Image

പാവങ്ങളുടെ ഹൃദയം അപഹരിച്ച പാര്‍ലമെന്റ് കൊട്ടാരം (കാരൂര്‍ സോമന്‍, ലണ്ടന്‍)

കാരൂര്‍ സോമന്‍, ലണ്ടന്‍ Published on 06 June, 2024
പാവങ്ങളുടെ ഹൃദയം അപഹരിച്ച  പാര്‍ലമെന്റ് കൊട്ടാരം  (കാരൂര്‍ സോമന്‍, ലണ്ടന്‍)

പാര്‍ലമെന്റ് കൊട്ടാരത്തിനടുത്തു  അംബരചുംബിയായ  ഗോപുരവും മകുടവുമുള്ള  ഒരു ക്രിസ്ത്യന്‍ ദേവാലയമുണ്ട്.  മുകളിലെ നിലയില്‍ വന്നപ്പോഴും   സ്വര്‍ഗ്ഗ കവാടം തുറന്നുകാണുന്നതുപോലെ  ചുവപ്പു നിറത്തില്‍   വിലപ്പിടിപ്പുള്ള മനോഹരങ്ങളായ  കാര്‍പ്പറ്റുകള്‍ നീണ്ടുകിടക്കുന്നു. എങ്ങും സഞ്ചാരികളുടെ തിരക്കാണ്. എവിടേയും സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുകളുണ്ട്.  ഞങ്ങള്‍ ഗൈഡ് അലീസക്കൊപ്പം  മുന്നോട്ട് നടന്നു.  സൂര്യകാന്ത കല്ലുകളില്‍ പ്രകാശം പരത്തുന്നതുപോലെ പാര്‍ലമെന്റ് കൊട്ടാരം തിളങ്ങുന്നു. നിര്‍ന്നിമേ ഷമായ മിഴികളോടെ നോക്കിനടന്നു. യാത്രികര്‍ ജിജ്ഞാസയോടെ   മാര്‍ബിളില്‍ കൊത്തിവെച്ച കമനീയ  ശില്പങ്ങള്‍ കണ്ടുനടന്നു.   ഞങ്ങളുടെ അടുത്തുകൂടി  കറുത്ത നിറമുള്ള  ആജാനുബാഹുവായ  ഒരു ആഫ്രിക്കന്‍ കടന്നുപോയി. പലരുടേയും മിഴികള്‍ അയാളില്‍ പതിഞ്ഞു. എന്റെ അടുത്തു നിന്ന യുവകോമളന്‍   സുന്ദരിയായ ഗൈഡ് എലീസയുടെ വടിവൊത്ത ശരീരത്തിലേക്കാണ് കണ്ണുംനട്ട് നില്‍ക്കുന്നത്. ഇംഗ്ലീഷുകാരനല്ല. ഏതോ യൂറോപ്യന്‍ പൗരനാണ്. ഞാന്‍ പരിചയപെട്ടു. പേര് ടെന്നിസണ്‍.  മറ്റൊരാള്‍  അസ്വസ്ഥതയോട് താല്പര്യമില്ലാത്തവിധമാണ് കാതോര്‍ക്കുന്നത്.  അവളുടെ മിഴികള്‍ ഞങ്ങളെ  ഉറ്റുനോക്കി അറിയിച്ചു. 'ഞാന്‍ പറയുന്നത് ശ്രദ്ധിക്കുക'.   രാജകൊട്ടാരംപോലുള്ള മന്ദിരത്തിന്റെ  ഗുണഗണങ്ങള്‍  മനസ്സ്  കുളിര്‍ക്കേ വിസ്തരിക്കുന്നു.   കൊട്ടാര ഹാളുകളിലെ  ഉജ്ജ്വല പ്രകാശം കാണുമ്പോള്‍  തോന്നുക സൂര്യന്റെ രഥചക്രം ഇതിലൂടെയാണോ സഞ്ചരിക്കുന്നത്? ഈ പാര്‍ലമെന്റ് മന്ദിരത്തിന്റെ  കൗതുകമുണര്‍ത്തുന്ന ചരിത്രഗാഥകളാണ് ഗൈഡ് വിവരിക്കുന്നത്.  

വളരെ ഏകാഗ്രതയോടെ മനസ്സുറപ്പിച്ച് പറയുന്നതെല്ലാം കേട്ടു. മനസ്സ് മന്ത്രിച്ചത്  കണ്ണില്‍ മയക്കംപിടിച്ചിരിക്കുന്നവരും അവളുടെ മുഴങ്ങുന്ന ശബ്ദം കേട്ടുണരും. ഈ കൊട്ടാരത്തിന്റെ വീര്യ സ്വന്ദര്യം അവളുടെ  സിരകളില്‍ നന്നായി ഓടുന്നു. ശിരസ്സ് നമിക്കേണ്ടി വരും. ആര്‍ക്കും വിരസത തോന്നില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ എലീസ നല്ലൊരു സുഹൃദ് വലയമുണ്ടാക്കിയെടുത്തു. എന്റെ മനസ്സ് മന്ത്രിച്ചത് ഇവള്‍ കോളജില്‍ പഠിപ്പിക്കുന്ന ചരിത്ര അധ്യാപികയാണോ? ചരിത്രത്തിന്റെ സര്‍വവിജ്ഞാനകോശമെന്ന നിലയിലാണ് റൊമേനിയ എന്ന രാജ്യത്തെ ഇംഗ്ലീഷില്‍  പഠിപ്പിക്കുന്നത്.  ഇംഗ്ലീഷിലും അഗാധ പാണ്ഡിത്യമുണ്ട്. ആരിലും ആനന്ദം നിറഞ്ഞുതുളുമ്പുന്ന വികാരം  അവളുടെ വാക്കുകള്‍ക്കുണ്ട്. ഇവളെപോലുള്ളവര്‍ കുട്ടികളെയാണ് പഠിപ്പിക്കേണ്ടത്.  പല ഭാഗങ്ങളില്‍  ഗൈഡിനൊപ്പം സഞ്ചാരികള്‍ നടക്കുന്നു. റൊമാനിയ ഒരു ഡാനുബിയന്‍ രാജ്യമാണ്. യൂറോപ്പിലെ വലിയ നദിയായ ഡാനൂബ് (വോള്‍ഗ ഒഴികെ) പത്തിലധികം രാജ്യങ്ങളിലൂടെയാണ് ഒഴുകുന്നത്. ഡാന്യൂബ്  നൂറുകണക്കിന് കിലോമീറ്ററുകള്‍ റൊമാനിയന്‍ പ്രദേശത്ത് ഒഴുകുക മാത്രമല്ല, ബാല്‍ക്കന്‍ ലോകത്തെ  വേര്‍പെടുത്തുകയും ചെയ്യുന്നു.

ഇവിടുത്തെ താമസക്കാരില്‍ കുടുതലും  ജനസംഖ്യയില്‍  90 ശതമാനവും റൊമേനിയന്‍  വംശജരാണ്. മറ്റ് നിവാസികള്‍ 6 ശതമാനം ഹംഗേറിയന്‍, റോമന്‍സ്, അല്ലെങ്കില്‍ ജിപ്സികള്‍, സ്ലാവുകള്‍, ജര്‍മ്മന്‍കാര്‍, ടര്‍ക്കോ-ടാര്‍ട്ടറുകള്‍, അര്‍മേനിയക്കാര്‍, ഗ്രീക്കുകാര്‍, ജൂതന്മാര്‍ തുടങ്ങി 19 ദേശീയ ന്യൂനപക്ഷങ്ങള്‍ ഇവിടെയുണ്ട്. നക്ഷത്രമാലകളാല്‍  പ്രശോഭിക്കുന്ന കൊട്ടാരത്തില്‍ റൊമേനിയന്‍ സാഹിത്യ കൃതികള്‍ മാത്രമല്ല ലോകമെങ്ങുമുള്ള കൃതികള്‍ അലമാരകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ലൈബ്രറിയില്‍ നിന്നിറങ്ങിയപ്പോള്‍ എലീസ അറിയിച്ചു. പതിനഞ്ചു് മിനിറ്റ് കാപ്പി കുടിക്കാന്‍ സമയമുണ്ട്. ഇതിനുള്ളില്‍ റെസ്റ്റോറന്റുകളുണ്ട്. എലീസയെ  എന്റെ അടുത്ത നിന്ന യുവകോമളന്‍ ടെന്നിസണ്‍   കാപ്പികുടിക്കാന്‍ റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചു. അയാളുമായി നല്ലൊരു സൗഹൃദബന്ധം ഞാന്‍ സ്ഥാപിച്ചു കഴിഞ്ഞു. അലീസ  അയാളുടെ ക്ഷണം സ്വീകരിച്ചു. പാശ്ചാത്യ രാജ്യങ്ങളില്‍ സഹൃദ് ബന്ധങ്ങള്‍ ഇങ്ങനെയാണ്. അവര്‍ ഒന്നിച്ചിരുന്ന് കാപ്പി, ബിയര്‍, വൈന്‍, ഭക്ഷണങ്ങള്‍ കഴിക്കും. അവിടെ മാദക ലഹരിയോ വഞ്ചനയോ ഇല്ല.  ഞങ്ങള്‍ കാപ്പി കുടിക്കുന്നതിനിടയില്‍  കുശലാന്വഷണങ്ങള്‍ പങ്കുവെച്ചു.  ശബ്ധമടക്കി  ഞാന്‍  ചോദിച്ചു. 'എലീസ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടോ?' ഏതോ വരികള്‍ക്കിടയില്‍ നിന്ന് പെറുക്കിയെടുത്തതുപോലെ പറഞ്ഞു. 'സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. ഒരു കെട്ടിടത്തിന്റ നാല് ചുവരുകള്‍ക്കുള്ളില്‍ ചുരുങ്ങിപോകാന്‍  ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഈ തൊഴില്‍ കണ്ടെത്തിയത്. ഇന്ന് ഞാന്‍  സര്‍ക്കാര്‍ ലൈസന്‍സ് ഉള്ള ഗൈഡ് ആണ്'. എന്റെ മനസ്സിലേക്ക് കടന്നുവന്നത്   കേരളത്തിലും ഇതുപോലുള്ള ഗൈഡ് ഉണ്ടെങ്കില്‍ സഞ്ചാരികള്‍ക്ക് ഏറെ ഗുണം ചെയ്യുക മാത്രമല്ല കേരളവും ഇന്ത്യയും ലോകമറിയും.  

അലീസയെപ്പറ്റി  കൂടുതലറിയാന്‍ ഞാന്‍ ആഗ്രഹിച്ചു.  ഇംഗ്ലീഷുകാരുടെ വഴിഞ്ഞൊഴുകുന്ന ഭാഷ അവളുടെ നാവില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ അതിന്റെ അര്‍ത്ഥം വളരെ ആഴത്തിലുള്ളതാണ്. ഇംഗ്ലീഷുകാരെപോലെ  ശുദ്ധിയോടും മിതത്വത്തോടും പറയുക ഒരു റൊമേനിയക്കാരിക്ക് എങ്ങനെ സാധിക്കുന്നു? ഞാന്‍ ചോദിച്ചു. 'എവിടെയാണ് ഇംഗ്ലീഷ് പഠിച്ചത്? വിനയമധുരമായ ഭാഷയില്‍ അവള്‍ മറുപടി നല്‍കി.  ഞാന്‍ ജനിച്ചത് റൊമേനിയ പഠിച്ചത് ലണ്ടന്‍. അവിടെ നിന്നാണ് സംഗീത മാധുര്യം. സാഹിത്യ കൃതികള്‍ വായിക്കാന്‍ പഠിച്ചത്. അതെനിക്ക് ഒത്തിരി ഗുണം ചെയ്തു.  പഠനം കഴിഞ്ഞു  മാതാപിതാക്കളെ നോക്കാന്‍  ജന്മനാട്ടില്‍ മടങ്ങിയെത്തി. എനിക്ക് ജന്മം തന്ന നാടിനെ ഒരിക്കലും ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ടാണ് മടങ്ങി വന്നത്. ഇവിടെ   ഒരു കോളേജില്‍ ടീച്ചറായി ജോലി കിട്ടി. അവിടെ തുടരാന്‍ മനസ്സ് അനുവദിച്ചില്ല.  ലോക ഭാഷയായ  ഇംഗ്ലീഷ് സംസാരിക്കാന്‍  ആത്മവിശ്വാസം തന്നത് ഇംഗ്ലണ്ട് ആണ് എന്നവള്‍  അഭിമാനത്തോടെ പറഞ്ഞു.   ചെറുപ്പംമുതല്‍ ഒരു പുസ്തകപ്പുഴുവായിട്ടാണ് ജീവിച്ചത്. എന്റെ വായനയാണ് എന്നെ ഇവിടെവരെയെത്തിച്ചത്. അത്രയും കേട്ടപ്പോള്‍ മനസ്സിലായി ലോക  ചരിത്രത്തെ അവള്‍ മനസ്സില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു.  അവളെ കേട്ടുകൊണ്ടിരുന്ന ഓരോരുത്തര്‍ക്കും  തെല്ലുപോലും ചാഞ്ചല്യമില്ലാതെയാണ് മറുപടി നല്‍കിയത്.  അവളുടെ  അരുണിമ കലര്‍ന്ന കണ്ണുകളും മന്ദസ്മിതവും ആരെയും ആകര്‍ഷിക്കുന്നതാണ്.   ജന്മനാടിനെ ആദരപൂര്‍വ്വം സ്നേഹിക്കുന്ന രാജ്യസ്നേഹിയോടെ  ഒരക്ഷരം ഉരിയാടാന്‍ മനസ്സ് അനുവദിച്ചില്ല.  

 റൊമേനിയന്‍ പാര്‍ലമെന്റ് മന്ദിരം  അമേരിക്കയിലെ  വാഷിംഗ്ടണ്‍ ഡിസിക്ക് പുറത്തുള്ള പെന്റഗണിനും തായ്ലന്‍ഡിലെ സപ്പായ-സപാസതനും ശേഷം ലോകത്തെ  മൂന്നാമത്തെ വലിയ ഭരണ നിര്‍വഹണ കെട്ടിടമാണ്.   ഈ കൊട്ടാരം സ്വന്തം പ്രതാപം സ്ഥാപിക്കാന്‍ അതിമോഹത്തോടെ  തീര്‍ത്തതെന്ന് ഗൈഡ് ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റുകാരനായ  നിക്കോളാ സിയോസെസ്‌കു  ഈ രാജ്യത്തിന് സമര്‍പ്പിച്ച  അതിമനോഹര കൊട്ടാരമെന്നും വിശേഷിപ്പിക്കുന്നു. ആരെയും ആനന്ദപരവശരാക്കുന്ന   പാര്‍ലമെന്റ് കൊട്ടാരത്തിന്റെ ചിലവുകള്‍ പരിശോധിച്ചാല്‍  മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും അതിരുകടന്നതും ചെലവേറിയതുമായ നിര്‍മ്മാണ പദ്ധതികളില്‍ ഒന്നുതന്നെയാണിത്.  അലീസ ഇത്രമാത്രം വിസ്തരിക്കുമ്പോള്‍ എന്റെ മനസ്സ് പതറിയത് റൊമേനിയയിലെ പാവങ്ങളുടെ ഹൃദയം അപഹരിച്ചുകൊണ്ടല്ലേ ഈ വിലയേറിയ  പാര്‍ലമെന്റ് കൊട്ടാരം തീര്‍ത്തത്?

കമ്മ്യൂണിസ്റ്റ് നേതാവ് നിക്കോളാ സിയോസെസ്‌കുവിന്റെ അതിമോഹമായ നഗരവികസന പദ്ധതിയാണ് ഈ  പാര്‍ലമെന്റ് കൊട്ടാരം.   റൊമേനിയ സമ്പന്ന രാജ്യമല്ലെങ്കിലും  ഈ ലോകത്ത് അസാദ്ധ്യമായി ഒന്നുമില്ലെന്ന് നിക്കോളാ സിയോസെസ്‌കു ലോകത്തിന് കാണിച്ചുകൊടുത്തു. റൊമേനിയയുടെ കോട്ടകള്‍,  മലകള്‍, കാടുകള്‍, ആശ്രമങ്ങള്‍, ഉപ്പ് ഖനികള്‍, ബ്രാസോവ്, സിബിയു തുടങ്ങിയ മനോഹരമായ പട്ടണങ്ങള്‍ക്ക് പേരുകേട്ടതാണ്. കാര്‍പാത്തിയന്‍ പര്‍വതനിരകള്‍ മുതല്‍ കരിങ്കടല്‍ വരെയുള്ള മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും  റൊമേനിയ  പേരുകേട്ടതാണ്.  ഞങ്ങള്‍ മുന്നോട്ട് നടന്നു.   ജനപ്രതിനിധികളുടെ  ഇരിപ്പിടങ്ങള്‍, സെമിനാര്‍ സമ്മേളന    ഹാളുകള്‍, എക്‌സിബിഷന്‍ ഹാളുകളിലെ ഇരിപ്പിടങ്ങള്‍  മികച്ച കരകൗശല വാസ്തുവിദ്യ ശില്പങ്ങള്‍കൊണ്ട് തീര്‍ത്തതാണ്.   ഓരോ തൂണുകള്‍ക്കും ഉദയസൂര്യന്റെ തിളക്കമാണ്. മുകളിലേക്ക് നോക്കിയാല്‍ നക്ഷത്രങ്ങള്‍ പ്രകാശിച്ചുനില്‍ക്കുന്നതുപോലെ തോന്നും. മന്ദം മന്ദം നീങ്ങുന്ന കാര്‍മേഘങ്ങളെപോലെ യാത്രികര്‍ ടൂര്‍ ഗൈഡുകള്‍ക്കൊപ്പം സഞ്ചരിക്കുന്നു. എന്റെ  അടുത്തുകൂടി ഗൈഡിനൊപ്പ0  സഞ്ചാരികള്‍ കാഴ്ചകള്‍ കണ്ടു നടന്നു. റൊമേനിയ  സന്ദര്‍ശിക്കുന്ന യാത്രികര്‍ നിയോക്‌ളാസ്സിക്, റൊമാനിയന്‍ ഗോഥിക്ക്  മാതൃകയില്‍ തീര്‍ത്തിരിക്കുന്ന മഴവില്ലിന്റെ കാന്തി ചിതറുന്ന ഈ പാര്‍ലിമെന്റ് കൊട്ടാരം കാണാതെ മടങ്ങില്ല.  റൊമേനിയക്കാര്‍ അവരുടെ ചരിത്രം അവര്‍ക്കറിയാവുന്ന വിധത്തില്‍ സൃഷ്ടിച്ചു. അതായത്, മറ്റ് രാജ്യങ്ങളെക്കാള്‍ മികച്ചതോ മോശമോ അല്ല. അവരുടെ ചരിത്രം ശുദ്ധമോ കുറ്റമറ്റതോ അല്ല, അത് ക്രൂരമോ ദുരന്തങ്ങളാല്‍ മാത്രം നിറഞ്ഞതോ ആയിരുന്നില്ല.  അവര്‍ ജനത്തെ അപമാനിച്ചുകൊണ്ടിരിന്ന അധികാരിവര്‍ഗ്ഗത്തെ അട്ടിമറിച്ചവര്‍കുടിയായിരിന്നു. പാര്‍ലമെന്റ് കൊട്ടാരത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് മനുഷ്യരെ വരിഞ്ഞുമുറുക്കി ഭരണം നടത്തിയ നിക്കോളാ സിയോസെസ്‌കുവും, അദ്ദേഹം പണിത  സ്വര്‍ഗ്ഗിയ  പാര്‍ലമെന്റ് കൊട്ടാരവുമായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക