Image

ബോൺമത്തിൽ 'മഴവിൽ സംഗീതം; സംഗീത നൃത്ത വിരുന്നിന് ഒരുക്കങ്ങൾ പൂർത്തിയായി

അപ്പച്ചൻ കണ്ണഞ്ചിറ Published on 13 June, 2024
ബോൺമത്തിൽ 'മഴവിൽ സംഗീതം;  സംഗീത നൃത്ത വിരുന്നിന് ഒരുക്കങ്ങൾ പൂർത്തിയായി

ബോൺമൗത്ത്: യു കെ യിലെ കലാപ്രേമികൾ ഏറെ ആവേശപൂർവ്വം കാത്തിരിക്കുന്ന 'മഴവിൽ സംഗീതം' ശനിയാഴ്ച ബോൺമത്തിൽ   അരങ്ങേറും. കേംബ്രിഡ്ജ് സിറ്റി മേയറും, സോളിസിറ്ററുമായ ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കുചേരും.

തിരക്കേറിയ ജീവിതത്തിനിടയിൽ ആനന്ദത്തിനും ആഹ്ളാദത്തിനും ഉല്ലാസത്തിനുമായി അവസരം ഒരുക്കുന്ന 'മഴവിൽ സംഗീത' , സംഗീത-നൃത്ത വേദിയിൽ യു കെ യിലെ മികവുറ്റ ഗായകരും, നർത്തകരും, കലാപ്രതിഭകളും ഒരുമിക്കുന്നതാണ്. 'മഴവിൽ സംഗീത' ആഘോഷ രാവിൽ ശ്രവണോത്സുകമായ ഗാനമാലകൾ, നയനാനന്ദകരമായ ചടുലനൃത്തങ്ങൾ, രുചിയൂറും വിഭവങ്ങൾ, ആവേശോജ്ജ്വലവും രോമാഞ്ചകവുമായ ആഘോഷോത്സവം  എന്നിവയുടെ സമന്വയമാകും ബോൺമൗത്തിൽ സഹൃദയ സദസ്സിനെ കാത്തിരിക്കുക.

വേദിയെ ഇളക്കിമറിക്കുന്ന  മത്സര പ്രകടനങ്ങളുമായി, എഴുപതിൽപരം  കലാകാരുടെ സമ്പന്നവും ഗംഭീരവുമായ സംഗീത- നൃത്ത്യവിസ്മയ സന്ധ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ സംഘാടകനും പ്രശസ്ത ഗായകനുമായ അനീഷ് ജോർജ്ജ് അറിയിച്ചു. അനീഷ് ജോര്‍ജ്ജ്, ടെസ്‌മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റിയാണ് എല്ലാ വർഷവും ഈ അവിസ്മരണീയമായ സംഗീത സായാഹ്നത്തിനു നേതൃത്വം വഹിക്കുന്നത്.

പ്രഗത്ഭരായ സൗണ്ട് ലൈറ്റ് എഞ്ചിനീയർമാർ ഒരുക്കുന്ന വർണ്ണാഭമായ കാഴ്ചകളും, ആവേശജ്വലമായ ശബ്ദവിസ്മയങ്ങളും,എൽഇഡി വോളും  അടക്കം ആഘോഷ രാവിനെ ആകർഷമാക്കും. എൽഇഡി കളർ മീഡിയയുമായി (വെൽസ് ചാക്കോ), ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡ് ( ബിനു നോർത്താംപ്ടൻ) എന്നിവരാണ് നൂതന സാങ്കേതിക പിന്തുണയോടെ പരിപാടികൾക്കു പിന്നിലുള്ള  ടെക്‌നികൽ ടീം.

എ ആർ ഫോട്ടോഗ്രഫി,ടൈം ലെസ്സ് സ്റ്റുഡിയോ എന്നിവർ  ഫോട്ടോഗ്രഫിക്കും, വീഡിയോഗ്രാഫിയിൽ  റോസ് ഡിജിറ്റൽ വിഷനുമാണ് ദൃശ്യങ്ങൾ പകർത്തി പ്രേക്ഷകരിലേക്ക് എത്തിക്കുക. ഡിസൈനേജ് അഡ്വർടൈസിങ്, ഫ്ളിക്സ് ബ്രാൻഡിംഗ്, എ ആർ എന്റർടൈൻമെന്റ്, ആർ കെ ഡിസൈനേഴ്സ് എന്നിവരാണ് ആകർഷകമായ പോസ്റ്ററുകൾ മഴവിൽ സംഗീതത്തിനായി ഒരുക്കിയത് . യൂ കെ യിൽ നിരവധിയായ വേദികളിൽ അവതാരകരായി ഖ്യാതി നേടിയിട്ടുള്ള ആർ ജെ ബ്രൈറ്റ്, പപ്പൻ, ജോൺ, ജിഷ്മ എന്നിവർ മഴവിൽ സംഗീത വേദിയിൽ അവതാരകരാവും.

പ്രമുഖ മോർട്ടഗേജ് -ഇൻഷുറൻസ്  അഡ്‌വൈസിങ് കമ്പനിയായ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡ് ആണ് മുഖ്യ സ്പോൺസർ. യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും, എല്‍ഇഡി സ്‌ക്രീനിന്റെ മികവിലും, അനുഗ്രഹീതരായ ഗായകര്‍ സംഗീതസാന്ദ്രത പകരുമ്പോൾ അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും, നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും, വിവിധ കലാപ്രകടനങ്ങളുമെല്ലാം സമന്വയിക്കുമ്പോൾ  യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നത്തിനാണ് മഴവില്‍ സംഗീതം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്.

കലകളുടെ മഴവിൽ വസന്തം പെയ്തിറങ്ങുന്ന ബോൺമൗത്തിലെ ബാറിംഗ്ടണ്‍ തീയേറ്ററില്‍ ഒരുങ്ങുന്ന കലാസായാഹ്നത്തിലേക്ക്‌ ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന മഴവിൽ സംഗീതത്തിന് പ്രവേശനം സൗജന്യമാണ്.

FREE ENTRY.  TIME: 14:30 TO 23:00 PM

VENUE: THE BARRINGTON THEATRE, PENNYS WALK, FRENDOWN, BH22 9TH, BOURNMOUTH 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക