അല്‍ഹസ : പക്ഷാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായ പ്രവാസി, നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ തുടര്‍ചികില്‍സയ്ക്കായി നാട്ടിലേക്ക് മടങ്ങി.
കൊല്ലം കിളികൊല്ലൂര്‍ സ്വദേശിയായ മനോജ് കുമാര്‍ (53 വയസ്സ്) ആണ് നാട്ടിലേക്ക് മടങ്ങിയത്.
അല്‍ഹസ മേഖലയിലെ ഷുഖൈഖ് കഴിഞ്ഞ 18 വര്‍ഷമായി വാട്ടര്‍ ടാങ്കര്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു മനോജ് കുമാര്‍. ജോലിക്കിടെ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് കഴിഞ്ഞ 23 ദിവസമായി ബെഞ്ചലവി ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മനോജിനെ നവയുഗം അല്‍ഹസ്സ ജീവകാരുണ്യ പ്രവര്‍ത്തകരായ ജലീല്‍ കല്ലമ്പലവും, സിയാദ് പള്ളിമുക്കും ദിവസവും ആശുപത്രിയില്‍ പോയി പരിചരിക്കുകയും വേണ്ട മനോധൈര്യം നല്‍കി തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
കുറച്ച് ദിവസത്തെ ആശുപത്രി ചികിത്സയെ തുടര്‍ന്ന് കുറച്ച് അസുഖം ഭേദപ്പെട്ടെങ്കിലും ദീര്‍ഘമായ ഒരു തുടര്‍ ചികിത്സ മനോജിന് ആവശ്യമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനെ തുടര്‍ന്ന് നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ മനോജ് ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് കമ്പനിയുടെ സഹകരണത്തോടെ എല്ലാ ആനുകൂല്യങ്ങളും നല്‍കി മനോജിനെ നാട്ടില്‍ അയക്കുന്നതിനുള്ള ശ്രമത്തിലായി.
മനോജിനെ ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് ചികിത്സയുടെ റിപ്പോര്‍ട്ട് നാട്ടില്‍ തുടര്‍ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പുവരുത്തിയാണ് മനോജിനെ നാട്ടില്‍ അയക്കാനുള്ള ജീവകാരുണ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകരായ ഷാജി മതിലകം, മണിക്കുട്ടന്‍, ഷിബു കുമാര്‍, ജീവകാരുണ്യ പ്രവര്‍ത്തകനായ വിക്രമന്‍ തിരുവനന്തപുരവും പ്രധാന പങ്കുവഹിച്ചു.
നോര്‍ക്കയുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലന്‍സ് സൗകര്യം നവയുഗം നോര്‍ക്ക പ്രവര്‍ത്തകനായ ദാസന്‍ രാഘവന്‍ നോര്‍ക്കയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തി.
തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി. മനോജിനൊപ്പം ജലീല്‍ കല്ലമ്പലവും സഹയാത്രികനായി, ദമ്മാം വിമാനതാവളം വഴി നാട്ടിലേയ്ക്ക്‌കൊണ്ടു പോയി.
മനോജിനെ യാത്രയാക്കാനായി എയര്‍പോര്‍ട്ടില്‍ ഷാജി മതിലകം, ലത്തീഫ് മൈനാഗപ്പള്ളി, വിക്രമന്‍ തിരുവനന്തപുരം, ജലീല്‍ കല്ലമ്പലം, സിയാദ് പള്ളിമുക്ക് എന്നിവരെല്ലാം എത്തിയിരുന്നു. എയര്‍പോര്‍ട്ടില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നങ്ങളെല്ലാം ഷാജി മതിലകം ഇടപെട്ട് പൂര്‍ത്തിയാക്കി.