Image

പരിചയസമ്പത്തും സൗമ്യതയും കൈമുതൽ; ബേബി മണക്കുന്നേൽ   ഫോമാ നേതൃത്വത്തിലേക്ക്

Published on 26 May, 2024
പരിചയസമ്പത്തും സൗമ്യതയും കൈമുതൽ; ബേബി മണക്കുന്നേൽ   ഫോമാ നേതൃത്വത്തിലേക്ക്

അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) പ്രസിഡന്റ് എന്ന നിലയില്‍ 4500 പേര്‍ പങ്കെടുത്ത കണ്‍വന്‍ഷന് നേതൃത്വം നല്‍കിയ പാരമ്പര്യവുമായാണ് ബേബി മണക്കുന്നേല്‍ ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സംഘടനാ രംഗത്ത് പരിചയസമ്പന്നന്‍ എന്നര്‍ത്ഥം. അതിനാല്‍ തന്നെ കൃത്യമായ കാഴ്ചപ്പാടുകളും പ്രവര്‍ത്തന രൂപരേഖയും തയ്യാറാക്കിയാണ് മത്സര രംഗത്ത് എത്തുന്നത്.

മത്സരം എന്നു പറയുമ്പോള്‍ തികച്ചും സൗഹൃദപൂര്‍വ്വമായ മത്സരം. ആരും പരസ്പരം ചെളിവാരിയെറിയുന്നില്ല. ആര് ജയിച്ചാലും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും സംഘടനയുടെ നന്മ മാത്രം ലക്ഷ്യമിടുമെന്നുമുള്ള ഉറപ്പ്. ഇത് അഭിമാനാര്‍ഹവും അനുകരണീയവും തന്നെ.

പിറവം സ്വദേശിയും കൊമേഴ്‌സില്‍ മാസ്റ്റേഴ്‌സ് ബിരുദധാരിയുമായ ബേബി മണക്കുന്നേല്‍ വ്യത്യസ്തങ്ങളായ കര്‍മ്മ രംഗങ്ങളിലൂടെ കടന്നുപോയി ഇപ്പോള്‍ ബിസിനസ് രംഗത്ത് നേട്ടങ്ങളുണ്ടാക്കുന്ന വ്യക്തിയാണ്. അദ്ധ്യാപകനായി ഒരു ദശാബ്ദത്തോളം പ്രവര്‍ത്തിച്ചു, ഇതിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്, ഐ.എന്‍.ടി.യു.സി സെക്രട്ടറി എന്നിങ്ങനെ. കൂടാതെ എണ്‍പതുകളുടെ അവസാനം ചെറു പ്രായത്തിലേ പഞ്ചായത്ത് മെമ്പറും കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗവുമായി.

പിറവം താലൂക്കിനുവേണ്ടി നിരാഹാരം കിടന്ന ചരിത്രവുമുണ്ട്. 1989-ല്‍. തലയോലപ്പറമ്പ് ഡി.ബി കോളജ് പൂര്‍വ വിദ്യാര്‍ത്ഥി.

1991-ല്‍ അമേരിക്കയിലെത്തി ഒരു ദശാബ്ദം പോസ്റ്റല്‍ സര്‍വ്വീസില്‍ ജോലി ചെയ്ത ശേഷമാണ് ബിസിനസ് രംഗത്തേക്ക് വരുന്നത്. വൈകാതെ തന്നെ സംഘടനാ രംഗത്തും പ്രവര്‍ത്തനം ആരംഭിച്ചു.  1997- 98 കാലത്ത്  ഹ്യൂസ്റ്റൺ ക്നാനായ കാത്തലിക്ക് കമ്മിറ്റി (എച്ച്.കെ.സി.സി) പ്രസിഡന്റായി. ബേബി ഊരാളില്‍ കെ.സി.സി.എന്‍.എ പ്രസിഡന്റായിരുന്നപ്പോള്‍ (1998 - 2000) ജനറല്‍ സെക്രട്ടറിയായി. രണ്ടു വട്ടം  മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) പ്രസിഡന്റായി. അവിഭക്ത ഫൊക്കാനയില്‍ പ്രവര്‍ത്തനമാരംഭിച്ച ബേബി ഫോമ രൂപീകൃതമായതുമുതല്‍ അതില്‍ സജീവമാണ്. ഹൂസ്റ്റണില്‍ നടന്ന ആദ്യ കണ്‍വന്‍ഷന്റെ ചെയര്‍മാനായിരുന്നു. പിന്നീട് രണ്ടുവട്ടം ആര്‍.വി.പിയായി. സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ പ്രസിഡന്റായും രണ്ടു ടേം പ്രവര്‍ത്തിച്ചു. ഇതിനു പുറമെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി. ഇപ്പോള്‍ ഒ.ഐ.സി.സിയുടെ പ്രസിഡന്റ്.

ഇത്രയുമാണ് വ്യക്തിപരമായ വിവരങ്ങള്‍. ഇലക്ഷന്‍ രംഗത്തേക്ക് വരുമ്പോള്‍ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി പോകുന്നുവെന്ന് അദ്ദേഹം പറയുന്നു. ചെല്ലുന്നിടത്തൊക്കെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞയാഴ്ച അറ്റ്‌ലാന്റിയിലായിരുന്നു. ജൂണ്‍ ആദ്യം കാലിഫോര്‍ണിയയില്‍.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഡെലിഗേറ്റുമാര്‍ക്കാണ് വോട്ട് ചെയ്യുവാന്‍ പറ്റുക. അതിനാല്‍ കഴിയുന്നത്ര പേരോട് കണ്‍വന്‍ഷനിലെത്താന്‍ പ്രേരിപ്പിക്കുന്നു. ഹൂസ്റ്റണില്‍ നിന്ന് 50-ല്‍പ്പരം പേര്‍ എത്തുന്നുണ്ട്. മത്സരം കടുത്തതാണെങ്കിലും എതിര്‍ വിഭാഗവുമായി നല്ല ബന്ധമാണ്. പാനല്‍ ജയിച്ചാലും എതിര്‍ പാനലില്‍ നിന്നുള്ള ചിലർ മാത്രം ജയിച്ചാലും ഒരുമിച്ച് പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. കെ.സി.സി.എന്‍.എ പ്രസിഡന്റായിരുന്നപ്പോള്‍ എതിര്‍ പാനലില്‍ നിന്ന്  ജയിച്ചുവന്ന വനിതാ നേതാവാണ് ഏറ്റവും അധികം പിന്തുണ നല്കിയതെന്ന് ഓര്‍ക്കുന്നു.

വിജയിച്ചാല്‍ ഒട്ടേറെ പദ്ധതികള്‍ മനസ്സിലുണ്ടെങ്കിലും സുപ്രധാനമായ ഒന്ന് റിട്ടയേര്‍മെന്റ്  പ്രൊജക്ടാണ്. ഹൂസ്റ്റണിലും ഫ്‌ളോറിഡയിലുമായി രണ്ട് പ്രൊജക്ടുകള്‍ മനസിലുണ്ട്. 100 യൂണീറ്റ് വീതം തുടക്കത്തില്‍ ലക്ഷ്യമിടുന്നു. രണ്ടിടത്തും സ്ഥലം കിട്ടുക വിഷമകരമല്ല. ഇതില്‍ പങ്കാളികളാകാന്‍ ധാരാളം പേര്‍ തയാറുമാണ്. ഫോമ നേതൃത്വം കൊടുത്താല്‍ മതി. പങ്കാളികളായി വരുന്നവര്‍  ചേർന്നുള്ള ഒരു കമ്മിറ്റി വഴി വേണം ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍. ഫോമയിലെ അധികാരമാറ്റമൊന്നും ഇതിനെ ബാധിക്കാന്‍ പാടില്ല എന്നത് കൊണ്ടാണിത്

ക്നാനായക്കാർക്കായി ഹൂസ്റ്റണില്‍ രൂപംകൊടുത്ത റിട്ടയര്‍മെന്റ് കമ്യൂണിറ്റി നല്ല നിലയില്‍ പോകുന്നു. 100 പേരില്‍ നിന്ന് 5000 ഡോളര്‍ വീതം സമാഹരിച്ച് 18 ഏക്കര്‍ സ്ഥലം മിസൂറി സിറ്റിയില്‍ വാങ്ങി. 60 വീടുകള്‍ വയ്ക്കാം. 40 എണ്ണം വെച്ചു. ക്ലബ് ഹൗസ്, പ്രഭാത ഭക്ഷണം ലഭ്യമാക്കാനുള്ള സൗകര്യം, ഒരുമിച്ച് ഡ്രൈവ് ചെയ്യുന്നതിനും മറ്റുമുള്ള സൗകര്യം ഒക്കെ പ്രത്യേകതയാണ്. മൂന്നു ലക്ഷം ഡോളറില്‍ താഴെയായിരുന്നു ചെലവ്. ഇപ്പോഴത് കൂടിയിട്ടുണ്ട്. 2004-ല്‍ ആണ് സ്ഥലം വാങ്ങിയത്. ഫോമായിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കാനുള്ള എല്ലാ പ്രായോഗിക പരിചയവുമുണ്ട്.

ഫോമയിലെ റീജിയനുകളെ ശക്തിപ്പെടുത്തുന്നതിലൂടെ സംഘടനയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. എങ്കിലേ ഫോമയ്ക്ക് ഭാവിയുള്ളൂ. പ്രാദേശിക നേതൃത്വത്തോട് ആലോചിച്ചിട്ടു മാത്രമേ ഓരോ കാര്യങ്ങളും ചെയ്യൂ. അവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണം.

വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കും. ബിസിനസ് ഫോറത്തിന് റീജിയന്‍ തലത്തില്‍ ശാഖകളുണ്ടാക്കും. യുവജനങ്ങളും കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വിദഗ്ധ സമിതികള്‍ രൂപീകരിക്കും. അതുപോലെ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിനു പ്രാധാന്യം നല്‍കും. ട്വല്‍ത്ത് ഗ്രേഡ് കഴിയുന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അത്യാവശ്യമാണല്ലോ.

അമേരിക്കന്‍ മണ്ണില്‍ കണ്‍വന്‍ഷന്‍ എന്നതായിരിക്കും പ്രത്യേകത. കുടുംബമായി ആളുകൾ വരുന്ന കണ്‍വന്‍ഷനാണ് ലക്ഷ്യം. ഡെലിഗേറ്റുകള്‍ മാത്രം വന്നാല്‍ പോര. ഒരു രജിസ്‌ട്രേഷനില്‍ അഞ്ചംഗ ഫാമിലിക്ക് വരാന്‍ കഴിയുന്ന സംവിധാനമാണ് ലക്ഷ്യം. താമസവും കണ്‍വന്‍ഷനും ഒരു സ്ഥലത്തുതന്നെ ആയിരിക്കും. അതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. വിജയിച്ചാല്‍ കയ്യോടെ വേദി ബുക്ക് ചെയ്യും. സ്‌കൂള്‍ തുറക്കും മുമ്പ് എല്ലാവര്‍ക്കും പങ്കെടുക്കത്തക്ക രീതിയിലുള്ള കണ്‍വന്‍ഷനാണ് നടത്തുക.

റീജിയണല്‍ തലത്തില്‍ കലാ-കായിക പരിപാടികള്‍ നടത്തി അതിന്റെ ഫിനാലെ കണ്‍വന്‍ഷനില്‍ നടത്തണമെന്നമെന്നതാണ് മറ്റൊന്ന്. നമ്മുടെ കുട്ടികള്‍ക്ക് മികച്ച അവസരമായിരിക്കും അതുവഴി ലഭിക്കുക.

ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പദ്ധതിയും ശക്തിപ്പെടുത്തണം. അതിനായി നാട്ടില്‍ നിന്ന് ഒരു പ്രോഗ്രാം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നു. റീജിയന്‍ തലത്തില്‍ അത്  അവതരിപ്പിക്കും. ലാഭം റീജിയനുകളുമായി പങ്കിടാം.

അംഗ സംഘടനകള്‍ ഫോമയില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. കോവിഡ് കാലത്ത് കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും ഫിലിപ്പ് ചാമത്തില്‍ നാട്ടില്‍ വീടുകള്‍ വച്ച് നല്‍കിയത് ഏറെ അംഗീകാരം നേടി. അനിയന്‍ ജോര്‍ജിന്റെ കാലത്ത് ഏറെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടന്നു.

നാഷണല്‍ കമ്മിറ്റിയും മറ്റും അച്ചടക്കത്തോടെ പോകണം.

തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ആറു പേരും അംഗ സംഘടനകളുടെ മുന്‍ പ്രസിഡന്റുമാരാണ്. സെക്രട്ടറി സ്ഥാനാര്‍ത്ഥി ബൈജു വര്‍ഗീസ് ഇപ്പോള്‍ കാന്‍ജിന്റെ പ്രസിഡന്റാണ്.

എല്ലാവരുടേയും അഭിപ്രായം മാനിച്ചേ താന്‍ തീരുമാനങ്ങള്‍ എടുക്കുകയുള്ളൂ. സൗഹൃദങ്ങൾക്കാണ് താൻ  പ്രാധാന്യം നൽകുന്നത്.

നാടുമായുള്ള ബന്ധം നിലനിര്‍ത്താന്‍ നാട്ടില്‍ കണ്‍വന്‍ഷന്‍ നല്ലതാണ്. നമ്മുടെ ചാരിറ്റി പ്രവര്‍ത്തനം അവിടെ അവതരിപ്പിക്കാനുമാകും.

കണ്‍വന്‍ഷനില്‍ മുന്‍ പ്രസിഡന്റുമാരെ ആദരിക്കണമെന്നാഗ്രഹിക്കുന്നു. അതുപോലെ സെമിനാറുകളുടെ കൂട്ടത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും ലക്ഷ്യമിടുന്നു.

ബേബിയുടെ ഭാര്യ ആനി റെസ്പിരേറ്ററി തെറാപ്പിസ്റ്റ് ആയിരുന്നു. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. ഇല്ലിക്കാട്ടില്‍ കുടുംബാംഗം. മൂത്ത പുത്രന്‍ ഫില്‍മോന്‍ പ്രൈം കമ്യൂണിക്കേഷന്‍സ് ഡയറക്ടറാണ്. ഇളയ മകൻ  ജോയല്‍ ജോസഫ് ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നു. മരുമകള്‍ ജെന്നിഫര്‍. കൊച്ചുമകള്‍ ജിയാന ആന്‍ ബേബി 

# Baby Manakunnel to Fomaa leadership

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക