ഫ്രീമോണ്ട്, കാലിഫോർണിയ: ലോക പ്രശസ്ത ശിശുരോഗ വിദഗ്‌ധനും സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോ. ജേക്കബ് ഈപ്പൻ ഫൊക്കാന ട്രസ്റ്റീ ബോർഡ് അംഗമായി മത്സരിക്കുന്നു.
കഴിഞ്ഞ 4 വർഷമായി ഫൊക്കാന വെസ്റ്റേൺ റീജിയൻ ആർ.വി.പി ആയി പ്രവർത്തിക്കുന്ന അദ്ദേഹം സംഘടനയിലും സമൂഹത്തിലും സുപരിചിതനാണ്. മുഖ്യധാരാ തലത്തിലും ഏറെ നേട്ടം കൈവരിച്ച മലയാളി.
ഏഷ്യാനെറ്റിന്റെ മികച്ച ഡോക്ടർ, എല്ലിസ് ഐലൻഡ് മെഡൽ എന്നിവ ഉൾപ്പടെ ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി വാഷിംഗ്ടൺ ഹോസ്പിറ്റലിൻ്റെ ഡയറക്ടർ ബോർഡ് അംഗം. നിലവിൽ ബോർഡ് പ്രസിഡണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 36,000 വോട്ടുകൾ നേടിയാണ് ആറാം തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ആറ് തെരഞ്ഞെടുപ്പുകളിൽ 2 തെരഞ്ഞെടുപ്പിൽ മാത്രമാണ് എതിരാളിയെ നേരിടേണ്ടി വന്നത്. ബാക്കിയൊക്കെ ഏകകണ്ഠമായിരുന്നു. ഇത് മലയാളി സമൂഹത്തിൽ മറ്റൊരാൾക്കും ഇതേവരെ കൈവരിക്കാനാകാത്ത നേട്ടമാണ്. ഇലക്ഷൻ അദ്ദേഹത്തിന് പുത്തരിയല്ലെന്നു വ്യക്തം.
ഫ്രീമോണ്ട്, ന്യൂവാർക്ക്, യൂണിയൻ സിറ്റി, സൗത്ത് ഹേവാർഡ് എന്നിവിടങ്ങളിലെ 300,000-ത്തിലധികം ആളുകളുടെ ആരോഗ്യപരിരക്ഷ, വാഷിംഗ്ടൺ ഹെൽത്ത് കെയർ സിസ്റ്റത്തിന്റെ പരിധിയിലാണ്.
ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കാര്യങ്ങൾ നിയന്ത്രിക്കുകയും ജീവനക്കാരുടെ മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതാണ് ബോർഡിന്റെ ഉത്തരവാദിത്തം. കാലിഫോർണിയയിലെ അലമേഡ കൗണ്ടി ഹെൽത്ത് സർവീസസിൽ സേവനമനുഷ്ഠിച്ച ഡോ. ഈപ്പൻ, നോർത്ത് കാലിഫോർണിയയിലെ ഒരു പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ്.
കാലിഫോർണിയയിലെ ബോർഡ് ഓഫ് അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ ഡിസ്ട്രിക്റ്റുകളിൽ സേവനമനുഷ്ഠിച്ചു. അതോടൊപ്പം 500 ആശുപത്രികളെ പ്രതിനിധീകരിക്കുന്ന കാലിഫോർണിയ ഹോസ്പിറ്റൽ അസോസിയേഷന്റെ ഭരണസമിതിയിലും സേവനമനുഷ്ഠിച്ചു.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയുടെ ബെർക്ക്ലി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് അഡ്വൈസറി ബോർഡ് അംഗമാണ്
കേരള സർക്കാരിൻ്റെ ആരോഗ്യ ഉപദേഷ്ടാവ് കൂടിയായ അദ്ദേഹം നിരവധി കമ്പനികളുടെ ഉപദേശക ബോർഡുകളിലും ഉണ്ട്.
ആത്യന്തികമായി ടീം വർക്കാണ് വിജയിക്കുന്നതെന്നു അദ്ദേഹം അനുഭവത്തിൽ നിന്ന് പറയുന്നു. ഫൊക്കാനയിലും എല്ലാവർക്കുമൊപ്പം സൗഹൃദപൂര്ണമായി പ്രവർത്തിക്കും. എല്ലാവരുമായും നല്ല ബന്ധം പുലർത്തുന്നതു തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിനെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചപ്പോൾ ഐസിയുവിലെ സേവനങ്ങൾ വിപുലീകരിച്ചതും കോവിഡ് പരിശോധനയിലും പ്രതിരോധ കുത്തിവയ്പ്പുകളിലും സൈറ്റുകൾ വിപുലീകരിച്ചതും കമ്മ്യൂണിറ്റിയിൽ ഗണ്യമായ അളവിൽ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതും അഭിമാനത്തോടെ അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലും സിഎംസി ലുധിയാനയിലും ഉപരിപഠനം നടത്തിയ ഡോ. ഈപ്പൻ, ടാൻസാനിയയിലെ ആഗാ ഖാൻ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ആയിരുന്നു.
തുടർന്ന് നൈജീരിയയിലെ യൂണിവേഴ്സിറ്റി ടീച്ചിംഗ് ഹോസ്പിറ്റലിൽ 3 വർഷം പ്രവർത്തിച്ചു. 1984-ൽ യു.എസിലെ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ഉപരിപഠനം നടത്തി. തുടർന്ന് യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷണർ ഓഫ് റെഫ്യൂജീസുമായി (UNHCR) ഫിലിപ്പീൻസിൽ ഒരു അസൈൻമെന്റ് സ്വീകരിച്ചു. അവിടെ ഏകദേശം 60,000 ഇന്തോ-ചൈനീസ് അഭയാർത്ഥികളുടെ ജീവിതം ആ കരങ്ങളിലായിരുന്നു. മടങ്ങിയെത്തിയ ശേഷം പാലോ ആൾട്ടോയിലെ സ്റ്റാൻഫർഡ് സർവകലാശാലയിൽ നിന്ന് എംഡി പൂർത്തിയാക്കി.
ആദ്യത്തെ കാലിഫോർണിയ മെഡിക്കൽ ബോർഡിന്റെ ഫിസിഷ്യൻ റെക്കഗ്നിഷൻ അവാർഡ് ലഭിച്ച ഡോ. ഈപ്പനു ഫ്രണ്ട്‌സ് ഓഫ് സൗത്ത് ഏഷ്യൻ അമേരിക്കൻ കമ്മ്യൂണിറ്റീസിന്റെ (ഫോസാക്) മദർ തെരേസ അവാർഡ്, ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ (ഫോമാ) അച്ചീവ്‌മെന്റ് അവാർഡ് , തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്, മെഡിക്കൽ കോളജ് അലുംനി അവാർഡ്, തിരുവനന്തപുരം കഴക്കൂട്ടത്തുള്ള സൈനിക് സ്‌കൂളിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്