Image

ഡോ. ജേക്കബ് തോമസ് നാലാം തവണയും ലോക കേരള സഭ അംഗം

Published on 06 June, 2024
ഡോ. ജേക്കബ് തോമസ് നാലാം തവണയും ലോക കേരള സഭ അംഗം

തിരുവനന്തപുരം: ഈ മാസം 13 മുതൽ 15 വരെ തിരുവന്തപുരത്ത്  നടക്കുന്ന  ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ നാലാം വട്ടവും  പ്രതിനിധിയായി ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് പങ്കെടുക്കും.

ഇന്ത്യൻ പൗരത്വമുള്ളവരാണ് പ്രതിനിധികൾ. അല്ലാത്തവർ അതിഥികളാണ്. മൂന്നു തവണയാണ് സാധാരണയിൽ പ്രതിനിധികളായി ഉൾപ്പെടുത്തുക. നാലാം തവണയും പ്രതിനിധിയായി ക്ഷണിച്ചത് ഫോമക്ക് കിട്ടുന്ന അംഗീകാരമാണെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനത്തിനു  നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക.

പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ.

വേരുകളില്ലാത്ത ഒരു സമൂഹത്തിനായി ഉയരുന്ന പുതുശബ്ദമായാണ്‌ ലോക കേരള സഭ രൂപമെടുത്തത്‌. പ്രവാസം ഒരു സമൂഹത്തെ തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരിക്കുന്നു. നവകേരളത്തിന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായക സ്ഥാനം വഹിച്ച പ്രവാസം ലോക കേരള സഭയുടെ സാരഥ്യത്തിലൂടെ പുതിയവീഥികള്‍ തേടുകയാണ്‌.

ഫോമാ കൺവൻഷൻ വിളിപ്പാടകലെ നിൽക്കുമ്പോഴാണ് ഡോ. ജേക്കബ് തോമസിന് ബഹുമതി.   'ഹോം എവേ ഫ്രം ഹോം ആണ് എന്നെ സംബന്ധിച്ചടത്തോളം ഫോമ. മരിക്കുംവരെ അത് അങ്ങനെ തന്നെ തുടരും. കാലിഫോര്‍ണിയ മുതല്‍ ടെക്‌സസിന്റെ അതിര്‍ത്തി മക്കാലന്‍ വരെയുള്ള മലയാളികളുമായി ബന്ധപ്പെടാന്‍ വഴിയൊരുക്കിയതും സൗഹൃദം സമ്മാനിച്ചതും ഫോമയാണ്. അതിനാല്‍ എക്കാലത്തും ഫോമയ്ക്കുവേണ്ടി പ്രവര്‍ത്തനം തുടരും.' അദ്ദേഹം പറയുന്നു.

സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്ന്  ഇലക്ട്രിക് എഞ്ചിനീയറിങ്ങിൽ ബിരുദവും, എൻവയൺമെന്റൽ സയൻസിൽ കാനഡയിലെ ഗ്വൾഫ്  സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദവും നേടിയ അദ്ദേഹം ഇപ്പോൾ  ആഗോള താപന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ എയർഫോഴ്സിൽ ബോഡി ബിൽഡറും, കേരള സർവ്വകലാശാലയിലെ റെസ്‌ലിങ്ങ്  ചാമ്പ്യനുമായിരുന്നു.അമേരിക്കയിലേക്ക് കുടിയേറിയതിനു ശേഷം യു.എസ്  നേവിയിലും മികച്ച സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. യു.എസ്  നേവിയിലെ ജി.ഐ സ്‌കോളർഷിപ്പ് തുകകൊണ്ടാണ് അദ്ദേഹം കൂടുതൽ പഠനം  നടത്തിയതെന്നത് അഭിമാനകരമാണ്. ഫോമയുടെ ഓരോ സമ്മേളന കാലയളവിലും ഫോമാ തികഞ്ഞ വിശ്വാസത്തോടെ ഏൽപ്പിച്ച പ്രവർത്തനങ്ങൾ ഭംഗിയായി നിർവഹിച്ച വ്യക്തിയാണ് ഡോക്ടർ ജേക്കബ്.


Dr. Jacob Thomas is a member of Lok Kerala Sabha for the fourth time
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക