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം ആരോപണമുന്നയിക്കുന്നത് തുടരുകയാണ്. ഇതിനിടെ സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനന് നേരെ ആരോപണവുമായി റലവ്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി രംഗത്ത് വന്നതാണ് പുതിയ വഴിത്തിരിവ് സൃഷ്ടിച്ചിരിക്കുന്നത്. മോഹനന്റെ മകന്‍ ഉള്‍പ്പെടുന്ന സംഘമാണ് വ്യാജ സക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതെന്ന ഗുരുതര ആരോപണമാണ് അവര്‍ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം വിഷയത്തില്‍ സമാധാനയോഗം വിളിക്കാന്‍ തയ്യാറാണെന്ന് കാട്ടി പി. മോഹനന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണം കുടുംബത്തിന് നേര്‍ക്ക് എത്തിയപ്പോഴാണ് മോഹനന്‍ ഇതിന് തയ്യാറായതെന്നാണ് എതിര്‍ പാര്‍ട്ടികളുടെ ആരോപണം.

അതിനാല്‍ പ്രതിയെ പിടിച്ച ശേഷം മതി സമാധാനയോഗം എന്ന നിലപാടിലാണ് യുഡിഎഫ്. സര്‍വ്വകക്ഷി യോഗത്തിന് മുസ്ലിം ലീഗ് നേരത്തെ തയ്യാറായിരുന്നെങ്കിലും, യുഡിഎഫ് ശക്തമായ നിലപാട് എടുത്തതോടെ അതിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ലീഗും. പ്രതിയെ പിടികൂടിയ ശേഷം മതി സര്‍വ്വകക്ഷി യോഗമെന്ന് നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ സിപിഐഎം അനുകൂല ഫേസ്ബുക്ക് പേജ് വഴിയാണ് ആദ്യം സ്‌ക്രീന്‍ഷോട്ട് പ്രചരിക്കപ്പെട്ടതെന്നും, അതിനാല്‍ ഈ പേജിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരെ ചോദ്യം ചെയ്യണമെന്നുമാണ് ആരോപണവിധേയനായ കാസിം പറയുന്നത്. കാസിമിനെ അല്ലാതെ മറ്റാരെയും ചോദ്യം ചെയ്തിട്ടില്ലെന്നും, പേജ് അഡിമ്‌നിസ്‌ട്രേറ്റര്‍മാരുടെ വിവരം ലഭിക്കാനായി ഫേസ്ബുക്ക് ഉടമകളായ മെറ്റായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വടകര പൊലീസിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ ബോംബ് വിഷയത്തിന് പുറമെ സിപിഐഎം വര്‍ഗ്ഗീയ പ്രചാരണം നടത്തി എന്ന ആരോപണം ശക്തമാണ്. അതിനാല്‍ തന്നെ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ തങ്ങളല്ലെന്ന് തെളിയിക്കേണ്ടത് നിലവില്‍ സിപിഐഎമ്മിന്റെ ബാധ്യതയായി മാറിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക